കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 4, 2016

രണ്ടാം അങ്കം - ഭാഗം 3


സംവാഹകൻ:(പേടിച്ച് ചുറ്റിനടന്ന് നോക്കിയിട്ട്) ഇതാരുടെ വീടാണാവോ, അതിന്റെ വാതിൽ തുറന്ന് കിടക്കുന്നുണ്ട്. എന്നാൽ ഈ വീട്ടിലേക്ക് കടക്കുക തന്നെ.(വീട്ടിൽ പ്രവേശിച്ച്, വസന്തസേനയെ കണ്ട്) ആര്യേ ഭവതിയോട് ശരണം ചോദിക്കുന്നു.

വസന്തസേന: ശരണം അഭ്യർത്ഥിച്ച് വന്നവന് അഭയം നൽകുന്നു. വാതിലടയ്ക്കൂ.
(ഭൃത്യ വാതിൽ അടയ്ക്കുന്നു)

വസന്തസേന: നീ അരെയാണ് പേടിക്കുന്നത്?

സംവാഹകൻ: ആര്യേ, പണക്കാരെ

വസന്തസേന: ഭൃത്യേം ഇപ്പോൾ വാതിൽ തുറക്ക്

സംവാഹകൻ: (ആത്മഗതം) എന്ത്? പണക്കാരിൽ നിന്നുള്ള ഭയം അത്ര ചെറുതാണോ? ശരി തന്നെ പറയുന്നത്,
അവനവന്റെ സാമർത്ഥ്യത്തിനനുസരിച്ച് ഭാരമെടുത്താൽ കഷ്ടപ്പെടില്ല.
ഞാനതിന്റെ ജീവിയ്ക്കുന്ന ഒരു ഉദാഹരണമായി മാറിയിരിക്കുന്നു.

മാഥുരൻ: (കണ്ണുകൾ തുടച്ച് വൃത്തിയാക്കി, സംവാഹകനോടായി) എടാ പണം താ. ഇപ്പോൾ താ

ചൂതുജേതാവ്: നമ്മൾ ദുർദ്ദുരകനായി ശണ്ഠകൂടുന്ന സമയം നോക്കി ആ സംവാഹകൻ ഓടി രക്ഷപ്പെട്ടു.

മാഥുരൻ: ഇടികൊണ്ട് അവന്റെ മൂക്ക്പൊട്ടി ചോര ഒലിയ്ക്കുന്നുണ്ടായിരുന്നു. അതിനാൽ നമുക്ക് ചോരപ്പാട് നോക്കി അവനെ കണ്ട് പിടിയ്ക്കാം.
(അങ്ങനെ ചെയ്ത്)

ചൂതജേതാവ്: സ്വാമീ, അവൻ വസന്തസേനയുടെ വീട്ടിൽ കയറിയിരിക്കുന്നു.

മാഥുരൻ: എന്നാൽ പണം കിട്ടും

ചൂതജേതാവ്: നമുക്ക് പോലീസിലറിയിച്ചാലോ?

മാഥുരൻ: ആ സമയം ഈ തെണ്ടി മറ്റെവിടേയ്ക്കെങ്കിലും പോകും. അതിനാൽ അവനെ തന്നെ കാവൽ നിന്ന് പിടിയ്ക്കാം.

(വസന്തസേന, മദനികയോട് കാര്യം അറിയാൻ സൂചന നൽകുന്നു)

മദനിക: മാന്യശ്രീമൻ, താങ്കൾ എവിടുന്നാണ് വരുന്നത്? നിങ്ങൾ ആരാണ്? എന്താണ് കാര്യം? ആരെയാണ് പേടിയ്ക്കുന്നത്?

സംവാഹകൻ: ആര്യേ, കേൾക്കൂ. എന്റെ നാട് പാടലീപുത്രമാണ്. ഞാൻ ഗ്രാമപ്രധാനിയുടെ മകനാണ്. ഉഴിച്ചിൽ (സുഗന്ധലേപനങ്ങൾ പുരട്ടിക്കൊടുത്ത് മസാജ് ചെയ്യുന്ന ജോലി=സംവാഹകൻ എന്ന വാക്കിനർത്ഥം) ആണ് എന്റെ ജോലി.

വസന്തസേന: താങ്കൾ നല്ലതൊഴിലാണല്ലൊ പഠിച്ചിരിക്കുന്നത്

സംവാഹകൻ: ആര്യേ, ഈ തൊഴിൽ ഒരു കലയാണെന്ന് കണ്ടാണ് അഭ്യസിച്ചത്. ഇപ്പോൾ ജീവിയ്ക്കാൻ ഒരു മാർഗ്ഗവുമില്ലാതായി.

മദനിക:  താങ്കൾ ഒരു ദുഃഖകരമായ സംഗതിയാണല്ലൊ ഉത്തരം പറഞ്ഞത്. എന്നിട്ട്?

സംവാഹകൻ: ആര്യേ, ആ തൊഴിൽ ചെയ്ത് കൊണ്ടിരിക്കുന്ന സമയം സേവനം കൈപറ്റാനായി ധാരാളം കച്ചവടക്കാരും യാത്രക്കാരും അയാളുടെ അടുത്ത് വരാറുണ്ടായിരുന്നു. അവർ പറഞ്ഞ കഥകളിലൂടെ കേട്ടറിഞ്ഞ ഈ സ്ഥലം കാണാൻ മോഹമുദിച്ച് ഉജ്ജയിനിയിൽ എത്തി. ഉജ്ജയിനിയിൽ ഞാൻ ഒരു മാന്യനും ഉദാരശീലനും വിനയശീലനും പ്രിയവും നല്ലതുമായ സംഭാഷണങ്ങൾ നടത്തുന്നതുമായ ഒരു വ്യക്തിയുടെ കീഴിൽ ജോലിയ്ക്ക് ചേർന്നു. ആ വ്യക്തിയാകട്ടെ നല്ലത് ചെയ്താൽ അതിൽ മേനി നടിക്കുകയോ കൊട്ടിഘോഷിക്കുകയോ ചെയ്യാതെ അതിനെ പറ്റി മറക്കുന്നവനായിരുന്നു. താൻ സ്വയം മറ്റുള്ളവരുടെ സ്വത്ത് ആണെന്ന് ധരിക്കുന്നവനും ആയിരുന്നു.(=സ്വാർത്ഥനല്ലായിരുന്നു എന്ന് അർത്ഥം) അദ്ദേഹത്തെ ആശ്രയിക്കുന്നവരിൽ എല്ലാം അദ്ദേഹത്തിനു ദീനാനുകമ്പ ഉണ്ടായിരുന്നു.

മദനിക: ആര്യയുടെ കാമുകന്റെ സദ്ഗുണങ്ങൾ കട്ടെടുത്ത് ആരായിരിക്കും ഇപ്പോൾ ഉജ്ജയിനി നഗരിയെ സുശോഭിതമാക്കുന്നത്?(=ചാരുദത്തനെ പോലെ സദ്ഗുണങ്ങൾ ഉജ്ജയിനിയിൽ മറ്റാർക്കായിരിക്കും എന്ന് അതുഭുതപ്പെടുകയാണ്)

വസന്തസേന: ബലേ ഭേഷ്! കൊള്ളാം തോഴീ. കൊള്ളാം. ഞാനും ഇത് തന്നെ ആയിരുന്നു മനസ്സിൽ ഓർത്തത്.

മദനിക: ആര്യ, ശേഷം എന്തുണ്ടയി?

സംവാഹകൻ: അദ്ദേഹം ഇപ്പോൾ കയ്യയച്ച് ദാനം ചെയ്തതുകൊണ്ട്……..

വസന്തസേന: എന്താ ദരിദ്രനായിയോ?

സംവാഹകൻ: അതെങ്ങനെ ആര്യ ഊഹിച്ചു? അറിഞ്ഞു?

വസന്തസേന: ഇതിൽ അറിയാനെന്തിരിക്കുന്നു? ദാനധർമ്മാദി സദ്ഗുണങ്ങളും ധനവും ഒരുമിച്ച് ഒരുവ്യക്തിയ്ക്ക് ഉണ്ടാവുക ബുദ്ധിമുട്ടാണ്. കുളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത്, അത് കുടിയ്ക്കാൻ പറ്റിയവെള്ളം അല്ലാത്തതുകൊണ്ടാണ്.

മദനിക: ആര്യ, ആ വലിയമനുഷ്യന്റെ പേരെന്താണ്?

സംവാഹകൻ: ആര്യേ, ഭൂമിയിലെ ചന്ദ്രനായ അദ്ദേഹത്തിന്റെ പേർ ആർക്കാണറിഞ്ഞ് കൂടാത്തത്? അദ്ദേഹം കച്ചവടക്കാരുടെ തെരുവിലാണ് താമസിയ്ക്കുന്നത്, പേരാകാട്ടെ ചാരുദത്തൻ എന്നുമാണ്.

വസന്തസേന:(പ്രസന്നതയോടെ തന്റെ ഇരിപ്പിടത്തിൽ നിന്നും ഇറങ്ങി) ആര്യ, ഇത് താങ്കളുടെ സ്വന്തം ഗൃഹമായി കരുതുക. ദാസീ, ഇദ്ദേഹത്തിനു ഇരിക്കാൻ ഇരിപ്പിടം കൊടുക്കൂ. വീശിക്കൊടുക്കൂ. ആര്യൻ വിശ്രമിച്ചാലും.
(തോഴി അപ്രകാരം ചെയ്യുന്നു)

സംവാഹകൻ: (ആത്മഗതം) ആര്യചാരുദത്തന്റെ പേരുപറഞ്ഞപ്പോഴേക്കും എന്നെ ഇത്ര ആദരിക്കുന്നത് എന്തുകൊണ്ടാണ്? ആര്യ ചാരുദത്താ, അങ്ങ് ധന്യനാണ്. അങ്ങ് മാത്രമാണ് ഭൂമിയിൽ ജീവിയ്ക്കുന്നത്. മറ്റെല്ലാവരും വെറുതെ ശ്വാസോച്ഛ്വാസം ചെയ്യുന്നതേ ഉള്ളൂ. (ചാരുദത്തന്റെ ജീവിതം മാത്രം സഫലം മറ്റുള്ളവരുടെ ജീവിതം വെറുതെ എന്നർത്ഥം) (ഇതുപ്രകാരൻ വസന്തസേനയുടെ കാൽക്കൽ വീണ്) ആര്യേ, മതി മതി. സന്തോഷമായി. ഭവതി ഇരുന്നാലും

വസന്തസേന: അദ്ദേഹം എങ്ങനെ ധനവാനാകും? (ദാനശീലം കൊണ്ട് ധനികനായി ഇരിക്കാൻ സാധിക്കില്ല എന്നർത്ഥത്തിൽ)

സംവാഹകൻ: ദാനശീലരുടെ പക്കലേ ധനം ഇരിക്കൂ. ആരുടെ ധനം ആണ് നശിക്കാത്തത്? എല്ലാവരുടേയും ധനം നശിക്കുന്നതാണ്. പൂജിക്കാനറിയാത്തവനു എങ്ങനെ പൂജാവിശേഷം എങ്ങനെ അറിയാനാണ്? (അറിയില്ല എന്നർത്ഥത്തിൽ)
(ദാനശീലരുടെ ദാനം നൽകാനുള്ള സന്നദ്ധതയാണ് അവർക്ക് ഗുണം/ധനം. അതിനാൽ ദരിദ്രൻ എന്ന് ധരിക്കേണ്ടതില്ല. അങ്ങനെ നോക്കുമ്പോൾ ചാരുദത്തൻ ഇപ്പോഴും ധനവാനാണെന്ന് അർത്ഥം.)

വസന്തസേന: എന്നിട്ട് ശേഷം?

സംവാഹകൻ: അദ്ദേഹം എന്നെ വേതനം തന്നെ ജോലിക്കാരനായി നിയമിച്ചു. പക്ഷെ അധികം താമസം കൂടാതെ അദ്ദേഹത്തിനു അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾ മാത്രം ബാക്കിയാക്കി നിർധനൻ ആയി. അതിനാൽ ഞാനും നിർധനനായി. അങ്ങനെ ധനസമ്പാദനാർത്ഥം ഞാൻ ഒരു ചൂതുകളിക്കാരനായി. ദൗർഭാഗ്യവശാൽ ഇപ്പോൾ പത്ത് പണം കടക്കാരനുമായി.

മാഥുരൻ: എല്ലാം നശിച്ചു. എന്നെ കൊള്ളയടിച്ചു

സംവാഹകൻ: ഇതാ ആ സഭികനും (മാഥുരൻ) മറ്റേ ചൂതാട്ടക്കാരനും എന്നെ അന്വേഷിച്ച് വരുകയാണ്. അവർ പറയുന്നത് കേട്ടുകൊണ്ട് ആര്യ ഉചിതമായത് ചെയ്യുക.

വസന്തസേന: മദനികേ, ഇരിയ്ക്കുന്ന കൊമ്പ് ഉണങ്ങി വീണാൽ പക്ഷികൾ പലവഴി പറന്ന് തുടങ്ങും. ആര്യ സംവാഹകൻ തന്നതാണെന്ന് നീ പോയി പുറത്ത് ഒച്ചവെയ്ക്കുന്ന സഭികനോടും ചൂതാട്ടക്കാരനോടും പറഞ്ഞ്, ഈ വള അവർക്ക് കൊടുക്ക്.(എന്നും പറഞ്ഞ് കയ്യിലെ വള ഊരി കൊടുക്കുന്നു)

മദനിക: ഭവതിയുടെ ആജ്ഞപോലെ. (എന്ന് പറഞ്ഞ് വള വാങ്ങി നിഷ്ക്രമിക്കുന്നു)

മാഥുരൻ: കൊന്നൂ എന്നെ കൊന്നൂ. എന്നെ കൊള്ളയടിച്ചു.

മദനിക: മേൽപ്പോട്ടേയ്ക്ക് നോക്കി ദീർഘനിശ്വാസം വിട്ട് വാതിൽക്കൽ നോക്കി തമ്മിൽ തമ്മിൽ വർത്തമാനം പറയുന്ന ഇവർ തന്നെ ആയിരിക്കാം സഭികനും ചൂതാട്ടക്കാരനും എന്ന് ഞാൻ ഊഹിയ്ക്കുന്നു. (സമീപം ചെന്ന്) ആര്യ നമസ്കാരം.

മാഥുരൻ: നിനക്ക് സുഖം ഭവിയ്ക്കട്ടെ.

മദനിക: ആര്യ, നിങ്ങളിൽ ആരാണ് സഭികൻ?

മാഥുരൻ: കൃശോദരിയാ സുന്ദരീ, സുന്ദരനേത്രങ്ങളോടെ നോക്കി, (സംഭോഗസമയത്ത് കടികൊണ്ട്) മുറിഞ്ഞ ചുണ്ടുമായി മധുരമനോജ്ഞസംഭാഷണം നടത്തുന്ന നീ ആരോടാണ് സംസാരിക്കുന്നത്? എന്റെ കയ്യിൽ ധനം ഇല്ല. വേറെ ആരുടെ അടുത്തെങ്കിലും പോയ്ക്കോ.

മദനിക: ഇങ്ങനെ വർത്തമാനം പറയുന്നവൻ ചൂതാട്ടക്കാരനാവില്ല. നിനക്കു കടക്കാരൻ വല്ലവരുമുണ്ടോ?

മാഥുരൻ: ഉവ്വല്ലൊ. പത്ത് പണം അവൻ തരാനുണ്ട്. അവനെന്ത് പറ്റി?

മദനിക: അയാൾകാരണം ആര്യ വസന്തസേന… അല്ല അല്ല അവൻ ഈ വള തന്നയച്ചിരിക്കുന്നു.

മാഥുരൻ:(സന്തോഷത്തോടെ വാങ്ങിയിട്ട്) ഹായ്! ആ തറവാടിയോട് ചെന്ന് പറയൂ അവന്റെ കടം എല്ലാം വീടി, ഇനിയും ചൂതുകളിക്കാൻ വരാൻ.

(ഇതും പറഞ്ഞ് സഭികനും ചൂതാട്ടജേതാവും പോകുന്നു)

മദനിക:(വസന്തസേനയുടെ സമീപം ചെന്ന്) ആര്യേ, സഭികനും ചൂതാട്ടക്കാരനും രണ്ട് പേരും സന്തോഷത്തോടെ പോയി.

വസന്തസേന: എന്നാൽ താങ്കൾക്കും പോകാം. ഇന്ന് ബന്ധുജങ്ങൾ ആശ്വസിക്കട്ടെ.

സംവാഹകൻ: ആര്യേ, അങ്ങനെ എങ്കിൽ ഞാൻ (ഉഴിച്ചിൽ എന്ന) ഈ കല ഭവതിയുടെ ദാസിമാരെ അഭ്യസിപ്പിക്കട്ടെ?

വസന്തസേന: താങ്കൾ ആർക്ക് വേണ്ടിയാണോ ഈ കലാസേവനം ചെയ്തിരുന്നത്, ആ ആളുടെ സമീപം തന്നെ ചെന്ന് (ചാരുദത്തന്റെ) അദ്ദേഹത്തെ പഴയത് പോലെ ശുശ്രൂഷിക്കുക.  

സംവാഹകൻ:(ആത്മഗതം) ആര്യ (വസന്തസേന) വളാരെ ബുദ്ധിപൂർവ്വം എന്നെ ഒഴിവാക്കി. അതിനാൽ ഞാൻ എങ്ങനെ ഇതിനു പ്രത്യുപകാരം ചെയ്യും? (ഉറക്കെ) ആര്യേ, ചൂതാട്ടം കൊണ്ട് അപമാനിതനായതിനാൽ മനസ്സ് മടുത്ത് ഞാൻ ബുദ്ധസംന്യാസി ആകുകയാണ്. ‘ചൂതാട്ടക്കാരൻ സംവാഹകൻ ഒരു ബുദ്ധസംന്യാസി ആയി‘ എന്ന് ഭവതി ഓർമ്മയിൽ സൂക്ഷിക്കൂ.

വസന്തസേന: എടുത്തുചാട്ടം വേണ്ട

സംവാഹകൻ: ആര്യേ, ഞാൻ തീരുമാനിച്ചുകഴിഞ്ഞു.
(എന്നും പറഞ്ഞ് ചുറ്റി നടന്ന്) ചൂതുകളി കാരണം ഞാൻ അത്യന്തം ശോചനീയമായ അവസ്ഥയിൽ എത്തി. എങ്കിലും ഇപ്പോൾ എനിക്ക് ആരേയും കൂസാതെ രാജവീഥിയിലൂടെ നടക്കാം. (കടം വീട്ടിയല്ലൊ)

(അണിയറയിൽ ശബ്ദം)

സംവാഹകൻ:(കേട്ടുകൊണ്ട്) ഇതെന്താണ്? (മുകളേക്ക് നോക്കി) എന്താ പറയുന്നത്? വസന്തസേനയുടെ ഖുണ്ടമോടകൻ എന്ന് പേരായ ആന ചങ്ങല പൊട്ടിച്ചെന്നോ? ആര്യയുടെ മദം‌പൊട്ടിയ ആനയെ നോക്കുക തന്നെ. അല്ല, ഇതിൽ എനിക്കെന്താ? ഞാൻ തീരുമാനിച്ച പോലെ തന്നെ ചെയ്യും. (സംന്യാസം സ്വീകരിക്കും എന്നർത്ഥം)
(എന്നും പറഞ്ഞ് പോകുന്നു)
(അനന്തരം പെട്ടെന്ന്, അത്യധികം സന്തോഷത്തോടെ ഉജ്വലമായ വസ്ത്രം ധരിച്ച കർണ്ണപൂരകൻ പ്രവേശിക്കുന്നു)

കർണ്ണപൂരകൻ: ആര്യ എവിടെ ആര്യ എവിടെ?

മദനിക: എടാ ദുഷ്ടാ മുന്നിലിരിക്കുന്ന ആര്യയെ കൂടെ കാണാത്ത വിധത്തിൽ എന്താ നിനക്കിത്ര ഉത്സാഹം?

കർണ്ണപൂരകൻ:(നോക്കി കണ്ട്) ആര്യേ.. നമസ്കാരം

വസന്തസേന: കർണ്ണപൂരക, നീ വലിയ സന്തോഷത്തിലാണല്ലൊ. എന്താണ് കാരണം?

കർണ്ണപൂരകൻ:(വിസ്മയത്തോടെ) ആര്യ വഞ്ചിക്കപ്പെട്ടു. കാരണം ഇന്ന് ഈ കർണ്ണപൂരകന്റെ വീരശൂരപാരാക്രമം ആര്യ കാണാതെ പോയല്ലൊ.

വസന്തസേന: കർണ്ണപൂരക, എന്താ എന്താ നീ പറയുന്നത്?

കർണ്ണപൂരകൻ:ആര്യേ ഭവതി കേൾക്കൂ. ഭവതിയുടെ ആ ഖുണ്ടമോടകൻ എന്ന മദം പൊട്ടിയ ആനയില്ലേ? അത് ചങ്ങല പൊട്ടിച്ച് പാപ്പാനെ കൊന്ന് മുഖ്യവീഥിയിലൂടെ വരികയായിരുന്നു. “കുട്ടികളെ മാറ്റൂ, മരത്തിന്മേലോ വീടിനുമുകളിലോ പോയി നിൽക്കൂ കാണുന്നില്ലേ മദയാന ഇതാ ഈ വഴി ചങ്ങലപൊട്ടിച്ച് വരുന്നു. കാണുന്നില്ലേ? മാറൂ“ എന്നൊക്കെ ജനക്കൂട്ടം വിളിച്ച് പറയുന്നുണ്ടായിരുന്നു. കൂടാതെ,
പേടിച്ചോടുന്ന സ്ത്രീകളുടെ പാദസരങ്ങൾ കൊഴിഞ്ഞ് വീഴുന്നുണ്ടായിരുന്നു. രത്നങ്ങളും മുത്തുകളും വളകളും എല്ലാം വീഥിയിൽ പൊട്ടി വീഴുന്നുണ്ടായിരുന്നു. തുമ്പിക്കൈ കൊണ്ടും കൂർത്ത കൊമ്പുകൾ കൊണ്ടും ഉജ്ജയിനിയെ അവൻ ച്ഛിന്നഭിന്നമാക്കിക്കൊണ്ട് നടക്കുന്നതിനിടയിൽ ഒരു ബുദ്ധസംന്യാസിയെ അവൻ കടന്ന് പിടിച്ചു. അവന്റെ കമണ്ഡുലുവും ദണ്ഡും താഴെ വീണു. സംന്യാസിയെ കൊമ്പിൽ കോർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ “ബുദ്ധ സംന്യാസിയെ കൊല്ലുന്നേ“ എന്ന് നിലവിളി കൂട്ടി.

വസന്തസേന:(ഭയത്തോടെ) കഷ്ടം കഷ്ടം വല്ലാത്ത അനർത്ഥം സംഭവിച്ചു

കർണ്ണപൂരകൻ: ഹേയ്. പേടിക്കണ്ട ആവശ്യമില്ല. ബാക്കി കേൾക്കൂ. ആന തുമ്പിക്കൈ കൊണ്ട് ചുറ്റി കൊമ്പിൽ സംന്യാസിയെ എടുത്ത ഉടൻ ഞാൻ ഈ കർണ്ണപൂരകൻ, അല്ല ഭവതിയുടെ അന്നം കൊണ്ട് പരിപുഷ്ടമായ ദേഹമുള്ള ഈ സേവകൻ,ആ ചൂതാട്ടക്കാരനോട് (സംന്യാസിയായ സംവാഹകൻ ആണത്) വിളിച്ച് പറഞ്ഞുകൊണ്ട്, പെട്ടെന്ന് ഓടിപ്പോയി വീഥിയിലുള്ള ഒരു കടയിൽ നിന്നും ഒരു കമ്പിപ്പാര എടുത്ത് ആനയെ നേരിട്ടു.

വസന്തസേന: എന്നിട്ട് എന്നിട്ട്?

കർണ്ണപൂരകൻ: വിന്ധ്യാപർവ്വതത്തിലെ ഒരു കൊടുമുടിപോലെ ആകാരമുള്ള ആ കോപിച്ച മദയാനയെ കമ്പിപ്പാരകൊണ്ട് ഉപദ്രവിച്ച് സംന്യാസിയെ അതിന്റെ കൊമ്പിൽ നിന്നും രക്ഷിച്ചു.

വസന്തസേന: അത് ഗംഭീരമായി. സന്തോഷമായി. എന്നിട്ടോ?

കർണ്ണപൂരകൻ: അപ്പോൾ എല്ലാവരും “ബലേ കർണ്ണപൂരക, ബലേ“ എന്ന് ഒന്നിച്ച് ജനക്കൂട്ടം ഉദ്ഘോഷിച്ചു. അപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് കൂടിയതിനാൽ ഉജ്ജയിനി തുല്യമല്ലാതെ ഭാരം കയറ്റിയ തോണിപോലെ ആയിരുന്നു. ആര്യേ, അതിനിടയിൽ ഒരാൾ തന്റെ ശൂന്യമായ ആഭരണസ്ഥാനങ്ങൾ നോക്കി ഒന്നുമില്ലെന്ന് കണ്ട് ആകാശത്തേയ്ക്ക് നോക്കി ദീർഘനിശ്വാസം വിട്ടുകൊണ്ട്, ഈ ഉത്തരീയം എന്റെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു.

വസന്തസേന: കർണ്ണപൂരക, ആ ഉത്തരീയത്തിനും മുല്ലപ്പൂവിന്റെ സുഗന്ധം ഉണ്ടോ ഇല്ലയോ എന്ന് പറയൂ.

കർണ്ണപൂരകൻ: ആര്യേ മദയാനയുടെ ഗന്ധം കാരണം എനിക്ക് ഇപ്പോൾ മുല്ലപ്പൂ ഗന്ധം മണം പിടിക്കാൻ പറ്റുന്നില്ല

വസന്തസേന: എന്നാൽ പേരുചാപ്പകുത്തിയിട്ടുണ്ടോ എന്ന് നോക്കൂ

കർണ്ണപൂരകൻ: ആര്യ തന്നെ വായിച്ചാലും (എന്ന് പറഞ്ഞ് ഉത്തരീയം കൊടുക്കുന്നു)

വസന്തസേന: ഹായ് ആര്യ ചാരുദത്തന്റെ! (ഇതും പറഞ്ഞ് തിടുക്കത്തോടെ ഉത്തരീയം അണിയുന്നു)

മദനിക: ഈ ഉത്തരീയം ആര്യയ്ക്ക് നന്നായി ചേരും.

കർണ്ണപൂരകൻ: അതെ, ആര്യക്ക് നന്നായി ഇണങ്ങുന്നുണ്ട്.

വസന്തസേന: കർണ്ണപൂരകാ, ഇത് നിനക്കുള്ള സമ്മാനമാണ്. (എന്നും പറഞ്ഞ് ആഭരണം ഊരി കൊടുക്കുന്നു)

കർണ്ണപൂരകൻ: (വിനീതനായി വന്ദിച്ചുകൊണ്ട്) ഇപ്പോൾ ആര്യയുടെ ദേഹത്ത് ഈ ഉത്തരീയം അസ്സലായി ചേരുന്നുണ്ട്)

വസന്തസേന: കർണ്ണപൂരക, ഇപ്പോ ആര്യ ചാരുദത്തൻ എവിടെ ആണ്?

കർണ്ണപൂരകൻ: അദ്ദേഹം ഈ വഴി വീട്ടിലേക്ക് പോകുന്നുണ്ട്.

വസന്തസേന:ദാസീ, മുകളിലെ മട്ടുപ്പാവിൽ പോയി ആര്യ ചാരുദത്തനെ കാണാം.

(എല്ലാവരും നിഷ്ക്രമിയ്ക്കുന്നു)

ഇങ്ങനെ ചൂതാട്ടക്കാരനായ സംവാഹകൻ എന്ന രണ്ടാം അങ്കം സമാപിയ്ക്കുന്നു.

No comments:

Post a Comment