കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Sunday, February 21, 2016

എട്ടാം അങ്കം - ഭാഗം 2


വിടൻ: (വസന്തസേനയെ നോക്കി ദുഃഖപൂർവ്വം ആത്മഗതം) അയ്യയ്യോ മാൻപേട പുലിയുടെ പിന്നാലെ പോകുകയോ? കഷ്ടം തന്നെ. ശരത്കാല ചന്ദ്രനെ പോലെ കരയിലിരുന്ന് ശോഭിക്കുന്ന അരയന്നത്തെ വിട്ട് അരയന്നപ്പിട കാക്കയുടെ സമീപം വന്നിരിക്കുന്നു. (വസന്തസേനയോട് മാത്രമായി) വസന്തസേനേ, ഇത് ഉചിതമല്ല, യോഗ്യവുമല്ല. അമ്മ പറഞ്ഞയച്ചതിനാൽ നീ മുന്നേ തഴഞ്ഞവന്റെ അടുത്ത് ധനം മോഹിച്ച് വന്നതല്ലേ?

വസന്തസേന: അല്ല അല്ല (എന്ന് പറഞ്ഞ് തല നിഷേധാർത്ഥത്തിൽ ഇളക്കുന്നു)

വിടൻ: എന്നാൽ പിന്നെ നീ, മാനാഭിമാനമില്ലാത്ത തനി വേശ്യയായി തന്നെ വന്നതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ തന്നെ നിന്നോട് മുന്നേ പറഞ്ഞതാണല്ലൊ “ഭദ്രേ, ഇഷ്ടപ്പെട്ടവർക്കും ഇല്ലാത്തവർക്കും ഒരുപോലെ സേവനം ചെയ്യണം“ എന്ന്. കാരണം നീ വേശ്യയാകുന്നു.

വസന്തസേന: വണ്ടി മാറിക്കയറിയതാണ്. ശരണാഗതയാണ്. രക്ഷിക്കണം.

വിടൻ: ശരി, പേടിക്കണ്ടാ. ഇവനെ ഞാൻ പറ്റിക്കാം (ശകാരന്റെ അടുത്ത് ചെന്ന്) എടാ ജാരസന്തതീ, വണ്ടിയിൽ സത്യമായും രാക്ഷസി ഇരിക്കുന്നുണ്ട്.

ശകാരൻ: ഭാവാ, അങ്ങനെ രാക്ഷസി ഉണ്ടെങ്കിൽ നിന്നെ എന്തുകൊണ്ട് കട്ടുകൊണ്ട് പോകുന്നില്ല? അല്ല കള്ളനോ കള്ളിയോ എങ്കിൽ നിന്നെ എന്തുകൊണ്ട് തിന്നുന്നില്ല?

വിടൻ: ഇത്തരം വിവാദങ്ങൾ കൊണ്ട് എന്ത് ലാഭം? നമുക്ക് ഈ ഉദ്യാനങ്ങൾ തോറും നടന്ന് ഉജ്ജയനി നഗരത്തിലേക്ക് പോയാൽ എന്ത് കുഴപ്പമാണുള്ളത്?

ശകാരൻ: അങ്ങനെ നടന്ന് പോയാൽ എന്തു കിട്ടാനാണ്?

വിടൻ: അങ്ങനെ നടന്നാൽ അതൊരു വ്യായാമം ആകില്ലേ? മാത്രമല്ല കാളകൾക്ക് വിശ്രമവും ആകും.

ശകാരൻ: എന്നാലങ്ങനെ തന്നെ ആകട്ടെ. സ്ഥാവരകാ വണ്ടി കൊണ്ട് പോ. അല്ലെങ്കിൽ വേണ്ടാ നിൽക്ക് നിൽക്ക്. ദേവന്മാരുടേയും ബ്രാഹ്മണന്മാരുടേയും മുന്നിലൂടെ കാൽനടയായി പോവുകയോ? ഇല്ല ഇല്ല. വണ്ടിയിൽ കയറി തന്നെ പോകും. ആളുകൾ ഞാൻ പോകുന്നത് ദൂരെ നിന്ന് കണ്ട്,  “ഇതാ രാജാവിന്റെ അളിയൻ സംസ്ഥാനകസ്വാമി പോകുന്നു“ എന്ന് പറയും.

വിടൻ:(ആത്മഗതം) വിഷത്തെ മരുന്നാക്കി മാറ്റാൻ നല്ല ബുദ്ധിമുട്ട് തന്നെ. (ഉറക്കെ) എടാ കഴുവേറിമോനേ, ആ വസന്തസേന നിന്റെ കൂടെ അഭിസരിക്കാൻ വന്നിട്ടുണ്ട്.

വസന്തസേന: ശാന്തം പാപം ശാന്തം പാപം! ദയവു ചെയ്ത് അങ്ങനെ പറയരുത്

ശകാരൻ: (സന്തോഷത്തോടേ) കേമനയ, മനുഷ്യരിലെ വാസുദേവനായ എന്നോടൊത്ത് അഭിസരിക്കാൻ വന്നെന്നോ?

വിടൻ: പിന്നെന്താ?

ശകാരൻ: എന്നാൽ അപൂർവമായ ലക്ഷ്മിയെ എനിക്ക് കിട്ടിയത് തന്നെ. അന്ന് ഞാൻ അവളോട് ശുണ്ഠി എടുത്തു ഇന്ന് ഞാനതിനു കാൽക്കൽ വീണ് പ്രസാദിപ്പിക്കട്ടെ.

വിടൻ: അത് നീ പറഞ്ഞത് ശരി തന്നെ.

ശകാരൻ: ഈ ഞാനിതാ നിന്റെ കാൽക്കൽ വീഴുന്നു (എന്ന് പറഞ്ഞ് വസന്തസേനയെ സമീപിച്ച്) അമ്മേ ദേവീ എന്റെ പ്രാർത്ഥന കേൾക്കൂ. അല്ലയോ വിശാലാക്ഷീ, വെളുത്ത് ശോഭിയ്ക്കുന്ന പല്ലുകളോട് കൂടിയവളേ, നിന്റെ കാലടിയിലെ പത്ത് നഖങ്ങളിലും  എന്റെ തൊഴുകൈകൾ സമർപ്പിക്കുന്നു. അല്ലയോ സുന്ദരീ, കാമപരവശനായ ഈ ഞാൻ, ശകാരൻ, മുന്നെ നിന്നോട് ചെയ്ത അപരാധങ്ങൾ എല്ലാം ക്ഷമിച്ചാലും. ഞാൻ നിന്റെ അടിമയാണ്.

വസന്തസേന:(ദേഷ്യത്തോടെ) പോ കടന്ന്. വായിൽത്തോന്നീത് പറയാതെ (ഇതുപറഞ്ഞ് കാലുകൊണ്ട് തൊഴിക്കുന്നു)

ശകാരൻ: (ദേഷ്യത്തോടെ) എന്റെ അമ്മ ഉമ്മവെച്ച ഈ മൂർദ്ധാവ്, ദേവകളുടെ മുന്നിൽ കൂടെ കുനിയ്ക്കാത്ത ഈ തലയിൽ, കുറുക്കൻ കൊന്ന ഒരു ശവത്തിലെന്ന പോലെ, നീ, നിന്റെ കാലുകൊണ്ട് ചവിട്ടി.

എടാ സ്ഥാവരകാ നിനക്കിതിനെ എവിടുന്ന് കിട്ടി?

സ്ഥാവരകൻ: സ്വാമീ, ഗ്രാമത്തിൽ വണ്ടികൾ കൊണ്ട് ഗതാഗതം തടസ്സപ്പെട്ടപ്പോൾ ഞാൻ ചാരുദത്തന്റെ പൂന്തോട്ടത്തിൽ വണ്ടി നിർത്തി, അവിടെ ഇറങ്ങി ഒരുത്തനെ അവന്റെ വണ്ടി ഉന്തിക്കൊടുത്ത് സഹായിയ്ക്കുന്ന സമയത്ത് ഇവൾ വണ്ടിമാറിക്കയറിയതായിരിക്കാമെന്ന് തോന്നുന്നു.

ശകാരൻ: ഇവൾ വണ്ടിമാറിക്കയറിയാണിവിടെ എത്തിയത് അല്ലേ? എന്നോട് അഭിസരിക്കാനല്ല. എന്നാലെന്റെ വണ്ടിയിൽ നിന്ന് ഇറങ്ങെടീ. നീ ആ ദരിദ്രൻ ചാരുദത്തനുമായി അഭിസരിക്കും എന്നിട്ട് എന്റെ വണ്ടിയിൽ യാത്രയും ചെയ്യും. ഇറങ്ങെടീ പുറത്ത്. തെവിടിശ്ശീ. ഇറങ്ങ് പുറത്ത്.

വസന്തസേന: ആ ചാരുദത്തന്റെ കൂടെ അഭിസരിക്കുന്നു എന്ന് നീ പറഞ്ഞത് സത്യമായിരുന്നുവെങ്കിൽ; ഈ പറഞ്ഞതിനാൽ ഞാൻ അലംകൃതമായിരുന്നു. ഇനി വന്നത് പോലെ വരട്ടെ.

ശകാരൻ: താമരയിതളുകളെ പോലെ പത്ത് വിരലുകളിൽ കൂർത്തമൂർത്ത നഖങ്ങളോടുകൂടിയ എന്റെ ഈ കൈകളാൽ നിന്നെ, നിന്റെ കൈകൊണ്ട് ഈ വണ്ടിയെ പിടിച്ച പോലെ, ജടായു, ബാലിയുടെ ഭാര്യ താരയെ പിടിച്ച പോലെ, നിന്റെ മുടിയ്ക്ക് പിടിച്ച് ഞാൻ വലിച്ച് പുറത്തിടും.

വിടൻ: ഗുണവതിയായ ഇത്തരം സ്ത്രീകളുടെ മുടിയിൽ പിടിയ്ക്കരുത്. ഉദ്യാനവള്ളികളിലെ ഇലകളേയും മൊട്ടുകളേയും പറിക്കരുത്. അതിനാൽ താങ്കൾ മാറിനിൽക്കൂ. ഞാനിവളെ ഇറക്കാം. വസന്തസേനേ, ഇറങ്ങിയാലും.

(വസന്തസേന വണ്ടിയിൽ നിന്ന് ഇറങ്ങി ഒതുങ്ങി നിൽക്കുന്നു)

ശകാരൻ: (ആത്മഗതം) അന്നത്തെ അവളുടെ വർത്തമാനം കേട്ട ദേഷ്യം ഇന്ന് ഇതാ അവൾ എന്നെ കാലുകൊണ്ട് തൊഴിയ്ക്കുകൂടെ ചെയ്തതിനാൽ കൂടുതലായി. അതിനാൽ ഇവളെ കൊല്ലുകതന്നെ ചെയ്യണം. അതിനാൽ. അല്ലേ ഭവാൻ നോക്കൂ,
ആയിരം നൂലുകൊണ്ടുണ്ടാക്കിയ വീതിയിൽ കൈപ്പണികൾ ചേർത്ത ദുപ്പട്ടയ്ക്കോ അതോ ചുഹ് ചുഹ് എന്ന് പറയുന്ന നല്ല മാംസം തിന്നുന്നതിനോ നീ കൊതിയ്ക്കുന്നുണ്ടോ? എങ്കിൽ..

വിടൻ:കൊതിയ്ക്കുന്നുണ്ടെങ്കിൽ എന്ത് ചെയ്യണം?

ശകാരൻ: എനിക്ക് ഇഷ്ടമുള്ളത് നീ ചെയ്യണം

വിടൻ: ചെയ്യാം. പക്ഷെ തെറ്റോ അനുചിതമായതോ ആയ കാര്യങ്ങൾ ഒഴിച്ച്

ശകാരൻ: തെറ്റ്, അനുചിതം തുടങ്ങിയ കാര്യങ്ങളുടെ മണം പോലുമില്ല.

വിടൻ: എന്നാൽ പറയൂ എന്ത് ചെയ്യണമെന്ന്

ശകാരൻ: വസന്തസേനയെ കൊല്ലൂ

വിടൻ: (ചെവി പൊത്തിക്കൊണ്ട്) സ്ത്രീകളെ, കുട്ടികളെ, ശക്തിയില്ലാത്തവരെ, ഈ നഗരത്തിന്റെ അലങ്കാരമായ, വേശ്യകൾക്ക് ചേരാത്ത യഥാർത്ഥപ്രേമം നടിയ്ക്കുന്ന (ചാരുദത്തനെ പ്രേമിക്കുന്ന) ഈ നിരപരാധിയായ ഗണികയെ കൊന്നാൽ ഞാനെങ്ങനെ പരലോകനദി കടക്കും? (വൈതരണി നദി പരലോകത്തുള്ള നദിയാണ്. മരിച്ചാൽ അത് കടക്കണം എന്ന് സങ്കൽപ്പം)

ശകാരൻ: ഞാൻ നിനക്കൊരു തോണി തരാം. മാത്രമല്ല ഈ ഉദ്യാനത്തിൽ ഇവളെ കൊന്നാൽ ആരുകാണാനാണ്?

വിടൻ: പാപപുണ്യങ്ങൾക്ക് സാക്ഷിയായി പത്ത് ദിശകളും വനദേവതകളും ചന്ദ്രനും സൂര്യനും ധർമ്മവും വായുവും ആകാശവും അന്തരാത്മാവും ഈ ഭൂമിയും എന്നെ കാണുന്നുണ്ട്.

ശകാരൻ: എന്നാൽ വസ്ത്രംകൊണ്ട് മറച്ച് കൊന്നോ.

വിടൻ: നീ ഭയങ്കര നീചനാണ്.

ശകാരൻ:ഈ വയസ്സൻ പന്നി അധർമ്മത്തെ പേടിയ്ക്കുന്നു. ശരി, എന്നാൽ ഞാൻ ആ സ്ഥാവരകൻ, എന്റെ അടിമയാണ് അവനോട് പറയാം. എടാ സ്ഥാവരകാ, നിനക്ക് ഞാൻ സ്വർണ്ണവളകൾ തരാം.

സ്ഥാവരകൻ: എന്നാൽ ഞാനത് അണിയും

ശകാരൻ: നിനക്കുവേണ്ടി ഞാൻ സ്വർണ്ണസിംഹാസനം പണിഞ്ഞ് തരാം

സ്ഥാവരകൻ: എന്നാൽ ഞാനതിൽ ഇരിക്കും

ശകാരൻ:ഞാൻ നിനക്ക് എല്ലാതരത്തിലുള്ള ഭക്ഷണവും തരാം

സ്ഥാവരകൻ: എന്നാൽ ഞാനതെല്ലാം കഴിക്കും

ശകാരൻ: നിന്നെ ഞാൻ എല്ലാ വേലക്കാരുടേയും മുഖ്യനാക്കാം

സ്ഥാവരകൻ: സ്വാമീ ഞാൻ മുഖ്യവേലക്കാരനാകാം

ശകാരൻ: എന്നാലെന്റെ ആജ്ഞ അനുസരിക്കണം

സ്ഥാവരകൻ: സ്വാമീ, ഞാൻ തെറ്റും അനുചിതവുമായ എന്ത് ആജ്ഞയും അനുസരിക്കാം

ശകാരൻ: അനുചിതമായതിന്റെ മണം പോലുമില്ല

സ്ഥാവരകൻ: എന്നാൽ സ്വാമി ആജ്ഞാപിച്ചാലും

ശകാരൻ: വസന്തസേനയെ കൊല്ല്

സ്ഥാവരകൻ: സ്വാമി ദേഷ്യപ്പെടരുത്. വണ്ടിമാറിക്കയറിയതിനാലാണ് ആദരണീയ ആയ  വസന്തസേനയെ, നീചനായ ഞാനിവിടെ എത്തിച്ചത്.

ശകാരൻ: എടാ വേലക്കാരാ, നിന്റെ മേലിലും എനിക്ക് എന്റെ ആജ്ഞപ്രഭാവം (മേലധികാരം) കാണിക്കാൻ പറ്റില്ലേ?

സ്ഥാവരകൻ: എന്റെ ശരീരത്തിൽ അങ്ങയ്ക്ക് അവകാശമുണ്ട്. പക്ഷെ എന്റെ സദാചാരത്തിൽ ഇല്ല. അതിനാൽ സ്വാമി കോപിക്കരുത് എനിക്ക് പേടിയുണ്ട്.

ശകാരൻ: നീ എന്റെ വേലക്കാരനായിട്ട് ആരേയാണ് നീ പേടിക്കുന്നത്?

സ്ഥാവരകൻ: പരലോകത്തെ സ്വാമീ

ശകാരൻ: ആ പരലോകം എന്ന് വെച്ചാൽ ആരാ?

സ്ഥാവരകൻ: പാപപുണ്യങ്ങളുടെ പരിണിതി

ശകാരൻ: പുണ്യത്തിന്റെ പരിണാമം എങ്ങനെ ആണ്?

സ്ഥാവരകൻ: സ്വാമീ, താങ്കളെ പോലെ സ്വർണ്ണാലംകൃതമായത്

ശകാരൻ: എന്നാൽ പാപം?

സ്ഥാവരകൻ: എന്നെ പോലെ പരാന്നഭോജികൾ. അതിനാൽ അനുചിതമായ കാര്യങ്ങൾ ചെയ്യില്ല

ശകാരൻ: നീ അവളെ കൊല്ലില്ലേ? (എന്ന് പറഞ്ഞ് സ്ഥാവരകനെ മർദ്ദിക്കുന്നു)

സ്ഥാവരകൻ: തല്ലിക്കോ സ്വാമീ, കൊന്നോ. ഞാൻ ജന്മനാൽ ഭാഗ്യദോഷം കൊണ്ട് ജീവിതം മുഴുവൻ അടിമയാണ്. ഇനിയും കൂടുതൽ ഭാഗ്യദോഷം വരുത്തിവെയ്ക്കാൻ വയ്യ. അതിനാൽ അനുചിതമായതൊന്നും ഞാൻ ചെയ്യില്ല.

വസന്തസേന: ഭാവാ, ശരണാഗതായാണ് ഞാൻ.

വിടൻ:കഴുവേറി മോനേ, ക്ഷമിയ്ക്ക് ക്ഷമിക്ക്. സ്ഥാവരക കേമായി. കൊള്ളാം. കൊള്ളാം. ദയനീയസ്ഥിതിയിലിരിക്കുന്ന ഈ ദരിദ്രവാസി വേലക്കാരൻ പരലോകനന്മയ്ക്ക് കൊതിക്കുന്നു. പക്ഷെ ഇവന്റെ യജമാനൻ അത് കൊതിയ്ക്കുന്നില്ല. അതിനാൽ ദുഷ്ടന്മാർ ഇപ്പോഴും കുറവല്ല.
മാത്രമല്ല, തിന്മ കാണുന്നവൻ തെറ്റായ കാര്യം ചെയ്യുന്നവനാണ്. ഈ അടിമ നിന്റെ സമ്പത്ത് ഉപയോഗിക്കുന്നില്ല നീ നിന്റെ യജമാനന്റെ ആജ്ഞ അനുസരിക്കുന്നുമില്ല

ശകാരൻ:(ആത്മഗതം) ഈ തന്തപന്നി അധർമ്മത്തെ പേടിക്കുന്നു. ഈ അടിമ പരലോകത്തെ പേടിക്കുന്നു. ശ്രേഷ്ഠനായ ഞാൻ, രാജാവിന്റെ അളിയൻ, ഞാൻ ആരെ പേടിയ്ക്കണം? (ഉറക്കെ) എടാ അടിമേ, നീ പൊയ്ക്കോ ഏതെങ്കിലും കോണിൽ മറവിൽ പോയി വിശ്രമിക്ക്.

സ്ഥാവരകൻ: സ്വാമീ, ആജ്ഞ പോലെ. (വസന്തസേനയുടെ അടുത്ത് ചെന്ന്) ആര്യേ, ഇത്രയൊക്കെ ചെയ്യാനേ എനിക്ക് ശക്തിയുള്ളൂ.
(ഇതും പറഞ്ഞ് പോകുന്നു)

ശകാരൻ: (അരമുറുക്കി കെട്ടി) എടീ വസന്തസേനേ നിൽക്ക് നിന്നെ ഞാനിപ്പോൾ കൊല്ലും. നിൽക്ക് അവിടെ.

വിടൻ: എന്റെ മുന്നിൽ വെച്ച് നീ അവളെ കൊല്ലുമെന്നോ?
(ഇത് പറഞ്ഞ് ശകാരന്റെ കഴുത്തിനുപിടിയ്ക്കുന്നു)

ശകാരൻ:(താഴെ വീണ്) ശങ്ങാതി, സ്വാമിയെ കൊല്ലുന്നേ
(മോഹാലസ്യപ്പെട്ട് വീഴുന്നതായി നടിക്കുന്നു, ശേഷം ബോധം വന്ന പോലേയും)
എന്റെ മാംസവും നെയ്യും തിന്ന് തടിച്ച് കൊഴുത്ത താങ്കൾ ഇന്ന് കാര്യം കഴിഞ്ഞപ്പോൾ എന്റെ ശത്രു ആവുന്നതെന്തുകൊണ്ട്?

(ആലോചിച്ച്) ശരി. എനിക്കൊരു സൂത്രം തോന്നുന്നു. ഈ തന്തക്കുറുക്കൻ തലയിളക്കി അവൾക്ക് ആംഗ്യം കാണിച്ചിരിക്കുന്നു. അതിനാൽ ഞാൻ ഇവനെ ഓടിച്ച് വസന്തസേനയെ കൊല്ലാം. (ഉറക്കെ) ഞാൻ ഭവാനോട് പറഞ്ഞ കാര്യം എന്നെ പോലെ നല്ലകുലത്തിൽ ജനിച്ചവർ ചെയ്യാത്തതാണ്. ഞാനങ്ങനെ പറഞ്ഞത് വസന്തസേന എന്നെ സ്വീകരിക്കാനാണ്.

വിടൻ: കുലം പറഞ്ഞിട്ട് എന്ത് നേടാനാണ്? ഈ തെറ്റായ കാര്യം ചെയ്യാൻ സ്വഭവശീലം ആണ് കാരണം. മുൾച്ചെടിയും ഫലഭൂയിഷ്ടമായ പാടത്ത്  തഴച്ച് വളരും.

ശകാരൻ: ഭവാന്റെ മുന്നിൽ ഈ വസന്തസേനയ്ക്ക് നാണമുണ്ടാകുന്നു. അതിനാലാണവൾ എന്നെ സ്വീകരിക്കാത്തത്. അതിനാൽ താങ്കൾ പോകൂ. ഞാൻ സ്ഥാവരകനെ അടിച്ചോടിച്ചു. അവൻ ഓടിപ്പോയി. അതിനാൽ താങ്കൾ അവനെ പിടിച്ച് കൊണ്ടുവരൂ.

വിടൻ:(ആത്മഗതം) വസന്തസേന അവളുടെ അഭിമാനം കൊണ്ട് എന്റെ മുന്നിൽ ഇവനെ സ്വീകരിക്കാതിരിക്കുകയാകും. അതിനാൽ ഇവരെ തനിച്ചാക്കി വിട്ട് പോകാം. ഏകാന്തത്തിലും വിശ്വസ്ത സ്ഥലങ്ങളിലും മാത്രമേ കാമം ആനന്ദം തരുകയുള്ളൂ. (ഉറക്കെ) എന്നാൽ അങ്ങനെ തന്നെ. ഞാൻ പോകുന്നു.

വസന്തസേന: (വിടന്റെ വസ്ത്രത്തുമ്പ് പിടിച്ചുനിർത്തിക്കൊണ്ട്) ഞാൻ പറയുന്നു ഞാൻ അങ്ങയുടെ അടുക്കൽ ശരണം ചോദിക്കുന്നു.

വിടൻ: വസന്തസേന, പേടിയ്ക്കരുത്. എടാ തന്തയ്ക്ക്പിറക്കാത്തവനേ, വസന്തസേന നിന്റെ കയ്യിൽ എന്റെ ന്യാസമാണ്. (വിശ്വസിച്ച് സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന വസ്തു ആണ് ന്യാസം.ആദ്യ അങ്കമായ അലങ്കാരന്യാസം ഓർക്കുമല്ലൊ)

ശകാരൻ: ഒഹോ ഇവൾ എന്റെ കയ്യിൽ ന്യാസമായിത്തന്നെ ഇരിക്കും.

വിടൻ: സത്യം?

ശകാരൻ: സത്യം!

വിടൻ: (അൽപ്പദൂരം പോയി) അല്ലെങ്കിൽ ഞാൻ പോയിക്കഴിഞ്ഞാൽ ഈ ദുഷ്ടന് അവളെ കൊല്ലാൻ പറ്റും. അതിനാൽ ഞാനിവിടെ ഒളിച്ചിരുന്ന് ഇവനെന്തു ചെയ്യുന്നു എന്ന് നോക്കാം. (എന്ന് പറഞ്ഞ് ഒളിഞ്ഞിരിക്കുന്നു)

ശകാരൻ: ഞാനിവളെ കൊല്ലട്ടെ. അല്ല, ഈ വയസ്സൻ ബ്രാഹ്മണൻ എവിടെയെങ്കിലും ഒളിഞ്ഞിരുന്ന് കുറുക്കനെ പോലെ നോക്കി എന്നെ  വഞ്ചിക്കും. അതിനാൽ അവനെ പറ്റിക്കണം. (പൂക്കളറുത്ത് സ്വയം അണിയുന്നു.) പ്രിയേ വസന്തസേനേ വരൂ. എന്റടുക്കൽ വരൂ.

വിടൻ: ആഹാ. ഇവൻ ശരിക്കും കാമപരവശനായ കാമുകനായി തീർന്നിരിക്കുന്നു. എനിക്ക് സമാധാനമായി. അതിനാൽ ഇനി പോവുകതന്നെ (എന്ന് പറഞ്ഞ് പോകുന്നു)

ശകാരൻ: ഞാൻ നിനക്ക് സ്വർണ്ണം തരാം. നിന്നോട് സന്തോഷവർത്തമാനങ്ങൾ പറയാം. ഈ തലപ്പാവോടുകൂടെ നിന്റെ കാൽക്കൽ വീഴാം. മനോഹരമായ പല്ലുകൾ ഉള്ള വസന്തസേനേ, നീ എന്നിട്ടും എന്നെ സേവകനായി കണക്കാക്കുന്നില്ലേ? അയ്യോ മനുഷ്യന്റെ കാര്യം മഹാ കഷ്ടം തന്നെ.

വസന്തസേന: ഇതിലെന്ത് സംശയം? (ശിരസ്സ് താഴിത്തിക്കൊണ്ട് ബാക്കി പറയുന്നു) ദുഷ്ടാ നികൃഷ്ടജന്തൂ നിന്റെ ജാതകദോഷം തന്നെ. ധനം കാണിച്ച് എന്നെ പ്രലോഭിപ്പിക്കാനോ? സുചരിതനും വിശുദ്ധദേഹമുള്ളവനും ആയ താമരയെ വണ്ട് പരിത്യജിക്കുമോ? ദരിദ്രനെങ്കിലും കുലശീലനായ (കുലസദാചാരമുള്ളവൻ) പുരുഷൻ സേവനയോഗ്യനാണ്. കാരണം ഇത്തരം സദൃശന്മാരോട് ചേർന്ന സുരതം എന്നെ പോലെ ഗണികകൾക്ക് ശോഭയാണ്.
കൂടാതെ, തേന്മാവിനെ സേവിക്കുന്ന എനിക്ക് പലാശവൃക്ഷത്തെ അംഗീകരിയ്ക്കാൻ കഴിയില്ല. (പലാശം=രാക്ഷസനെന്നും അർത്ഥം)

ശകാരൻ: എടീ ദാസീപുത്രീ. നീ ആ ദരിദ്രവാസി ചാരുദത്തനെ തേന്മാവിനോട് ഉപമിച്ചു. എന്നിട്ട് എന്നെ പലാശവൃക്ഷത്തോടും ഉപമിച്ചു. കിംശുകവൃക്ഷം എന്ന് കൂടെ പറഞ്ഞില്ല. ഇങ്ങനെ എന്നെ ശകാരിച്ചുകൊണ്ടും നീ ആ ചാരുദത്തനെ ഓർമ്മിക്കുന്നു. (പലാശം, കിംശുകം=പ്ലാശ് അഥവാ മുരിക്ക് മരം)

വസന്തസേന: ഹൃദയത്തിൽ വസിക്കുന്നവൻ ആണ്. അവനെ ഞാൻ എന്തൊകൊണ്ട് ഓർമ്മിച്ചുകൂടാ?

ശകാരൻ: ഇന്നും നിനക്കും നിന്റെ ഹൃദയത്തിനും ചാരുദത്തന്റെ വർത്തമാനം മാത്രമേ ഉള്ളൂ എങ്കിൽ രണ്ടിനേം ഞാൻ കൊല്ലും. ദരിദ്രവാസിയുടെ കാമുകീ നിൽക്ക്. അവിടെ നിൽക്ക്.

വസന്തസേന: പറ.. ഇനിയും പറ.. ആ അക്ഷരങ്ങൾ ശ്ലാഖനീയങ്ങൾ ആണ്.

ശകാരൻ: ദാസീപുത്രീ നിന്നെ ആ ദരിദ്രവാസി ചാരുദത്തനെ രക്ഷിക്കുമെന്ന് നോക്കട്ടെ.

വസന്തസേന: അദ്ദേഹമെന്നെ കണ്ടിരുന്നെങ്കിൽ രക്ഷിക്കും തീർച്ച

ശകാരൻ: ചാരുദത്തന്റെ ആരാ ഇന്ദ്രനോ? അതോ ബാലിയുടെ മകൻ അംഗദനോ? മഹേന്ദ്രനാണോ? രംഭയുടെ മകൻ കാലനേമി ആണോ? അതുമല്ലെങ്കിൽ രാക്ഷസനായ സുബന്ധു ആണോ? അല്ലെങ്കിൽ രുദ്രനാണോ? ദ്രോണപുത്രൻ അശ്വത്ഥാമാവാണോ? ജടായു ആണോ? ത്രിശങ്കുവോ ദുന്ധുമാരനോ ആണോ അവൻ?
ഇനി അഥവാ നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ, മഹാഭാരതയുദ്ധത്തിൽ ചാണക്യൻ സീതയെ കൊന്ന പോലെ,അല്ലെങ്കിൽ ജടായു ദ്രൗപദിയെ കൊന്നപോലെ ഞാൻ നിന്നെ കൊല്ലും.
(എന്ന് പറഞ്ഞ് അടിയ്ക്കാനോങ്ങുന്നു)

വസന്തസേന: അമ്മേ. അമ്മയെവിടെ? ആര്യ ചാരുദത്താ അങ്ങെവിടെ ആണ്? ഈയുള്ളവൾ മനോരാജ്യം പൂർണ്ണമാക്കാതെ ഇവിടെ മരിക്കുന്നു. ഇനി ഞാൻ ഉറക്കെ കരയും. വസന്തസേന ഉറക്കെ നിലവിളിക്കുന്നു. ഇത് ലജ്ജാവഹമാണ്. ആര്യ ചാരുദത്തനു പ്രണാമം.

ശകാരൻ: ഇപ്പോഴും ഈ ഗർഭദാസി അവന്റെ പേരുപറയുന്നു. (എന്ന് പറഞ്ഞ് വസന്തസേനയുടെ കഴുത്ത് ഇറുക്കുന്നു) ഓർമ്മിക്കവനേ ഗർഭദാസീ ഓർമ്മിക്ക്.

വസന്തസേന: ആര്യ ചാരുദത്തനു നമസ്കാരം.

ശകാരൻ: ചാവെടീ ചാവ് (കഴുത്ത് ഞെക്കി കൊല്ലുന്നതായി അഭിനയിക്കുന്നു)
(വസന്തസേന ബോധം നഷ്ടപ്പെട്ട് നിശ്ചേഷ്ടയായി വീഴുന്നു)

ശകാരൻ: (സന്തോഷത്തോടെ) അസത്ത്, ധിക്കാരിയുമായ ഇവൾ മുന്നെ തന്നെ ചാരുദത്തനോടൊപ്പം രമിക്കാൻ ഈ ഉദ്യാനത്തിൽ വന്നു. അവനിൽ അനുരക്തനായതിനാൽ ആസന്നമൃത്യു ആയി ഇവിടെ എത്തി. അങ്ങനെ ഉള്ള ഈ വസന്തസേനയെ കൊന്ന എന്റെ കൈകളുടെ ശൂരതയെ എങ്ങിന വാഴ്തും? മഹാഭാരതത്തിൽ സീത മരിക്കുന്ന പോലെ ഇവളും ശ്വാസം മുട്ടി ചത്തു.
അവളെ കാമിക്കുന്ന എന്നെ ഈ വേശ്യപ്പെണ്ണ് ഇഷ്ടപ്പെട്ടില്ല. ആ ദേഷ്യം കൊണ്ട് പുഷ്പകരണ്ഡക ഉദ്യാനത്തിൽ വെച്ച് അവളെ ഞാൻ ശ്വാസം മുട്ടിച്ച് കൊന്നു. അവൾ പെട്ടെന്ന് ചത്തതിനാൽ, എന്റെ അച്ഛനും ദ്രൗപദിയെ  പോലെ ഉള്ള  എന്റെ അമ്മയ്ക്കും, എന്റെ ഈ വീരപരാക്രമം കാണാൻ സാധിച്ചില്ല.
ആകട്ടെ, ആ തന്തക്കുറുക്കൻ ബ്രാഹ്മണൻ ഇപ്പോൾ വരുമായിരിക്കും. അതിനാൽ ഇവിടെ നിന്ന് മാറിനിൽക്കുകയാകും ഉചിതം.
(മാറി ഇരിക്കുന്നു)

No comments:

Post a Comment