കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Friday, January 29, 2016

കഥാപാത്രങ്ങളും സ്വഭാവവിശേഷവും

പുരുഷന്മാർ
സൂത്രധാരൻ:

ചാരുദത്തൻ:
നായകൻ. ഉജ്ജയിനിയിലെ ഒരു നഗരവാസി. ബ്രാഹ്മണനായ കച്ചവടക്കാരൻ. ഉത്തമൻ, സാത്വികൻ, ദീനദയാലു ദാനശീലൻ ശരണാഗതവത്സലൻ, ഉദാരമതി, കുലീനൻ, കുലപ്രേമി, ആദർശവാദി, കലാപ്രേമി, ധർമ്മപാരായണൻ, സത്യവാൻ, ക്ഷമാശീലൻ, കാമുകൻ എന്ന് തുടങ്ങി സ്വഭാവഗുണങ്ങൾ. എന്നാൽ കർമ്മ-കർമ്മഫലത്തേക്കാൾ ഭാഗ്യത്തിൽ വിശ്വസിക്കുന്നവൻ.

വിദൂഷകൻ:
വിദൂഷകന്റെ പേർ മൈത്രേയൻ എന്നാണ്. ബ്രാഹ്മണനെങ്കിലും താഴ്ന്നബ്രാഹ്മണ കുലത്തിൽ ജനിച്ചവൻ. ഭക്ഷണപ്രിയൻ. ഭീരു. സുഹൃത്തിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവൻ/സൗഹൃദമാണ് ഏറ്റവും വലിയത് എന്ന് കരുതുന്നവൻ. ബ്രാഹ്മണരുടെ ധർമ്മങ്ങളിൽ അധികം വിശ്വസിക്കാത്തവൻ. ചിലസമയം വിഡ്ഢിയെപോലെ പെരുമാറുന്നവൻ.
ചാരുദത്തന്റെ അടുത്ത സുഹൃത്ത്.

ശകാരൻ:
പ്രതിനായകൻ. പാലകരാജാവിന്റെ അളിയൻ. നയകനായികമാർക്കുള്ള ഒരു ഗുണങ്ങളുടെ വിപരീതഗുണങ്ങൾ മാത്രമുള്ള ആൾ. കൂടാതെ അൽപ്പം കൊഞ്ഞപ്പടയും ഇല്ലാത്ത അറിവ് ഉണ്ട് എന്ന് കാണിക്കാനുള്ള പ്രദർശനമനോഭാവവും ഉണ്ട്. സംസാരത്തിൽ അക്ഷരസ്പുടത ഒട്ടും ഇല്ല. സംസാരത്തിൽ “ശ“ എന്ന ശബ്ദം കൂടുന്നതിനാൽ പേരുതന്നെ ശകാരൻ എന്നായി. സ്ത്രീകളെ കൊല്ലുന്നത് ശൂരത്വം എന്ന് വിശ്വസിക്കുന്നവൻ. പേടിത്തൊണ്ടൻ എങ്കിലും ധീരതനടിയ്ക്കുന്നവൻ.

വിടൻ1:
ശകാരന്റെ സഹചാരിയും കൂട്ടുകാരനും. പെൺകോന്തനെങ്കിലും ജ്ഞാനിയാണ്.

ശകാരന്റെ ഭൃത്യൻ:
സംസ്ഥാനകന്റെ ഭൃത്യൻ. സ്ഥാവരകൻ വണ്ടിക്കാരൻ

സംവാഹകൻ:
ചാരുദത്തന്റെ പൂർവ്വജോലിക്കാരൻ. സുഗന്ധലേപകൻ. ചൂതുകളിക്കാരൻ. പിന്നീട് ബുദ്ധഭിക്ഷു

മാഥുരൻ:
ചൂതുകളികേന്ദ്രത്തിന്റെ അധിപൻ. രാജസഭാംഗം

ദുർദുരകൻ:
മറ്റൊരു ചൂതുകളിക്കാരൻ

വർദ്ധമാനകൻ:
ചാരുദത്തന്റെ ഭൃത്യൻ. വണ്ടിക്കാരൻ.

ശർവിലകൻ:
ബ്രാഹ്മണൻ. പക്ഷെ കള്ളൻ. എന്നാലും വിശ്വസ്ത സുഹൃത്ത്. സൗഹൃദത്തെ അതിയായി മാനിക്കുന്നവൻ. ബുദ്ധിമാൻ. ഉജ്ജയിനി നഗരവാസി അല്ല. പുറത്ത് നിന്ന് വന്ന് രേഭിലൻ എന്ന ഗായകന്റെ ഗൃഹത്തിൽ താമസിക്കുന്നവൻ ആണ്. അൽപ്പം മുൻകോപി. എന്തിനും സ്വന്തം അഭിപ്രായമുണ്ട്.

ഭൃത്യൻ:
വസന്തസേനയുടെ ഭൃത്യൻ

ബന്ധുലൻ:
വേശ്യയുടെ പുത്രൻ. വസന്തസേനയുടെ ആശ്രിതനായ യുവാവ്

കുംഭിലകൻ:
വസന്തസേനയുടെ സേവകൻ

വിടൻ2:
വസന്തസേനയുടെ സഹചാരി

രോഹസേനൻ:
ചാരുദത്തന്റെ പുത്രൻ

ആര്യകൻ:
ഇടയയുവാവ്. ജയിൽവാസി. പിന്നീട് രാജാവ്

വീരകൻ:
നഗരപാലകൻ

ചന്ദനകൻ:
മറ്റൊരു നഗരപാലകൻ

ശോധനകൻ:
കോടതിയിലെ ജോലിക്കാരൻ

അധികരണികൻ:
ന്യായാധിപൻ

ശ്രേഷ്ഠി:
ന്യായം തീരുമാനിക്കാനുള്ള സഹായി

കായസ്ഥൻ:
തപാൽക്കാരൻ

ചണ്ഡാലൻമാർ (ഗോഹനെന്നും അഹിന്തനെന്നും പേരായ രണ്ട് പേരുണ്ടെങ്കിലും സംഭാഷണങ്ങൾ മിക്കതും രണ്ട് പേർക്കും കൂടിയാണ് ശൂദ്രകൻ എഴുതിയിരിക്കുന്നള്ളത്):
ചാതുർവർണ്ണാധിഷ്ഠിതമായ ജാതിവ്യവസ്ഥയിൽ പുറത്ത് നിൽക്കുന്നവൻ. വനവാസി. പറയൻ ദരിദ്രവാസി. തൊട്ടുകൂടാത്തവൻ

ജൂർണ്ണവൃദ്ധൻ:
ചാരുദത്തന്റെ സുഹൃത്ത്. അരങ്ങത്ത് വരുന്നില്ല
പാലകൻ: ഉജ്ജയിനിയിലെ രാജാവ്. അരങ്ങത്ത് വരുന്നില്ല
രേഭിലൻ:ഉജ്ജയിനിയിലെ ഒരു വ്യാപാരിയും ചാരുദത്തന്റെ സുഹൃത്തും നല്ലൊരു ഗായകനും ആണ്. അരങ്ങത്ത് വരുന്നില്ല
സിദ്ധൻ:ആര്യകൻ രാജാവാകും എന്ന് പ്രവചിക്കുന്ന മഹാത്മാവായ യോഗി

നടി:സൂത്രധാരന്റെ പത്നി.

വസന്തസേന:
നായിക. ഗണിക, നഗരവധു, വേശ്യ (പലതരത്തിലുമുള്ള വേശ്യകൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ദേവദാസികൾ അമ്പലങ്ങളിൽ ഡാൻസ് കളിക്കുകയും അമ്പലവട്ടത്ത് മാറ്റം വേശ്വാവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നവരായിരിക്കാം. എന്നാൽ വസന്തസേനപോലെ ഉള്ളവർ സമൂഹത്തിൽ ഉന്നതരായിരുന്നു. രാജസഭയിൽ അംഗവുമായിരുന്നു. വേശ്യകൾക്ക് സ്വകാര്യജീവിതം വിലക്കപ്പെട്ടതായിരുന്നു. വസന്തസേന ഗണിക, നഗരവധു എന്ന ഗണത്തിൽ കൂട്ടാം. അതുല്യമായ ധനസമ്പത്തിന്റെ ഉടമയാണ്. എന്നാൽ ധനാർത്തി ഇല്ലാത്തവൾ. പിശുക്കിയുമല്ല. വിദ്യാസമ്പന്നയാണ്. പ്രതിഭാശാലിനി, വിവിധ കലകളിൽ പ്രാവീണ്യമുള്ളവൾ. കാമുകി. ദീനാനുകമ്പ, ദാനശീലം തുടങ്ങിയ സർവ്വഗുണശാലിനി.

രദനിക:
ചാരുദത്തന്റെ ഭൃത്യ

ചേടി:
വസന്തസേനയുടെ ദാസി

മദനിക:
വസന്തസേനയുടെ പ്രിയപ്പെട്ട ദാസി. ശർവിലകന്റെ പ്രേമഭാജനം. സദ്സ്വഭാവി. വിശ്വസ്ഥ.

ധൂത:
ചാരുദത്തന്റെ ധർമ്മപത്നി. സദ്ഗുണസമ്പന്ന. പതിവ്രത. കുലീന. മൃച്ഛകടികം പ്രകരണത്തിലെ മറ്റൊരു നായിക എന്ന് പറയാം. അധികം പ്രത്യക്ഷപ്പെടുന്നില്ല എങ്കിലും.

ഛത്രധാരിണി:
വസന്തസേനയുടെ പരിചാരിക

വൃദ്ധ:
വസന്തസേനയുടെ അമ്മ

ആമുഖം


ഭാരതത്തിൽ അഭിനയകലയെ കുറിച്ച് ആദ്യസൂചന തരുന്ന ഗ്രന്ഥം പതഞ്ജലിയുടെ അഷ്ടദ്ധ്യായി മഹാഭാഷ്യമാണ് (കൃസ്തുവിനു മുൻപ് 500). അഞ്ചാം വേദമായ നാട്യശാസ്ത്രം എഴുതപ്പെടുമ്പോഴേയ്ക്കും ഭാരതത്തിൽ അങ്ങോളമിങ്ങോളം അഭിനയകലയും അതിന്റെ ആസ്വാദനവും  പുഷ്കിലമായിരുന്നു.

ഇന്ദ്രനും മറ്റ് ദേവതകളും ബ്രഹ്മാവിനെ ചെന്ന് കണ്ടു എന്നും ബ്രഹ്മാവിനോട് ജ്ഞാനം, ശൂദ്രനടക്കം എല്ലാ തരം ജനങ്ങൾക്കും എത്തുവാൻ പാകത്തിൽ ഒരു ഉപാധി ഉണ്ടാക്കി തരണം എന്നും അഭ്യർത്ഥിച്ചു. ശൂദ്രനു വേദം പഠിക്കാൻ പാടില്ലായിരുന്നു എന്ന് ഓർക്കുക. ബ്രഹ്മാവ്, ഋഗ്വേദത്തിൽ നിന്നും സംഭാഷണവും, സാമവേദത്തിൽ നിന്നും സംഗീതവും അനുകരണവിദ്യ യജുർവേദത്തിൽ നിന്നും വികാരങ്ങൾ അഥർവ്വവേദത്തിൽ നിന്നും എടുത്ത് അഞ്ചാം വേദമായ നാട്യകല ഉണ്ടാക്കി എന്നാണ് ഭരതമുനി പറയുന്നത്.

സംസ്കൃത നാടകങ്ങളിൽ സംഗീതവും സംഭാഷണവും മുദ്രകളും അനുകരണവിദ്യയും രസാഭിനയവും എല്ലാമുണ്ട്. മാനസികാവസ്ഥകളെ പ്രതിനിധീകരിക്കുന്ന അഭിനയസങ്കേതമാണ് സംസ്കൃതനാടകങ്ങളിൽ അധികവും. സ്ഥലസമയങ്ങൾ ഒരു പരിമിതിയല്ല. ചില സംഭവങ്ങൾ നടക്കുന്നത് സ്വർഗ്ഗത്തിലെങ്കിൽ മറ്റ് ചിലത് ഭൂമിയിലോ പാതാളത്തിലോ ആയിരിക്കും. സ്ഥലവും സമയവും മാറ്റാൻ ഒരു തിരശ്ശീലയ്ക്ക് കഴിയും.

സംസ്കൃതനാടകങ്ങൾ മിക്കതും അഭിനയിച്ചിരുന്നത് അറിവുള്ള സഹൃദയത്വമുള്ള പ്രേക്ഷകർക്ക് മുന്നില്ലായിരുന്നു. മിക്കതും ശുഭപര്യവസായിയായ നാടകങ്ങൾ ആണ്. ധീരോദാത്തൻ, വീരൻ എന്നീ ഗുണങ്ങൾ ഉള്ളതായിരിക്കും നായകൻ. മിക്കനാടകങ്ങളും സദാചാരം, മറ്റ് വേദകാര്യങ്ങൾ, സമൂഹത്തിൽ അന്ന് മാനിച്ചിരുന്ന കാര്യങ്ങൾ എന്നിവ പ്രചരിപ്പിക്കാനും ഉതകുന്ന തരത്തിൽ ഉള്ളവയുമാണ്. ഭാസനാടകങ്ങൾ ആണ് ഇന്ന് ലഭ്യമായതിൽ വെച്ച് ഏറ്റവും പഴക്കമേറിയ നാടകസാഹിത്യങ്ങൾ. ഭാസനാടകങ്ങൾ കേരളത്തിൽ ആയിരത്തിലധികം കൊല്ലങ്ങളായി കൂടിയാട്ടം എന്ന കലാരൂപത്തിലൂടെ നമുക്ക് ലഭ്യമാണ്.

സംസ്കൃതകാവ്യങ്ങൾ സാമാന്യമായി രണ്ടാക്കി തിരിക്കാം. 1) കാണുവാനുള്ളതും (ദൃശ്യം) 2) കേൾക്കുവാനുള്ളതും (ശ്രവ്യം). ദൃശ്യകാവ്യങ്ങൾ അഭിനയിക്കാനുള്ളതാണ്. അതിനു അരങ്ങും നടന്മാരും എല്ലാം ആവശ്യമാണ്. ഈ ദൃശ്യകാവ്യങ്ങളെ തന്നെ രൂപകങ്ങൾ എന്നും ഉപരൂപകങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. അതിൽ തന്നെ രൂപകങ്ങളെ പത്തായി തിരിച്ചിരിക്കുന്നു.

  1. നാടകം, 2) പ്രകരണം 3) ഭാണം 4) വ്യയോഗം 5) സമവാകരം 6) ഡിമം 7) ഈഹാമൃഗം 8) അങ്കം 9) വീഥി 10) പ്രഹസനം
(ഇവ മുകളിൽ എഴുതിയിരിക്കുന്നത് ശരിയായ സീക്വൻസിൽ അല്ല)

ഉപരൂപകങ്ങൾ പതിനഞ്ചായി തിരിച്ചിരിക്കുനു. കുറച്ച് വ്യത്യാസങ്ങൾ ഒഴിച്ചാൽ ഏകദേശം എല്ലാം ഒരുപോലെ തന്നെ. പൊതുവെ നമുക്ക് നാടകം എന്ന് തന്നെ വിളിക്കാം.

ഇതിൽ പ്രസിദ്ധമായ പ്രകരണങ്ങൾ:
  1. അവിമാരകം 2) മൃച്ഛകടികം 3) മാലതീമാധവം 4) മല്ലികാമാരുതം
എന്നിവയാണ്.

പ്രകരണം എന്നതിൽ കഥാതന്തു പുരാണങ്ങളിൽ നിന്നും അല്ലാതെ,  രചയിതാവിന്റെ സ്വന്തം ഭാവനയോ നാട്ടിൽ നടപ്പുള്ള കഥകളോ സംഭവങ്ങളോ (ലൗകീകം) ആയിരിക്കും. നാടകങ്ങളിലാകട്ടെ പുരാണപ്രസിദ്ധകഥകളായിരിക്കും കഥാതന്തു ആയിരിക്കുക. എന്നിരുന്നാലും നാടകത്തിലും പ്രകരണത്തിലുമൊക്കെ കഥാപാത്രസ്വഭാവങ്ങൾ ഏകദേശം ഒരുപോലെ തന്നെ ആണ്. നായകൻ സൽസ്വഭാവിയും ധീരപ്രശാന്തനുമായിരിക്കണം എന്ന് തുടങ്ങി പറയുന്ന കഥാപാത്രസ്വഭാവനിയമങ്ങൾ മൃച്ഛകടികം എന്ന പ്രകരണത്തിനും സ്വീകാര്യമാണ്.

ലഭ്യമായ പ്രകരണങ്ങളിൽ എന്തുകൊണ്ടും പ്രധാന്യമേറിയതാണ് ശൂദ്രകന്റെ മൃച്ഛകടികം. മൃച്ഛകടികം, മൺവണ്ടി എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് ഇത് കോഴിക്കോട് സർവ്വകലാശാലയിലെ എം. എ സംസ്കൃതം വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. 1926-ല്‍ എ ആര്‍ രാജരാജവര്‍മയും 1932-ല്‍ വരവൂര്‍ ശാമൂമേനോനും 1978-ല്‍ മേക്കാട്ട്‌ കേശവ പട്ടേരിയും ഈ നാടകം പരിഭാഷപ്പെടുത്തി. (http://idaneram.blogspot.com/2013/09/blog-post_4796.html) എങ്കിലും ഇന്നു ലഭ്യമായ ഏക പരിഭാഷ മേക്കാട്ട്‌ കേശവ പട്ടേരിയുടേതാണ്‌ എന്ന് തോന്നുന്നു. കേശവൻ പട്ടേരിയുടേതല്ലാത്ത പരിഭാഷകളുടെ ഒരു കോപ്പി പോലും എനിക്ക് തൃശൂർ സാഹിത്യ അക്കാദമി ലൈബ്രറിയിൽ കിട്ടിയില്ല. കൂടാതെ ഒരു കഥാസാരം മാത്രമടങ്ങിയ കുഞ്ഞുപുസ്തകവും ഞാൻ തൃശൂർ സാഹിത്യ അക്കാദമി ലൈബ്രറിയിൽ കാണുകയുണ്ടായി. അതിനാൽ തന്നെ എന്റെ ഈ പരിഭാഷ ഉദ്യമത്തിനു സാധൂകരണം ഉണ്ട് എന്ന് വിശ്വസിക്കുന്നു.

മൃച്ഛകടികം കെ.പി.എ.സി നാടകമാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു. ഗിരിഷ് കർണ്ണാടിന്റെ “ഉത്സവ്” എന്ന ഹിന്ദി സിനിമ ഇതിനെ അടിസ്ഥാനമാക്കിയതാണ് എന്ന് പറയുന്നുണ്ടെങ്കിലും അനവധി വ്യത്യാസങ്ങൾ മൂലകൃതിയായ മൃച്ഛകടികവും ‘ഉത്സവ്‘ എന്ന സിനിമയും തമ്മിലുണ്ട്. വേറേയുമുണ്ട് സിനിമകളും നാടകങ്ങളും. കൂടുതൽ എനിക്ക് അറിയില്ല.

മൃച്ഛകടികത്തിന്റെ രചയിതാവിനെ സംബന്ധിച്ച് അനവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. അതിനുപ്രധാനകാരണം ശൂദ്രകൻ എന്ന ആളെഴുതിയ മറ്റ് രചനകൾ ഇതുവരെ കണ്ടെടുത്തിട്ടില്ല എന്നത് തന്നെ ആണ്. കൂടാതെ മൃച്ഛകടികത്തിൽ രചയിതാവിനെ പറ്റി പറയുന്ന ഭാഗങ്ങൾ വിദ്വാന്മാർക്ക് സംശയാസ്പദമായും നിലകൊള്ളുന്നു. എന്നിരുന്നാലും ചിലത് സൂചിപ്പിക്കട്ടെ

കാളിദാസന്റേം ഭവഭൂതിയുടേയും മുന്നേയും ഭാസനുശേഷമോ സമകാലിനനോ ആയി ജീവിച്ചിരുന്നിരുന്ന വ്യക്തി ആണ് ശൂദ്രകൻ എന്ന് പൊതുവെ സമ്മതിച്ച കാര്യമാണ്. എന്നാലും അഭിപ്രായഭേദങ്ങളുമുണ്ട്. ദണ്ഡിയുടെ ദശകുമാരചരിതത്തിലെ വർണ്ണനകളുമായി മൃച്ചകടികവർണ്ണനകൾ ഒത്ത് ചേരുന്നതിനാൽ ദണ്ഡിയാണ് കർത്താവ് എന്ന് വാദിക്കുന്നവരുമുണ്ട്.
ഭാസന്റെ ചാരുദത്തം (നാലദ്ധ്യായങ്ങളേ കണ്ട് കിട്ടിയിട്ടുള്ളൂ) ഇതേ കഥ പറയുന്നതിനാൽ ഭാസന്റെ രചനയായി കണക്കാക്കുന്നവരും ഉണ്ട്.

അജ്ഞാതനാമാവ് ആണെഴുതിയിരിക്കുന്നത് എന്നും ശൂദ്രകൻ എന്ന പേരിൽ ഒരാളില്ല എന്നും പറയുന്നു. കൃതിയ്ക്ക് പ്രചാരം കിട്ടാൻ വേണ്ടി കാളിദാസനും വളരെ മുന്നേ ഉള്ള ശൈലി സ്വീകരിച്ച് കാളിദാസനുശേഷമുള്ള ഒരാൾ എഴുതി പ്രസിദ്ധീകരിച്ചതാവാം എന്നും പറയുന്നു
ശൂദ്രരായവർ രാജാവിന്റെ വിശ്വസ്തസേവകന്മാരാകുന്നു. ബ്രാഹ്മണൻ വേശ്യയെ സ്നേഹിക്കുന്നു. ബ്രാഹ്മണൻ മോഷണം ചെയ്യുന്നു രാജാവിനെതിരെ ജനങ്ങൾവിപ്ലവം നടത്തി ഒരു ഇടയൻ രാജാവാകുന്നു എന്നിത്യാദി എഴുതിയതിനാൽ എഴുതിയ ആൾ രാജാവുമായതിനാൽ ശരിക്കുള്ള പേരുവെച്ചാൽ നാശമാകും ഫലം. മാത്രമല്ല കഥ ഭാസന്റെ ചാരുദത്തവുമായി യോജിക്കുന്നുമുണ്ട്. അപ്പോൾ കഥ മോഷ്ടിച്ചു എന്നും പേരുവരാം. അതിനാൽ യഥാർത്ഥപേർ മറച്ച് വെച്ച് ശൂദ്രകൻ എന്ന തൂലികാനാമം സ്വീകരിച്ചു എന്നും പറയപ്പെടുന്നു.

നാട്യശാസ്ത്ര/ദശരൂപക നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല ഈ പ്രകരണത്തിൽ. നാട്യശാസ്ത്രനിയമപ്രകാരം വധം അരങ്ങത്ത് വിലക്കിയിരിക്കുന്നു. എന്നാൽ ഇതിൽ നായകനെ തന്നെ വധിക്കാൻ തുടങ്ങുന്ന രംഗം കാണാം. കൃതിയുടെ പേർ നായകനേയോ നായികയേയോ സംബന്ധിച്ച് ആകണം എന്ന് ശാസ്ത്രം പറയുന്നു. എന്നാൽ ഈ കൃതിയുടെ പേർ അതിന്റെ കഥാതന്തുവിന്റെ പരിണാമത്തിലെ ഒരു പ്രധാനസംഭവവുമായി ബന്ധപ്പെടുത്തി ആണ്.  കുലസ്ത്രീയും വേശ്യയും ഒരുമിച്ച് അരങ്ങിൽ വരരുത്. എന്നാൽ ഈ പ്രകരണത്തിൽ അവർ ഒരുമിച്ച് വരുന്നുമുണ്ട് ആലിംഗനം ചെയ്യുന്നുമുണ്ട്. അതിനു കാരണം ഇത്തരം നിയമങ്ങൾ എല്ലാം മൃച്ഛകടികം എഴുതി കഴിഞ്ഞതിനു ശേഷം വന്നതോ അംഗീകരിക്കപ്പെട്ടതോ ആകാം അതുമല്ലെങ്കിൽ ഇത്തരം നിയമങ്ങൾ എഴുതിയവർ ഈ പ്രകരണത്തെ കാര്യമാക്കി എടുത്തുകാണില്ല എന്നും അനുമാനിക്കാം.

മൃച്ഛകടികത്തിന്റെ രചനാകാലം കൃസ്തുവിനു മുൻപ് 500 മുതൽ ശേഷം ഒന്നാം നൂറ്റാണ്ട് വരെ എന്ന് ഏകദേശം കണക്കാക്കുന്നു. കൃസ്തുവിനു മുൻപ് മൂന്നാം നൂറ്റണ്ടു മുതൽ കൃസ്തുവിനു ശേഷം അഞ്ചാം നൂറ്റാണ്ടുവരെ ഉള്ള ഏതെങ്കിലും ഒരു കാലത്ത് ആകാം ശൂദ്രകൻ ജീവിച്ചിരുന്നത് എന്ന് ഇംഗ്ലീഷ് വിക്കിപീഡിയ പറയുന്നു.  

ശൂദ്രകൻ ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ആളായാരിക്കണം എന്ന് മൃച്ഛകടികം പ്രകരണത്തിലെ “ഭഗവതി സഹ്യവാസിനി” തുടങ്ങിയ പ്രയോഗങ്ങളെക്കൊണ്ട് മനസ്സിലാക്കാം. ദക്ഷിണഭാരതത്തിൽ കാർത്തികേയനെ (സുബ്രഹ്മണ്യനെ) കള്ളന്മാരുടെ ദൈവമായി കരുതിയിരുന്നു. ഈ കൃതിയിൽ ചോരനായ ശർവിലാകൻ കാർത്തികേയനെ സ്തുതിയ്ക്കുന്നത് കാണാം. താരകാസുരനെ വധിക്കാനായി ക്രൗഞ്ചമലതുരന്നു എന്നതാണ് അതിനുകാരണമായി പറയപ്പെടുന്നത്.

ഈ ജനുസ്സിൽ പെട്ടതിൽ കണ്ടെടുക്കപ്പെട്ട ഒരേ ഒരു കൃതിയാണ് മൃച്ഛകടികം. മൃച്ഛകടികം എന്നാൽ മണ്ണുകൊണ്ട് ഉണ്ടാക്കിയ വണ്ടി എന്ന് മലയാളത്തിൽ അർത്ഥം പറയാം.  എന്താണ് ഈ പ്രകരണത്തിനു പ്രത്യേകത എന്ന് എന്റെ തോന്നലുകൾ കൂടെ പങ്ക് വെയ്ക്കട്ടെ.:

ജാതിവ്യവസ്ഥ ഇല്ലാത്ത ഭാരതത്തെ പറ്റി നമുക്ക് കേട്ടറിവ് പോലും ഇല്ല. അത്ര പഴയതും രൂഢമൂലമായതുമായ ഒരു സംഗതി ആണ് ജാതിവ്യവസ്ഥ. നമ്മളറിയുന്ന ജാതിവ്യവസ്ഥയിൽ നിന്നും മൃച്ഛകടികത്തിൽ പ്രതിപാദിക്കുന്ന ജാതിവ്യവസ്ഥ മാറ്റമുണ്ടായിരിക്കാം. കാരണം ശൂദ്രനു അറിവ് നിഷിദ്ധമാണ്. എന്നാൽ മൃച്ഛകടികം രചയിതാവിന്റെ പേരുതന്നെ ശൂദ്രകൻ എന്നാണ്. മാത്രമല്ല അദ്ദേഹം രാജാവുമായിരുന്നു എന്ന് പ്രകരണത്തിന്റെ തുടക്കത്തിൽ പറയുന്നു. (ഈ ഭാഗങ്ങൾ ഞാൻ തർജ്ജുമ ചെയ്തിട്ടില്ല.) കൂടാതെ മോഷ്ടാവായ ബ്രാഹ്മണൻ,നായകൻ ആയി വേശ്യയെ പ്രേമിയ്ക്കുന്ന ബ്രാഹ്മണൻ, ബ്രാഹ്മണനെ ചീത്ത പറയുന്ന മറ്റ് ജാതിക്കാർ, ബ്രാഹ്മണർ തന്നെ പല തട്ടുകളിലുമായി ഉണ്ടായിരുന്നു എന്ന് തോന്നിക്കുന്ന വിധത്തിൽ വിദൂഷകബ്രാഹ്മണൻ എന്ന കഥാപാത്രം. തോൽപ്പണിക്കാർ, രാജാവിന്റെ വിശ്വസ്തസേവകർ ആയി കുലത്തൊഴിൽ വിട്ട് മറ്റ് പണികൾ ചെയ്യുന്നു. ഇതിലെ ചണ്ഡാലന്മാരുടെ സംഭാഷണം ശ്രദ്ധിച്ചാൽ അവർ വിദ്യഭ്യാസമുള്ളവർ ആണെന്ന് ഉറപ്പ് പറയാം. വൈദികധർമ്മം പ്രചാരത്തിൽ ഉണ്ടായിരുന്നു. ബുദ്ധധർമ്മവും പ്രചാരത്തിൽ ഉണ്ടെങ്കിലും പൊതുവെ ബുദ്ധഭിക്ഷുവിന്റെ ദർശനം അപശ്ശകുനമായി കണക്കാക്കുന്നതായി കൃതിയിൽ കാണുന്നു.

മൈത്രേയൻ (വിദൂഷകൻ) നികൃഷ്ട ബ്രാഹ്മണകുലത്തിൽ ജനിച്ചവൻ ആണ്. പാമ്പുകൾക്കിടയിൽ നീർക്കോലി പോലെ എന്ന് മൈത്രേയൻ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. അതായത് ബ്രാഹ്മണരിൽ തന്നെ ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നിരിക്കാം. ശർവിലാകൻ ബ്രാഹ്മണനെങ്കിലും മോഷ്ടാവ് ആണല്ലൊ. ശർവിലാകനു വേശ്യാസംസർഗ്ഗം ഉണ്ടായതുകൊണ്ടായിരിക്കാം വസന്തസേനയുടെ തോഴിയായ രദനികയും ആയി പ്രേമത്തിൽ ആയത്.

കൂടാതെ, ഭരിച്ചിരുന്ന രാജാവിനെ വധിച്ച് ഒരു ഇടയബാലൻ രാജാവാകുന്ന ജനങ്ങളുടെ അട്ടിമറിക്കഥ അല്ലെങ്കിൽ വിപ്ലവം കൂടെ ഉണ്ട് കഥാതന്തുവിന്റെ പശ്ചാത്തലത്തിൽ. ആ ഭരണമാറ്റം വളരെ പ്രധാനവുമാണ് ഈ പ്രകരണത്തിൽ.

ജാതിവ്യവസ്ഥ വേരുപിടിക്കുന്നതിനും മുൻപ് ഉള്ള കാലഘട്ടമായിരിക്കാം കൃതിയിലെ കാലഘട്ടം എന്നും അനുമാനിക്കാവുന്നതാണ്. ബുദ്ധഭിക്ഷുക്കൾ ജനസമ്മതരായിരുന്നു. ജനിച്ച ജാതിയിൽ നിന്നും വിഭിന്നമായ തൊഴിൽ സ്വീകരിച്ചിരുന്നു. (പാലക) രാജാവ് ക്ഷത്രിയനാണോ അല്ലയോ എന്ന് പറഞ്ഞിട്ടില്ല. ശൂദ്രനെങ്കിലും ഉയർന്നപദവി വഹിക്കാമായിരുന്നു. (ചന്ദനകനും വീരകനും തോൽപ്പണിക്കാരായിരുന്നു എന്ന് ഓർക്കുക). സതി അനുഷ്ഠിച്ചിരുന്നു. അടിമത്തവും ഉണ്ടായിരുന്നു.

അറിയപ്പെടുന്ന ദളിത് പക്ഷരചനകളിൽ ഏറ്റവും ആദ്യത്തേത് മൃച്ഛകടികം ആയിരിക്കാം എന്ന് ഉദ്ഘോഷിക്കുന്നവരുമുണ്ട്.  

വ്യത്യാസം കൃത്യമാണ്.. എല്ലാവരും പുരാണവും പുരാണകഥകളും പറയുമ്പൊൾ ഈ മൃച്ഛകടികമെഴുതിയ ശൂദ്രകൻ (പേരുതന്നെ ശ്രദ്ധിക്കുക, ക്ഷത്രിയൻ എന്ന് കവിയെ പറ്റി പറയുമ്പോൾ സൂത്രധാരൻ ശൂദ്രകനെ വിശേഷിപ്പിക്കുന്നുണ്ട്.) പുരാണത്തിന്റെയോ മറ്റ് വ്യവസ്ഥാപിതമായ ഒരു കഥയുടേയും പിന്നാലെ പോകാതെ അവനവന്റെ ഭാവന (അത് നമക്ക് കൃത്യമായി പറയാൻ ഇന്ന് പറ്റില്ല. കാരണം രേഖപ്പെടുത്തുന്നത് രാജാക്കന്മാരുടെ കാര്യം മാത്രമല്ലേ ഉള്ളൂ. ചെലപ്പോൾ അന്ന് നടന്നതുമാകാം.) ഉപയോഗിച്ച് വ്യവസ്ഥാപിതമാർഗ്ഗങ്ങൾക്ക് എതിരെ നടന്ന് രംഗാഭിനിയം നടത്തി വിജയിച്ചിട്ടുണ്ടാകാം. മൃച്ഛകടികത്തിൽ മറ്റ് കൃതികളിൽ കാണാത്തതരത്തിൽ പ്രാകൃതം ഉപയോഗിച്ചിട്ടുണ്ട് ശൂദ്രകൻ. പ്രാകൃതം തന്നെ ശൗരസേനി, അവന്തിജ, പ്രാച്യ. മാഗധി, ശകാരി തുടങ്ങിപലവിധമുണ്ട്. മിക്കതും ഇതിൽ പ്രയോഗിക്കപ്പെടുന്നുമുണ്ട്.  സംസ്കൃതം സാധാരണ പണ്ഡിതന്മാർക്ക് മാത്രമുള്ള ഭാഷയാണ്. പ്രാകൃതമാണ് നടപ്പ് സാധാരണ ഭാഷ. (സംസ്കൃതം പറയുന്ന സ്ത്രീ പാട്ട് പാടുന്ന പുരുഷൻ രണ്ടും സഹിക്കില്ല എന്ന് വിദൂഷകൻ ഒരിടത്ത് ഇതിൽ പറയുന്നുണ്ട്.) ഇത്രയും പ്രാകൃതം ഉപയോഗിക്കണമെങ്കിൽ ഇത് സാധാരണ ജനങ്ങൾ കണ്ട് ആസ്വദിച്ചിരുന്നതായി നമുക്ക് അനുമാനിക്കാം. അറിയപ്പെടുന്ന സംസ്കൃതനാടകങ്ങൾ തനതായ രീതിയിൽ ആസ്വദിക്കാൻ സംസ്കൃതം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഓർക്കുക.

എന്റേത് കൃത്യമായ പരിഭാഷ ആണെന്ന് ഞാൻ അവകാശപ്പെടില്ല എന്ന് മാത്രമല്ല, ഇത് മൂലകൃതിയിലേക്ക് ഒരു സൂചകം മാത്രമേ ആകുന്നുള്ളൂ എന്ന് പറയുകയും ചെയ്യുന്നു. മൂലകൃതിയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകൾ ഇന്റെർനെറ്റിൽ സൗജന്യമായി ലഭ്യമാണ്. എന്നാൽ അമ്മ മലയാളത്തിൽ ലഭ്യമല്ല. മലയാളത്തിൽ കഥ പറഞ്ഞുതന്ന് മൂലകൃതി വായിക്കാൻ പ്രേരിപ്പിക്കുമെങ്കിൽ അത്രയും നല്ലത് എന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ.

ഈ കൃതി കുറ്റവിമുക്തമാണെന്ന് പറയാൻ സാധിക്കില്ല. ആദ്യമാദ്യം മെല്ലെ മെല്ലെ നീങ്ങുന്ന കഥാ തന്തു പിന്നീട് ത്വരിതമായി അവസാനത്തെ ഒരു അദ്ധ്യായം സംഭവബഹുലമാക്കിയിട്ടുണ്ട്. ഇത് ഒരു കുറവല്ല എങ്കിലും വായിക്കുന്ന സമയത്ത് നമുക്ക് പല കുറവുകളും അനുഭവപ്പെടാം. എന്നിരുന്നാലും ഈ ജനുസ്സിൽ പെട്ട ഇത്രയും നല്ല മറ്റൊരു കൃതി ഇല്ല എന്ന് തന്നെ പറയാം.

ഞാൻ അവലംബിച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ:

  1. മൃച്ഛകടികം. ഭാവപ്രകാശിക സംസ്കൃത-ഹിന്ദി വ്യാഖ്യാനം. പ്രൊഫ:ജയശങ്കർലാൽ ത്രിപാഠി.
കൃഷ്ണദാസ് സംസ്കൃതി സീരീസ്, കൃഷ്ണദാസ് അക്കാദമി, വാരണാസി.

      2)  ദ ലിറ്റിൽ ക്ലേ കാർട്ട് - ഇംഗ്ലീഷ് പരിഭാഷകൻ: ആർതർ വില്യം റൈഡർ.
           ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരണം

      3)  ദ മൃച്ഛകടി ഓർ ദ ടോയ് കാർട്ട് - ഇംഗ്ലീഷ് പരിഭാഷകൻ: ഹോരസ് ഹൈമൻ വിൽസൻ
           വി ഹോൾക്രോഫ്റ്റ്, ഏഷ്യാറ്റിക് പ്രസ്സ്, കൽക്കട്ട

      4)  മൃച്ഛകടികം - മലയാളം പരിഭാഷകൻ - മേക്കാട്ട് കേശവ പട്ടേരി

ഇതിൽ ആദ്യമൂന്നെണ്ണം സൗജന്യമായി ഇന്റെർനെറ്റിൽ ലഭ്യമാണ്.

ഒന്നാം അങ്കം - ഭാഗം 1 നാന്ദിയും ആമുഖപ്രസ്താവനയും


നാന്ദി
പര്യങ്കം ചേർത്ത് അണിഞ്ഞ സർപ്പങ്ങളും പഞ്ചവായുവിനേയും നിർത്തി വിഷയജ്ഞാനശൂന്യമായ ഇന്ദ്രിയങ്ങളേയും അടക്കി യഥാർത്ഥജ്ഞാനം അവനവനിൽ നിറഞ്ഞ് കാരണങ്ങളില്ലാത്ത അനുഭവങ്ങൾ തരുന്ന നിരാകാരമായ ബ്രഹ്മത്തിൽ ലയിച്ച് സമാധി കൊള്ളുന്ന ആ ശ്രീ ശങ്കരമഹാദേവൻ നിങ്ങളെ ഏവരേയും രക്ഷിക്കട്ടെ!

മാത്രമല്ല,

ഏതൊരു കഴുത്തിലാണോ ഭഗവതി പാർവ്വതീദേവി തന്റെ വള്ളീലതകൾക്ക് സമാനമായ, മിന്നലിനെ പോലെ ശോഭിക്കുന്ന, കൈകൾ കൊണ്ട് ചുറ്റിയിരിക്കുന്നത് ആ നീലകണ്ഠനായ ഭഗവാൻ എല്ലാ പ്രേക്ഷകരേയും രക്ഷിക്കട്ടെ.

നാന്ദി സമാപിച്ചശേഷം,
സൂത്രധാരൻ പ്രവേശിക്കുന്നു

സൂത്രധാരൻ: പ്രേക്ഷകരുടെ ക്ഷമനശിപ്പിക്കുന്ന വിധത്തിൽ ഇത് (നാന്ദി) തുടരേണ്ടതില്ല. മാന്യസദസ്സിനു വന്ദനം, ഞങ്ങൾ “മൃച്ഛകടികം“ എന്ന പേരുള്ള പ്രകരണം ഇന്ന് ഇവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ രചയിതാവ് കവി-

ഗജരാജഗാംഭീര്യത്തോടെ നടക്കുന്ന, ചകോരപക്ഷികളെ പോലെ സുന്ദരമായ കണ്ണുകൾ ഉള്ള, പൂർണ്ണചന്ദ്രനെ പോലെ ശോഭിയ്ക്കുന്ന മുഖസൗന്ദര്യമുള്ള, സുന്ദരശരീരനായ, അസാമാന്യ ബലവാനായ, ദ്വിജശ്രേഷ്ഠനായ “ശൂദ്രകൻ“ എന്ന പേരിൽ പ്രസിദ്ധൻ ആണ്.
(ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ഉപനയനം ഉണ്ട്. അതിനാൽ ഇവരെല്ലാവരേയും ദ്വിജൻ എന്ന് പറയാമെന്ന് മനു)

ഇതും കൂടെ,
കവി ശൂദ്രകൻ ഋഗ്വേദം, സാമവേദം, ഗണിതശാസ്ത്രം, ജ്യോതിഷം, എന്നിവയിൽ മാത്രമല്ല അറുപത്തിനാലുകളകളിലും നാട്യശാസ്ത്രത്തിലും ഹസ്തിശാസ്ത്രത്തിലും പ്രാവീണ്യം നേടി, ഭഗവാൻ ശങ്കരമഹാദേവന്റെ കാരുണ്യം കൊണ്ട് ജ്ഞാനം സിദ്ധിച്ച് അശ്വമേധയജ്ഞം നടത്തി നൂറുകൊല്ലവും പത്ത് ദിവസവും ആയുസ്സുനേടി തന്റെ പുത്രനെ രാജ്യഭരണം ഏല്പിച്ച്,  അഗ്നിയിൽ പ്രവേശിച്ചവനാകുന്നു.

ഇതും കൂടെ,

യുദ്ധം ഇഷ്ടപ്പെടുന്നവൻ, വേദജ്ഞരിൽ പ്രമുഖൻ, തപസ്വി, ശത്രുഗജങ്ങളുമായി ലോഭമില്ലാതെ യുദ്ധം ചെയ്യുന്നവനുമായ രാജാവായിരുന്നു ശൂദ്രകൻ.

പിന്നെ അദ്ദേഹത്തിന്റെ ഈ രചനയിൽ

ബ്രാഹ്മണശ്രേഷ്ഠനായ വ്യാപരം ചെയ്ത് ധനംസമ്പാദിച്ച എന്നാൽ ദാനധർമ്മാദികളാൽ ദാരിദ്ര്യം അനുഭവിക്കുന്ന നിർധനനായ ചാരുദത്തൻ എന്ന യുവബ്രാഹ്മണൻ ഉജ്ജയിനി നഗരത്തിൽ വസിച്ചിരുന്നു. ചാരുദത്തന്റെ ദയാദാക്ഷിണ്യാദി സദ്ഗുണങ്ങളെ കൊണ്ട് അദ്ദേഹത്തിൽ അനുരക്തയായ അതിസുന്ദരിയായ വസന്തകാലത്തെ പോലെ ശോഭിക്കുന്ന വസന്തസേന എന്ന പേരുള്ള ഗണികയും ഉജ്ജയിനിയിൽ തന്നെ വസിച്ചിരുന്നു.

ഇവരുടെ ഉത്കൃഷ്ടമായ കാമം, നിയമത്തിന്റെ ഗതി, വ്യവഹാരനിർണ്ണയത്തിന്റെ അപാകത, ദുഷ്ടന്മാരുടെ സ്വഭാവങ്ങൾ എന്നിവയെല്ലാം ഈ കൃതിയിൽ ശൂദ്രകരാജാവ് എഴുതി ചേർത്തിരിക്കുന്നു.

(ചുറ്റിനടന്ന് നാലുചുറ്റും നോക്കിയിട്ട്)
അല്ല, നമ്മുടെ സംഗീതശാലയിൽ ആരുമില്ലല്ലൊ. അഭിനേതാക്കളൊക്കെ ഈ സമയം എവിടെ പോയിരിക്കും? (ഓർത്തിട്ട്) ങ്ഹാ.. ഓർമ്മ വന്നു.

സന്താനങ്ങൾ ഇല്ലെങ്കിൽ വീട് ശൂന്യമാണ്. നല്ലസുഹൃത്തില്ലാത്തവനു അനവധി ശൂന്യം മൂർഖനു സർവദിക്കുകളും ശൂന്യം. ദരിദ്രനാകട്ടെ ലോകം തന്നെ ശൂന്യം.

ഞാൻ ഗീതനൃത്തവാദ്യങ്ങളുടെ കാര്യം ചെയ്തു കഴിഞ്ഞു. ദീർഘനേരമായ സംഗീതാഭ്യസനം കൊണ്ട്, വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന സൂര്യരശ്മികൾ ഏറ്റ് ഉണങ്ങിവരണ്ട താമരവിത്തുകളെ പോലെ  വിശന്ന് വലഞ്ഞ എന്റെ കണ്ണുകൾ ബ്ട്ബ്ട് ശബ്ദിക്കുന്നു. അതിനാൽ വീട്ടുകാരിയെ വിളിച്ച് ജലപാനം വല്ലതുമുണ്ടോ എന്ന് ചോദിക്കുക തന്നെ. മാന്യജനങ്ങളെ ഇനി ഞാൻ കാര്യവശത്താലും പ്രയോഗവശം കൊണ്ടും പ്രാകൃതം സംസാരിക്കുന്നവനായി മാറിയിരിക്കുന്നു.
(സ്ത്രീകളോട് പ്രാകൃതത്തിലേ സംസാരിക്കാവൂ എന്ന് നാടകനിയമം. സൂത്രധാരൻ പിന്നീട് നാടകത്തിലെ വിദൂഷകനായിമാറുമ്പോൾ പ്രാകൃതം ആണ് സംസാരഭാഷ. ഇതും നാടകനിയമമാണ്. പ്രാകൃതത്തിൽ സംസാരിക്കുമ്പോൾ സാധാരണജനങ്ങൾക്കും ആശയം മനസ്സിലാവുന്നു എന്നതാണ് കാരണം.)

കഷ്ടം കഷ്ടം. കുറെ നേരം സംഗീതം അഭ്യസിച്ചതുകൊണ്ട് എന്റെ സമസ്ത അംഗങ്ങളും ഉണങ്ങിയ താമരനാരുപോലെ ആയിത്തീർന്നിരിക്കുന്നു. അതിനാൽ വീട്ടിൽ ചെന്ന് എന്റെ പത്നി കഴിയ്ക്കാനെന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയുക തന്നെ. (നാലുചുറ്റും നടന്ന്, നോക്കിയിട്ട്) ഇതാ എന്റെ വീട്. വീട്ടിൽ കയറട്ടെ. (പ്രവേശിച്ച്, നോക്കിയിട്ട്) ആശ്ചര്യം തന്നെ. മറ്റെന്തോ കാര്യത്തിനായി എന്റെ വീട്ടിൽ ഒരുക്കങ്ങൾ നടക്കുന്നു. അരികഴുകിയ വെള്ളം നിറഞ്ഞൊഴുകുന്നു. കരിപിടിച്ച ചെമ്പ് പാത്രം ഉരച്ച് കഴുകിയതിനാൽ ഭൂമി പൊട്ടുതൊട്ട യുവതിയേ പോലെ അത്യധികം നന്നായി തോന്നിയ്ക്കുന്നു. തിളച്ച നെയ്യിന്റെ വാസനയാൽ എന്റെ വിശപ്പ് ഇരട്ടിയ്ക്കുന്നു. ഇനി വല്ല നിധിയും കിട്ടിയോ എന്നാവോ! അല്ലെങ്കിൽ വിശപ്പ് സഹിക്കാൻ വയ്യാത്ത ഞാൻ  ലോകം മുഴുവൻ ഭക്ഷണം നിറഞ്ഞതായി കാണുകയാണോ? (എവിടെ നോക്കിയാലും ഭക്ഷണം മാത്രമേ കാണൂ, മഞ്ഞക്കണ്ണട ധരിച്ചവനെ പോലെ). നമ്മുടെ വീട്ടിൽ പ്രാതൽ ഉണ്ടാ‍ാകില്ല, ഉറപ്പ്. വിശപ്പ് എന്റെ പ്രാണനെടുക്കുന്നപോലെ എന്നെ കഷ്ടപ്പെടുത്തുന്നു.  ഇവിടെ എല്ലാം പുതുതായ ഒരുക്കം പോലെ കാണുന്നു. ഒഹൊ! ഒരുത്തി ഇതാ സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കുന്നു. മറ്റൊരുത്തി പൂമാലകോർക്കുന്നു. (ആലോചിച്ച്) എന്താണിവിടെ നടക്കുന്നത്? അല്ലെങ്കിൽ നമുക്ക് വീട്ടുകാരിയെ വിളിച്ച് വാസ്തവം അന്വേഷിക്കാം. (അണിയറയിലേക്ക് നോക്കി.) ആര്യേ .. ഇങ്ങോട്ടൊന്ന് വരൂ.

നടി:(പ്രവേശിച്ച്) ആര്യ, ഞാനിതാ വന്നു.

സൂത്രധാരൻ: സ്വാഗതം ആര്യേ

നടി: ആര്യ, ആജ്ഞാപിച്ചാലും. താങ്കളുടെ ഏത് ആജ്ഞയാണ് ഞാൻ നിറവേറ്റേണ്ടത്?

സൂത്രധാരൻ: ആര്യേ, കുറെ നേരം സംഗീതം അഭ്യസിച്ചതുകൊണ്ട് എന്റെ സമസ്ത അംഗങ്ങളും ഉണങ്ങിയ താമരനാരുപോലെ ആയിത്തീർന്നിരിക്കുന്നു. നമ്മുടെ വീട്ടിൽ ഭക്ഷ്യയോഗ്യമായ എന്തെങ്കിലും ഉണ്ടോ ഇല്ലയോ?
നടി: എല്ലാമുണ്ട്

സൂത്രധാരൻ: എന്തൊക്കെ ഉണ്ട്?

നടി: ശർക്കരപ്പായസം,തൈര്,നെയ്യ് എന്നിങ്ങനെ ആര്യനു ഇഷ്ടമായതെല്ലാം ഉണ്ട്. ഇപ്രകാരം ദേവതകൾ താങ്കളെ ആശീർവദിക്കട്ടെ.

സൂത്രധാരൻ: ആര്യേ, നമ്മുടെ വീട്ടിൽ ഇവയെല്ലാം ഉണ്ടോ? അതോ എന്നെ പരിഹസിക്കുന്നതാണോ?

നടി:(ആത്മഗതം) പരിഹസിക്കുക തന്നെ. (ഉറക്കെ) ആര്യാ, അങ്ങാടിയിൽ ഉണ്ട്.

സൂത്രധാരൻ: (ദേഷ്യത്തോടെ) എടീ ദുഷ്ടേ, എന്നെ നീ വളരെ പൊക്കി പിന്നെ താഴത്തിട്ടതുകൊണ്ട്. നിനക്കും ആശാഭംഗം ഇതുപോലെ ഉണ്ടാകും. നീ നശിച്ച് പോകും.

നടി:ക്ഷമിക്കൂ ദയവായി ക്ഷമിയ്ക്കൂ. ഇതൊരു തമാശമാത്രമാണ്.

സൂത്രധാരൻ: പക്ഷെ എന്താണിവിടെ പതിവില്ലാതെ നടക്കുന്നത്? ഒരുത്തി ഇതാ സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കുന്നു. മറ്റൊരുത്തി പൂമാലകോർക്കുന്നു. ഈ നിലമാകട്ടെ പഞ്ചവർണ്ണപുഷ്പങ്ങൾ കൊണ്ട് തിളങ്ങുകയും ചെയൂന്നു.

നടി: എനിയ്ക്കിന്ന് ഒരു ഉപവാസമാണ്.

സൂത്രധാരൻ: എന്ത് ഉപവാസം? എന്താണ് പേർ?

നടി: “അഭിരൂപപതി“ എന്നാണ് ഉപവാസത്തിന്റെ പേര്

സൂത്രധാരൻ: ഇഹലോകത്തിലോ അതോ പരലോകത്തിലോ?

നടി: ആര്യ, പരലോകത്തിലേക്ക്

സൂത്രധാരൻ: (ദേഷ്യത്തോടെ) ജനങ്ങളേ സജ്ജനങ്ങളേ നോക്കൂ ഇത് നോക്കൂ. എന്റെ ചെലവിൽ ഇവൾ പരലോകത്തേയ്ക്ക് വരാൻ പോകുന്ന പതി(ഭർത്താവ്)യെ നോക്കുന്നു.

നടി: ആര്യ, പ്രസന്നന്നാകൂ. പ്രസന്നനാകൂ. പ്രസാദിച്ചാലും.അടുത്ത ജന്മത്തിലും താങ്കളെ തന്നെ എനിയ്ക്ക് ഭർത്താവായി കിട്ടാനാണ് ഈ ഉപവാസം അനുഷ്ഠിക്കുന്നത്.

സൂത്രധാരൻ: ഈ ഉപവാസം ചെയ്യാൻ ആരാ നിന്നോട് പറഞ്ഞത്?

നടി:താങ്കളുടെ തന്നെ പ്രിയസ്നേഹിതൻ ജൂർണ്ണവൃദ്ധൻ.

സൂത്രധാരൻ:(ദേഷ്യത്തോടെ) എടാ ദാസീപുത്രാ ചൂർണ്ണവൃദ്ധ. ക്രുദ്ധനായ പാലകരാജാവിനാൽ അരിയപ്പെട്ട നവവധുവിന്റെ സുഗന്ധപൂരിതമായ കാർകൂന്തലിനെ പോലെ നിന്നെ ഞാൻ എന്ന് കാണും? (പാലകരാജാവിനാൽ നീ എന്ന് അരിയപ്പെടും അത് ഞാൻ എന്ന് കാണും എന്നർത്ഥം)

നടി: ആര്യ പ്രസാദിച്ചാലും പ്രസന്നന്നായാലും പരലോകത്തിൽ ഉപകരിയ്ക്കുന്ന ഈ ഉപവാസം അങ്ങേയ്ക്ക് വേണ്ടിതന്നെ ആണ് ഞാൻ അനുഷ്ഠിക്കുന്നത്. മറ്റാർക്കും വേണ്ടിയല്ല, അതിനാൽ പ്രസന്നനായാലും. (ഇത് പറഞ്ഞ് കാൽക്കൽ വീഴുന്നു)

സൂത്രധാരൻ: ആര്യേ, എഴുന്നേല്ല് എഴുന്നേൽക്ക്. പറയൂ ഈ ഉപവാസത്തിനു എന്തൊക്കെ വേണം?

നടി: നമ്മളെ പോലെ ഉള്ള ഒരു ബ്രാഹ്മണനെ (ദരിദ്രനായ) വിളിച്ച് കൊണ്ട് വരണം. അദ്ദേഹത്തിനു ഭക്ഷണം കൊടുക്കണം.

സൂത്രധാരൻ: എന്നാൽ ആര്യേ നീ പൊയ്ക്കോളൂ. ഞാൻ നമ്മളെ പോലെ ഉള്ള ഒരു (ദരിദ്ര) ബ്രാഹ്മണനെ അന്വേഷിച്ച് കൊണ്ടുവരട്ടെ.

നടി: അങ്ങയുടെ ആജ്ഞ പോലെ (ഇതും പറഞ്ഞ് പോകുന്നു)

സൂത്രധാരൻ: (ചുറ്റിനടന്ന്) ആശ്ചര്യം തന്നെ. ഈ സുസമൃദ്ധമായ ഉജ്ജയിനി നഗരത്തിൽ എങ്ങനെയാണ് എന്നെ പോലെ നിർധനനായ ഒരു ബ്രാഹ്മണനെ കണ്ട് പിടിയ്ക്കുക? (കണ്ടിട്ട്) ങ്ഹാ.. ഇതാ ചാരുദത്തന്റെ സ്നേഹിതൻ മൈത്രേയൻ ഇതിലേ വരുന്നു. നല്ലത്. അദ്ദേഹത്തോട് ചോദിക്കാ. ആര്യ മൈത്രേയാ, ശ്രീമാൻ അങ്ങ് ഇന്ന് എന്റെ ഭവനത്തിൽ ഭക്ഷണം കഴിക്കാനായി വന്നാലും.

(അണിയറയിൽ)

ഞാനിപ്പോൾ മറ്റ് ചിലകാര്യങ്ങളാൽ തിരക്കിലാണ്. അങ്ങ് മറ്റുവല്ലവരേയും അന്വേഷിക്കൂ.

സൂത്രധാരൻ: ശ്രീമൻ, നല്ല സ്വാദിഷ്ടഭക്ഷണമായിരിക്കും. മാത്രമല്ല ഭക്ഷണശേഷം അങ്ങേയ്ക്ക് ദക്ഷിണയും തരും.

(വീണ്ടും അണിയറയിൽ നിന്ന്)

ഞാൻ മുന്നേ നിരസിച്ചതല്ലേ? ഇനി ഇങ്ങനെ ഓരോന്ന് പറഞ്ഞ് നിർബന്ധിക്കാൻ നിൽക്കണ്ട. വേറെ അന്വേഷിക്കൂ.

സൂത്രധാരൻ: ഇദ്ദേഹം വരില്ല. ഇനി മറ്റ് വല്ലബ്രാഹ്മണരേയും ക്ഷണിയ്ക്കുക തന്നെ (എന്ന് പറഞ്ഞ് പോകുന്നു)

ഇങ്ങനെ ആമുഖം സമാപിച്ചു.