കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 25, 2016

പത്താം അങ്കം - ഭാഗം 4


(അണിയറയിൽ)
(എടാ രാജസ്യാലാ, വാടാ ഇവിടെ വാ നിന്റെ അഹങ്കാരത്തിനു ഫലം അനുഭവിച്ചോ)
(ശേഷം, കൈകൾ പിന്നിലേക്ക് കെട്ടപ്പെട്ട് ആളുകളാൽ പിടിയ്ക്കപ്പെട്ട ശകാരൻ പ്രവേശിക്കുന്നു)

ശകാരൻ:  അയ്യോ! കഷ്ടം! കഷ്ടം!
കയറുവിട്ട കഴുതയെ പോലെ എത്ര ദൂരം ഓടിയ എന്നെ, ഒരു പേപ്പട്ടിയെ പോലെ പിടിച്ച് കെട്ടി കൊണ്ട് വന്നിരിക്കുന്നു. (നാലുചുറ്റും നോക്കി) എല്ലാസ്ഥലത്തും എന്റെ ശത്രുക്കളാണ്. അതിനാൽ ഇപ്പോൾ രക്ഷയില്ലാത്ത ഞാൻ ആരെ ശരണം പ്രാപിക്കും? (ആലോചിച്ച്) ശരണാഗതരായവർക്ക് അഭയം നൽകുന്ന ആ ചാരുദത്തനെ തന്നെ അഭയം പ്രാപിക്കാം. (അടുത്ത് ചെന്ന്) ആര്യ ചാരുദത്താ എന്നെ രക്ഷിക്കൂ. എന്നെ രക്ഷിക്കൂ. (എന്ന് പറഞ്ഞ് കാൽക്കൽ വീഴുന്നു)

(അണിയറയിൽ)
(ആര്യ ചാരുദത്താ, അവനെ വിട്, അവനെ വിട്, അവനെ ഞങ്ങൾ കൊന്നോളാം)

ശകാരൻ: (ചാരുദത്തനെ നോക്കി) അശരണർക്ക് ശരണമായവനെ, ആര്യ ചാരുദത്താ എന്നെ രക്ഷിക്കൂ. എനിക്കഭയം തരൂ.

ചാരുദത്തൻ: (അനുകമ്പയോടെ) ആഹാ, ശരണാഗതന് അഭയം, അഭയം തന്നിരിയ്ക്കുന്നു.

ശർവിലകൻ: (അമർഷത്തോടെ) ഓ! ഇവനെ ചാരുദത്തന്റെ സമീപത്തുനിന്നും കൊണ്ട് പോകൂ. (ചാരുദത്തനോട്) പറയൂ ഈ പാപിയെ എന്ത് ചെയ്യണമെന്ന് പറയൂ
ആളുകളെക്കൊണ്ട് ഇവനെ പിടിച്ച്കെട്ടി വലിപ്പിക്കട്ടെ? നായ്ക്കകൾക്ക് തീറ്റയായികൊടുക്കട്ടെ? ശൂലത്തിൽ തറയ്ക്കട്ടെ? അല്ലെങ്കിൽ വാളുകൊണ്ട് ഈർന്ന് മുറിയ്ക്കട്ടെ?

ചാരുദത്തൻ: ഞാൻ പറയുന്നത് പോലെ ചെയ്യുമൊ?

ശർവിലകൻ: അതിൽ സംശയമെന്തിനാ? ചെയ്യും.

ശകാരൻ: സ്വാമീ ചാരുദത്താ, ഞാൻ അങ്ങയുടെ ശരണാർത്ഥിയാണ്. എന്നെ രക്ഷിക്കൂ എന്നെ രക്ഷിക്കൂ. അങ്ങയുടെ വ്യക്തിത്വത്തിനു യോഗ്യമായത് പോലെ ചെയ്യൂ. ഇനി ഞാൻ ഒരിക്കലും  ദ്രോഹിക്കില്ല.

(അണിയറയിൽ നിന്നും)
ജനക്കൂട്ടം: അവനെ കൊല്ല് അവനെന്തിനു ജീവിച്ചിരിക്കണം?  അവനെ കൊല്ലൂ.

(വസന്തസേന ചാരുദത്തന്റെ കഴുത്തിലെ കൊലമാല ഊരി ശകാരന്റെ ശരീരത്തിലേക്ക് എറിയുന്നു)

ശകാരൻ: എടീ കുരുത്തം കെട്ട ഗർഭദാസീപുത്രീ, സന്തോഷമായിരിക്ക്. പ്രസാദിയ്ക്ക്. ഇനി നിന്നെ ഞാൻ കൊല്ലില്ല. എന്നെ രക്ഷിക്ക്.

ശർവിലകൻ: ഇവനെ പെട്ടെന്ന് തന്നെ കൊണ്ട് പോ. ആര്യ ചാരുദത്താ, ആജ്ഞാപിച്ചാലും, ഈ പാപിയെ എന്ത് ചെയ്യണം?

ചാരുദത്തൻ: ഞാൻ പറയുന്നത് പോലെ ചെയ്യുമൊ?

ശർവിലാകൻ: അതിൽ സംശയിക്കണ്ടാ കാര്യമില്ല

ചാരുദത്തൻ: സത്യം?

ശർവിലാകൻ: സത്യം

ചാരുദത്തൻ: അങ്ങനെ എങ്കിൽ ഇവനെ പെട്ടെന്ന്……..

ശർവിലാകൻ: കൊല്ലട്ടെ?

ചാരുദത്തൻ: അരുത് അരുത് അവനെ വെറുതെ വിടൂ

ശർവിലാകൻ: എന്തിനുവേണ്ടി? എന്തിന്?

ചാരുദത്തൻ: അപരാധിയെങ്കിലും ശരണം ചോദിച്ച് കാൽക്കൽ വീഴുന്നവനെ ആയുധം കൊണ്ട് വധിക്കരുത്.

ശർവിലാകൻ: എന്നാൽ പട്ടിയ്ക്ക് തീറ്റയായി കൊടുക്കട്ടെ?

ചാരുദത്തൻ: അരുത്. അവനുപകാരം ചെയ്ത് കൊല്ലണം. (അതായതവനെ കൊല്ലാതെ വിടുക എന്നത് തന്നെ ആണവന്റെ ശിക്ഷ എന്നർത്ഥം)
അപരാധം ചെയ്തവൻ ശത്രു ആണെങ്കിൽ കൂടെ അവൻ കാൽക്കൽ വീണ് അഭയം ചോദിച്ചാൽ അവനെ കൊല്ലാതെ രക്ഷിച്ച് അനവധി ഉപകാരം ചെയ്ത് കൊടുത്ത് അവൻ ചാവാതെചാവണം.

ശർവിലകൻ: അഹോ! ചാരുദത്തസ്വഭാവം ആശ്ചര്യം തന്നെ ആര്യ, പറയൂ ഞാൻ എന്താണ് ചെയ്യേണ്ടത്?

ചാരുദത്തൻ: അവനെ വെറുതെ വിടൂ

ശർവിലാകൻ: അവനു മോചനം കൊടുക്കൂ. അവനെ വെറുതെ വിടൂ

ശകാരൻ: ഓഹ്! രക്ഷപ്പെട്ടു. (അങ്ങനെ പറഞ്ഞ് കിങ്കരന്മാരോടു കൂടെ പോകുന്നു)

(അണിയറയിൽ കോലാഹലം)

വീണ്ടും അണിയറയിൽ: ആര്യചാരുദത്തന്റെ ധർമ്മ പത്നി ആര്യ ധൂത, കാലിലും വസ്ത്രത്തിലും പിടിച്ച് വലിക്കുന്ന ബാലനെ (രോഹസേനനെ) തള്ളി മാറ്റി, കണ്ണീർ നിറഞ്ഞ നേത്രങ്ങളോടെ നിൽക്കുന്ന ജനങ്ങൾ തടുത്തിട്ടും കൂസാതെ കുതറി മാറി തീയ്യിൽ ചാടുന്നു.

ശർവിലകൻ: (കേട്ടിട്ട് അണിയറയുടെ ഭാഗത്തേക്ക് നോക്കി) എന്ത്? ചന്ദനകാ ചന്ദനകാ ഇതെന്താണ്?

ചന്ദനകൻ:(പ്രവേശിച്ച്) രാജകൊട്ടാരത്തിന്റെ തെക്ക് ഭാഗത്ത് ജനക്കൂട്ടം അങ്ങ് കാണുന്നില്ലേ? (ആര്യ ചാരുദത്തന്റെ പത്നി അഗ്നിയിൽ ചാടി സതി അനുഷ്ഠിക്കുന്നു എന്ന് വീണ്ടും അണിയറയിൽ പറയുന്നു) “ആര്യേ ദുസ്സാഹസം ചെയ്യരുത്. ആര്യ ചാരുദത്തൻ ജീവിച്ചിരിപ്പുണ്ട്. വധിച്ചിട്ടില്ല” എന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷെ ദുഃഖം കൊണ്ട് വ്യാകുലനായ അവരുണ്ടോ കേൾക്കുന്നു? ആരുണ്ട് വിശ്വസിക്കുന്നു?

ചാരുദത്തൻ:(ഉദ്വേഗത്തോടെ) പ്രിയതമേ, ഞാൻ ജീവിച്ചിരുന്നിട്ടും നീ എന്താണ് ചെയ്യുന്നത്? (മുകളിലേക്ക് നോക്കി ദീർഘനിശ്വാസത്തോടെ)
അല്ലയോ സുചരിതേ, നിന്റെ സദ്ഗുണങ്ങൾകൊണ്ട് ഈ ലോകത്ത് ജീവിച്ചിരുന്നിട്ട് കാര്യമില്ല. (അത് സ്വർഗ്ഗയോഗ്യമാണ് എന്നർത്ഥം) എന്നാലും പതിവ്രതയായ നീ നിന്റെ ഭർത്താവിനെ വിട്ട് ഒറ്റയ്ക്ക് സ്വർഗ്ഗസുഖങ്ങൾ അനുഭവിക്കുന്നത് ഉചിതമല്ല. (ഞാൻ ജീവിച്ചിരിക്കേ നീ സതി അനുഷ്ഠിക്കുന്നത് ഉചിതമല്ല എന്നർത്ഥം) (ഇത് പറഞ്ഞ് മോഹാലസ്യപ്പെട്ട് വീഴുന്നു)

ശർവിലകൻ: പ്രമാദം! ഭാഗ്യക്കേട് തന്നെ. അവരുടെ സമീപം പെട്ടെന്ന് തന്നെ പോകണം. പക്ഷെ ഇവിടെ ആര്യചാരുദത്തൻ മോഹാലസ്യപ്പെട്ട് കിടക്കുന്നു. എല്ലാ പ്രയത്നങ്ങളും വിഫലമായതായി കാണുന്നു.

വസന്തസേന: ആര്യ ധൈര്യം സംഭരിക്കൂ. വേഗം ചെന്ന് ആര്യധൂതയെ രക്ഷിക്കൂ. അത് ചെയ്തില്ലെങ്കിൽ അധീരൻ ആയതുകൊണ്ടുള്ള അനർത്ഥം കൂടെ സംഭവിയ്ക്കും.

ചാരുദത്തൻ: (ധൈര്യത്തോടെ പെട്ടെന്ന് എഴുന്നേറ്റ്) അല്ലയോ പ്രിയതമേ നീ എവിടെ ആണ്? എനിക്ക് ഉത്തരം തരൂ. വിളികേൾക്കൂ.

ചന്ദനകൻ: ഇവിടെ ഇവിടെ… ഇതിലേ വരൂ ആര്യാ
(ഇത് പറഞ്ഞ് എല്ലാവരും ചുറ്റി നടക്കുന്നു)

(ശേഷം മുൻപേ പറഞ്ഞ പോലെ ഉള്ള അവസ്ഥയിൽ ധൂത, വസ്ത്രത്തിൽ പിടിച്ച് വലിക്കുന്ന രോഹസേനനും അവനെ അനുനയിപ്പിക്കുന്ന മൈത്രേയനും കൂടെ രദനികയും പ്രവേശിക്കുന്നു)

ധൂത: (കണ്ണീരോടെ) മകനേ, എന്നെ വിടൂ. തടായാതിരിക്കൂ. ആര്യപുത്രന്റെ ദൗർഭാഗ്യം കേൾക്കാൻ എനിക്ക് ഭയമാണ്. (എഴുന്നേറ്റ് വസ്ത്രം പിടിവിടുവിച്ച് തീയിനടുത്തേക്ക് ചെല്ലുന്നു)

രോഹസേനൻ: അമ്മേ എന്നെ നോക്കമ്മേ എന്നെ രക്ഷിക്കമ്മേ അമ്മയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. (എന്ന് പറഞ്ഞ് പെട്ടെന്ന് അടുത്ത് ചെന്ന് വസ്ത്രത്തുമ്പിൽ പിടിക്കുന്നു)

വിദൂഷകൻ: ബ്രാഹ്മണസ്ത്രീകൾ ഭർത്താവിനെ പിരിഞ്ഞ് ഒറ്റയ്ക്ക് അഗ്നിയിൽ ചാടുന്നതിനെ ഋഷികൾ പാപം എന്ന് പറയും.

ധൂത: ആര്യപുത്രനെ പറ്റിയുള്ള അമംഗള വാർത്ത (വധിക്കപ്പെട്ടു എന്ന്) കേൾക്കുന്നതിനാക്കാൾ നല്ലത് പാപം ചെയ്യുകയാണ്.

ശർവിലാകൻ: (മുൻപിലേക്ക് നോക്കി) ആര്യ ധൂത തീയ്യിനടുത്തേയ്ക്ക് പോയി. വേഗമാവട്ടെ വേഗം വേഗം.

(ചാരുദത്തൻ വേഗം വേഗം നടക്കുന്നു)

ധൂത: രദനികേ, കുട്ടിയെ പിടിക്കൂ. ഞാൻ എനിക്ക് ഇഷ്ടമുള്ളത് (തീയ്യിൽ ചാടുക എന്നത്) ചെയ്യട്ടെ.

രദനിക: (കരുണയോടെ) അങ്ങ് എന്നോട് പറയുന്നത് തന്നെ ഞാൻ തിരിച്ചും പറയട്ടെ. (കുട്ടിയെ പിടിക്കൂ ഞാൻ തീയ്യിൽ ചാടട്ടെ എന്ന്. ഭൃത്യ ആദ്യം ചാടണമല്ലൊ)

ധൂത: (മൈത്രേയനോട്) എങ്കിൽ ആര്യൻ കുട്ടിയെ പിടിയ്ക്കൂ.

വിദൂഷകൻ: (പേടിച്ച്) കാര്യസിദ്ധിയ്ക്ക് വേണ്ടി ചെയ്യുമ്പൊൾ ബ്രാഹ്മണൻ മുന്നിൽ നടക്കണം. അതിനാൽ ഞാൻ ഭവതിയുടെ മുന്നിൽ നടക്കട്ടെ.

ധൂത: എന്ത്? രണ്ട് പേരും എന്നെ അനുസരിക്കുന്നില്ല. (കുട്ടിയെ ആലിംഗനം ചെയ്ത്) മോനേ, ഞങ്ങളുടെ മരണകർമ്മങ്ങൾ ചെയ്യാനായി നീ നിന്നെ തന്നെ നിയന്ത്രിക്കൂ.(ജീവിച്ചിരിക്കാനായി ധൈര്യമവലംബിക്കൂ എന്നർത്ഥം.) നീ കൂടെ മരിച്ചാൽ ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം വ്യർത്ഥമാകും. (നിശ്വാസത്തോടെ) ആര്യപുത്രനു നിന്നെ പരിപാലിക്കാൻ സാധിച്ചില്ലല്ലൊ.

ചാരുദത്തൻ:(കേട്ട്, പെട്ടെന്ന് അടുത്ത് ചെന്ന്) ഞാൻ തന്നെ എന്റെ മോനെ പരിപാലിയ്ക്കും.
(എന്ന് പറഞ്ഞ് മകനെ കൈകളിൽ കോരി എടുത്ത് ആലിംഗനം ചെയ്യുന്നു)

ധൂത: ങ്ഹേ ഇത് ആര്യപുത്രന്റെ ശബ്ദമാണല്ലൊ. (ശേഷം നല്ലപോലെ നോക്കിയശേഷം സന്തോഷത്തോടെ) ഭാഗ്യവശാൽ ഇത് ആര്യപുത്രൻ തന്നെ. സന്തോഷമായി എനിക്ക് സന്തോഷമായി.

രോഹസേനൻ: (സന്തോഷത്തോടെ നോക്കി) ഹായ് അച്ഛൻ എന്നെ കെട്ടിപ്പിടിക്കുന്നു. (ധൂതയോട്) അമ്മേ, അച്ഛൻ തന്നെ എന്നെ നോക്കും (എന്ന് പറഞ്ഞ് അച്ഛനെ കെട്ടിപ്പിടിക്കുന്നു)

ചാരുദത്തൻ: (ധൂതയെ നോക്കി) പ്രിയതമേ, ഞാൻ ജീവിച്ചിരുന്നിട്ടും നീ എന്ത് കഠിനമായ പ്രവൃത്തിയാണ് ചെയ്യുന്നത്? സൂര്യൻ അസ്തമിക്കാതെ താമര കൂമ്പുമോ?

ധൂത: അതുകൊണ്ടാണല്ലൊ അവയെ അചേതനമെന്ന് പറയുന്നത്

വിദൂഷകൻ:(നോക്കി സന്തോഷത്തോടെ) ഹായ് ഹായ് ഹ ഹ.. ഈ കണ്ണുകൾ കൊണ്ട് തന്നെ ഞാൻ എന്റെ പ്രിയസ്നേഹിതനെ കാണുന്നു. അഹോ! സതികർമ്മപ്രഭാവം! തീയ്യിൽ ചാടാൻ തുടങ്ങിയപ്പോൾ തന്നെ പ്രിയതമനുമായി സമാഗമം നടന്നു. (ചാരുദത്തനെ നോക്കി) പ്രിയസ്നേഹിതനു വിജയിപ്പൂതാക.

ചാരുദത്തൻ: വരൂ പ്രിയസ്നേഹതാ, മൈത്രേയാ (എന്ന് പറഞ്ഞ് ആലിംഗനം ചെയ്യുന്നു)

രദനിക: അത്ഭുതം തന്നെ! എന്തൊരു ശുഭസംവിധാനം! ആര്യ പ്രണാമം. (എന്ന് പറഞ്ഞ് കാൽക്കൽ പ്രണമിക്കുന്നു)

ചാരുദത്തൻ: (പുറത്ത് കൈ വെച്ച്) രദനികേ എഴുന്നേൽക്കൂ. (എഴുന്നേൽപ്പിക്കുന്നു)

ധൂത: (വസന്തസേനയെ നോക്കി) സൗഭാഗ്യവശാൽ എന്റെ സഹോദരിയ്ക്ക് സുഖം തന്നെ അല്ലേ?

വസന്തസേന: ഇപ്പോൾ സുഖം ഭവിച്ചു. (ഇതുപറഞ്ഞ് രണ്ട് പേരും പരസ്പരം ആലിംഗനം ചെയ്യുന്നു)

ശർവിലകൻ: ഭാഗ്യം കൊണ്ട് ആര്യന്റെ സുഹൃത്തുകൾ എല്ലാവരും ജീവിച്ചിരിക്കുന്നു.

ചാരുദത്തൻ: താങ്കളുടെ പ്രസാദം കാരണം..

ശർവിലകൻ: ആര്യേ വസന്തസേനേ, പരിതുഷ്ടനായ ആര്യക രാജാവ് താങ്കളെ “വധു“ എന്ന പദം നൽകി അനുഗ്രഹിച്ചിരിയ്ക്കുന്നു. (ഇനി മുതൽ വേശ്യ അല്ലാതെ കുലസ്ത്രീകൾക്ക് തുല്യമായ പദവി നൽകി എന്നർത്ഥം)

വസന്തസേന: ആര്യ ഞാൻ കൃതാർത്ഥയായി.

ശർവിലകൻ: (വസന്തസേനയെ മൂടുപടം അണിയിച്ച് ചാരുദത്തനോടായി) ആര്യാ, ഈ സംന്യാസിയ്ക്ക് എന്ത് കൊടുക്കണം?

ചാരുദത്തൻ: ഭിക്ഷൂ താങ്കളുടെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?

സംവാഹകഭിക്ഷു: ഇത്തരത്തിലുള്ള അനിത്യത്വം(=നശ്വരത, ക്ഷണികത) കണ്ട് എനിക്ക് എന്റെ സംന്യാസത്തിൽ ഉള്ള വിശ്വാസം ഇരട്ടിച്ചിരിക്കുന്നു.

ചാരുദത്തൻ: സഖേ, ഇദ്ദേഹം ദൃഢനിശ്ചയക്കാരനാണ്. അതിനാൽ ഇദ്ദേഹത്തെ രാജ്യത്തെ ബുദ്ധവിഹാരങ്ങളുടെ മേലധികാരിയാക്കി നിശ്ചയിക്കൂ.

ശർവിലാകൻ: ആര്യന്റെ ആജ്ഞ പോലെ തന്നെ.

സംവാഹകഭിക്ഷു: എനിക്കിഷ്ടമായി. സന്തോഷമായി.

വസന്തസേന: ഇപ്പോൾ എനിയ്ക്ക് ജീവിതം തിരിച്ച് കിട്ടി!

ശർവിലകൻ: സ്ഥാവരകനെ എന്ത് ചെയ്യണം?

ചാരുദത്തൻ: സദാചാരിയായ ഇവൻ ഒരു ഭൃത്യനായി കഴിഞ്ഞുകൂടാ. അവനു ധാരാളം സമ്പത്ത് നൽകണം. ആ ചണ്ഡാലൻ ചണ്ഡാലന്മാരുടെ അധിപതിയാകട്ടെ. ചന്ദനകൻ രാജ്യത്തിലെ അപരാധികൾക്കുള്ള ശിക്ഷ നടത്തിപ്പുകാരനാകട്ടെ. ആ ശകാരൻ പഴയപോലെ തന്നെ പിഴച്ച് പോയ്ക്കോട്ടെ.

ശർവിലാകൻ: ശ്രീമാൻ പറയുന്ന പോലെ തന്നെ എല്ലാം നടക്കും. എന്നാൽ ഇവനെ ഈ ശകാരനെ വിടൂ. അവനെ കൊന്നുകളയട്ടെ.

ചാരുദത്തൻ: ശരണമർത്ഥിച്ച് വന്നവനു അഭയം നൽകണം. അപരാധം ചെയ്തവൻ ശത്രു ആണെങ്കിൽ കൂടെ അവൻ കാൽക്കൽ വീണ് അഭയം ചോദിച്ചാൽ അവനെ കൊല്ലാതെ രക്ഷിച്ച് അനവധി ഉപകാരം ചെയ്ത് കൊടുത്ത് അവൻ ചാവാതെചാവണം.

ശർവിലകൻ: എന്നാൽ പറയൂ അങ്ങേയ്ക്ക് വേണ്ടി ഇനിയും എന്താണ് പ്രിയം ചെയ്ത് തരേണ്ടത്?

ചാരുദത്തൻ: ഇതിലുമധികം പ്രിയമായത് വല്ലതുമുണ്ടോ?
ചാരിത്രശുദ്ധി കൈവന്നു. കാൽക്കൽ വീണ ശത്രു ശകാരനേയും വെറുതെ വിട്ടു. എല്ലാമൂലദോഷങ്ങൾക്കും കാരണമായ പാലകനെ ഇല്ലാതാക്കി സുഹൃത്ത് ആര്യകൻ രാജ്യം ഭരിക്കുന്നു. പ്രിയവസന്തസേനയെ വീണ്ടും എനിക്ക് ലഭിച്ചു. രാജാവിന്റെ സുഹൃത്തായ താങ്കൾ എന്റെ കൂടെ സുഹൃത്തായി. ഇനി ഇതിൽകൂടുതൽ എന്താണ് ഞാൻ ഈ സമയം അങ്ങയോട് ചോദിക്കുക? (ഇതിലധികം ഒന്നുമില്ല എന്നർത്ഥത്തിൽ)

ഭാഗ്യം, കിണറ്റിലെ തൊട്ടി പോലെ താഴേയ്ക്കും മുകളിലേയ്ക്കും മാറിമാറി സഞ്ചരിയ്ക്കുന്നു.  പരസ്പരവിരോധികളായ കാര്യങ്ങൾ ചെയ്ത് ലോകത്തിന്റെ അവസ്ഥ മാറ്റി മറിയ്ക്കുന്നു. ചിലരെ ധനികരാക്കുന്നു. മറ്റ് ചിലരെ നിർധനരാക്കുന്നു. ചിലരെ അപമാനിതരാക്കുന്നു മറ്റുചിലരെ ബഹുമാന്യരാക്കുന്നു. ചിലർക്ക് നിറവ് നൽകുമ്പോൾ മറ്റുചിലരെ നിസ്സാരന്മാരാക്കുന്നു. ചിലരെ പൊക്കുന്നു മറ്റ് ചിലരെ താഴ്ത്തുന്നു.

എന്നാലും ആകട്ടെ,

(ഭരതവാക്യം)

പശുക്കൾ പാലുചുരത്തുന്നവരാകട്ടെ! ഭൂമി സർവ്വവിധ ഐശ്വര്യങ്ങളാൽ പരിപൂർണ്ണമാകട്ടെ! മേഘങ്ങൾ സമയത്ത് വർഷിയ്ക്കുന്നവയാകട്ടെ! കാറ്റ് സർവ്വർക്കും മനസ്സിനു ആനന്ദം നൽകിക്കൊണ്ട് വീശട്ടെ! ജനിച്ച എല്ലാപ്രാണികളും ദൈവീകമായ ആനന്ദം ലഭ്യമാകട്ടെ! സുഖം ഭവിയ്ക്കട്ടെ! സകലർക്കും പ്രിയമുള്ളവരായിരിക്കട്ടെ ബ്രാഹ്മണർ! സത്യമുള്ളവർക്ക് ഐശ്വര്യം ഉണ്ടാകട്ടെ! രാജാക്കന്മാർ, ശത്രുക്കളെ ജയിയ്ക്കുന്നവരും ധർമ്മപാരായണന്മാരുമായി ഭൂമിയെ പരിപാലനം ചെയ്തുകൊണ്ടിരിക്കട്ടെ!

(ഇത് പറഞ്ഞ് എല്ലാവരും പോകുന്നു)

തിരശ്ശീല

ഇപ്രകാരം മൃച്ഛകടികത്തിലെ സംഹാരം എന്ന പത്താമങ്കം സമാപിച്ചു.

മൃച്ഛകടികം ഇവിടെ സമാപിക്കുന്നു.

പത്താം അങ്കം - ഭാഗം 3


(ശേഷം പേടിച്ച് പരിഭ്രമിച്ച് വസന്തസേനയും സംവാഹകഭിക്ഷുവും പ്രവേശിക്കുന്നു)

സംവാഹകഭിക്ഷു: അസ്ഥാനത്ത് ബോധമില്ലാതെ കിടന്നിരുന്ന വസന്തസേനയെ ആശ്വസിപ്പിച്ച് കൊണ്ട് പോകാൻ കഴിഞ്ഞ ഈ ഞാൻ എന്റെ സംന്യാസജീവിതം കൊണ്ട് അനുഗ്രഹീതനായിരിക്കുന്നു. ഉപാസികേ, താങ്കളെ എവിടേയ്ക്കാണ് കൊണ്ട് പോകേണ്ടത്?

വസന്തസേന: ആര്യ ചാരുദത്തന്റെ ഗൃഹത്തിലേക്ക് കൊണ്ട് പോകൂ. അദ്ദേഹത്തിന്റെ ദർശനം കൊണ്ട് ചന്ദ്രനെ കണ്ട ആമ്പലിനെ പോലെ എന്നെ സന്തോഷിപ്പിക്കും.
(ചന്ദ്രനിലാവിലാണ് ആമ്പൽ വിരിയുക എന്ന് സങ്കല്പം)

സംവാഹകഭിക്ഷു:(ആത്മഗതം) ഏത് വഴിക്കാണ് പോകാൻ പറ്റുക? (ആലോചിച്ച്) രാജവീഥിയിലൂടെ തന്നെ പോകാം. ഉപാസികേ, വരൂ ഇത് രാജവീഥിയിആണ്. ഇതിലേ വരൂ (കേട്ടുകൊണ്ട്) രാജവീഥിയിൽ എന്താണ്  കോലാഹലശബ്ദം?

വസന്തസേന: (മുന്നോട്ട് നോക്കി) മുന്നിലെന്തിനാണ് ഇത്ര ആൾക്കൂട്ടം? ആര്യ ഇതെന്താണെന്ന് അറിയുമൊ? ഉജ്ജയിനി നഗരം എല്ലാം തന്നെ ഒരു സ്ഥലത്ത് കൂടിയിരിക്കുന്നതിനാൽ അസന്തുലിതഭാരം പേറുന്ന ഭൂമിപോലെ ആയിരിക്കുന്നു.

ചണ്ഡാലന്മാർ: ഇത് അവസാനത്തെ വിളംബരസ്ഥാനമാണ്. പെരുമ്പറ കൊട്ടുക വിളംബരം ഉൽഘോഷിക്കുക. (അങ്ങനെ ചെയ്തിട്ട്) ഹേ ചാരുദത്താ, പ്രതീക്ഷ വെടിയരുത്. ഭയക്കരുത്. പെട്ടെന്ന് തന്നെ കൊല്ലാം.

ചാരുദത്തൻ: ഹെന്റെ ഭഗവതീ.. ദേവകളേ..

സംവാഹകഭിക്ഷു: (കേട്ട് പേടിച്ച്) ഉപാസികേ, ഉപാസികേ. താങ്കളെ ചാരുദത്തൻ കൊന്നു എന്നതിനാൽ ചാരുദത്തനെ വധിക്കാൻ കൊണ്ട് പോവുകയാണ്.

വസന്തസേന: (പരിഭ്രമത്തോടെ) കഷ്ടം കഷ്ടം ഭാഗ്യഹീനയായ ഞാൻ കാരണം ആര്യ ചാരുദത്തൻ വധിക്കപ്പെടുന്നുവോ? നല്ല ജനങ്ങളേ സജ്ജനങ്ങളേ, വേഗം വഴിമാറൂ. വഴി തരൂ.

സംവാഹകഭിക്ഷു: ബുദ്ധോപാസികേ, ആര്യ ചാരുദത്തൻ ജീവിച്ചിരിക്കാൻ വേണ്ടി വേഗം ചെന്നാലും വേഗം വേഗം ചെന്നാലും. സജ്ജങ്ങളെ വഴിമാറൂ വഴി മാറൂ..

വസന്തസേന: വഴി വഴി.. വഴി തരൂ

ചണ്ഡാലന്മാർ: ആര്യ ചാരുദത്താ, രാജാവിന്റെ ആജ്ഞ ആണ്. അതിനാൽ എന്തെങ്കിലും ആരേയെങ്കിലും ഓർക്കാനുണ്ടെങ്കിൽ ഓർക്കൂ. പറയൂ

ചാരുദത്തൻ: എന്തിനധികം? എന്റെ ധർമ്മപ്രഭാവം മൂലം, ഇന്ദ്രഭവനത്തിൽ എന്നല്ല എവിടെ ആണെങ്കിലും ഇരിക്കുന്ന അവൾ (വസന്തസേന) തന്നെ എന്റെ മുകളിൽ ചാർത്തിയ കളങ്കം ദൂരീകരിക്കട്ടെ.

ചണ്ഡാലന്മാർ: (വാളൂരിക്കൊണ്ട്) ആര്യ ചാരുദത്താ, മുകളിലേക്ക് നോക്കി നിവർന്ന് നിൽക്കൂ. വാളുകൊണ്ട് ഉള്ള ഒറ്റ വെട്ട് കൊണ്ട് താങ്കൾക്ക് സ്വർഗ്ഗം ലഭിക്കും.

(ചാരുദത്തൻ അത് പ്രകാരം നിൽക്കുന്നു)

ചണ്ഡാലന്മാർ: (വെട്ടാൻ ശ്രമിക്കുമ്പോൾ വാൾ കയ്യിൽ നിന്ന് വീഴുന്നതായി അഭിനയിക്കുന്നു) കയ്യിൽ നന്നായി പിടിച്ച വാ‍ൾ നിലത്തെങ്ങിനെ വീണു? അതിനാൽ ആര്യ ചാരുദത്തൻ കൊല്ലപ്പെടില്ല എന്ന് അനുമാനിക്കാം. ഭഗവതീ സഹ്യവാസിനീ.. പ്രസാദിച്ചാലും പ്രസാദിച്ചാലും. ചാരുദത്തൻ രക്ഷപ്പെടട്ടെ അത് ചണ്ഡാലകുലത്തിനു നീ തരുന്ന അനുഗ്രഹം ആകും.

മറ്റേ ചണ്ഡാലൻ: നമുക്ക് രാജകല്പന നിറവേറ്റാം.

ആദ്യത്തെ ചണ്ഡാലൻ: അതെ, അങ്ങിനെ തന്നെ.
(ഇത് പറഞ്ഞ് രണ്ട് പേരും ചാരുദത്തനെ ശൂലത്തിൽ തറയ്ക്കാൻ ശ്രമിക്കുന്നു)

ചാരുദത്തൻ: എന്റെ ധർമ്മപ്രഭാവം മൂലം, ഇന്ദ്രഭവനത്തിൽ എന്നല്ല എവിടെ ആണെങ്കിലും ഇരിക്കുന്ന അവൾ (വസന്തസേന) തന്നെ എന്റെ മുകളിൽ ചാർത്തിയ കളങ്കം ദൂരീകരിക്കട്ടെ.

വസന്തസേനയും സംവാഹകഭിക്ഷുവും: (കണ്ടിട്ട്) മഹാനുഭാവന്മാരേ അരുത് അരുത് ഞാനാണ് നിർഭാഗ്യവതി. ഞാൻ കാരണമാണ് ചാരുദത്തൻ വധിക്കപ്പെടുന്നത്.

ചണ്ഡാലൻ: (കണ്ടിട്ട്) ചുമലിലെക്ക് വീഴുന്ന കേശഭാരം കൈകൾ കൊണ്ട് മുകളിലേക്കാക്കി അരുത് അരുത് എന്ന് പറഞ്ഞുകൊണ്ട് ഇവിടേയ്ക്ക് വരുന്ന ഇവൾ ആരാണ്?

വസന്തസേന: ആര്യ ചാരുദത്താ, എന്താണിത്? (എന്ന് പറഞ്ഞ് ചാരുദത്തന്റെ മാറത്ത് വീഴുന്നു)

സംവാഹകഭിക്ഷു: ആര്യ ചാരുദത്താ, എന്താണിത്? (എന്ന് പറഞ്ഞ് കാൽക്കൽ വീഴുന്നു)

ചണ്ഡാലന്മാർ: (പേടിച്ച് അടുത്ത് വന്ന്) എന്ത്? വസന്തസേനയോ? അത് നല്ലതായി ഞങ്ങൾ ഈ സൽപുരുഷനെ വധിക്കാത്തത് നല്ലതായി.

സംവാഹകഭിക്ഷു: (എഴുന്നേറ്റ്) ഹായ് ചാരുദത്തൻ ജീവിച്ചിരിക്കുന്നു!

ചണ്ഡാലന്മാർ: നൂറുവർഷം ജീവിച്ചിരിക്കട്ടെ

വസന്തസേന:(സന്തോഷത്തോടെ) എനിക്ക് വീണ്ടും ജീവൻ കിട്ടി.

ചണ്ഡാലന്മാർ: എങ്കിൽ യജ്ഞശാലയിലേക്ക് പോയ രാജാവിനെ ഈ വിവരം അറിയിയ്ക്കുക തന്നെ.
(ഇത് പറഞ്ഞ് രണ്ട് പേരും പോകാൻ ശ്രമിക്കുന്നു)

ശകാരൻ: (വസന്തസേനയെ കണ്ട് പേടിച്ച്) ആരാണീ ഗർഭദാസിയ്ക്ക് ജീവൻ കൊടുത്തത്? എന്റെ ജീവൻ പോയി. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല ഓടിപ്പോകാം.
(എന്ന് പറഞ്ഞ് ഓടിപ്പോകാൻ ശ്രമിക്കുന്നു)

ചണ്ഡാലന്മാർ: (അടുത്ത് ചെന്ന്) എടോ നമുക്ക് ഉള്ള ആജ്ഞ ആരാണ് വസന്തസേനയെ കൊന്നത് എങ്കിൽ അവനെ വധിക്കൂ എന്നല്ലേ? അതിനാൽ ഇപ്പോൾ രാജസ്യാലനെ തന്നെ തേടിപ്പിടിയ്ക്കാം. (എന്ന് പറഞ്ഞ് രണ്ട് പേരും പോകുന്നു)

ചാരുദത്തൻ: (ആശ്ചര്യത്തോടെ)വാളോങ്ങി മരണത്തിന്റെ വായിൽ നിൽക്കുന്ന എന്റടുത്ത് ഉണങ്ങിയ വിത്തിനുമുകളിൽ ദ്രോണമേഘങ്ങൾ(=ധാരാളം മഴതരുന്ന മേഘങ്ങൾ ആണിവ) വർഷിക്കുന്നത് പോലെ വന്ന ഈ സ്ത്രീ ആരാണ്?
(നോക്കിയിട്ട്) ങ്ഹേ? ഇത് വസന്തസേനയാണോ? അതോ മറ്റ് വല്ല സ്ത്രീയും ആണോ? അതോ അവൾ എന്നെ രക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നതായിരിക്കുമൊ? അതോ വിഭ്രാന്തിപൂണ്ട ഞാൻ എന്റെ മനസ്സിന്റെ വിഭ്രാന്തി കാരണം വസന്തസേനയെ കാണുന്നതായി തോന്നുകയാണോ? വസന്തസേന മരിച്ചില്ലേ? അഥവാ,
ഞാൻ ജീവിച്ച് കാണാനുള്ള ഇച്ഛ കാരണം അവൾ സ്വർഗ്ഗത്തിൽ നിന്നും തിരിച്ച് വന്നതായിരിക്കുമൊ? അതോ അവളുടെ ആകൃതി ഉള്ള മറ്റ് വല്ല സ്ത്രീകളും വന്നതായിരിക്കുമൊ?

വസന്തസേന: (കണ്ണീരോടെ എഴുന്നേറ്റ് ചാരുദത്തന്റെ കാൽക്കൽ വീണുകൊണ്ട്) ആര്യ ചാരുദത്താ, ഞാൻ തന്നെ ആ ഭാഗ്യദോഷി.  ഈ ഭാഗ്യഹീന കാരണമാണ് താങ്കൾക്ക് ഈ അനുചിതമായ അവസ്ഥ വന്നത്. ആ ഭാഗ്യദോഷി തന്നെ ആണ് ഈ ഞാൻ.

(അണിയറയിൽ)

അത്ഭുതം അത്ഭുതം വസന്തസേന ജീവിച്ചിരിപ്പുണ്ട്. (എല്ലാവരും പറയുന്നു)

ചാരുദത്തൻ: (കേട്ട് പെട്ടെന്ന് എഴുന്നേറ്റ് സ്പർശസുഖം അനുഭവിച്ചതായി അഭിനയിച്ച് കണ്ണുകൾ അടച്ച് സന്തോഷത്തോടേയും ഗദ്ഗദത്തോടേയും) പ്രിയേ വസന്തസേനേ നീ തന്നെയാണോ ഇത്?

വസന്തസേന: അതേ ഞാൻ തന്നെ ആ ഭാഗ്യദോഷി

ചാരുദത്തൻ:(നോക്കിയിട്ട്, സന്തോഷത്തോടെ) വസന്തസേനതന്നെ ആണോ ഇത്? (ആനന്ദത്തോടെ) ഞാൻ മരണത്തിന്റെവായയിൽ അകപ്പെട്ടതിനാൽ കണ്ണീരുവീണ് നനഞ്ഞ മുലകളോട് കൂടിയ നീ മറന്ന് പോയ മൃതസഞ്ജീവനി വിദ്യപോലെ എവിടെ നിന്നാണ് വരുന്നത്?
പ്രിയേ വസന്തസേനേ,
നീ കാരണം കൊണ്ട് നഷ്ടമാകാൻ സാദ്ധ്യത ഉണ്ടായിരുന്ന ഈ ശരീരം നീ തന്നെ ആണ് രക്ഷിച്ചത്. പ്രിയസംഗമത്തിന്റെ ആശ്ചര്യകരമായ സന്തോഷം കൂടെ നീ തന്നു. മരിച്ചാലും പുനർജ്ജീവിക്കാൻ പറ്റും. (ഈ സംഗമസുഖം കൊണ്ട്)
മാത്രമല്ല പ്രിയേ ഇത് നോക്കൂ,
പ്രേയസി (വസന്തസേന) വന്നതിനാൽ എന്റെ ശരീരത്തിലുള്ള ഈ ചുവന്നവസ്ത്രം ശ്രേഷ്ഠമായ പട്ട് തുണിയായും എന്റെ കഴുത്തിലെ മാല വരണമാല്യം പോലേയും തോന്നിയ്ക്കുന്നു. ഈ പെരുമ്പറശബ്ദം ആകട്ടെ വിവാഹസമയത്ത് വായിക്കുന്ന നാദസ്വരം പോലേയും തോന്നിയ്ക്കുന്നു.

വസന്തസേന: അതിദാക്ഷിണ്യം കൊണ്ട് അങ്ങ് എന്താണ് വരുത്തി വെച്ചിരിക്കുന്നത്?

ചാരുദത്തൻ: പ്രിയേ, ഞാൻ നിന്നെ കൊന്നെന്ന് - ശാന്തം പാപം! മുൻശത്രുത ഉള്ളവനും ശക്തിശാലിയുമായ രാജസ്യാലൻ ശകാരൻ എന്നെ കുറ്റവാളിയാക്കിയതാണ്.

വസന്തസേന: (ചെവിപൊത്തിക്കൊണ്ട്) അരുത് അങ്ങനെ പറയരുത്. ആ രാജസ്യാലൻ ശകാരനാണ് കൊന്നത്.

ചാരുദത്തൻ: (സംവാഹകഭിക്ഷുവിനെ നോക്കി) ഇതാരാണ്?

വസന്തസേന: ആ നീചൻ എന്നെ കൊല്ലാൻശ്രമിച്ചു ഈ സത്പുരുഷൻ എനിയ്ക്ക് ജീവൻ തന്നു രക്ഷിച്ചു.

ചാരുദത്തൻ: അകാരണബന്ധുവായ താങ്കൾ ആരാണ്?

സംവാഹകഭിക്ഷു: ആര്യാ, എന്നെ മനസ്സിലായില്ലേ? അങ്ങയുടെ പരിചരണത്തിനും സുഗന്ധലേപനത്തിനും നിയമതിനായിരുന്നല്ലൊ ഒരാൾ? ആ സംവാഹകൻ തന്നെ ഞാൻ. ചൂതാട്ടക്കാരിൽ നിന്നും എന്നെ ഈ ബുദ്ധോപാസിക അവളുടെ ആഭരണം കൊടുത്ത് രക്ഷിച്ചത് ഞാൻ അങ്ങയുടെ സ്വന്തം പരിചാരകൻ എന്ന് നിനച്ചായിരുന്നു. ചൂതാട്ടശീലം കൊണ്ട് ദുഃഖിതനായ ഞാൻ ഒരു ബുദ്ധസംന്യാസി ആയി. ആര്യ വസന്തസേന വണ്ടി മാറിക്കയറി പുഷ്പകരണ്ഡകോദ്യാനത്തിൽ എത്തിച്ചേർന്നു. അപ്പോൾ ആ സമയം ആ നീചൻ “എന്നെ ബഹുമാനിയ്ക്കുന്നില്ല” എന്ന് പറഞ്ഞ് കൈകൾ കൊണ്ട് ബലമായി കഴുത്ത് ഞെരിച്ചു. അത് ഞാൻ കണ്ടു.

(അണിയറയിൽ കോലാഹലം)

ദക്ഷപ്രജാപതിയുടെ യജ്ഞവിനാശം നടത്തിയ വൃഷഭകേതുവായ ശങ്കരൻ ജയിക്ക! വൈരികളെ നിഗ്രഹിക്കുന്ന ക്രൗഞ്ചരാക്ഷസനെ വധിച്ച സ്വാമി കാർത്തികേയൻ ജയിക്ക! പാലകരാജാവിനെ വധിച്ച് ധവളാഭമായ കൈലാസപർവ്വതപതാകചേർന്ന സമ്പൂർണ്ണ ഭൂമി പിടിച്ചടക്കിയ  ആര്യകൻ ജയിക്ക!

(ശർവിലകൻ പെട്ടെന്ന് പ്രവേശിച്ച്)

ശർവിലകൻ: മാന്യജനങ്ങളെ, ഞാൻ ദുഷ്ടനായ പാലകരാജാവിനെ വധിച്ച് ആ സ്ഥാനത്ത് ആര്യകനെ പെട്ടെന്ന് വാഴിച്ചഭിഷേകം ചെയ്ത് ആ ആര്യകരാജാവിന്റെ പ്രധാന ആജ്ഞ ശിരസാവഹിച്ച് ആപത്തിൽ പെട്ട ചാരുദത്തനെ മോചിതനാക്കും.
മന്ത്രിയും സേനയുമില്ലാതെ ശത്രു പാലകനെ വധിച്ച്, എന്റെ പ്രഭാവം കാണിച്ച് പൗരന്മാരെ സമാധാനിപ്പിച്ച്, ബലനെന്ന രാക്ഷസനെ കൊന്ന ഇന്ദ്രരാജ്യമായ സ്വർഗ്ഗം കണക്കെ, ഈ ഭൂമിരാജ്യം മുഴുവൻ പിടിച്ചടക്കി.
(മുന്നിലേക്ക് നോക്കി) നല്ലത്, ആ ജനാവലി കൂടിനിൽക്കുന്ന സ്ഥലത്ത് തന്നെ ആര്യ ചാരുദത്തൻ ഉണ്ടാകും. ആര്യകരാജാവിന്റെ സ്ഥാനാരോഹണം ചാരുദത്തനു ജീവൻ കിട്ടിയാലേ സഫലമാകൂ. (വളരെ വേഗം ചെന്ന്) എല്ലാവരും മാറി നിൽക്ക് (നോക്കിയിട്ട് സന്തോഷത്തോടെ) ഹായ് വസന്തസേനയോടുകൂടെ ആര്യ ചാരുദത്തനും ജീവിച്ചിരിക്കുന്നു. നമ്മുടെ ആര്യകരാജാവിന്റെ എല്ലാ മനോരഥങ്ങളും സഫലമായിരിക്കുന്നു.
അല്ലയോ മാന്യജനങ്ങളെ, അനുരാഗാദി ഗുണങ്ങളും സത്സ്വഭാവവും ആയ പ്രിയതമ വസന്തസേനയാകുന്ന തോണിയിൽ വ്യസനസമുദ്രം തരണം ചെയ്ത പ്രിയസ്നേഹിതൻ ആര്യ ചാരുദത്തനെ, രാഹുവിൽ നിന്നും മോചിതനായ ചന്ദ്രനെന്ന പോലെ അനവധിസമയത്തിനു ശേഷം ഭാഗ്യവശാൽ ഇപ്പോൾ ഞാൻ കാണുന്നു.
എന്നാൽ മഹാപാപം ചെയ്ത (ചാരുദത്തന്റെ ഗൃഹത്തിൽ നിന്നും വസന്തസേനയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച) ഞാൻ അദ്ദേഹത്തിന്റെ സമീപം എങ്ങനെ പോകും? അഥവാ ഇദ്ദേഹത്തിന്റെ ആർജ്ജവം സർവ്വത്ര ശോഭിക്കുന്നുണ്ട്. (അടുത്ത് ചെന്ന് കൈകൂപ്പി ഉറക്കെ) ആര്യ ചാരുദത്താ. (വിളിയ്ക്കുന്നു)

ചാരുദത്തൻ: ങ്ഹേ. അങ്ങ് ആരാണ്?

ശർവിലകൻ: അങ്ങയുടെ ഭവനഭേദനം ചെയ്ത് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ഞാൻ ഇപ്പോൾ അങ്ങയെ തന്നെ ശരണം പ്രാപിയ്ക്കുന്നു.

ചാരുദത്തൻ: സ്നേഹിതാ അങ്ങനെ പറയരുത്. നീയാണ് സ്നേഹം കാണിച്ചത്. (എന്ന് പറഞ്ഞ് കഴുത്തിൽ കെട്ടിപ്പിടിക്കുന്നു)

ശർവിലകൻ: കൂടാതെ ഇത് കേൾക്കൂ, കുലവും മാനവും രക്ഷിയ്ക്കുന്ന ആര്യകൻ, യജ്ഞശാലയിൽ നിന്നിരുന്ന ദുഷ്ടപ്രകൃതനായ പാലകനെ പശുവിനെ എന്നവണ്ണം വധിച്ചു.

ചാരുദത്തൻ: എന്ത്?

ശർവിലകൻ: മുൻപ് ആത്മരക്ഷയ്ക്ക് വേണ്ടി അങ്ങയുടെ വണ്ടിയിൽ കയറിയതിനാൽ അങ്ങയുടെ ശരണത്തിലായ ആ ആര്യകൻ ഇന്ന് ജനനിബിഢമായജ്ഞശാലയിൽ വെച്ച് പാലകനെ വധിച്ചു.

ചാരുദത്തൻ: ശർവിലകാ, ഇടയത്തെരുവിൽ നിന്നും ഒരുകാരണവുമില്ലാതെ പിടിച്ച്കൊണ്ടുവന്ന് ഘോരമായ തടവറയിൽ ബന്ധനസ്ഥനാക്കിയ, പിന്നീട് നീ തന്നെ മോചിപ്പിച്ച ആ ആര്യകൻ എന്ന് പേരുള്ള ആളാണോ?

ശർവിലകൻ: അത് അങ്ങ് പറഞ്ഞ പോലെ തന്നെ.

ചാരുദത്തൻ: നമുക്ക് നല്ല വാർത്ത ആണിത്. നല്ല സന്തോഷം തരുന്ന വാർത്ത.

ശർവിലകൻ: രാജസിംഹാസനാരൂഢനായപ്പോൾ തന്നെ അങ്ങയുടെ സ്നേഹിതനായ ആര്യകൻ ഉജ്ജയനിയിലെ വേണാനദിയുടെ തീരത്തെ “കുശാവതി” എന്ന രാജ്യം അങ്ങേയ്ക്ക് ദാനം തന്നിരിക്കുന്നു. അതിനാൽ സ്നേഹതിന്റെ ആദ്യത്തെ ഈ അഭ്യർത്ഥന സ്വീകരിച്ചാലും. (തിരിഞ്ഞ് നിന്ന്) ആരവിടെ, ആ ദുഷ്ടനായ രാജസ്യാലനെ കൊണ്ട് വരൂ.

(അണിയറയിൽ നിന്നും: ആജ്ഞപോലെ ശർവിലകാ)

ശർവിലാകൻ: ആര്യ, അങ്ങയുടെ ദയ കാരണമാണ് രാജ്യം ലഭിച്ചത്, അതിനാൽ അത് അനുഭവിക്കൂ എന്ന് ആര്യക രാജാവ് അറിയിക്കുന്നു. (അതായത് താങ്കളുടെ ഇച്ഛപോലെ എന്തും ചെയ്യാമെന്നർത്ഥം.)

ചാരുദത്തൻ: എന്ത്, രാജ്യം നേടിയത് എന്റെ ഗുണം കൊണ്ടോ?

പത്താം അങ്കം - ഭാഗം 2


(ശേഷം ഗോപുരമുകളിൽ കാൽച്ചങ്ങലയാൽ ബന്ധനസ്ഥനായ നിലയിൽ സ്ഥാവരകൻ പ്രവേശിക്കുന്നു)

സ്ഥാവരകൻ: (വിളംബരം കേട്ട് സങ്കടത്തോടെ) എന്ത് നിരപരാധിയായ ചാരുദത്തനെ വധിക്കുന്നുവെന്നോ? എന്നെയാകട്ടെ സ്വാമി ശകാരൻ ചങ്ങലയ്ക്കിട്ടിരിയ്ക്കുകയാണ്. അതിനാൽ ഉച്ചത്തിൽ വിളിച്ച് പറയുക തന്നെ. “കേൾക്കൂ സജ്ജനങ്ങളേ, കേൾക്കൂ മാന്യജനങ്ങളെ, ഞാൻ എന്ന ഈ പാപിയാണ് വണ്ട് മാറിക്കയറിയ വസന്തസേനയെ പുഷ്പകരണ്ഡകോദ്യാനത്തിലേക്ക് എത്തിച്ചത്. അതിനുശേഷം എന്റെ യജമാനൻ ശകാരൻ “എന്നെ നിനക്ക് വേണ്ടാ അല്ലേടീ“ എന്ന് പറഞ്ഞ് കൈകൊണ്ട് ബലം പ്രയോഗിച്ച് കഴുത്തിൽ പിടിച്ച് ഞെക്കിക്കൊന്നു. അല്ലാതെ ഈ സത്പുരുഷൻ ചാരുദത്തൻ അല്ല കൊന്നത്.“ എന്ത്? ദൂരം കാരണം ആരും കേൾക്കുന്നില്ലേ? ഇനി എന്ത് ചെയ്യും? ഇവിടെ നിന്ന് ചാടുക തന്നെ. (ആലോചിച്ച്) അങ്ങനെ ചെയ്താൽ ആര്യചാരുദത്തൻ വധിക്കപ്പെടില്ല. നല്ലത് എന്നാൽ ഈ മാളികയുടെ പൊട്ടിയ ജനാലയിലൂടെ ഞാൻ പുറത്തേയ്ക്ക് ചാടുകതന്നെ. കുലപുത്രന്മാരായ പക്ഷികൾക്ക് ഇരിപ്പിടമായ ആര്യ ചാരുദത്തൻ മരിക്കുന്നതിനേക്കാൾ നല്ലതാണല്ലൊ ഞാൻ മരിയ്ക്കുന്നത്. ഈവിധം മരണപ്പെട്ടാൽ സ്വർഗ്ഗലോകം പ്രാപിക്കും. (ചാടുന്നു) ഇല്ല ഞാൻ മരിച്ചില്ല. മാത്രമല്ല എന്റെ ചങ്ങല പൊട്ടിപ്പോയി. അതിനാൽ ചണ്ഡാളന്മാർ നിൽക്കുന്ന സ്ഥലം കണ്ട് പിടിക്കുക തന്നെ. (നോക്കി അടുത്ത് ചെന്ന്) ഹേ ഹേ ചണ്ഡാലന്മാരെ. സ്ഥലം തരൂ എനിക്ക് സ്ഥലം തരൂ..

ചണ്ഡാലന്മാർ: ആരാ ശൂന്യസ്ഥലം അന്വേഷിക്കുന്നത്?

സ്ഥാവരകൻ: “കേൾക്കൂ സജ്ജനങ്ങളേ, കേൾക്കൂ മാന്യജനങ്ങളെ, ഞാൻ എന്ന ഈ പാപിയാണ് വണ്ട് മാറിക്കയറിയ വസന്തസേനയെ പുഷ്പകരണ്ഡകോദ്യാനത്തിലേക്ക് എത്തിച്ചത്. അതിനുശേഷം എന്റെ യജമാനൻ ശകാരൻ “എന്നെ നിനക്ക് വേണ്ടാ അല്ലേടീ“ എന്ന് പറഞ്ഞ് കൈകൊണ്ട് ബലം പ്രയോഗിച്ച് കഴുത്തിൽ പിടിച്ച് ഞെക്കിക്കൊന്നു. അല്ലാതെ ഈ സത്പുരുഷൻ ചാരുദത്തൻ അല്ല കൊന്നത്.“ ഹേ ഹേ ചണ്ഡാലന്മാരെ. സ്ഥലം തരൂ എനിക്ക് സ്ഥലം തരൂ..

ചാരുദത്തൻ: ആഹ്! മഴകിട്ടാതെ വരണ്ട ധാന്യപ്പാടങ്ങൾക്ക് മേലെ ദ്രോണമെന്ന മേഘങ്ങൾ പോലെ, ഈ ആപത്ത് സമയത്ത് എന്നെ തൂക്കുമരത്തിൽ നിന്നും മാറ്റാനായി ആരാണിപ്പോൾ പ്രത്യക്ഷപ്പെട്ടത്? അല്ലയോ മാന്യജനങ്ങളേ, കേട്ടില്ലേ നിങ്ങൾ?
ഞാൻ മരണത്തെ ഭയക്കുന്നില്ല. എന്റെ സൽപ്പേരാണ് നശിച്ചത്. വിശുദ്ധനായ എനിക്ക് മരണം എന്നാൽ മകൻ ജനിക്കുന്നത് പോലെ തന്നെ ആനന്ദ ദായകമാണ്.
കൂടാതെ,
ഒരിക്കലും ഞാൻ ശത്രുത വിചാരിക്കാത്ത, ഒരു അൽപ്പബുദ്ധിക്കാരനായ അവൻ (ശകാരൻ) എന്നെ കളങ്കിതനാക്കി ചിത്രീകരിച്ചു.

ചണ്ഡാലന്മാർ: സ്ഥാവരക, നീ പറയുന്നത് സത്യമാണോ?

സ്ഥാവരകൻ: സത്യം! ആരോടും പറയരുത് എന്ന് വിചാരിച്ച് എന്നെ മാളികമുകളിൽ ചങ്ങലയാൽ ബന്ധനസ്ഥനാക്കിയിരിക്കുകയായിരുന്നു.

ശകാരൻ: (പ്രവേശിച്ച് സന്തോഷത്തോടെ) ഞാൻ എന്റെ ഗൃഹത്തിൽ നിന്നും പുളിയും കടുപ്പവുമുള്ള മാംസം കഴിച്ചു. മത്സ്യവും പരിപ്പും ചോറും ശർക്കരച്ചോറും എല്ലാം കഴിച്ചു. (ചെവികൂർപ്പിക്കുന്നതായി നടിച്ച്) പൊട്ടിയപാത്രങ്ങളെ പോലെ ചണ്ഡാലന്മാരുടെ ശബ്ദം കേൾക്കുന്നുണ്ട്. പെരുമ്പറകളുടെ ശബ്ദവും കേൾക്കുന്നുണ്ട്. അതിനാൽ ചാരുദത്തനെ കൊലമരത്തിനടുത്തേയ്ക്ക് (ശ്മശാനത്തിലേക്ക്) കൊണ്ടുപോകുന്നു എന്നനുമാനിക്കാം. അതൊന്ന് കാണാം. ശത്രുവിന്റെ മരണം നമുക്ക് സന്തോഷം തരുമല്ലൊ. ശത്രു ചാവുന്നത് കണ്ടാൽ അടുത്ത് ജന്മത്തിൽ കണ്ണ് രോഗം പിടിപെടില്ല എന്നും കേട്ടിട്ടുണ്ട്. എന്തൊരു ഉപായത്താലാണ് ഞാൻ ആ ദരിദ്രചാരുദത്തനു മരണം സമ്മാനിച്ചത്! ഇനി എന്റെ മാളികയുടെ ഏറ്റവും മുകളിൽ ഗോപുരത്തിൽ ഇരുന്ന് എന്റെ പരാക്രമങ്ങൾ കാണട്ടെ. (അങ്ങനെ ചെയ്ത് നോക്കിയിട്ട്) ഓഹ്! ദരിദ്രചാരുദത്തനെ കൊലക്കയറിലേക്ക് കൊണ്ട് പോകുന്ന സമയം ഇത്രയും ജനക്കൂട്ടമോ? അപ്പോൾ എന്നെ പോലെ മഹാനായ വ്യക്തികളെ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ എന്തായിരിക്കും ജനക്കൂട്ടം ! (കണ്ടിട്ട്) ചാരുദത്തനെ പുത്തൻ വിത്ത്കാളയെ പോലെ അണിയിച്ചൊരുക്കി തെക്ക് ഭാഗത്തേയ്ക്ക് കൊണ്ട് പോകുന്നു. പക്ഷെ എന്റെ മാളികയുടെ പുതിയഭാഗത്ത് എത്തിയപ്പോൾ വിളംബരം എന്തേ നിർത്തിയത്? (നോക്കിയിട്ട്) എന്ത് ഇവിടെ സ്ഥാവരകഭൃത്യനെയും കാണുന്നില്ലല്ലൊ. ഇനി അവനെങ്ങാനും ഇവിടുന്ന് പോയി രഹസ്യം പുറത്താക്കിയോ? അവനെ അന്വേഷിക്കുക തന്നെ.
(ഇത് പറഞ്ഞ് ജനക്കൂട്ടത്തിന്റെ സമീപത്തേക്ക് പോകുന്നു)

സ്ഥാവരകൻ: (കണ്ടിട്ട്) ഇതാവരുന്നൂ.(ശകാരൻ) അയാളിതാവരുന്നൂ.

ചണ്ഡാലന്മാർ:  മാറൂ, മാറിനിൽക്കൂ വഴി കൊടുക്കൂ.. വാതിലടയ്ക്കൂ.. മിണ്ടാതിരിക്കൂ. ആ ദുഷ്ട പോത്ത് ഇവിടേയ്ക്ക് തന്നെ ആണ് വരുന്നത്.

ശകാരൻ: വഴി തരൂ വഴി തരൂ. മകനേ സ്ഥാവരകാ. വാ നമുക്ക് പോകാം.

സ്ഥാവരകൻ: നീചാ! വസന്തസേനയെ കൊന്ന് സന്തോഷമായില്ലേ? ഇനി പ്രിയ ജനങ്ങൾക്ക് കല്പവൃക്ഷമായ ആര്യ ചാരുദത്തനെ കൂടെ കൊലയ്ക്ക് കൊടുക്കണോ?

ശകാരൻ:രത്നകുംഭം പോലെ ഉള്ള ഞാൻ സ്ത്രീഹത്യ ചെയ്കയില്ല.

എല്ലാവരും: നീയാണ് വസന്തസേനയെ കൊന്നത്. ആര്യ ചാരുദത്തൻ അല്ല.

ശകാരൻ: ആരാണ് അങ്ങനെ പറഞ്ഞത്?
എല്ലാവരും:(സ്ഥാവരകനെ ചൂണ്ടി) ഇദ്ദേഹമാണ് പറഞ്ഞത്.

ശകാരൻ:(പേടിച്ചരണ്ട്, മെല്ലെ) ഹായ്! ഞാൻ സ്ഥാവരകനെ എന്തൊകൊണ്ട് നല്ലപോലെ ബന്ധിച്ചില്ല? ഇവൻ എന്റെ ദുഷ്കൃത്യത്തിനു സാക്ഷിയാണ്. (ആലോചിച്ച്) എന്നാലിങ്ങനെ പറയാം. (ഉറക്കെ) മാഹാനുഭാവന്മാരെ, ഇവൻ നുണയനാണ്. ഇവൻ സ്വർണ്ണം മോഷ്ടിക്കുന്നത് ഞാൻ കണ്ട് പിടിച്ചു, അവനെ അടിച്ചു ശിക്ഷിച്ചു പിന്നെ ബന്ധനസ്ഥനാക്കി. അതിനാൽ ശത്രുത ഉള്ള ഇവൻ ഇങ്ങനെ പറയുകയാണ്. അതൊക്കെ സത്യമാകുമോ? (ഒളിഞ്ഞ് ആരും കാണാതെ സ്ഥാവരകനു വള കൊടുത്തുകൊണ്ട് ശബ്ദം കുറച്ച്) മോനേ സ്ഥാവരകാ ഈ വള എടുത്തോ എന്നിട്ട് മാറ്റി പറയ്. (ഇതുവരെ പറഞ്ഞത് തെറ്റാണെന്ന് പറയാൻ)

സ്ഥാവരകൻ: (വാങ്ങിക്കൊണ്ട്) മഹാനുഭാവന്മാരേ ഇത്  കാണൂ ഇത് നോക്കൂ സ്വർണ്ണം തന്നെ എന്നെ നുണ പറയാൻ പ്രലോഭിപ്പിക്കുന്നു.

ശകാരൻ: (വള വാങ്ങി) ഇത് അതേ സ്വർണ്ണമാണ്. ഇതാണ് ഇവൻ മോഷ്ടിച്ച സ്വർണ്ണം. മോഷ്ടിച്ച കാരണം കൊണ്ടാണ് ഞാനിവനെ കെട്ടിയിട്ടത്. (ദേഷ്യത്തോടെ) എടാ ചണ്ഡാലന്മാരേ, എന്റെ ബന്ധാരത്തിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചതിനാൽ ഇവനെ ഞാൻ അടിച്ചു ദ്രോഹിച്ചു വിശ്വാസം വരുന്നില്ലെങ്കിൽ ഇവന്റെ ആസനം നോക്കൂ, (പിൻഭാഗം, ചന്തി)

ചണ്ഡാലന്മാർ: (നോക്കിയിട്ട്) ശരിതന്നെ ആണ് പറയുന്നത്. അടി കിട്ടിയ ഭൃത്യൻ നുണയാണ് പറയുന്നത്.

സ്ഥാവരകൻ: ഹാ കഷ്ടം! അടിമജോലിക്കാരനായി ഇരിക്കുന്നത് ഇത്ര വലിയ അപരാധമാണോ? ദാസൻ സത്യം പറഞ്ഞാൽ കൂടെ ആരും വിശ്വസിക്കില്ലേ? (സങ്കടത്തോടെ) ആര്യ ചാരുദത്താ, താങ്കളെ രക്ഷിക്കുന്നതിനു എനിക്കിത്രയേ ശക്തിയുള്ളൂ. (എന്ന് പറഞ്ഞ് ചാരുദത്തന്റെ കാൽക്കൽ വീഴുന്നു)

ചാരുദത്തൻ:(കരുണയോടെ)
ആപത്തിൽ പെട്ട സജ്ജനങ്ങളുടെ മേൽ കൃപയുള്ളവനേ, കാരണം കൂടാതെ വന്ന ബന്ധൂ, ധർമ്മ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനേ, എഴുന്നേൽക്കൂ.  എന്നെ വിമുക്തനാക്കാൻ നീ നല്ലവണ്ണം പ്രയാസപ്പെട്ടു പക്ഷെ ഭാഗ്യം അനുകൂലമായില്ല. നീ നിനക്ക് പറ്റാവുന്നവിധം എല്ലാം പ്രവൃത്തിച്ചു.

ചണ്ഡാലന്മാർ: സ്വാമീ, ഇവിടെ നിന്ന് പോയാലും

ശകാരൻ: പുറത്തിറങ്ങെടാ (എന്ന് പറഞ്ഞ് പുറത്തിറക്കുന്നു) എടാ ചണ്ഡാലന്മാരെ, എന്തിനാണ് വൈകിക്കുന്നത്? അവനെ വേഗം വധിക്കൂ.

ചണ്ഡാലന്മാർ: ഇങ്ങനെ തിർക്ക് കൂട്ടുന്നതിനർത്ഥം നീതന്നെയാകും കൊന്നിരിക്കുക.

രോഹസേനൻ: ചണ്ഡാലന്മാരെ, എന്നെ കൊന്നുകൊള്ളൂ, എന്റെ അച്ഛനെ വെറുതെ വിടൂ.

ശകാരൻ: മകനോടുകൂടെ തന്നെ ഇവനെ (ചാരുദത്തനെ) വധിക്കൂ

ചാരുദത്തൻ: ഈ മൂർഖനു എല്ലാം സംഭാവ്യമാണ്. (എല്ലാം ചെയ്യാൻ സാധിയ്ക്കുമെന്നർത്ഥത്തിൽ) അതിനാൽ എന്റെ പൊന്നുമോനേ നീ അമ്മയുടെ അടുത്ത് ചെല്ലൂ.

രോഹസേനൻ: ഞാൻ ചെന്ന് എന്ത് ചെയ്യാനാണ്?

ചാരുദത്തൻ: മോനേ, നിന്റെ അമ്മയോടൊപ്പം ഇന്ന് തന്നെ വീട്ടിലേക്ക് പോകൂ. പിതാവിന്റെ ദോഷം കൊണ്ട് നീയും വധിക്കപ്പെടാൻ ഇടവരാതിരിക്കട്ടെ! അതിനാൽ പ്രിയ സ്നേഹിതാ, രോഹസേനനേയും കൊണ്ട് പോകൂ.

വിദൂഷകൻ: പ്രിയ സ്നേഹിതാ, താങ്കൾ എന്താണ് ധരിച്ചിരിക്കുന്നത്, താങ്കളില്ലാതെ ഞാൻ ജീവിച്ചിരിക്കുമെന്നോ? (ഇല്ല എന്ന അർത്ഥത്തിൽ)

ചാരുദത്തൻ: സ്നേഹിതാ താങ്കളുടെ ജീവൻ താങ്കളുടെ കയ്യിലാണെന്നതിനാൽ ജീവത്യാഗം ചെയ്യുന്നത് ശരി അല്ല.

വിദൂഷകൻ: (ആത്മഗതം) ശരിയല്ല എങ്കിലും പ്രിയ സ്നേഹിതനെ കൂടാതെ ജീവിച്ചിരിക്കാൻ വയ്യ. അതിനാൽ കുട്ടിയെ അമ്മയുടെ അടുത്തേയ്ക്ക ആക്കിയശേഷം ജീവത്യാഗം ചെയ്ത് സ്നേഹതിനെ അനുഗമിക്കാം. (ഉറക്കെ) പ്രിയ സ്നേഹിതാ, കുട്ടിയെ ഞാൻ വേഗം വീട്ടിൽ കൊണ്ട് ചെന്നാക്കട്ടെ.

(എന്ന് പറഞ്ഞ് കഴുത്തിലൂടെ കെട്ടിപ്പിടിച്ച് കാൽക്കൽ വീഴുന്നു. രോഹസേനനും കരഞ്ഞുകൊണ്ട് കാൽക്കൽ വീഴുന്നു)

ശകാരൻ: ഹേയ്, ഞാൻ പറയുന്നു കുട്ടിയേയും കൂട്ടി ചാരുദത്തനെ വധിക്കൂ.

(ചാരുദത്തൻ ഭയം അഭിനയിക്കുന്നു)

ചണ്ഡാലന്മാർ: ഞങ്ങൾക്ക് രാജാവിന്റെ ആജ്ഞ പുത്രസഹിതം ചാരുദത്തനെ വധിക്കാനല്ല. അതിനാൽ എട ചെക്കാ, നീ പോകൂ. (എന്ന് പറഞ്ഞ് പറഞ്ഞയക്കുന്നു.) ഇത് മൂന്നാമത്തെ വിളംബരത്തറ ആണ്. പെരുമ്പറമുഴക്കൂ..
(പെരുമ്പറ മുഴക്കി വീണ്ടും വിധിവിളംബരം നടത്തുന്നു)

ശകാരൻ:(ആത്മഗതം) ച്ഛേ.. ഈ നഗരവാസികൾ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? (ഉറക്കെ) എടാ ചാരുദത്താവടുക,(=വടുകൻ ബടുകൻ ബ്രാഹ്മണൻ എന്നർത്ഥം) നഗരവാസികൾ വിശ്വസിക്കുന്നില്ല അതിനാൽ “ഞാൻ വസന്തസേനയെ കൊന്നു” എന്ന് നീ തന്നെ പറ.

(ചാരുദത്തൻ ഒന്നും മിണ്ടാതെ നിൽക്കുന്നു)

ശകാരൻ: എട ചണ്ഡാല ഗോഹാ, ഈ ചാരുദത്തൻ ഞാൻ പറയുന്നത് കൂട്ടാക്കുന്നില്ല. അതിനാൽ അവനെ പെരുമ്പറ മുഴക്കുന്ന വടികൊണ്ട് അടിയ്ക്ക്.

ചണ്ഡാലൻ‌-1 (വടിയെടുത്ത് ഓങ്ങി) ചാരുദത്താ, പറയ്.

ചാരുദത്തൻ: (സങ്കടത്തോടെ) ആപത്ത്സമുദ്രത്തിലാണെങ്കിലും എനിക്ക് ഭയമോ ദുഃഖമോ ഇല്ല. പക്ഷെ  “ഞാൻ വസന്തസേനയെ കൊന്നു” എന്ന് പറയാൻ നിർബന്ധിതനാക്കുമ്പോളുണ്ടാകുന്ന ലോകാപവാദം ആകുന്ന തീ എന്നെ എരിക്കുന്നു.

(ശകാരൻ പിന്നേയും നിർബന്ധിക്കുന്നു)

ചാരുദത്തൻ: അല്ലയോ നഗരവാസികളെ, പരലോകത്തെ അറിയാത്ത ഞാൻ ഒരു സ്ത്രീയെ, അല്ല കാമദേവന്റെ ഭാര്യ സാക്ഷാൽ രതീദേവിയെ തന്നെ….

ശകാരൻ: ഞാൻ കൊന്നു.

ചാരുദത്തൻ: അങ്ങിനെ തന്നെ

ചണ്ഡാലൻ-1: എടാ ഇന്ന് വധിയ്ക്കാൻ നിന്റെ ഊഴമാണല്ലൊ.

ചണ്ഡാലൻ-2: അല്ല നിന്റേയാണ്.

ചണ്ഡാലൻ-1: എഴുതി നോക്കാം. (പലവിധത്തിലും എഴുതി നോക്കി = എന്താണ് എഴുതുന്നത് എന്ന് കൃത്യമായി ശൂദ്രകൻ എഴുതിയിട്ടില്ല) എടാ എന്റെ ഊഴമാണെങ്കിൽ അൽപ്പം നേരം വൈകിക്കണേ.

ചണ്ഡാലൻ-2: എന്തിനാണത്?

ചണ്ഡാലൻ-1: മോനേ, വധിക്കാൻ നിന്റെ ഊഴം വന്നാൽ ധൃതിപിടിച്ച് കുറ്റവാളിയെ വധിക്കരുത് എന്ന് മരിക്കുന്ന സമയത്ത് എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്:

ചണ്ഡാലൻ-2: അതെന്തിനാടാ?

ചണ്ഡാലൻ-1: ചിലപ്പോൾ നല്ലമനസ്സുള്ള മനുഷ്യർ വന്ന് ധനം തന്ന് കുറ്റവാളിയെ സ്വതന്ത്രനാക്കാം. ചിലപ്പോൾ രാജാവിനു പുത്രനുണ്ടായ സന്തോഷം കൊണ്ട് വൃദ്ധിമഹോത്സവം നടത്തുന്ന സമയത്ത് രാജാവ് പൊതുമാപ്പ് നൽകാം. അതുമല്ലെങ്കിൽ ആന ചങ്ങല അറുത്ത കോലാഹലത്താൽ കുറ്റവാളിയ്ക്ക് രക്ഷപ്പെടാം. കൂടാതെ രാജാവിന്റെ സ്ഥാനമാറ്റത്താലും എല്ലാ കുറ്റവാളികൾക്കും മോചനം ലഭിക്കാം.

ശകാരൻ: എന്ത്? എന്ത്? രാജാവിനെ മാറ്റുകയോ?

ചണ്ഡാലന്മാർ: ഹേയ്.. ഞങ്ങൾ കൊല്ലാനുള്ള ഊഴം നോക്കുകയാണ്.

ശകാരൻ: ചാരുദത്തനെ വേഗം വധിക്കൂ.
(എന്ന് പറഞ്ഞ് സ്ഥാവരകഭൃത്യനെ പിടിച്ച് ഒരു ഭാഗത്തേയ്ക്ക് മാറി നിൽക്കുന്നു)

ചണ്ഡാലന്മാർ: ആര്യ ചാരുദത്താ, രാജകൽപ്പനയാണ് അപരാധി. ഞങ്ങൾ ചണ്ഡാലന്മാരല്ല. അതിനാൽ എന്തെങ്കിലും പറയാനോ പ്രാർത്ഥിക്കാനോ ഉണ്ടെങ്കിൽ അത് ചെയ്യൂ. (ചണ്ഡാലന്മാർ രാജകൽപ്പന അനുസരിയ്കുനതേ ഉള്ളൂ. അവർ കരുതിക്കൂട്ടി വധിക്കുകയല്ല എന്നർത്ഥം)

ചാരുദത്തൻ: ഭാഗ്യദോഷം കാരണം രാജസ്യാലന്റെ വാക്കുകളാൽ അപരാധിയാക്കപ്പെട്ടെങ്കിലും എന്റെ ധർമ്മപ്രഭാവം മൂലം, ഇന്ദ്രഭവനത്തിൽ എന്നല്ല എവിടെ ആണെങ്കിലും ഇരിക്കുന്ന അവൾ (വസന്തസേന) തന്നെ എന്റെ മുകളിൽ ചാർത്തിയ കളങ്കം ദൂരീകരിക്കട്ടെ. (വസന്തസേന അവളുടെ സ്വസ്വാഭവം കൊണ്ട് ചാരുദത്തന്റെ മേലിൽ ചാർത്തിയ ഈ കുറ്റത്തിൽ നിന്നും ചാരുദത്തൻ വിമുക്തനാക്കട്ടെ എന്നർത്ഥം. ചാരുദത്തനു ആശ്രയമുള്ളത് സ്വന്തം ധാർമ്മികതയുടെ ശക്തി മാത്രം. വസന്തസേനയ്ക്ക് ആരേയും ദ്രോഹിക്കാത്ത നിർദ്ദോഷസ്വഭാവവും)

ഹേ, ഞാൻ ഇനി എവിടേയ്ക്കാണ് നടക്കേണ്ടത്?

ചണ്ഡാലന്മാർ: (മുന്നിലേക്ക് കാണിച്ച്) ഇതാ തെക്ക് വശത്ത് ശ്മശാനം കാണുന്നു. വധിക്കാൻ യോഗ്യരായവർ അത് കണ്ടാൽ തന്നെ പെട്ടെന്ന് ജീവൻ വെടിയും. (കുറ്റവാളികൾ കൊലക്കയർ കണ്ടാൽ തന്നെ പേടിച്ച് മരിക്കുമല്ലൊ) നോക്കൂ നോക്കൂ..
ശൂലത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹത്തിന്റെ താഴെപകുതി കുറുക്കന്മാർ മുകളിലേയ്ക്ക് ചാടി കടിച്ച് വലിച്ച് തിന്നുന്നു. മറ്റേ പകുതി കാലന്റെ അട്ടഹാസം പോലെ കാണപ്പെടുന്നു.

ചാരുദത്തൻ: അയ്യോ ഭാഗ്യദോഷി എന്റെ ജീവൻ പോയി! (എന്ന് പറഞ്ഞ് കിതച്ചുകൊണ്ട് ഇരിക്കുന്നു)

ശകാരൻ: ഞാനിപ്പോൾ പോകുന്നില്ല. അവനെ കൊല്ലുന്നത് കാണണം. (ചുറ്റിനടന്ന് നോക്കിയിട്ട്) എന്ത് അവൻ ഇരുന്നോ?

ചണ്ഡാലന്മാർ: ചാരുദത്താ, പേടിച്ചുവോ?

ചാരുദത്തൻ: (പെട്ടെന്നെഴുന്നേറ്റ്) മൂർഖാ, ഞാൻ മരണത്തെ ഭയക്കുന്നില്ല. എന്റെ സൽപ്പേരാണ് നശിച്ചത്. വിശുദ്ധനായ എനിക്ക് മരണം എന്നാൽ മകൻ ജനിക്കുന്നത് പോലെ തന്നെ ആനന്ദ ദായകമാണ്. കൂടാതെ,
ഒരിക്കലും ഞാൻ ശത്രുത വിചാരിക്കാത്ത, ഒരു അൽപ്പബുദ്ധിക്കാരനായ അവൻ (ശകാരൻ) എന്നെ കളങ്കിതനാക്കി ചിത്രീകരിച്ചു.

ചണ്ഡാലൻ-1: ആര്യ ചാരുദത്താ, ആകാശത്തിൽ സൂര്യനും ചന്ദ്രനും കൂടെ വിപത്തി(=അത്യാഹിതം,ശോഷണം=ഗ്രഹണം) പ്രാപിക്കുന്നു. പിന്നെ മരണത്തെ ഭയക്കുന്ന മനുഷ്യരുടെ കാര്യം പറയാനുണ്ടോ? വീണവർ എഴുന്നേൽക്കുന്നു നിൽക്കുന്നചിലർ വീഴുന്നു. (ജനിച്ചവർ മരിക്കുന്നു മരിച്ചവർ ജനിക്കുന്നു എന്നർത്ഥത്തിൽ) മുകളിലേയ്ക്കും താഴേയ്ക്കും പോകുന്ന തുണിക്കഷ്ണങ്ങൾ പോലെ ജനനമരണങ്ങൾ സംഭവിച്ചുകൊണ്ടേ ഇരിക്കും. ഈ തത്വം മനസ്സിൽ വിചാരിച്ച് മനസ്സിനു ധൈര്യം കൊടുക്കൂ.
(മറ്റേ ചണ്ഡാലനോട്) ഇതാ നാലാം വിളംബരത്തറ എത്തി. അതിനാൽ വിളംബരം നടത്തൂ.
(വീണ്ടും പഴയ പോലെ വിളംബരം നടത്തുന്നു)

ചാരുദത്തൻ: അല്ലയോ പ്രിയേ വസന്തസേനേ! ചന്ദ്രകിരണങ്ങളെ പോലെ തിളങ്ങുന്ന പല്ലുകൾ ഉള്ളവളേ, ചുകന്ന് തുടുത്ത ചുണ്ടുകൾ ഉള്ളവളേ, നിന്റെ മുഖത്തിൽനിന്നുണ്ടാകുന്ന അമൃത് കുടിച്ച ഞാൻ ഈ സമയം ദുഷ്കീർത്തിയാകുന്ന വിഷം എങ്ങനെ കുടിയ്ക്കും?