കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Sunday, February 21, 2016

എട്ടാം അങ്കം - ഭാഗം 3


(വിടൻ സ്ഥാവരകനുമൊന്നിച്ച് പ്രവേശിക്കുന്നു)

വിടൻ: ഞാൻ സ്ഥാവരകനെ അനുനയിപ്പിച്ച് കൊണ്ടുവന്നിരിക്കുന്നു. അതിനാൽ ആ ജാരസന്തതി ശകാരനെ അന്വേഷിക്കുക തന്നെ. (അന്വേഷിക്കുന്നതായി നടിച്ച് ചുറ്റിനടക്കുന്നു) അയ്യോ വഴിയിൽ മരം വീണിരിക്കുന്നല്ലൊ. മരം വീണ് ഒരു സ്ത്രീയും മരിച്ചിരിക്കുന്നു. പാപി. നീ എന്ത് തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് അറിയാമോ? പാപിയായ നിന്റെ സ്ത്രീഹത്യ കണ്ട ഞങ്ങൾ കൂടെ പതിതരായി തീർന്നിരിക്കുന്നു. (പാപി എന്ന് പറയുന്നത് മരത്തിനെ ആണ്) അപശ്ശകുനം! വസന്തസേനയുടെ കാര്യത്തിൽ എനിക്ക് ശങ്കയുണ്ട്. ദേവകൾ അവളെ എപ്പോഴും രക്ഷിക്കട്ടെ.
(ശകാരന്റെ സമീപം ചെന്ന്) കഴുവേറി മോനേ, ഞാൻ ഒരുവിധം സ്ഥാവരകനെ അനുനയിപ്പിച്ച് കൊണ്ട് വന്നിരിക്കുന്നു.

ശകാരൻ: ചങ്ങാതീ നിനക്ക് സ്വാഗതം. സ്ഥാവരകാ നിനക്കും സ്വാഗതം.

സ്ഥാവരകൻ: നന്ദി വളരെ നന്ദി

വിടൻ: എന്റെ ന്യാസം എനിക്ക് തിരിച്ച് തരൂ,

ശകാരൻ: എന്ത് ന്യാസം?

വിടൻ: വസന്തസേന എന്ന ന്യാസം

ശകാരൻ: അവൾ പോയി

വിടൻ: എവിടെ?

ശകാരൻ: ഭവാന്റെ പിന്നാലെ

വിടൻ: (ആലോചിച്ച്) ഈ വഴി അല്ലല്ലൊ പോയത്?

ശകാരൻ: നീ വേറെ വഴിക്കാണോ പോയത്?

വിടൻ: പടിഞ്ഞാട്ട്

ശകാരൻ: അവൾ കിഴക്കോട്ടാണ് പോയത്

വിടൻ: ഞാൻ കിഴക്ക് നിന്നാണല്ലൊ വരുന്നത്

ശകാരൻ: അവൾ വടക്കോട്ടേയ്ക്ക് പോയി

വിടൻ: നീ നല്ലവണ്ണം പേടിച്ചാണല്ലൊ പറയുന്നത്. എന്റെ മനസ്സ് ശാന്തമാകുന്നില്ല. സംശയമുണ്ട്. അതിനാൽ സത്യം സത്യമായി പറയ്

ശകാരൻ: ഞാൻ താങ്കളുടെ ശിരസ്സിൽ തൊട്ടും എന്റെ കാലിൽ തൊട്ടും സത്യം പറയുന്നു ധൈര്യമായി ഇരിക്കൂ. അവളെ ഞാൻ കൊന്നു.

വിടൻ:(ദുഃഖത്തോടെ) ശരിക്കും നീ അവളെ കൊന്നുവോ?

ശകാരൻ: എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ, രാജാവിന്റെ അളിയനായ സംസ്ഥാനകനായ എന്റെ വീരപരാക്രമം കണ്ടോ. (എന്ന് പറഞ്ഞ് വസന്തസേനയെ കാണിക്കുന്നു)

വിടൻ: അയ്യോ മന്ദഭാഗ്യനായാ ഞാൻ മരിച്ചു (മോഹാലസ്യപ്പെട്ട് വീഴുന്നു)

ശകാരൻ: ഹ ഹ ഹ ആശാനും ചത്ത് പോയി.

സ്ഥാവരകൻ: (വിടനോട്) അയ്യോ ഭവാൻ എഴുന്നേൽക്കണേ എഴുന്നേൽക്കണേ. വണ്ടിയുടെ ഉള്ളിൽ ശരിയായി പരിശോധിക്കാതെ അവളെ ഇവിടെ കൊണ്ടുവരിക വഴി ഞാൻ ആണ് ആദ്യം അവളെ കൊന്നത്.

വിടൻ:(ആശ്വസിച്ച് എഴുന്നേറ്റ് കരുണയോടെ) ഹാ! വസന്തസേനേ!
കനിവിന്റെ ഉറവ വറ്റി. രതീദേവി(=കാമദേവന്റെ പത്നിയായണ്) സ്വർഗ്ഗലോകം പൂകി. ഹാ, ആഭരണങ്ങൾക്ക് ശോഭ നൽകുന്നവൾ! ഹാ, സുന്ദരി! ഹാ, കാമക്രീഡാരസത്തെ ശോഭിതമാക്കുന്നവൾ! ഹാ, സദാ മന്ദഹസിക്കുന്നവൾ! എന്നെപ്പോലുള്ളവർക്ക് എപ്പോഴും ആശ്രയമായവൾ! ഹാ, സുന്ദരമായ കാമവിപണി നഷ്ടമായി.

(കണ്ണീരോടെ) കഷ്ടം തന്നെ കഷ്ടം!. നീ എന്തിനാണ് ഈ പാപം ചെയ്തത്? നീ ഉജ്ജയിനിയുടെ ലക്ഷ്മിയെ കൊന്നു പാപം ചെയ്തു.
(ആത്മഗതം) ഈ പാപി ഇനി ഈ കുറ്റം എന്റെ തലയിലിടുമോ? നല്ലത് ഇവിടെ നിന്ന് പോവുകയാണ്. (ഇത് പറഞ്ഞ് പോകാനായി ചുറ്റി നടക്കുന്നു)

(ശകാരൻ, പോകാൻ നോക്കുന്ന വിടനെ ചെന്ന് പിടികൂടുന്നു)

വിടൻ: എടാ പാപീ, എന്നെ തൊടരുത്. ഞാൻ പോകുന്നു

ശകാരൻ: എടാ, വസന്തസേനയെ നീ കൊന്ന് എന്നെ കുറ്റക്കാരനാക്കി എവിടേയ്ക്ക് ഓടിപ്പോകുന്നു? ഞാനിപ്പോൾ അനാഥനായി.

വിടൻ: പതിതനാണ് നീ.

ശകാരൻ: നിനക്ക് ഞാൻ ധാരാളം പണം തരാം. സ്വർണ്ണം തരാം. എന്നെ നീ കുറ്റക്കാരനാക്കരുത്. കുറ്റം മറ്റുവല്ലവരുടേയും ആയിരിക്കട്ടെ. (കുറ്റം മറ്റുള്ളവരുടെ തലയിൽ ഇടൂ എന്ന്)

വിടൻ: ധിക്കാരീ. പണമൊന്നും എനിക്ക് വേണ്ട. പണം നിന്റെ കയ്യിലിരുന്നോട്ടെ.

സ്ഥാവരകൻ: അങ്ങനെ പറയരുത്. ശാന്തം പാപം!

(ശകാരൻ ചിരിക്കുന്നു)

വിടൻ: ചിരിക്കരുത്. നിന്റെ കൂട്ടുകെട്ട് എനിക്ക് വേണ്ട. ഈ ബന്ധം അപമനകരമാണെനിക്ക്. പൊട്ടിയ വില്ലെന്ന പോലെ ഞാൻ നിന്നെ ഉപേക്ഷിക്കുന്നു.

ശകാരൻ: അയ്യയ്യോ ഭവാൻ സന്തോഷിക്കൂ സന്തോഷിക്കൂ പ്രസന്നനാകൂ. നമുക്ക് ഈ താമരക്കുളത്തിൽ ഇറങ്ങി കുളിയ്ക്കാം.

വിടൻ: ഞാൻ ശുദ്ധനെങ്കിലും, പതിതനായ നിന്റെ സേവ ചെയ്യുന്നതറിഞ്ഞാൽ ജനങ്ങൾ, ഞാനും അധഃപ്പതിച്ചതായി കണക്കാക്കും. സ്ത്രീഹത്യ നടത്തിയ നിന്നെ നഗരത്തിലെ മറ്റ് സ്ത്രീജനങ്ങൾ ശങ്കയോടെ മാത്രമേ നോക്കൂ എന്നറിഞ്ഞിട്ടും ഞാൻ എങ്ങനെ നിന്റെ പിന്നാലെ നടക്കും?
(കരുണയോടെ) വസന്തസേനേ, ഹേ സുന്ദരീ, അടുത്ത ജന്മത്തിൽ നീ വേശ്യയാവതിരിക്കട്ടെ. നീ നല്ലകുലത്തിൽ ചാരിത്ര്യഗുണസമ്പന്നയായി ജനിക്കുമാറാകട്ടെ!

ശകാരൻ: എന്റെ പുഷ്പകരണ്ഡ്കോദ്യാനത്തിൽ വസന്തസേനയെ കൊന്ന് നീ എങ്ങോട്ട് പോകുന്നു? നടക്ക് എന്റെ അളിയന്റെ അടുത്ത് ചെന്ന് കുറ്റസമ്മതം ചെയ്യ്. (എന്ന് പറഞ്ഞ് വിടനെ കടന്ന് പിടിക്കുന്നു)

വിടൻ: എടാ നീചാ. ദുഷ്ടാ. അത്രക്കായോ? നിൽക്കവിടെ (ഇത് പറഞ്ഞ് ക്രോധത്തോടെ വാളൂരുന്നു)

ശകാരൻ: (പേടിച്ച് മാറി) അയ്യയ്യേ നീ പേടിച്ചോ? എന്നാൽ നീ പൊയ്ക്കൊ.

വിടൻ:(ആത്മഗതം) ഇനി ഇവിടെ നിന്നാൽ ശരിയാകില്ല. ആര്യ ശർവിലകനും ചന്ദനകനും എവിടെയാണോ അവിടെ അവരുടെ അടുത്തേയ്ക്ക് തന്നെ പോകാം. (ഇതും പറഞ്ഞ് നിഷ്ക്രമിക്കുന്നു)

ശകാരൻ: നീ പോയി ചാവ്.. എടാ മോനേ സ്ഥാവരകാ. നോക്ക് ഞാൻ എങ്ങനെ ഉള്ള കാര്യമാണ് ചെയ്തത്?

സ്ഥാവരകൻ: സ്വാമി വലിയ അനുചിതകാര്യം ചെയ്തു

ശകാരൻ: എടാ വേലക്കാരാ, അനുചിതകാര്യം എന്ന് പറയുന്നത് എന്താണ്? ഒരു കാര്യം ചെയ്യാം. (തന്റെ ദേഹത്തെ ആഭരണങ്ങൾ ഊരിക്കൊണ്ട്) ഇതെല്ലാം നീ എടുത്തോ. ഞാൻ നിനക്ക് തരുന്നതാണ്. ഞാൻ അണിയുമ്പോൾ ഇവ എന്റേതും അല്ലാത്ത സമയം നിന്റേതുമാണ്.

സ്ഥാവരകൻ: ഇവയൊക്കെ സ്വാമിയ്ക്ക് തന്നെ ആണ് ചേരുക. എനിക്ക് ഇവയെന്തിനാണ്?

ശകാരൻ: എന്നാൽ പൊയ്ക്കോ. ഈ കാളകളേയും കൊണ്ട് എന്റെ കളിവീടിന്റെ മട്ടുപ്പാവിൽ എന്നെ കാത്ത് നിൽക്ക്. ഞാനിതാ വരുന്നു.

സ്ഥാവരകൻ: സ്വാമിയുടെ ആജ്ഞ പോലെ.

ശകാരൻ: സ്വയം രക്ഷ നോക്കി ചങ്ങാതി പോയി. ഈ സ്ഥാവരകനെ ഞാൻ എന്റെ കളിവീട്ടിൽ ചങ്ങലയ്ക്കിടും. അങ്ങനെ ഞാൻ ചെയ്തത് ആരും അറിയാതെ ഇരിക്കും. എന്നാൽ പോവുക തന്നെ. അല്ല, ഇവളെ ഒന്നുകൂടെ നോക്കട്ടെ. ചത്തില്ലെങ്കിൽ ഇനിയും കൊല്ലും. (വസന്തസേനയെ നോക്കി) ഓ! നല്ലപോലെ ചത്തിരിക്കുന്നു. എന്റെ ഈ ഉത്തരീയം കൊണ്ട് ഞനിവളെ മൂടട്ടെ. അല്ലെങ്കിൽ വേണ്ട ഇതിലെന്റെ പേരെഴുതിയിട്ടുണ്ട്. ആരെങ്കിലും കണ്ട് പിടിച്ചാലൊ. നല്ലത്. ഈ കരിയിലകളെ കൊണ്ട് മൂടാം.(അങ്ങനെ ചെയ്യുന്നു. ശേഷം ആലോചിച്ച്) ഇനി കോടതിയിൽ പോയി ഇങ്ങനെ പരാതി കൊടുക്കാം: “ദരിദ്രകച്ചവടക്കാരൻ ചാരുദത്തൻ, എന്റെ പുഷ്പകരണ്ഡോദ്യാനത്തിൽ വസന്തസേനയെ ധനം മോഹിച്ച് കൊന്നിരിക്കുന്നു.”
ഈ പവിത്രമായ ഉജ്ജയനി നഗരത്തിൽ ഭയങ്കരമായ ഗോവധം പോലെ,   ചാരുദത്തവധത്തിനായി ഞാൻ ഒരു നാടകം കളിയ്ക്കുക തന്നെ.
എന്നാൽ ഞാൻ പോകുന്നു. (പോകാൻ തുടങ്ങുന്നുന്നു. കണ്ട് പേടിയോടെ) ഞാൻ ഏത് വഴിക്ക് പോകുമ്പോഴും ആ വഴിക്കെല്ലാം ദുശ്ശകുനമായി ഈ ബുദ്ധസന്യാസി കാഷായവസ്ത്രക്കഷ്ണവുമായി വരും. ഇവനെ ഞാൻ മുൻപ് ഓടിച്ചതിനാൽ എന്നോട് ശത്രുതയിലുമാണ്. ഇനി ഇവനെങ്ങാനും ഞാൻ കൊലപാതകം നടത്തിയതായി പുറത്തറിയിക്കുമൊ? അതിനാൽ ഞാനെങ്ങനെ പോകും? ദേ ഈ പൊളിഞ്ഞമതിലുചാടി പോകാം.
മഹേന്ദ്രൻ, പണ്ട് ലങ്കയിലേക്ക് ‘ഹനൂമാൻകുന്നി’ൽ നിന്ന് ചാടി ആകാശത്തിലൂടെ ഭൂമിയിലൂടെ പാതാളത്തിലൂടെ വേഗം വേഗം പോയപോലെ ഞാൻ പോകും. (എന്ന് പറഞ്ഞ് മതിൽ ചാടി പോകുന്നു)

(സംവാഹകഭിക്ഷു തിരശ്ശീല നീക്കി പ്രവേശിക്കുന്നു.)

ഞാൻ ഈ സന്യാസിവസ്ത്രം അലക്കിക്കഴിഞ്ഞു. ഈ മരക്കൊമ്പിൽ ഉണക്കാനിട്ടാലോ? വേണ്ടാ കുരങ്ങൻ കൊണ്ട് പോകും. ഈ നിലത്ത് വിരിച്ച് ഉണക്കിയാൽ പൊടിയാകും. എന്നാൽ പിന്നെ എവിടെ ഇട്ട് ഉണക്കും? (നോക്കി കണ്ടിട്ട്) ആഹാ ഈ കരിയിലക്കൂമ്പാരത്തിന്റെ മുകളിൽ വിരിക്കാം. (അങ്ങനെ ചെയ്യുന്നു) ബുദ്ധഭഗവാനു പ്രണാമം. (എന്ന് പറഞ്ഞ് കൂമ്പാരത്തിനു സമീപം ഇരിക്കുന്നു) ഇനി ധർമ്മാക്ഷരങ്ങൾ ഉരുവിടുക തന്നെ. (മുൻപേ ചൊല്ലിയിരുന്ന അഞ്ചിന്ദ്രിയങ്ങളാകുന്ന ലോകങ്ങളെ കൊന്നവൻ.. എന്ന് തുടങ്ങുന്ന ശ്ലോകഭാഗം ഉരുക്കഴിക്കുന്നു) എല്ല, എനിക്ക് ഈ സ്വർഗ്ഗം കൊണ്ട് എന്ത് ഉപകാരം? ബുദ്ധോപാസികയായ ആ വസന്തസേനയ്ക്ക് പ്രത്യുപകാരം ചെയ്യാതെ, അവളാണല്ലൊ എന്നെ പത്ത് പണം നൽകി ചൂതാട്ടക്കാരിൽ നിന്നും രക്ഷിച്ചത്, അന്നു മുതൽ അവൾ എന്നെ വാങ്ങിയിരിയ്ക്കുന്നു. (കണ്ടിട്ട്) ങ്ഹേ.. ഈ കരിയിലകൾക്കടിയിൽ ആരാണ് ശ്വാസം വലിയ്ക്കുന്നത്? അഥവാ,
ചൂടുകാറ്റ് ഏറ്റ് കിടക്കുന്ന ഈ കരിയിലകൾ എന്റെ വസ്ത്രത്തിലെ നനവുകൊണ്ട് പക്ഷികളുടെ ചിറകുപോലെ ഇളകുകയായിരിക്കാം.

(ബോധം വീണ്ടെടുത്ത വസന്തസേന കൈ മെല്ലെ പുറത്തേയ്ക്കിടുന്നു)

സംവാഹകഭിക്ഷു: ങ്ഹാ ഹാ ഇതാ ഒന്നാംതരം ആഭരണങ്ങൾ അണിഞ്ഞ ഒരു സ്ത്രീയുടെ കൈ പുറത്തേയ്ക്ക് വരുന്നു. മറ്റേ കയ്യും നീളുന്നുണ്ടോ? (പലവിധത്തിലും നോക്കിയശേഷം) അല്ല, എനിക്ക് പരിചിതമാണല്ലൊ ഈ കൈകൾ. എന്താ ഇത്ര ആലോചിക്കാനുള്ളത്? ഇത് എനിക്ക് പണ്ട് അഭയം തന്ന അതേ കൈകൾ തന്നെ. എന്നാൽ നോക്കുക തന്നെ. (കരിയിലകൾ മാറ്റി വസന്തസേനയെ കണ്ട് പരിചയം ഭാവിച്ച്) അതേ ആ ബുദ്ധോപാസിക (വസന്തസേന) തന്നെ.

(വസന്തസേന വെള്ളം ചോദിയ്ക്കുന്നു)

സംവാഹകഭിക്ഷു: എന്ത് ഇവർ വെള്ളം ചോദിയ്ക്കുന്നുവോ? കിണറാണെങ്കിൽ ദൂരെ ആണല്ലൊ. ഞാനിപ്പോൾ എന്ത് ചെയ്യും? അഹാ ഒരു കാര്യം ചെയ്യാം. ഈ വസ്ത്രം പിഴിഞ്ഞ് വെള്ളം ഇറ്റിച്ച് കൊടുക്കാം. (വസ്ത്രം പിഴിഞ്ഞ് വെള്ളം വസന്തസേനയുടെ വായിലൊറ്റിക്കുന്നു)

(വെള്ളം കിട്ടിയ വസന്തസേന ബോധം മുഴുവനായി വന്ന് എഴുന്നേറ്റിരിക്കുന്നു. സംവാഹകഭിക്ഷു വസ്ത്രം കൊണ്ട് വീശിക്കൊടുക്കുന്നു)

വസന്തസേന: ആര്യ, അങ്ങാരാണ്?

സംവാഹകഭിക്ഷു: അല്ലയോ ബുദ്ധോപാസികേ, പണ്ട് പത്ത് സ്വർണ്ണനാണയം കൊണ്ട് വാങ്ങിയ എന്നെ താങ്കൾക്ക് ഓർമ്മ ഇല്ലേ?

വസന്തസേന: ഓർമ്മിക്കുന്നു. പക്ഷെ അത് താങ്കൾ പറയുന്ന പോലെ അല്ല. ഇതിലും നല്ലത് ഞാൻ മരിക്കുന്നതായിരുന്നു.

സംവാഹകഭിക്ഷു: ബുദ്ധോപാസികേ ഇതെന്താണ് താങ്കൾ പറയുന്നത്?

വസന്തസേന: (ദുഃഖത്തോടെ) വേശ്യകൾക്ക് ചേരുന്നത്

സംവാഹകഭിക്ഷു: ദേ ഈ മരത്തിനടിയിലെ വള്ളിപിടിച്ച് ബുദ്ധോപാസികേ, താങ്കൾ എഴുന്നേറ്റാലും.
(വള്ളി പിടിച്ച് ഇളക്കി വളച്ച് കൊടുക്കുന്നു)

(വസന്തസേന വള്ളിപിടിച്ച് എഴുന്നേൽക്കുന്നു)

സംവാഹകഭിക്ഷു: ഇവിടെ അടുത്തുള്ള ഈ ബുദ്ധവിഹാരത്തിൽ എന്റെ സഹോദരി ഉണ്ട്. അവിടെ ചെന്ന് മനസ്സിനു ആശ്വാസവും ധൈര്യവും വീണ്ടെടുത്ത്, ബുദ്ധോപാസികേ താങ്കൾക്ക്, മെല്ലെ വീട്ടിലേക്ക് മടങ്ങാം. മെല്ലെ മെല്ലെ നടക്കൂ. (ചുറ്റി നടന്നുകൊണ്ട് നോക്കിക്കണ്ട്) മാന്യരെ വഴിമാറൂ. വഴിമാറൂ. ഇതൊരു യുവതി ആണ്. ഞാൻ ഒരു സംന്യാസിയുമാണ്. ആയതിനാൽ ഇതെന്റെ പരിശുദ്ധധർമ്മമാണ്.   
കൈകളും മുഖവും ഇന്ദ്രിയങ്ങളും എല്ലാം സംയമനം പാലിക്കുന്നവൻ ആണ് യഥാർത്ഥ പുരുഷൻ. അവൻ പരലോകവും ജയിച്ചിരിക്കുന്നവനാണ്. അങ്ങനെ ഉള്ളവനെ  രാജാവിന്റെ ആളുകൾക്ക് എങ്ങനെ നശിപ്പിക്കാം?

(എല്ലാവരും പോകുന്നു)

ഇപ്രകാരം മൃച്ഛകടികത്തിലെ വസന്തസേനാമോടനമെന്ന എട്ടാമങ്കം സമാപിച്ചു.

വസന്തസേനയുടെ കഴുത്ത് ഞെരിക്കൽ എന്ന എട്ടാമങ്കം അവസാനിച്ചു.

No comments:

Post a Comment