കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 4, 2016

രണ്ടാം അങ്കം - ഭാഗം 2


(അണിയറയിൽ)
സ്വാമീ, പത്ത്പണത്തിനായി പിടിച്ച് വെച്ച ആ ചൂതാട്ടക്കാരൻ ധൂർത്തൻ ഓടിരക്ഷപ്പെട്ടു. അവനെ പിടിക്കൂ നിൽക്കെടാ അവിടെ നിന്നെ ഞാൻ അകലെ കാണുന്നുണ്ട്.

സംവാഹകൻ:(പരിഭ്രമിച്ച് തിരശ്ശീലമാറ്റാതെ പെട്ടെന്ന് പ്രവേശിച്ച്) അഹോ ചൂതാട്ടം വലിയ കഷ്ടം തന്നെ. ഹായ്! കെട്ടഴിച്ച പെൺകഴുത നൽകിയ തൊഴി പോലെ ഗർദ്ദഭി(=പെൺകഴുത എന്നും അർത്ഥമുണ്ട് കൂടാതെ ചൂതുകളിയിലെ ഒരു കരു എന്നും അർത്ഥമുണ്ട്) എനിക്ക് തന്ന തൊഴി ഭയങ്കരം തന്നെ. (ചൂതുകളിയിലും തോറ്റുപോയി) കർണ്ണൻ എറിഞ്ഞ ശക്തി(ഇത് കർണ്ണന്റെ ആയുധത്തിന്റെ പേരാണ്) ഘടോൽക്കചനെ കൊന്നപോലെ ഗർദഭിയുടെ തൊഴിയും എന്നെ കൊല്ലുന്നു. എഴുത്തിൽശ്രദ്ധിച്ച സഭികനെ കണ്ട് എഴുന്നേറ്റ് പെട്ടെന്ന് ഓടിയ ഞാനിപ്പോൾ പെരുവഴിയിൽ നിൽക്കുന്നു. എന്നെ ആരു രക്ഷിക്കും? ആരുടെ അടുത്ത് ഞാൻ രക്ഷപ്രാപിക്കും?
സഭികനും ചൂതിൽജയിച്ച മറ്റവനും എന്നെ തിരയുന്നസമയത്ത് ഞാൻ ഈ പ്രതിഷ്ഠയില്ലാത്ത അമ്പലത്തിൽ കയറി ബിംബത്തിന്റെ സ്ഥാനത്ത്, ദേവബിംബം പോലെ നിൽക്കട്ടെ. (അങ്ങനെ മൂർത്തിയെപോലെ നിൽക്കുന്നു)

(ശേഷം മാഥുരനും ചൂതജേതാവും(=ചൂത്കളി ജയിച്ചവൻ) പ്രവേശിക്കുന്നു)

മാഥുരൻ: സ്വാമീ, പത്ത്പണത്തിനായി പിടിച്ച് വെച്ച ആ ചൂതാട്ടക്കാരൻ ധൂർത്തൻ ഓടിരക്ഷപ്പെട്ടു. അവനെ പിടിക്കൂ നിൽക്കെടാ അവിടെ നിന്നെ ഞാൻ അകലെ കാണുന്നുണ്ട്.

ചൂതുജയിച്ചവൻ:നീ നിന്റെ രക്ഷ്യ്ക്ക് വേണ്ടി പാതാളത്തിലോ ഇന്ദ്രലോകത്തോ പോയാലും നിന്നെ സഭികനായ എന്നെ കൂടാതെ ശിവഭഗവാൻ കൂടെ നിന്നെ രക്ഷിക്കില്ല.

മാഥുരൻ: സജ്ജനങ്ങളെ, ന്യായമായ ചൂതിൽ കള്ളത്തരം കാട്ടി പേടിച്ച് വിറച്ച് നീ (സംവാഹകൻ)  അവനവന്റെ കുലത്തിനുകൂടെ ദുഷ്കീർത്തി എവിടേയ്ക്ക് ആണ് ഓടിപ്പോകുന്നത്?

ചൂതുജേതാവ്:(കാൽപ്പാടുകൾ നോക്കി) ഇതുവഴിയായിരിക്കും ഓടിയിരിക്കുക. അവന്റ് കാലടിപ്പാടുകൾ കാണുന്നുണ്ട്.

മാഥുരൻ:(നോക്കിയിട്ട്) എടാ തിരിഞ്ഞ കാലടികൾ ആണല്ലൊ. അമ്പലത്തിൽ പ്രതിഷ്ഠയുമില്ല. (ആലോചിച്ച്) വഞ്ചകൻ പിന്നോക്കം നടന്ന് അമ്പലത്തിൽ കയറിയിരിക്കും

ചൂതജേതാവ്: നമുക്ക് കാൽപ്പാടുകൾ പിൻ തുടരാം.

മാഥുരൻ: അങ്ങിനെ തന്നെ
(രണ്ട് പേരും കാലടികൾ നോക്കി അമ്പലത്തിൽ കയറിയതായി അഭിനയിക്കുന്നു. നോക്കി ഒരാൾ മറ്റവനു സൂചന നൽകിക്കൊണ്ട്)

ചൂതജേതാവ്: ഇതെന്താ മരപ്രതിമയാണോ?

മാഥുരൻ: അല്ലല്ല. കരിങ്കൽപ്രതിമ തന്നെ. (എന്ന് പറഞ്ഞ് പലപ്രാവശ്യം ഇളക്കി നോക്കി സൂചനകൊടുത്തുകൊണ്ട്) ശരിതന്നെ. സാരമില്ല നമുക്ക് രണ്ട് പേർക്കും ചൂതുകളിക്കാം.

(രണ്ട് പേരും കൂടെ പലവിധത്തിൽ ചൂത് കളിക്കുന്നു)

സംവാഹകൻ:(ചൂതുകളിക്കമ്പം പലവിധത്തിലും നിർത്താൻ ശ്രമിച്ചുകൊണ്ട്, സ്വഗതം) രാജ്യം പോയ രാജാവിനെ ഭേരിശബ്ദം ആകർഷിക്കുന്നതുപോലെ നിർധനനായ എന്നെ ചൂതുകവിടികളുടെ ശബ്ദം പിടിച്ച് വലിയ്ക്കുന്നു.
എനിക്കറിയാം സുമേരുപർവ്വതത്തിന്റെ ശിഖരം വീഴുന്നപോലെ കഷ്ടം സഹിച്ച് കടക്കാരനായ എനിക്ക് ഇനി ചൂത് കളിക്കാൻ സാധിക്കില്ല. എന്നിരുന്നാലും കുയിൽശബ്ദം പോലെ മധുരമായ ചൂതുകവിടികളുടെ ശബ്ദം എന്നെ വീണ്ടും ചൂതിൽ ആകൃഷ്ടനാക്കുന്നു.

ചൂതുജേതാവ്: എന്റെ കളി എന്റെ കളിയാണ്.

മാഥുരൻ: അല്ലല്ല എന്റെ കളി എന്റെ കളി

സംവാഹകൻ:(പെട്ടെന്ന് ഒരുവശത്തുകൂടെ സമീപം വന്ന്) അല്ല എന്റെ കളിയാണ്.

ചൂതജേതാവ്: ആളെ കിട്ടിപ്പോയി

മാഥുരൻ: (പിടിച്ചുകൊണ്ട്) എടാ കളിപ്പണം തരാത്തവനേ, നിന്നെ പിടിച്ചു. ഇപ്പോൾ താ പത്ത് പണം. (ചൂതിൽ തോറ്റവക കൊടുക്കാനുള്ള പണം)

സംവാഹകൻ: ഇന്ന് തരാം

മാഥുരൻ: ഇപ്പോൾ വേണം

സംവാഹകൻ: തരാം. ഒന്ന് ക്ഷമിയ്ക്കൂ

മാഥുരൻ: എടാ ഇപ്പോൾ തന്നെ താ

സംവാഹകൻ: തലചുറ്റുന്നു (എന്ന് പറഞ്ഞ് തറയിൽ വീഴുന്നു)

(രണ്ട് പേരും സംവാഹകനെ പലവിധത്തിൽ ഭേദ്യം ചെയ്യുന്നു)

മാഥുരൻ: ഇപ്പോൾ നിന്നെ ചൂതാട്ടനിയമം അനുസരിച്ച് ബന്ധിച്ചിരിക്കുന്നു.

സംവാഹകൻ:(എഴുന്നേറ്റ് അത്യധികം ദുഃഖത്തോടെ) എന്നെ ചൂതാട്ടക്കാരുടെ സംഘടനയുടെ പേരിൽ ബന്ധിച്ചിരിക്കുന്നുവെന്നോ? കഷ്ടം! ശരി തന്നെ. ഇത് നമ്മൾ ചൂതാട്ടക്കാരുടെ അലംഘനീയമായ നിയമം ആണ്. പക്ഷെ ഞാനെങ്ങനെ പണം തരും?

മാഥുരൻ: എടാ പ്രതിജ്ഞ ചെയ്യ് ഉറപ്പ് താ

സംവാഹകൻ: അങ്ങനെ ചെയ്യാം (ചൂതജേതാവിന്റെ അടുത്ത് ചെന്ന്) പകുതിപ്പണം തരാം. മറ്റേ പകുതി മാപ്പാക്കണം.

ചൂതജേതാവ്: ശരി. അങ്ങിനെ തന്നെ.

സംവാഹകൻ: (സഭികന്റെ സമീപം ചെന്ന്) പകുതിപ്പണത്തിനു ഞാൻ ഉറപ്പ് തരാം. മറ്റേ പകുതി ദയവായി വിട്ട് തരണം.

മാഥുരൻ: ശരി അങ്ങിനെ തന്നെ.

സംവാഹകൻ:(ഉറക്കെ) ആര്യ ഒരു പകുതി അങ്ങ് വിട്ട് തന്നു. എന്നോട് ക്ഷമിച്ചില്ലേ?

മാഥുരൻ: ശരി വിട്ട് തന്നു.

സംവാഹകൻ:(ചൂതജേതാവിനോട്) ഒരു പകുതി അങ്ങും വിട്ട് തന്നു.

ചൂതജേതാവ്: ശരിതന്നെ. വിട്ട് തന്നിരിക്കുന്നു

സംവാഹകൻ:എന്നാൽ ഇപ്പോൾ ഞാൻ പോകുന്നു

മാഥുരൻ: എടാ പത്ത് പണം തരാതെ നീ എങ്ങനെ പോകും?

സംവാഹകൻ: ശ്രീമൻ നോക്കൂ നോക്കൂ ഇപ്പോൾ ഒരുപകുതിയ്ക്ക് ഉറപ്പ് തന്നു മറ്റേ പകുതി വിട്ട് തരികയും ചെയ്തു. ഇല്ലേ? എന്നിട്ടും ദുർബലനായ എന്നിൽ നിന്ന് പണം ചോദിക്കുകയോ?

മഥുരൻ:(പിടിച്ച്) എരപ്പാളീ. ഞാൻ മിടുക്കനായ മാഥുരനാണ്. നീ എന്നോട് കള്ളത്തരം കാണിക്കരുത്. വഞ്ചകാ, മുഴുവൻ പത്ത് പണവും ഇപ്പോൾ തന്നോളണം

സംവാഹകൻ: ഞാൻ എവിടുന്ന് തരാനാണ്?

മാഥുരൻ: നിന്റെ തന്തയെ വിറ്റ് കാശ് താ

സംവാഹകൻ: എനിയ്ക്ക് അച്ഛൻ എവിടെ?

മാഥുരൻ: എന്നാൽ നിന്റെ അമ്മയെ വിറ്റോ

സംവാഹകൻ: അതിനു എനിയ്ക്ക് അമ്മ എവിടെ?

മാഥുരൻ: എന്നാ നിന്നെ തന്നെ വിറ്റോ

സംവാഹകൻ: രാജവീഥിയിലേക്ക് എന്നെ കൊണ്ടുപോകാൻ കൃപ ഉണ്ടാകണം

മാഥുരൻ: നടക്ക്

സംവാഹകൻ: എന്നാലങ്ങനെ തന്നെ (ചുറ്റിനടന്ന്) മാന്യജനങ്ങളെ, ചൂതാട്ടകേന്ദ്രത്തിലെ മുഖ്യനിൽ (സഭികൻ) നിന്ന് എന്നെ പത്ത് പണം കൊടുത്ത് വാങ്ങണേ. (മുകളിൽ ആകാശത്തേയ്ക്ക് നോക്കി കേട്ടതായി നടിച്ച്) ‘എന്താണ് പറയുന്നത്?’ ‘എന്ത് പണി ചെയ്യാൻ പറ്റും?’ എന്നോ? ഞാൻ നിങ്ങളുടെ വീട്ടുവേലക്കാരനായി നിൽക്കാം. ആരും ഉത്തരം തരാതെ തിരിഞ്ഞ് നോക്കാതെ പോകുന്നു. സാരമില്ല. എന്നാൽ ഇനി ഈ വരുന്ന ആളോട് ചോദിക്കാം. (എന്നെ പത്ത് പണം കൊടുത്ത് വാങ്ങണേ എന്ന് വീണ്ടും പറയുന്നു) ഇയാളും എന്നെ തിരിഞ്ഞ് നോക്കാതെ പോയി. ചാരുദത്തനു ധനം ഇല്ലാതെ ആയത് എന്തൊരു നിർഭാഗ്യമായി. (നിരാശയോടെ)

മാഥുരൻ: എടാ പണം താ.

സംവാഹകൻ: ഞാൻ എവിടുന്ന് എടുത്ത് തരും? ആരെന്നെ ദാസനാക്കും? (ഇതും പറഞ്ഞ് വീഴുന്നു)
(മാഥുരൻ പിടിച്ച് വലിയ്ക്കുന്നു)

സംവാഹകൻ: സജ്ജനങ്ങളെ, രക്ഷിക്കൂ രക്ഷിക്കൂ.

(ദുർദ്ദുരകൻ പ്രവേശിക്കുന്നു)

ദുർദ്ദുരകൻ: ചൂത് മനുഷ്യനു രാജ്യമില്ലാത്ത സിംഹാസനം പോലെ ആണ്. ചൂതിൽ വരാൻ പോകുന്ന അപമാനങ്ങളെ ഒന്നും കണക്കാക്കില്ല. എല്ലാദിവസവും വളരെ ധനം വാങ്ങുന്നു കൊടുക്കുന്നു. (തോറ്റവനിൽ നിന്ന് വാങ്ങുന്നു ജയിച്ചവനു കൊടുക്കുന്നു എന്ന് അർത്ഥം) ധനവാനായ രാജാക്കന്മാർക്ക് മാത്രമേ ചൂത് പറ്റൂ. (രാജാവിനു ഇഷ്ടപ്പെട്ടാൽ കൊടുക്കും ദേഷ്യപ്പെട്ടാൽ എല്ലാം വാങ്ങും. നിങ്ങളുടെ കാര്യം നോക്കാതെ യുദ്ധം ചെയ്യും. രാജാവ് പ്രതാപം കാണിക്കും അതിനുള്ള ധനവുമുണ്ടല്ലൊ എന്നർത്ഥം)
കൂടാതെ,
ഞാൻ ചൂതുകൊണ്ട് ധനം സമ്പാദിച്ചു. ചൂതുകൊണ്ട് സ്ത്രീ സുഖം അനുഭവിച്ചു. സ്നേഹിതനെ കിട്ടി. എല്ലാം ചൂതുതന്നെ ആണ് എനിക്ക് തന്നത്. ആ ചൂതിനാൽ തന്നെ എനിക്ക് എല്ലാം നഷ്ടവുമായി.
അതും കൂടാതെ,
ത്രേതം(=ഇത് ചൂതിലെ ഒരു കുരുവിന്റെ പേരാണ്) കൊണ്ട് എല്ലാം തോറ്റ്, പാവരം(=ഇതും ചൂതിലെ മറ്റൊരു കുരുവാണ്) വീണതിനാൽ ശരീരം ശോഷിച്ച്, നർദിതം(=ഇതും മറ്റൊരു കുരുതന്നെ) വീണതിനാൽ ഒരു വഴികണ്ട് പിടിച്ച്, കടം (ഇതും അതേ മറ്റൊരു ചൂതുകുരു തന്നെ) വീണതിനാൽ അധഃപ്പതിച്ച ഞാൻ ഇതാ ഈ വഴി പോകുന്നു.
(മുന്നിലേക്ക് നോക്കിയിട്ട്)
ങ്ഹെ? ഇത് നമ്മളുടെ പഴയ ചൂതാട്ടകേന്ദ്രത്തിലെ മുഖ്യൻ മാഥുരനല്ലെ? അവൻ ഇങ്ങോട്ട് തന്നെ ആണല്ലൊ വരുന്നത്. ഇനി അവന്റെ മുന്നിൽ നിന്ന് ഓടിമാറിപ്പോകാൻ സാദ്ധ്യത കാണുന്നില്ല. എന്തായാലും ഒളിച്ച് ഇരിക്കാം. (അങ്ങനെ മേൽമുണ്ട്കൊണ്ട് മറച്ച് ഇരിക്കുന്നു. മേൽമുണ്ട് നോക്കി)
ഈ മുണ്ട് ജീർണ്ണിച്ച് പഴകി ഇഴകൾ ഒന്നും ഇല്ലാതായിരിക്കുന്നു. അനവധി കീറിയിട്ടുണ്ട്. ഇതുകൊണ്ട് മറയ്ക്കാൻ പറ്റില്ല. ഇത് ചുരുട്ടി കക്ഷത്ത് വെയ്ക്കാൻ തന്നെ പറ്റൂ. അല്ലെങ്കിലും ഈ ദരിദ്രവാസി മാഥുരനു എന്നെ എന്ത് ചെയ്യാൻ പറ്റും? എനിക്ക് സൂര്യനസ്തമിയ്ക്കുന്നത് വരെ ഒരുകാൽ ആകാശത്തും ഒരുകാൽ ഭൂമിയിലുമായി നിൽക്കാൻ കഴിയും.

മാഥുരൻ: എടാ പണം താ, അല്ലെങ്കിൽ വേഗം നിന്നെ തന്നെ വിറ്റ് പണം താ.

സംവാഹകൻ: എവിടന്ന് തരും? എന്നെ ആർ ദാസനാക്കും?
(മാഥുരൻ പിടിച്ച് വലിയ്ക്കുന്നു)

ദുർദ്ദുരകൻ: അല്ല, ഇതെന്താ ഇവിടെ നടക്കുന്നത്? (മുകളിലേക്ക് മുഖം നോക്കി, കേട്ടുകൊണ്ട്) എന്താ താങ്കൾ പറഞ്ഞത്? സഭികൻ ഈ ചൂതുകളിക്കാരനെ (സംവാഹകനെ) ഉപദ്രവിക്കുന്നു എന്നോ? ആരും അവനെ രക്ഷിക്കുന്നില്ല എന്നോ? ങ്ഹാഹ്ഹാ… എന്നാൽ ഈ ദുർദ്ദുരകൻ തന്നെ രക്ഷിക്കും. (സമീപം ചെന്ന്) വഴി തരൂ വഴി തരൂ.. (കണ്ട്) അല്ലാ, ഇവിടെ വില്ലൻ മാഥുരനം പിന്നെ ദരിദ്രൻ സംവാഹകനും ആണല്ലൊ.
എന്റെ മുന്നിൽ ദിവസം മുഴുവൻ ഒരുവൻ തലകീഴായി നിൽക്കാൻ പറ്റില്ല. കടക്കാരനായി ചന്തിയിൽ കല്ലെറിഞ്ഞ പാട് വീഴില്ല. നായ്ക്കളുടെ കടികൊള്ളില്ല. ഇവനൊക്കെ എന്തിനുപറ്റും? (ചൂതിൽ തോറ്റ് ദണ്ഡനം അനുഭവിയ്ക്കാൻ ശേഷിയില്ലാത്തവൻ ചൂത് കളിയ്ക്കരുത് എന്നർത്ഥം)
ശരി, ഇനി മാഥുരനെ അനുനയിപ്പിക്കുക തന്നെ. (സമീപം ചെന്ന്) അല്ലയോ മാഥുരൻ, താങ്കൾക്ക് പ്രണാമം.
(മാഥുരൻ പ്രത്യഭിവാദ്യം ചെയ്യുന്നു)

ദുർദ്ദുരകൻ: ഇവിടെ എന്താ ചെയ്യുന്നത്?

മാഥുരൻ: ഇവൻ എനിക്ക് പത്ത് പണം തരാനുണ്ട്.

ദുർദ്ദുരകൻ: ഓ! അത് നിസ്സാരമല്ലേ?

മാഥുരൻ: (ദുർദ്ദുരകന്റെ കക്ഷത്തിലെ പഴംതുണി വലിച്ചുകൊണ്ട്) മാന്യരെ, നോക്കൂ നോക്കൂ. പഴംതുണികൊണ്ട് മറച്ച ഈ മനുഷ്യൻ പത്ത് പണം തുച്ഛമെന്ന് പറയുന്നു!

ദുർദ്ദുരകൻ: എടാ തെണ്ടീ, പത്ത് പണം എനിയ്ക്ക് ഒരൊറ്റ കടം(ചൂറ്റിലെ കുരു) എറിഞ്ഞാൽ കിട്ടും. ധനമുള്ള ഒരുത്തൻ അത് കാണിച്ച് നടക്കണോ?
എടാ മാഥുരാ, വെറും പത്ത് പണത്തിനായി പഞ്ചേന്ദ്രിയങ്ങൾ ഉള്ള ഒരു മനുഷ്യനെ കൊല്ലുന്ന നീ ഒരു നീചൻ തന്നെ.

മാഥുരൻ: പ്രഭോ (വ്യംഗ്യമായി) പത്ത് പണം ഭവാനു തുച്ഛമായിരിക്കാം എന്നാൽ എനിക്ക് അത് വലിയതാണ്.

ദുർദ്ദുരകൻ: എന്നാൽ കേട്ടോ, ഇവനു കുറച്ച് നേരത്തേയ്ക്ക് പത്ത് പണം കൊടുക്ക് എന്നിട്ടവൻ അതുകൊണ്ട് വീണ്ടും ചൂത് കളിയ്ക്കട്ടെ.

മാഥുരൻ: അതുകൊണ്ട് എന്ത് ഫലം?

ദുർദ്ദുരകൻ: അവൻ ജയിക്കും ജയിച്ചാൽ പണം നിനക്ക് തരും

മാഥുരൻ: അപ്പോൾ തോറ്റാലോ?

ദുർദ്ദുരകൻ: അങ്ങനെ സംഭവിച്ചാൽ പണം നിനക്ക് തരില്ല.

മാഥുരൻ: ഇനി ഈ വിഷയത്തിൽ നിന്നോട് സംസാരിച്ച് കാര്യമില്ല. എടാ തെണ്ടീ അത്ര വിഷമം നിനക്കുണ്ടെങ്കിൽ നീ താ. ഞാൻ മാഥുരൻ ചൂതാട്ട കേന്ദ്രത്തിലെ മുഖ്യൻ, വെറുതെ ചൂതുകളിക്കില്ല.(പണം കിട്ടാതെ എന്നർത്ഥം). എനിക്ക് ആരേയും പേടിയുമില്ല. തെണ്ടി നീ നാണവും മാനവുമില്ലാത്തവൻ ആണ്.

ദുർദ്ദുരകൻ: എടാ ആർക്കാ നാണവും മാനവുമില്ലാത്തത്?

മാഥുരൻ: നിനക്ക് തന്നെ തെണ്ടീ.

ദുർദ്ദുരകൻ: നിന്റെ തന്തയാണെടാ നാണവും മാനവുമില്ലാത്തവൻ (സംവാഹകനോട് ഓടിരക്ഷപ്പെടാൻ സൂചന നൽകുന്നു)

മാഥുരൻ: കഴുവേറിമോനെ, നീ ഇങ്ങനെയാണോ ചൂതുകളി പഠിച്ചിരിക്കുന്നത്?

ദുർദ്ദുരകൻ: അതെ ഞാൻ അങ്ങനെ തന്നെ ആണ്.

മാഥുരൻ: എടാ സംവാഹകാ, എനിക്ക് എന്റെ പത്ത് പണം താ

സംവാഹകൻ:ഇപ്പോ തരാം ഇന്ന് തരാം.
(മാഥുരൻ പിടിച്ച് വലിക്കുന്നു)

ദുർദ്ദുരകൻ: എടാ മൂർഖാ എന്റെ മുന്നിൽ വെച്ച് നീ ഉപദ്രവിക്കുന്നുവോ?
(മാഥുരൻ സംവാഹകന്റെ മൂക്കത്ത് ഇടിയ്ക്കുന്നു. സംവാഹകൻ രക്തംവന്ന് മോഹാലസ്യപ്പെട്ടതായി അഭിനയിച്ച് തറയിൽ വീഴുന്നു. ദുർദ്ദുരകൻ രണ്ട് പേരേയും പിടിച്ച് മാറ്റുന്നു. മാഥുരൻ ദുർദ്ദുരകനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. ദുർദ്ദുരകൻ തിരിച്ചടിക്കുന്നു.)

മാഥുരൻ: എടാ ദ്രോഹീ കൂത്തിച്ചി മോനേ നീ ഇതിനനുഭവിയ്ക്കും.

ദുർദ്ദുരകൻ: പോടാ തെണ്ടീ. വഴിയിലൂടെ നടക്കുന്ന എന്നെ നിനക്ക് ഉപദ്രവിച്ചു.  നാളെ രാജദർബാറിൽ വെച്ച് തല്ല്, അപ്പോ കാണിച്ച് തരാം.

മാഥുരൻ: നമുക്ക് കാണാം.

ദുർദ്ദുരകൻ: എന്ത് കാണാം എന്ന്?

മാഥുരൻ:(കണ്ണുരുട്ടിക്കാണിച്ച്) ഇങ്ങനെ കാണും
(ദുർദ്ദുരകൻ മാഥുരന്റെ കണ്ണിൽ പൊടിവാരി ഇടുന്നു. സംവാഹകനോട് ഓടിരക്ഷപ്പെടാൻ സൂചന നൽകുന്നു. മാഥുരൻ കണ്ണ് തിരുമ്പി തിരുമ്പി തറയിൽ വീഴുന്നു. സംവാഹകൻ ഓടിപ്പോകുന്നു)

ദുർദ്ദുരകൻ: ഞാൻ ചൂതാട്ട കേന്ദ്രത്തിലെ മുഖ്യനായ മാഥുരനോട് ശണ്ഠ കൂടി. ഇനി ഇവിടെ നിന്നാൽ രക്ഷയില്ല. എന്റെ പ്രിയസ്നേഹിതൻ ശർവിലകൻ പറഞ്ഞിട്ടുണ്ട്: “ആര്യകൻ എന്ന് പേരായ ഇടയച്ചുറുക്കൻ രാജാവാകും എന്ന് മഹാത്മാവായ സിദ്ധൻ പ്രവചിച്ചിട്ടുണ്ട്. എന്നെ പോലെ ഉള്ളവരെല്ലാം അദ്ദേഹത്തിന്റെ ഒപ്പം കൂടുകയാണ്.” എന്ന്. അതിനാൽ ഞാൻ ആര്യകന്റെ കൂടെ കൂടുകതന്നെ. (എന്ന് പറഞ്ഞ് പോകുന്നു)

No comments:

Post a Comment