കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Utsav amovie by Girish Karnad




ഉത്സവ് - ഗിരിഷ് കർണ്ണാട്

മൃച്ഛകടികം എന്ന പ്രകരണം തമിഴ്, തെലുങ്ക്,കന്നട തുടങ്ങിയ അനേകം ഭാഷകളിൽ സിനിമയായി ഇറങ്ങിയിട്ടുണ്ട്. 1929ൽ ഇന്ത്യൻ സിനിമയുടെ തലതൊട്ടപ്പൻ ദാദാസാഹേബ് ഫാൽക്കെ ഒരു നിശബ്ദസിനിമയായി മൃച്ഛകടികം അവതരിപ്പിച്ചിട്ടുണ്ട്. (എവിടേയോ വായിച്ചത്)

ഗിരിഷ് കർണ്ണാട് സംവിധാനം ചെയ്ത് ശശി കപൂർ (Shashi Kapoor) 1984ൽ നിർമ്മിച്ച Hindi സിനിമയാണ് ഉത്സവ് (Utsav). ഇതിന്റെ തിരക്കഥ കൃഷ്ണ ബസ്രുർ, ഗിരിഷ് കർണ്ണാട് (Girish Karnad) എന്നിവർ ചേർന്നാണെന്ന് വിക്കിയിൽ കാണുന്നു. ഈ ഹിന്ദി സിനിമയും മൃച്ഛകടികം എന്ന പ്രകരണത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിതാണ്.

യൂറ്റ്യൂബിൽ നിന്നും കാണാൻ സാധിക്കുന്ന ഗിരിഷ് കർണ്ണാടിന്റെ ഹിന്ദി സിനിമ (Girish Karnad Hindi Cinema Utsav) എന്തുകൊണ്ടും മൂലം പോലെ തന്നെ മികച്ച ഒരു കലാസൃഷ്ടി ആണ്. Mrchhakatikam എന്ന ശരിയായ പേരുതന്നെ മാറ്റി അദ്ദേഹം Utsav എന്നാണ് സിനിമയ്ക്ക് പേർ കൊടുത്തിരിയ്ക്കുന്നത്. ശൂദ്രകന്റെ അർത്ഥവത്തായ പേരിൽ നിന്നും മാറിയെങ്കിലും, ഈ പേരും ഇവിടെ സിനിമയെ സംബന്ധിച്ച് അർത്ഥവത്തുതന്നെ ആണ്. അത്രനിറങ്ങളുടേയും ഭംഗിയുടേയും വസന്തഉത്സവമാണ് സിനിമ. വസന്തസേന എന്ന പേരിൽതന്നെ ഉത്സവമുണ്ടല്ലൊ.

മൂലപ്രകരണത്തിൽ ഇല്ലാത്ത ഒരു സമാന്തരകഥയുണ്ട് സിനിമയിൽ. സിനിമ തുടങ്ങുന്നത് ശശി കപൂറിന്റെ വർണ്ണനയോടെ ആണ്. ശശി കപൂർ തന്നെ സിനിമയിലെ സമാന്തരകഥയിലെ വത്സ്യായന മഹർഷി ആയി അഭിനയിക്കുന്നു. ഇങ്ങനെ ഒരു സമാന്തരകഥയുടെ ആവശ്യം ഇല്ലെങ്കിലും അത് ഒട്ടും മുഷിയാതെ നമുക്ക് പല നല്ല സീനുകളും തരുന്നുണ്ട്. മുഖ്യകഥയുമായി ഇഴുകി ചേർന്നുതന്നെ ആണ് സമാന്തരകഥയും.

മുഖ്യമായുള്ള ചില മാറ്റങ്ങൾ സിനിമയിൽ വരുത്തിയത് നോക്കിയാൽ, ഒന്ന് ഈ വർണ്ണനയുടെ കാര്യവും വത്സ്യായനന്റെ കാമസൂത്രം എഴുതുന്ന സമാന്തരകഥയും തന്നെ ആണ് പറയാൻ ഉണ്ടാവുക. സിനിമയുടെ അന്ത്യം പ്രകരണത്തിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു. ആര്യകൻ രാജാവാകും എന്ന് പ്രവചിച്ച സിദ്ധയോഗി പ്രകരണത്തിൽ പ്രത്യക്ഷപ്പെടുന്നില്ല, പക്ഷെ സിനിമയിൽ ഒരു പേരില്ലാ കഥാപാത്രമായി വിപ്ലവത്തിനുത്സാഹിപ്പിച്ചുകൊണ്ട് സിനിമയിൽ വരുന്നുണ്ട്. ആര്യകനെ തടവറയിൽ നിന്ന് മോചിപ്പിക്കാനായി സജ്ജലിനെ വാഗ്‌ധോരണിയാൽ പ്രേരിപ്പിക്കുന്നത് ഇദ്ദേഹമാണ്.
ശർവിലകൻ എന്നാണ് പ്രകരണത്തിൽ സജ്ജലിന്റെ പേർ. അത് പോലെ ചാരുദത്തന്റെ ധർമ്മപത്നിയുടെ പേർ ധൂത എന്ന് മാറ്റി അദിതി എന്നാക്കിയിരിക്കുന്നു സിനിമയിൽ.

ആര്യകൻ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് മൂലപ്രകരണത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സിനിമയിൽ പലപ്പോഴും തെരുവുയുദ്ധങ്ങളും മറ്റുമുണ്ട്. ആര്യകനായി വേഷമിട്ട കുനാൽ കപൂറിനെ (Kunal Kapoor) കണ്ടാൽ നമ്മുടെ ഹരിശ്രീ അശോകനെ പോലെ തോന്നി. മൂലത്തിൽ ആര്യകൻ ചാരുദത്തനെ കാണുന്നുണ്ട്. ആര്യകനെ രക്ഷിക്കുന്നത് ചാരുദത്തൻ ആണ്. എന്നാൽ സിനിമയിൽ ആര്യകൻ ചാരുദത്തനെ കാണുന്നതേ ഇല്ല.
ചാരുദത്തന്റെ സ്വഭാവം വെളിവാക്കുന്ന ഇത്തരം പലസന്ദർഭങ്ങളും സിനിമയിൽ ഇല്ല എങ്കിലും സിനിമയിലെ ചാരുദത്തനു ശൂദ്രകന്റെ ചാരുദത്തനിൽ നിന്നും വ്യത്യാസമൊന്നും എനിക്ക് തോന്നിയില്ല. ചാരുദത്തനായി അഭിനയിക്കുന്നത് ശേഖർ സുമൻ (Shekhar Suman) ആണ്. ഒകെ എന്ന് മാത്രം പറയാൻ പറ്റുന്ന അഭിനയം.

സംവാഹകഭിക്ഷു ആയി അഭിനയിക്കുന്നത് അനു കപൂർ (Annu Kapoor) ആണ്. സംവാഹകൻ എന്ന പേരുമാതി ചമ്പിവാലി എന്ന് ആക്കിയിരിക്കുന്നെങ്കിലും തിരുമ്മൽ/ഉഴിച്ചിൽ വിദഗ്ധൻ തന്നെ ആണദ്ദേഹം. പക്ഷെ ചാരുദത്തനെ കാണുകയോ അറിയുകയോ ഇല്ല എന്നൊരു മാറ്റം സിനിമയിൽ വരുത്തിയിട്ടുണ്ട്. വെറുതെ ആരോ പറഞ്ഞ് കേട്ട ഒരു പേർ മാത്രമാണ് ചമ്പിവാലിയ്ക്ക് ചാരുദത്തൻ എന്നത്. പക്ഷെ അത് പറഞ്ഞത് വസന്തസേന കേട്ടപ്പോഴാണ് അവനു കടക്കാരിൽ നിന്നും രക്ഷപ്പെടാനായതും. മൂലകഥയിൽ നിന്നും കഥാപാതസ്വഭാവം മാറ്റം വരുത്താതെ തന്നെ ഗിരിഷ് കർണ്ണാട് സിനിമയിലേക്ക് ഭംഗിയായി മുക്കിവെച്ചിരിക്കുന്നു.

വസന്തസേനയുടെ ആനയോ ചങ്ങലപൊട്ടിയ്ക്കലോ ഒന്നും സിനിമയിൽ ഇല്ല. എനിയ്ക്ക് തോന്നിയത് ശൂദ്രകൻ എഴുതിയതും എന്നാൽ വിസ്തരിക്കാത്തതുമായ ചില സംഗതികൾ ഗിരിഷ് കർണ്ണാട് എടുത്ത് വലുതാക്കി സിനിമ ഗംഭീരമാക്കി എന്നതാണ്. വേശ്യകളുടെ ഗതിയെ പറ്റി വസന്തസേന വല്ലാതെ വേവലാതിപ്പെടുന്നുണ്ട് മൂലപ്രകരണത്തിൽ. എന്നാൽ വസന്തസേനയുടെ സ്വഭാവഗുണവും പറയുന്നുണ്ട്. സിനിമയിലും മൂലത്തിലും മദനികയെ മോചിപ്പിക്കുന്നത് ഒരു പോലെ തന്നെ ഭംഗിയായി ചെയ്തിട്ടുണ്ട്. പക്ഷെ, വസന്തസേന സങ്കടപ്പെട്ടിരുന്നതെന്തായിരുന്നുവോ അതേ വേശ്യസ്ഥിതി സിനിമയിൽ വസന്തസേനയ്ക്ക് കൽപ്പിച്ചുകൊടുത്തു ഗിരിഷ് കർണ്ണാട്. ഈ മാറ്റം കൊണ്ട് സംസ്ഥാനകൻ എന്ന ശകാരനു സിനിമയിൽ ജീവൻ വെച്ചു. സംസ്ഥാനകനായി വേഷമിട്ടത് ശശി കപൂർ (Shashi Kapoor) തന്നെ ആണ്. അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഇഷ്ടമായി എന്ന് പറയാതെ വയ്യ. മൂലപ്രകരണത്തിൽ നിന്നും കഥാപാത്ര സ്വഭാവത്തിനു വ്യത്യാസമൊന്നും ഗിരിഷ് കർണ്ണാട് വരുത്തിയിട്ടില്ല എന്ന് തോന്നി എനിക്ക്.

മൂലപ്രകരണത്തിൽ കാട്ടാളന്മാർ വധിയ്ക്കാൻ വിധിക്കപ്പെട്ടവനെ പെട്ടെന്ന് വധിക്കരുത്, ചിലപ്പോൾ രാജമാറ്റം സംഭവിച്ച് പൊതുമാപ്പ് നൽകിയാലോ എന്നൊരു കാട്ടാളൻ സന്ദേഹപ്പെടുന്നുണ്ട്. ഈ സന്ദേഹം അതിവിദഗ്ധമായി ഗിരിഷ് കർണ്ണാട് സിനിമയിൽ കൊണ്ടു വന്നു. അതിനാൽ ആയിരിക്കാം ഗിരിഷ് കർണ്ണാടിന്റെ ആര്യകനും സംവാഹകനും എല്ലാം ചാരുദത്തനുമായി മുൻ പരിചയം ഇല്ലാത്തത്.

ഇതിൽ വസന്തസേനയായി അഭിനയിച്ച രേഖ (Rekha) നല്ല performance  ആയിരുന്നു. ആഭരണങ്ങൾ ഈ പ്രകരണത്തിൽ ഒരു മുഖ്യറോൾ വഹിക്കുന്നുണ്ട്. സർവ്വാഭരണവിഭൂഷിതയായി നിൽക്കുന്ന വസന്തസേനയെ രണ്ട് തവണ കണ്ടപ്പോഴും ഹായ്… എന്ന് അത്ഭുതപ്പെടേണ്ടി വന്നു എനിയ്ക്ക്. അത് പോലെ അവസാനം സംസ്ഥാനകൻ വിളിക്കുമ്പോൾ വാതിൽ തുറക്കുന്ന രേഖയുടെ കണ്ണുകൾ കണ്ടും.

No comments:

Post a Comment