കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 25, 2016

പത്താം അങ്കം - ഭാഗം 4


(അണിയറയിൽ)
(എടാ രാജസ്യാലാ, വാടാ ഇവിടെ വാ നിന്റെ അഹങ്കാരത്തിനു ഫലം അനുഭവിച്ചോ)
(ശേഷം, കൈകൾ പിന്നിലേക്ക് കെട്ടപ്പെട്ട് ആളുകളാൽ പിടിയ്ക്കപ്പെട്ട ശകാരൻ പ്രവേശിക്കുന്നു)

ശകാരൻ:  അയ്യോ! കഷ്ടം! കഷ്ടം!
കയറുവിട്ട കഴുതയെ പോലെ എത്ര ദൂരം ഓടിയ എന്നെ, ഒരു പേപ്പട്ടിയെ പോലെ പിടിച്ച് കെട്ടി കൊണ്ട് വന്നിരിക്കുന്നു. (നാലുചുറ്റും നോക്കി) എല്ലാസ്ഥലത്തും എന്റെ ശത്രുക്കളാണ്. അതിനാൽ ഇപ്പോൾ രക്ഷയില്ലാത്ത ഞാൻ ആരെ ശരണം പ്രാപിക്കും? (ആലോചിച്ച്) ശരണാഗതരായവർക്ക് അഭയം നൽകുന്ന ആ ചാരുദത്തനെ തന്നെ അഭയം പ്രാപിക്കാം. (അടുത്ത് ചെന്ന്) ആര്യ ചാരുദത്താ എന്നെ രക്ഷിക്കൂ. എന്നെ രക്ഷിക്കൂ. (എന്ന് പറഞ്ഞ് കാൽക്കൽ വീഴുന്നു)

(അണിയറയിൽ)
(ആര്യ ചാരുദത്താ, അവനെ വിട്, അവനെ വിട്, അവനെ ഞങ്ങൾ കൊന്നോളാം)

ശകാരൻ: (ചാരുദത്തനെ നോക്കി) അശരണർക്ക് ശരണമായവനെ, ആര്യ ചാരുദത്താ എന്നെ രക്ഷിക്കൂ. എനിക്കഭയം തരൂ.

ചാരുദത്തൻ: (അനുകമ്പയോടെ) ആഹാ, ശരണാഗതന് അഭയം, അഭയം തന്നിരിയ്ക്കുന്നു.

ശർവിലകൻ: (അമർഷത്തോടെ) ഓ! ഇവനെ ചാരുദത്തന്റെ സമീപത്തുനിന്നും കൊണ്ട് പോകൂ. (ചാരുദത്തനോട്) പറയൂ ഈ പാപിയെ എന്ത് ചെയ്യണമെന്ന് പറയൂ
ആളുകളെക്കൊണ്ട് ഇവനെ പിടിച്ച്കെട്ടി വലിപ്പിക്കട്ടെ? നായ്ക്കകൾക്ക് തീറ്റയായികൊടുക്കട്ടെ? ശൂലത്തിൽ തറയ്ക്കട്ടെ? അല്ലെങ്കിൽ വാളുകൊണ്ട് ഈർന്ന് മുറിയ്ക്കട്ടെ?

ചാരുദത്തൻ: ഞാൻ പറയുന്നത് പോലെ ചെയ്യുമൊ?

ശർവിലകൻ: അതിൽ സംശയമെന്തിനാ? ചെയ്യും.

ശകാരൻ: സ്വാമീ ചാരുദത്താ, ഞാൻ അങ്ങയുടെ ശരണാർത്ഥിയാണ്. എന്നെ രക്ഷിക്കൂ എന്നെ രക്ഷിക്കൂ. അങ്ങയുടെ വ്യക്തിത്വത്തിനു യോഗ്യമായത് പോലെ ചെയ്യൂ. ഇനി ഞാൻ ഒരിക്കലും  ദ്രോഹിക്കില്ല.

(അണിയറയിൽ നിന്നും)
ജനക്കൂട്ടം: അവനെ കൊല്ല് അവനെന്തിനു ജീവിച്ചിരിക്കണം?  അവനെ കൊല്ലൂ.

(വസന്തസേന ചാരുദത്തന്റെ കഴുത്തിലെ കൊലമാല ഊരി ശകാരന്റെ ശരീരത്തിലേക്ക് എറിയുന്നു)

ശകാരൻ: എടീ കുരുത്തം കെട്ട ഗർഭദാസീപുത്രീ, സന്തോഷമായിരിക്ക്. പ്രസാദിയ്ക്ക്. ഇനി നിന്നെ ഞാൻ കൊല്ലില്ല. എന്നെ രക്ഷിക്ക്.

ശർവിലകൻ: ഇവനെ പെട്ടെന്ന് തന്നെ കൊണ്ട് പോ. ആര്യ ചാരുദത്താ, ആജ്ഞാപിച്ചാലും, ഈ പാപിയെ എന്ത് ചെയ്യണം?

ചാരുദത്തൻ: ഞാൻ പറയുന്നത് പോലെ ചെയ്യുമൊ?

ശർവിലാകൻ: അതിൽ സംശയിക്കണ്ടാ കാര്യമില്ല

ചാരുദത്തൻ: സത്യം?

ശർവിലാകൻ: സത്യം

ചാരുദത്തൻ: അങ്ങനെ എങ്കിൽ ഇവനെ പെട്ടെന്ന്……..

ശർവിലാകൻ: കൊല്ലട്ടെ?

ചാരുദത്തൻ: അരുത് അരുത് അവനെ വെറുതെ വിടൂ

ശർവിലാകൻ: എന്തിനുവേണ്ടി? എന്തിന്?

ചാരുദത്തൻ: അപരാധിയെങ്കിലും ശരണം ചോദിച്ച് കാൽക്കൽ വീഴുന്നവനെ ആയുധം കൊണ്ട് വധിക്കരുത്.

ശർവിലാകൻ: എന്നാൽ പട്ടിയ്ക്ക് തീറ്റയായി കൊടുക്കട്ടെ?

ചാരുദത്തൻ: അരുത്. അവനുപകാരം ചെയ്ത് കൊല്ലണം. (അതായതവനെ കൊല്ലാതെ വിടുക എന്നത് തന്നെ ആണവന്റെ ശിക്ഷ എന്നർത്ഥം)
അപരാധം ചെയ്തവൻ ശത്രു ആണെങ്കിൽ കൂടെ അവൻ കാൽക്കൽ വീണ് അഭയം ചോദിച്ചാൽ അവനെ കൊല്ലാതെ രക്ഷിച്ച് അനവധി ഉപകാരം ചെയ്ത് കൊടുത്ത് അവൻ ചാവാതെചാവണം.

ശർവിലകൻ: അഹോ! ചാരുദത്തസ്വഭാവം ആശ്ചര്യം തന്നെ ആര്യ, പറയൂ ഞാൻ എന്താണ് ചെയ്യേണ്ടത്?

ചാരുദത്തൻ: അവനെ വെറുതെ വിടൂ

ശർവിലാകൻ: അവനു മോചനം കൊടുക്കൂ. അവനെ വെറുതെ വിടൂ

ശകാരൻ: ഓഹ്! രക്ഷപ്പെട്ടു. (അങ്ങനെ പറഞ്ഞ് കിങ്കരന്മാരോടു കൂടെ പോകുന്നു)

(അണിയറയിൽ കോലാഹലം)

വീണ്ടും അണിയറയിൽ: ആര്യചാരുദത്തന്റെ ധർമ്മ പത്നി ആര്യ ധൂത, കാലിലും വസ്ത്രത്തിലും പിടിച്ച് വലിക്കുന്ന ബാലനെ (രോഹസേനനെ) തള്ളി മാറ്റി, കണ്ണീർ നിറഞ്ഞ നേത്രങ്ങളോടെ നിൽക്കുന്ന ജനങ്ങൾ തടുത്തിട്ടും കൂസാതെ കുതറി മാറി തീയ്യിൽ ചാടുന്നു.

ശർവിലകൻ: (കേട്ടിട്ട് അണിയറയുടെ ഭാഗത്തേക്ക് നോക്കി) എന്ത്? ചന്ദനകാ ചന്ദനകാ ഇതെന്താണ്?

ചന്ദനകൻ:(പ്രവേശിച്ച്) രാജകൊട്ടാരത്തിന്റെ തെക്ക് ഭാഗത്ത് ജനക്കൂട്ടം അങ്ങ് കാണുന്നില്ലേ? (ആര്യ ചാരുദത്തന്റെ പത്നി അഗ്നിയിൽ ചാടി സതി അനുഷ്ഠിക്കുന്നു എന്ന് വീണ്ടും അണിയറയിൽ പറയുന്നു) “ആര്യേ ദുസ്സാഹസം ചെയ്യരുത്. ആര്യ ചാരുദത്തൻ ജീവിച്ചിരിപ്പുണ്ട്. വധിച്ചിട്ടില്ല” എന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷെ ദുഃഖം കൊണ്ട് വ്യാകുലനായ അവരുണ്ടോ കേൾക്കുന്നു? ആരുണ്ട് വിശ്വസിക്കുന്നു?

ചാരുദത്തൻ:(ഉദ്വേഗത്തോടെ) പ്രിയതമേ, ഞാൻ ജീവിച്ചിരുന്നിട്ടും നീ എന്താണ് ചെയ്യുന്നത്? (മുകളിലേക്ക് നോക്കി ദീർഘനിശ്വാസത്തോടെ)
അല്ലയോ സുചരിതേ, നിന്റെ സദ്ഗുണങ്ങൾകൊണ്ട് ഈ ലോകത്ത് ജീവിച്ചിരുന്നിട്ട് കാര്യമില്ല. (അത് സ്വർഗ്ഗയോഗ്യമാണ് എന്നർത്ഥം) എന്നാലും പതിവ്രതയായ നീ നിന്റെ ഭർത്താവിനെ വിട്ട് ഒറ്റയ്ക്ക് സ്വർഗ്ഗസുഖങ്ങൾ അനുഭവിക്കുന്നത് ഉചിതമല്ല. (ഞാൻ ജീവിച്ചിരിക്കേ നീ സതി അനുഷ്ഠിക്കുന്നത് ഉചിതമല്ല എന്നർത്ഥം) (ഇത് പറഞ്ഞ് മോഹാലസ്യപ്പെട്ട് വീഴുന്നു)

ശർവിലകൻ: പ്രമാദം! ഭാഗ്യക്കേട് തന്നെ. അവരുടെ സമീപം പെട്ടെന്ന് തന്നെ പോകണം. പക്ഷെ ഇവിടെ ആര്യചാരുദത്തൻ മോഹാലസ്യപ്പെട്ട് കിടക്കുന്നു. എല്ലാ പ്രയത്നങ്ങളും വിഫലമായതായി കാണുന്നു.

വസന്തസേന: ആര്യ ധൈര്യം സംഭരിക്കൂ. വേഗം ചെന്ന് ആര്യധൂതയെ രക്ഷിക്കൂ. അത് ചെയ്തില്ലെങ്കിൽ അധീരൻ ആയതുകൊണ്ടുള്ള അനർത്ഥം കൂടെ സംഭവിയ്ക്കും.

ചാരുദത്തൻ: (ധൈര്യത്തോടെ പെട്ടെന്ന് എഴുന്നേറ്റ്) അല്ലയോ പ്രിയതമേ നീ എവിടെ ആണ്? എനിക്ക് ഉത്തരം തരൂ. വിളികേൾക്കൂ.

ചന്ദനകൻ: ഇവിടെ ഇവിടെ… ഇതിലേ വരൂ ആര്യാ
(ഇത് പറഞ്ഞ് എല്ലാവരും ചുറ്റി നടക്കുന്നു)

(ശേഷം മുൻപേ പറഞ്ഞ പോലെ ഉള്ള അവസ്ഥയിൽ ധൂത, വസ്ത്രത്തിൽ പിടിച്ച് വലിക്കുന്ന രോഹസേനനും അവനെ അനുനയിപ്പിക്കുന്ന മൈത്രേയനും കൂടെ രദനികയും പ്രവേശിക്കുന്നു)

ധൂത: (കണ്ണീരോടെ) മകനേ, എന്നെ വിടൂ. തടായാതിരിക്കൂ. ആര്യപുത്രന്റെ ദൗർഭാഗ്യം കേൾക്കാൻ എനിക്ക് ഭയമാണ്. (എഴുന്നേറ്റ് വസ്ത്രം പിടിവിടുവിച്ച് തീയിനടുത്തേക്ക് ചെല്ലുന്നു)

രോഹസേനൻ: അമ്മേ എന്നെ നോക്കമ്മേ എന്നെ രക്ഷിക്കമ്മേ അമ്മയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. (എന്ന് പറഞ്ഞ് പെട്ടെന്ന് അടുത്ത് ചെന്ന് വസ്ത്രത്തുമ്പിൽ പിടിക്കുന്നു)

വിദൂഷകൻ: ബ്രാഹ്മണസ്ത്രീകൾ ഭർത്താവിനെ പിരിഞ്ഞ് ഒറ്റയ്ക്ക് അഗ്നിയിൽ ചാടുന്നതിനെ ഋഷികൾ പാപം എന്ന് പറയും.

ധൂത: ആര്യപുത്രനെ പറ്റിയുള്ള അമംഗള വാർത്ത (വധിക്കപ്പെട്ടു എന്ന്) കേൾക്കുന്നതിനാക്കാൾ നല്ലത് പാപം ചെയ്യുകയാണ്.

ശർവിലാകൻ: (മുൻപിലേക്ക് നോക്കി) ആര്യ ധൂത തീയ്യിനടുത്തേയ്ക്ക് പോയി. വേഗമാവട്ടെ വേഗം വേഗം.

(ചാരുദത്തൻ വേഗം വേഗം നടക്കുന്നു)

ധൂത: രദനികേ, കുട്ടിയെ പിടിക്കൂ. ഞാൻ എനിക്ക് ഇഷ്ടമുള്ളത് (തീയ്യിൽ ചാടുക എന്നത്) ചെയ്യട്ടെ.

രദനിക: (കരുണയോടെ) അങ്ങ് എന്നോട് പറയുന്നത് തന്നെ ഞാൻ തിരിച്ചും പറയട്ടെ. (കുട്ടിയെ പിടിക്കൂ ഞാൻ തീയ്യിൽ ചാടട്ടെ എന്ന്. ഭൃത്യ ആദ്യം ചാടണമല്ലൊ)

ധൂത: (മൈത്രേയനോട്) എങ്കിൽ ആര്യൻ കുട്ടിയെ പിടിയ്ക്കൂ.

വിദൂഷകൻ: (പേടിച്ച്) കാര്യസിദ്ധിയ്ക്ക് വേണ്ടി ചെയ്യുമ്പൊൾ ബ്രാഹ്മണൻ മുന്നിൽ നടക്കണം. അതിനാൽ ഞാൻ ഭവതിയുടെ മുന്നിൽ നടക്കട്ടെ.

ധൂത: എന്ത്? രണ്ട് പേരും എന്നെ അനുസരിക്കുന്നില്ല. (കുട്ടിയെ ആലിംഗനം ചെയ്ത്) മോനേ, ഞങ്ങളുടെ മരണകർമ്മങ്ങൾ ചെയ്യാനായി നീ നിന്നെ തന്നെ നിയന്ത്രിക്കൂ.(ജീവിച്ചിരിക്കാനായി ധൈര്യമവലംബിക്കൂ എന്നർത്ഥം.) നീ കൂടെ മരിച്ചാൽ ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം വ്യർത്ഥമാകും. (നിശ്വാസത്തോടെ) ആര്യപുത്രനു നിന്നെ പരിപാലിക്കാൻ സാധിച്ചില്ലല്ലൊ.

ചാരുദത്തൻ:(കേട്ട്, പെട്ടെന്ന് അടുത്ത് ചെന്ന്) ഞാൻ തന്നെ എന്റെ മോനെ പരിപാലിയ്ക്കും.
(എന്ന് പറഞ്ഞ് മകനെ കൈകളിൽ കോരി എടുത്ത് ആലിംഗനം ചെയ്യുന്നു)

ധൂത: ങ്ഹേ ഇത് ആര്യപുത്രന്റെ ശബ്ദമാണല്ലൊ. (ശേഷം നല്ലപോലെ നോക്കിയശേഷം സന്തോഷത്തോടെ) ഭാഗ്യവശാൽ ഇത് ആര്യപുത്രൻ തന്നെ. സന്തോഷമായി എനിക്ക് സന്തോഷമായി.

രോഹസേനൻ: (സന്തോഷത്തോടെ നോക്കി) ഹായ് അച്ഛൻ എന്നെ കെട്ടിപ്പിടിക്കുന്നു. (ധൂതയോട്) അമ്മേ, അച്ഛൻ തന്നെ എന്നെ നോക്കും (എന്ന് പറഞ്ഞ് അച്ഛനെ കെട്ടിപ്പിടിക്കുന്നു)

ചാരുദത്തൻ: (ധൂതയെ നോക്കി) പ്രിയതമേ, ഞാൻ ജീവിച്ചിരുന്നിട്ടും നീ എന്ത് കഠിനമായ പ്രവൃത്തിയാണ് ചെയ്യുന്നത്? സൂര്യൻ അസ്തമിക്കാതെ താമര കൂമ്പുമോ?

ധൂത: അതുകൊണ്ടാണല്ലൊ അവയെ അചേതനമെന്ന് പറയുന്നത്

വിദൂഷകൻ:(നോക്കി സന്തോഷത്തോടെ) ഹായ് ഹായ് ഹ ഹ.. ഈ കണ്ണുകൾ കൊണ്ട് തന്നെ ഞാൻ എന്റെ പ്രിയസ്നേഹിതനെ കാണുന്നു. അഹോ! സതികർമ്മപ്രഭാവം! തീയ്യിൽ ചാടാൻ തുടങ്ങിയപ്പോൾ തന്നെ പ്രിയതമനുമായി സമാഗമം നടന്നു. (ചാരുദത്തനെ നോക്കി) പ്രിയസ്നേഹിതനു വിജയിപ്പൂതാക.

ചാരുദത്തൻ: വരൂ പ്രിയസ്നേഹതാ, മൈത്രേയാ (എന്ന് പറഞ്ഞ് ആലിംഗനം ചെയ്യുന്നു)

രദനിക: അത്ഭുതം തന്നെ! എന്തൊരു ശുഭസംവിധാനം! ആര്യ പ്രണാമം. (എന്ന് പറഞ്ഞ് കാൽക്കൽ പ്രണമിക്കുന്നു)

ചാരുദത്തൻ: (പുറത്ത് കൈ വെച്ച്) രദനികേ എഴുന്നേൽക്കൂ. (എഴുന്നേൽപ്പിക്കുന്നു)

ധൂത: (വസന്തസേനയെ നോക്കി) സൗഭാഗ്യവശാൽ എന്റെ സഹോദരിയ്ക്ക് സുഖം തന്നെ അല്ലേ?

വസന്തസേന: ഇപ്പോൾ സുഖം ഭവിച്ചു. (ഇതുപറഞ്ഞ് രണ്ട് പേരും പരസ്പരം ആലിംഗനം ചെയ്യുന്നു)

ശർവിലകൻ: ഭാഗ്യം കൊണ്ട് ആര്യന്റെ സുഹൃത്തുകൾ എല്ലാവരും ജീവിച്ചിരിക്കുന്നു.

ചാരുദത്തൻ: താങ്കളുടെ പ്രസാദം കാരണം..

ശർവിലകൻ: ആര്യേ വസന്തസേനേ, പരിതുഷ്ടനായ ആര്യക രാജാവ് താങ്കളെ “വധു“ എന്ന പദം നൽകി അനുഗ്രഹിച്ചിരിയ്ക്കുന്നു. (ഇനി മുതൽ വേശ്യ അല്ലാതെ കുലസ്ത്രീകൾക്ക് തുല്യമായ പദവി നൽകി എന്നർത്ഥം)

വസന്തസേന: ആര്യ ഞാൻ കൃതാർത്ഥയായി.

ശർവിലകൻ: (വസന്തസേനയെ മൂടുപടം അണിയിച്ച് ചാരുദത്തനോടായി) ആര്യാ, ഈ സംന്യാസിയ്ക്ക് എന്ത് കൊടുക്കണം?

ചാരുദത്തൻ: ഭിക്ഷൂ താങ്കളുടെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?

സംവാഹകഭിക്ഷു: ഇത്തരത്തിലുള്ള അനിത്യത്വം(=നശ്വരത, ക്ഷണികത) കണ്ട് എനിക്ക് എന്റെ സംന്യാസത്തിൽ ഉള്ള വിശ്വാസം ഇരട്ടിച്ചിരിക്കുന്നു.

ചാരുദത്തൻ: സഖേ, ഇദ്ദേഹം ദൃഢനിശ്ചയക്കാരനാണ്. അതിനാൽ ഇദ്ദേഹത്തെ രാജ്യത്തെ ബുദ്ധവിഹാരങ്ങളുടെ മേലധികാരിയാക്കി നിശ്ചയിക്കൂ.

ശർവിലാകൻ: ആര്യന്റെ ആജ്ഞ പോലെ തന്നെ.

സംവാഹകഭിക്ഷു: എനിക്കിഷ്ടമായി. സന്തോഷമായി.

വസന്തസേന: ഇപ്പോൾ എനിയ്ക്ക് ജീവിതം തിരിച്ച് കിട്ടി!

ശർവിലകൻ: സ്ഥാവരകനെ എന്ത് ചെയ്യണം?

ചാരുദത്തൻ: സദാചാരിയായ ഇവൻ ഒരു ഭൃത്യനായി കഴിഞ്ഞുകൂടാ. അവനു ധാരാളം സമ്പത്ത് നൽകണം. ആ ചണ്ഡാലൻ ചണ്ഡാലന്മാരുടെ അധിപതിയാകട്ടെ. ചന്ദനകൻ രാജ്യത്തിലെ അപരാധികൾക്കുള്ള ശിക്ഷ നടത്തിപ്പുകാരനാകട്ടെ. ആ ശകാരൻ പഴയപോലെ തന്നെ പിഴച്ച് പോയ്ക്കോട്ടെ.

ശർവിലാകൻ: ശ്രീമാൻ പറയുന്ന പോലെ തന്നെ എല്ലാം നടക്കും. എന്നാൽ ഇവനെ ഈ ശകാരനെ വിടൂ. അവനെ കൊന്നുകളയട്ടെ.

ചാരുദത്തൻ: ശരണമർത്ഥിച്ച് വന്നവനു അഭയം നൽകണം. അപരാധം ചെയ്തവൻ ശത്രു ആണെങ്കിൽ കൂടെ അവൻ കാൽക്കൽ വീണ് അഭയം ചോദിച്ചാൽ അവനെ കൊല്ലാതെ രക്ഷിച്ച് അനവധി ഉപകാരം ചെയ്ത് കൊടുത്ത് അവൻ ചാവാതെചാവണം.

ശർവിലകൻ: എന്നാൽ പറയൂ അങ്ങേയ്ക്ക് വേണ്ടി ഇനിയും എന്താണ് പ്രിയം ചെയ്ത് തരേണ്ടത്?

ചാരുദത്തൻ: ഇതിലുമധികം പ്രിയമായത് വല്ലതുമുണ്ടോ?
ചാരിത്രശുദ്ധി കൈവന്നു. കാൽക്കൽ വീണ ശത്രു ശകാരനേയും വെറുതെ വിട്ടു. എല്ലാമൂലദോഷങ്ങൾക്കും കാരണമായ പാലകനെ ഇല്ലാതാക്കി സുഹൃത്ത് ആര്യകൻ രാജ്യം ഭരിക്കുന്നു. പ്രിയവസന്തസേനയെ വീണ്ടും എനിക്ക് ലഭിച്ചു. രാജാവിന്റെ സുഹൃത്തായ താങ്കൾ എന്റെ കൂടെ സുഹൃത്തായി. ഇനി ഇതിൽകൂടുതൽ എന്താണ് ഞാൻ ഈ സമയം അങ്ങയോട് ചോദിക്കുക? (ഇതിലധികം ഒന്നുമില്ല എന്നർത്ഥത്തിൽ)

ഭാഗ്യം, കിണറ്റിലെ തൊട്ടി പോലെ താഴേയ്ക്കും മുകളിലേയ്ക്കും മാറിമാറി സഞ്ചരിയ്ക്കുന്നു.  പരസ്പരവിരോധികളായ കാര്യങ്ങൾ ചെയ്ത് ലോകത്തിന്റെ അവസ്ഥ മാറ്റി മറിയ്ക്കുന്നു. ചിലരെ ധനികരാക്കുന്നു. മറ്റ് ചിലരെ നിർധനരാക്കുന്നു. ചിലരെ അപമാനിതരാക്കുന്നു മറ്റുചിലരെ ബഹുമാന്യരാക്കുന്നു. ചിലർക്ക് നിറവ് നൽകുമ്പോൾ മറ്റുചിലരെ നിസ്സാരന്മാരാക്കുന്നു. ചിലരെ പൊക്കുന്നു മറ്റ് ചിലരെ താഴ്ത്തുന്നു.

എന്നാലും ആകട്ടെ,

(ഭരതവാക്യം)

പശുക്കൾ പാലുചുരത്തുന്നവരാകട്ടെ! ഭൂമി സർവ്വവിധ ഐശ്വര്യങ്ങളാൽ പരിപൂർണ്ണമാകട്ടെ! മേഘങ്ങൾ സമയത്ത് വർഷിയ്ക്കുന്നവയാകട്ടെ! കാറ്റ് സർവ്വർക്കും മനസ്സിനു ആനന്ദം നൽകിക്കൊണ്ട് വീശട്ടെ! ജനിച്ച എല്ലാപ്രാണികളും ദൈവീകമായ ആനന്ദം ലഭ്യമാകട്ടെ! സുഖം ഭവിയ്ക്കട്ടെ! സകലർക്കും പ്രിയമുള്ളവരായിരിക്കട്ടെ ബ്രാഹ്മണർ! സത്യമുള്ളവർക്ക് ഐശ്വര്യം ഉണ്ടാകട്ടെ! രാജാക്കന്മാർ, ശത്രുക്കളെ ജയിയ്ക്കുന്നവരും ധർമ്മപാരായണന്മാരുമായി ഭൂമിയെ പരിപാലനം ചെയ്തുകൊണ്ടിരിക്കട്ടെ!

(ഇത് പറഞ്ഞ് എല്ലാവരും പോകുന്നു)

തിരശ്ശീല

ഇപ്രകാരം മൃച്ഛകടികത്തിലെ സംഹാരം എന്ന പത്താമങ്കം സമാപിച്ചു.

മൃച്ഛകടികം ഇവിടെ സമാപിക്കുന്നു.

No comments:

Post a Comment