കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 25, 2016

പത്താം അങ്കം - ഭാഗം 1


(രണ്ട് ചണ്ഡാലന്മാരാൽ അനുഗതരായി ചാരുദത്തൻ പ്രവേശിക്കുന്നു)

ചണ്ഡാലന്മാർ: ആ ശ്മശാനത്തിലേക്ക് താങ്കളെ കൊണ്ടുപോകുന്നതിന്റെ കാരണം അറിയാമല്ലൊ. ഞങ്ങൾ രണ്ട് പേരും പുതിയ കുറ്റവളികളെ കൊണ്ട് പോകാൻ മാത്രമല്ല, കുറ്റവാളികളുടെ തലയറുക്കാനും ശൂലത്തിൽ തറക്കാനും മിടുക്കന്മാരാണ്.
ദൂരെ മാറിൻ എല്ലാരും ദൂരെ മാറി നിൽക്കൂ. ഇത് ആര്യ ചാരുദത്തൻ ആണ്.
കരവീരപുഷ്പമാലയണിഞ്ഞ് ഞങ്ങളുടെ പിടിയിലുള്ള ഈ ആര്യ ചാരുദത്തൻ ഇനി എണ്ണ കഴിഞ്ഞ വിളക്കിനെ പോലെ അൽപ്പാല്പമായി എരിഞ്ഞടങ്ങും.

ചാരുദത്തൻ: (വിഷാദത്തോടെ) വിരസശബ്ദത്തോടെ കരയുന്ന കാക്കകൾക്ക്, കണ്ണീരിനാൽ നനഞ്ഞ, ചളിയിൽ പൊതിഞ്ഞ കാലുകളോടും ശ്മശാനത്തിൽ വിടർന്ന് പൂക്കളാൽ അലങ്കരിച്ച ചന്ദനം പൂശിയ എന്റെ ശരീരം കണ്ട് ബലിപിണ്ഡം പോലെ തോന്നിയിരിക്കാം.

ചണ്ഡാലന്മാർ: മാറി നിൽക്കൂ മാന്യജനങ്ങളെ വഴി മാറൂ.
എന്തിനാണ് നിങ്ങൾ തുറിച്ച് നോക്കുന്നത്? ഇദ്ദേഹത്തെ വധിക്കുന്നത് നിങ്ങൾക്ക് കാണണോ? (കാണരുത് എന്നർത്ഥത്തിൽ.) ചാരുദത്താ വരൂ.

ചാരുദത്തൻ: മനുഷ്യന്റെ ഭാഗ്യനിർഭാഗ്യങ്ങൾ അചിന്തനീയം തന്നെ. അല്ലെങ്കിൽ ഞാൻ ഇത്തരത്തിൽ ഒരു ദശാസന്ധിയിൽ ചെന്ന് വീഴുമോ? ചന്ദനം പൂശി തിലകം ചാർത്തി കയ്യിൽ ഛാപ കുത്തി എള്ളും അരിയും ദേഹത്ത് വിതറി മനുഷ്യനെ മൃഗതുല്യമാക്കിയിരിക്കുന്നു.
(മുന്നിലേക്ക് നോക്കി) ഒഹ്! വമ്പിച്ച ജനക്കൂട്ടം ആണല്ലൊ. (കരുണയോടെ) ഈ നഗരവാസികൾ എനിക്ക് വന്ന് ചേർന്ന ദുർദശ കണ്ട് “മനുഷ്യന്റെ ധിക്കാരം“ എന്ന് പറഞ്ഞ് കണ്ണിൽ കണ്ണീർ നിറച്ച് എന്നെ രക്ഷിക്കാൻ കഴിയാതെ അവർ “നീ സ്വർഗ്ഗം പ്രാപിക്കട്ടെ“ എന്ന് പറയുന്നു.

ചണ്ഡാലന്മാർ: മാന്യരേ മാറി നിൽകൂ മാറി നിൽകൂ എന്താണ് നോക്കുന്നത്?
മഴപെയ്യിക്കാനായി കൊണ്ട് പോകുന്ന ഇന്ദ്രധനുസ്സ്, പശുക്കളുടെ ഇണചേരൽ, ആകാശത്തെ നക്ഷത്രങ്ങൾ താഴെ വീഴുന്നത്, സജ്ജനങ്ങളെ വധിക്കുന്നത് - ഇങ്ങനെ നാലുകാര്യങ്ങൾ നോക്കിനിൽക്കരുത് എന്നറിയില്ലേ?

ചണ്ഡാലൻ-1: എടാ അഹിന്താ(ഇത് രണ്ടാം ചണ്ഡാളന്റെ പേരാണ്), നോക്കൂ നോക്കൂ. യമരാജന്റെ ആജ്ഞ കാരണം ഉജ്ജയിനിയിലെ പ്രധാനപുരുഷന്റെ (ചാരുദത്തന്റെ) വധത്തിൽ ആകാശം കൂടെ കരയുന്നുവോ? കാർമേഘങ്ങൾ ഇല്ലാതെ മിന്നൽ മാത്രം കാണുന്നു.

ചണ്ഡാലൻ-2: എടാ ഗോഹാ(=ഇത് ആദ്യ ചണ്ഡാളന്റെ പേരാണ്), ആകാശം കരയുന്നുമില്ല കാർമേഘങ്ങൾ ഇല്ലാതെ മിന്നൽ വീശുന്നുമില്ല. പക്ഷെ കാർമേഘങ്ങൾ സ്ത്രീകളെ പോലെ കണ്ണീരൊഴുക്കുകയാണ്.
കൂടാതെ ഇതും കൂടെ,
ചാരുദത്തനെ വധിക്കാൻ കൊണ്ടുപോകുന്നതിനാൽ കരയുന്ന ജനങ്ങളുടെ കണ്ണിൽ നിന്നു കണ്ണീരുവീണ് നനഞ്ഞതിനാൽ രാജവീഥിയിൽ നിന്നും പൊടി പോലും പൊങ്ങുന്നില്ല.

ചാരുദത്തൻ: (നോക്കിയിട്ട് ദുഃഖത്തോടെ) മാളികകളിലെ മട്ടുപ്പാവിൽ നിന്ന് പാതി തുറന്ന ജനലിലൂടെ സ്ത്രീജനങ്ങൾ എന്നെ നോക്കി ‘ഹായ് ചാരുദത്തൻ‘ എന്ന് പറഞ്ഞ് കണ്ണീരോഴുക്കുന്നു.

ചണ്ഡാലന്മാർ: ചാരുദത്താ വരൂ വരൂ ഇവിടെ നിൽക്കൂ. ഇതാണ് വിളംബരത്തറ. പെരുമ്പറകൾ മുഴങ്ങട്ടെ, വിധി ഉറക്കെ വായിക്കട്ടെ.
മാന്യമഹാജനങ്ങളെ, കേട്ടുകൊൾക. കച്ചവടക്കാരൻ വിനയദത്തന്റെ പേരക്കുട്ടിയും സാഗരദത്തന്റെ മകനുമായ ആര്യ ചാരുദത്തൻ എന്ന പേരായ ഇവൻ, പാപകർമ്മങ്ങൾ ചെയ്യുന്ന ഇവൻ, തുച്ഛമായ പണത്തിനു വേണ്ടി, പുഷ്പകരണ്ഡകോദ്യാനത്തിൽ കൊണ്ട് പോയി കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ച് ഗണികയായ വസന്തസേനയെ കൊന്നിരിക്കുന്നു. മോഷണവസ്തുക്കളുമായി ഇവൻ പിടിയിലായി. മാത്രമല്ല അവൻ സ്വയം കുറ്റമേൽക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ പാലകരാജാവ് ഇവനെ വധിക്കുവാനായി ഞങ്ങൾക്ക് നിർദ്ദേശം തന്നു. ഇഹപരലോകങ്ങൾക്ക് വിരുദ്ധമായ ഇത്തരം നീചകൃത്യം മറ്റാരു ചെയ്താലും അവരേയും പാലകരാജാവ് ഇതേ പോലെ ശിക്ഷിക്കുന്നതാണ്.

ചാരുദത്തൻ: (വിഷാദത്തോടെ ആത്മഗതം) മുൻപ് നൂറുകണക്കിനു യജ്ഞങ്ങൾ ചെയ്ത് പവിത്രമായ എന്റെ കുലം യജ്ഞശാലകളിലെ ജനനിബിഡമായ സഭാസ്ഥലങ്ങളെ വേദമന്ത്രങ്ങളാൽ പ്രകാശിതമാക്കിയിരുന്നു. മരണമാസന്നമായ ഇന്നത്തെ വർത്തമാനകാലത്ത് അതേ കുലം, പാപികളായവരെ കൊണ്ട് വാഴ്ത്തപ്പെട്ടിരിക്കുന്നു.
(മുകളിലേക്ക് നോക്കി ചെവികൾ പൊത്തി) അല്ലയോ പ്രിയേ വസന്തസേനേ! ചന്ദ്രകിരണങ്ങളെ പോലെ തിളങ്ങുന്ന പല്ലുകൾ ഉള്ളവളേ, ചുകന്ന് തുടുത്ത ചുണ്ടുകൾ ഉള്ളവളേ, നിന്റെ മുഖത്തിൽനിന്നുണ്ടാകുന്ന അമൃത് കുടിച്ച ഞാൻ ഈ സമയം ദുഷ്കീർത്തിയാകുന്ന വിഷം എങ്ങനെ കുടിയ്ക്കും?
(വിധി വായിക്കുന്നത് നിവൃത്തികേട് കൊണ്ട് കേൾക്കുന്നതാണ്, ഒരു നിവൃത്തി ഉണ്ടായിരുന്നെങ്കിൽ കേൾക്കില്ലായിരുന്നു എന്നർത്ഥം)

ചണ്ഡാലന്മാർ: മാറൂ സജ്ജനങ്ങളെ തിരക്കാതെ മാറൂ
ദയ പരോപകാരം തുടങ്ങിയ ഗുണങ്ങളുടെ സമുദ്രമായ, സജ്ജനങ്ങളുടെ ദുഃഖത്തെ ദൂരീകരിക്കുന്ന, സ്വർണ്ണാഭരണങ്ങൾ അണിയാത്ത ഈ ചാരുദത്തനെ ഇന്ന് ഉജ്ജയിനി നഗരത്തിൽ നിന്ന് ദൂരെ അയക്കുകയാണ്. അതായത് വധിക്കുകയാണ്.
മാത്രമല്ല,
ലോകത്ത് സസുഖം വാഴുന്നവരെ എല്ലാവരും അന്വേഷിക്കും. എന്നാൽ ദുഃഖത്തോടെ കഴിയുന്നവർക്ക് പ്രിയം ചെയ്യാൻ ആരുമുണ്ടാകില്ല.

ചാരുദത്തൻ: (ചുറ്റുപാടും നോക്കി) എന്റെ പ്രിയജനങ്ങൾ വസ്ത്രംകൊണ്ട് മുഖം മറച്ച് ദൂരേ ദൂരെ ഓടിപ്പോകുന്നു. കാരണം സുഖമായി ഇരിക്കുന്നവന്റെ ഒപ്പം എല്ലാവരും ഉണ്ട്. എന്നാൽ ദുഃഖത്തിൽ ഇരിക്കുന്നവനു ആരും സുഹൃത്തായി ഇല്ല.

ചണ്ഡാലന്മാർ: (എല്ലാവരോടുമായി) സകലരേയും ഓടിച്ചു. രാജവീഥിയിൽ ആളൊഴിഞ്ഞു. ഇനി വധയോഗ്യനായവനെ (ചാരുദത്തനെ) കൊണ്ട് വരൂ.

ചാരുദത്തൻ: (നിശ്വാസത്തോടെ) ഹേ മൈത്രേയാ ഇന്നെന്റെ അവസാനം അടുത്തിരിക്കുന്നു. എന്റെ പ്രിയതമേ, നീ കളങ്കലേശമില്ലാത്ത ബ്രാഹ്മണകുലത്തിൽ ജനിച്ചവളാണ്. പക്ഷെ നിന്റെ ഭർത്താവ് കളങ്കിതനായി ഇതാ മരണം വരിയ്ക്കുന്നു. മോനേ രോഹസേനാ, നീ എന്റെ മരണം കാണുന്നില്ലല്ലൊ. നിന്റെ കുട്ടികളികളികളിൽ നീ ആനന്ദിയ്ക്കുന്നു!


(അണിയറയിൽ)

ഹായ് അച്ഛാ, പ്രിയപ്പെട്ട കൂട്ടുകാരാ

ചാരുദത്തൻ: (കേട്ട് കരുണയോടെ) നിങ്ങൾ നിങ്ങളുടെ ജോലിയിൽ അധികാരികളാണ്. അതിനാൽ ഞാൻ നിങ്ങളോട് ദാനം ചോദിക്കുന്നു

ചണ്ഡാലന്മാർ: എന്ത്, ഞങ്ങളോട് ദാനം ചോദിക്കുന്നുവോ?

ചാരുദത്തൻ: അങ്ങനെ പറയരുത്. വീണ്ടുവിചാരമില്ലാത്ത പാലകനെ പോലെ അല്ല എല്ലാ ചണ്ഡാളന്മാരും. അതിനാൽ മകന്റെ മുഖമൊന്ന് കാണാൻ ആഗ്രഹിക്കുന്നു.

ചണ്ഡാളന്മാർ: അത് സമ്മതിച്ചിരിക്കുന്നു.

(അണിയറയിൽ) ഹായ് അച്ഛാ, ഹാ പ്രിയ സ്നേഹിതാ..
(ചാരുദത്തൻ കരുണയോടെ കേട്ട്, “നിങ്ങൾ നിങ്ങളുടെ ജോലിയിൽ അധികാരികളാണ്. അതിനാൽ ഞാൻ നിങ്ങളോട് ദാനം ചോദിക്കുന്നു“ എന്ന് വീണ്ടും പറയുന്നു)

ചണ്ഡാലന്മാർ: (അണിയറയിലേക്ക് നോക്കി) നഗരവാസികളേ, അൽപ്പം സ്ഥലം കൊടുക്കൂ.  ചാരുദത്തപുത്രന്റെ മുഖം ഒന്ന് കാണട്ടെ. വരൂ മോനേ വരൂ. ഇവിടെ വരൂ.

(മൈത്രേയനും രോഹസേനനും കൂടെ പ്രവേശിക്കുന്നു)

വിദൂഷകൻ: മോനെ പെട്ടെന്ന് പെട്ടെന്നാകട്ടെ, നിന്റെ അച്ഛനെ വധിക്കാനായി കൊണ്ട് പോകുന്നു.

രോഹസേനൻ: ഹായ് അച്ഛാ. അച്ഛാ

വിദൂഷകൻ: പ്രിയ സ്നേഹിതാ ഇനി നിന്നെ ഞാൻ എവിടെ കാണും?

ചാരുദത്തൻ: (മകനേയും കൂട്ടുകാരനേയും കണ്ട്) മോനേ.. എന്റെ സ്നേഹിതാ… കഷ്ടം തന്നെ!
ഞാൻ അനവധി കാലം പരലോകത്ത് ദാഹിച്ച് ഇരിക്കും. കാരണം എനിയ്ക്ക് തർപ്പണം ചെയ്യേണ്ടവൻ വളരെ ചെറുപ്പമാണ്.
മകനു ഞാനെന്ത് കൊടുക്കും? (സ്വന്തം ദേഹത്ത് നോക്കി പൂണൂൽ കണ്ട്) ങ്ഹാ ഇതു മതി ഇതുണ്ടല്ലൊ. ദേവതകളുടെയും പൂർവ്വീകരുടേയും വീതം നൽകുന്നതിനുപകരിയ്ക്കുന്ന ഇത് മുത്തുകൾക്കൊണ്ടല്ലാതെ, സ്വർണ്ണംകൊണ്ടല്ലാതെ നിർമ്മിച്ച, ബ്രാഹ്മണരുടെ ആഭരണമാണ്. [യജ്ഞോപവീതം എന്ന് പൂണൂലിന്റെ പര്യായം.]

(ഇത് പറഞ്ഞ് പൂണൂൽ ഊരി കൊടുക്കുന്നു)

ചണ്ഡാലന്മാർ: വരൂ വരൂ ചാരുദത്താ

ചണ്ഡാലൻ-2: എന്തെടാ നീ  ഒരു വിശേഷണവും കൂടാതെ ഇദ്ദേഹത്തെ വെറും ചാരുദത്താ എന്ന് വിളിക്കുന്നത് ? നോക്കൂ നോക്കൂ,
ഭാഗ്യം, ഇഷ്ടം പോലെ നടക്കുന്ന നവയുവതികളെ പോലെ ആണ്. അത് അതിന്റെ ഇഷ്ടം പോലെ സമ്പത്തിലും വിപത്തിലും വരാം.
കൂടാതെ,
ഇദ്ദേഹത്തിന്റെ (ചാരുദത്തന്റെ) കുലനാമവും നഷ്ടപ്പെട്ടോ? ഇദ്ദേഹത്തിന്റെ ഗുണങ്ങളെ വന്ദിച്ച് ശിരസ്സിലേറ്റണ്ടതല്ലെ? (കുലനാമം നഷ്ടപ്പെട്ടിട്ടില്ല എന്നും ചാരുദത്തൻ സദ്ഗുണസമ്പന്നാനായതിനാൽ മാനിക്കണം എന്നും) രാഹുവാൽ ഗ്രസിച്ചെങ്കിലും ചന്ദ്രനെ ആരും ഇകഴ്ത്തുന്നില്ലല്ലൊ.

രോഹസേനൻ: എടാ ചണ്ഡാല എന്റെ അച്ഛനെ എവിടേയ്ക്കാണ് കൊണ്ട് പോകുന്നത്?

ചാരുദത്തൻ: മകനേ!
കരവീരമാല കഴുത്തിലിട്ട് തോളത്ത് ശൂലവുമായി ഹൃദയത്തിൽ ശോകവും ആയി പോകുന്ന ഞാൻ ഇന്ന് യജ്ഞത്തിനിടയിൽ ബലിയ്ക്കായി കൊണ്ട് പോകുന്ന ബലിമൃഗം പോലെ മെല്ലെ മെല്ലെ ഇവരുടെ പിന്നാലെ നടക്കുകയാണ്.

ചണ്ഡാലന്മാർ: മോനേ, ചണ്ഡാലകുലത്തിൽ ആണ് ജനിച്ചതെങ്കിലും ഞങ്ങൾ നീചരായ ചണ്ഡാളരല്ല. സജ്ജനങ്ങളെ അപമാനിക്കുന്നവർ (വധിക്കുന്നവർ) പാപികളാണ് അതിനാൽ ഞങ്ങൾ ചണ്ഡാലരാണ്.

രോഹസേനൻ:എന്റെ അച്ഛനെ എന്തിനാണ് കൊല്ലുന്നത്?

ചണ്ഡാലന്മാർ: ദീർഘായുഷ്മാനേ, ഇവിടെ രാജാവിന്റെ കല്പന ആണ് അപരാധി. ഞങ്ങൾ അല്ല.

രോഹസേനൻ: എന്നാൽ എന്നെ കൊന്നോളൂ എന്റെ അച്ഛനെ വെറുതെ വിടൂ.

ചണ്ഡാലന്മാർ: ദീർഘായുഷ്മൻ, നീ ധാരാളം കാലം ജീവിച്ചിരിക്കട്ടെ!

ചാരുദത്തൻ: (കണ്ണീരോടെ മകനെ എടുത്ത് തോളത്ത് വെയ്ക്കുന്നു) ദരിദ്രനും ധനികനും ഒരുപോലെ അവരവരുടെ മകൻ സ്നേഹസർവ്വസ്വം ആണെന്നത് പ്രസിദ്ധമാണ്. അവൻ ഹൃദയത്തിൽ അണിയുന്ന സുഗന്ധലേപനമാണ്.
കരവീരമാല കഴുത്തിലിട്ട് തോളത്ത് ശൂലവുമായി ഹൃദയത്തിൽ ശോകവും ആയി പോകുന്ന ഞാൻ ഇന്ന് യജ്ഞത്തിനിടയിൽ ബലിയ്ക്കായി കൊണ്ട് പോകുന്ന ബലിമൃഗം പോലെ മെല്ലെ മെല്ലെ ഇവരുടെ പിന്നാലെ നടക്കുകയാണ്.
എന്റെ പ്രിയജനങ്ങൾ വസ്ത്രംകൊണ്ട് മുഖം മറച്ച് ദൂരേ ദൂരെ ഓടിപ്പോകുന്നു. കാരണം സുഖമായി ഇരിക്കുന്നവന്റെ ഒപ്പം എല്ലാവരും ഉണ്ട്. എന്നാൽ ദുഃഖത്തിൽ ഇരിക്കുന്നവനു ആരും സുഹൃത്തായി ഇല്ല.

വിദൂഷകൻ: ഹേ മംഗളകാരികളായ സജ്ജനങ്ങളെ, എന്റെ പ്രിയ സ്നേഹിതനെ വെറുതെ വിട്ട് പകരം എന്നെ ശൂലത്തിലേറ്റൂ.

ചാരുദത്തൻ: ശാന്തം പാപം! അങ്ങനെ പറയരുത്. (നോക്കിയിട്ട് ആത്മഗതം) ഇന്ന് മനസ്സിലായി. ദുഃഖത്തിൽ ഇരിക്കുന്നവനു ആരും സുഹൃത്തായി ഇല്ല. (ഉറക്കെ) മാളികകളിലെ മട്ടുപ്പാവിൽ നിന്ന് പാതി തുറന്ന ജനലിലൂടെ സ്ത്രീജനങ്ങൾ എന്നെ നോക്കി ‘ഹായ് ചാരുദത്തൻ‘ എന്ന് പറഞ്ഞ് കണ്ണീരോഴുക്കുന്നു.

ചണ്ഡാലന്മാർ: മാറൂ എല്ലാവരും മാറൂ.
കയറുപൊട്ടി കിണറ്റിൽ വീണ സ്വർണ്ണകുംഭം പോലെ അപകീർത്തി കാരണം ജീവിക്കാനുള്ള ആശ നശിച്ച സത്പുരുഷനെ (ചാരുദത്തനെ) എന്തിനാണിങ്ങനെ തുറിച്ച് നോക്കുന്നത്?

ചാരുദത്തൻ: (കരുണയോടെ) ചന്ദ്രകിരണങ്ങളെ പോലെ തിളങ്ങുന്ന പല്ലുകൾ ഉള്ളവളേ, ചുകന്ന് തുടുത്ത ചുണ്ടുകൾ ഉള്ളവളേ, നിന്റെ മുഖത്തിൽനിന്നുണ്ടാകുന്ന അമൃത് കുടിച്ച ഞാൻ ഈ സമയം ദുഷ്കീർത്തിയാകുന്ന വിഷം എങ്ങനെ കുടിയ്ക്കും?

ചണ്ഡാലൻ-2: വീണ്ടും പെരുമ്പറ മുഴക്കൂ വിധിവിളംബരം വായിക്കൂ.
(ഒന്നാമൻ അങ്ങനെ ചെയ്യുന്നു)

ചാരുദത്തൻ: വിപത്തികാരണം മാത്രമാണ് ഞാൻ ഈ ശോചനീയാവസ്ഥയിൽ എത്തിയത്. അതിൽ ജീവിതം അവസാനിക്കുമെന്ന് ഫലവും ഉണ്ട്. എന്നാലും “ഞാൻ വസന്തസേനയെ കൊന്നു“ എന്ന് വിളിച്ച് പറയുന്നത് കേട്ട് എന്റെ മനസ്സ് തകരുന്നു.

No comments:

Post a Comment