കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Tuesday, February 23, 2016

ഒൻപതാം അങ്കം - ഭാഗം 1


ശോധനകൻ: (=കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ; പ്രവേശിച്ച്) ന്യായാധിപന്മാരെന്നോട് കോടതിയിൽ ചെന്ന് ഇരിപ്പിടങ്ങൾ ഒക്കെ സജ്ജീകരിക്കാൻ കല്പിച്ചിരിക്കുന്നു. അതിനാൽ കോടതിയിലേക്ക് പോകുക തന്നെ. (ചുറ്റിനടന്ന് കണ്ട്) ഇതാ കോടതി. അവിടേയ്ക്ക് പ്രവേശിക്കുക തന്നെ. (നടന്ന് ഇരിപ്പിടങ്ങൾ എല്ലാം വൃത്തിയാക്കി സജ്ജീകരിച്ച്). അങ്ങനെ ഞാൻ കോടതി വൃത്തിയാക്കി ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. ന്യായാധിപന്മാരോട് ചെന്ന് പറയുക തന്നെ. (ചുറ്റിനടന്ന് കണ്ട്) ഇതെന്ത്? ഈ ദുഷ്ടൻ രാജസ്യാലൻ ഇവിടേയ്ക്ക് തന്നെ ആണല്ലൊ വരുന്നത്. ഇവന്റെ കണ്ണ് വെട്ടിച്ച് പോകാം.

(ഇത് പറഞ്ഞ് ഒരു വശത്ത് മാറി നിൽക്കുന്നു. ശേഷം ഉജ്ജ്വലവേഷധാരിയായ ശകാരൻ പ്രവേശിയ്ക്കുന്നു.)

ശകാരൻ: ഞാൻ കുളിച്ച് സുന്ദരികളായ സ്ത്രീകളോടൊത്ത് ഉദ്യാനത്തിൽ ഇരിക്കുന്ന ഗന്ധർവനെ പോലെ തോന്നിയ്ക്കുന്നു. എന്റെ തലയിലെ മുടി ഇടയ്ക്ക് മെടഞ്ഞ് ഇടും ഇടയ്ക്ക് ചുരുട്ടി വെയ്ക്കും ഇടയ്ക്ക് അവ നെറ്റിയിലേക്ക് വീഴും. ഇടയ്ക് അവ അഴിച്ചിടും. എന്നിട്ട് ഞാനതിനെ പിടിച്ച് കെട്ടും. ഞാൻ രാജസ്യാലൻ ആണ്. ആശ്ചര്യം തന്നെ!
മാത്രമല്ല, വിഷച്ചെടികൾക്കിടയിൽ പെട്ട് പോയ ഒരു പുഴുവിനെ പോലെ വഴിയന്വേഷിച്ചു നടക്കുന്ന എനിക്ക് തേടിയവള്ളി വാലിൽ ചുറ്റിയ പോലെ വഴിയും തെളിഞ്ഞിരിക്കുന്നു. ഈ നികൃഷ്ടകൃത്യം ഞാനാരുടെ തലയിൽ ഇടും? (ഓർമ്മിച്ച്) ഓർമ്മ വന്നു. ദരിദ്രവാ‍ാസി ചാരുദത്തന്റെ തലയിലിടുക തന്നെ. മാത്രമല്ല അവൻ ദരിദ്രനുമാണ്. അതിനാൽ അയാൾക്ക് എന്തും ചെയ്യാമല്ലൊ. ശരി കോടതിയിൽ പോയി ആദ്യം വ്യവഹാരം രേഖപ്പെടുത്തുക തന്നെ. “ചാരുദത്തൻ, വസന്തസേനയെ കഴുത്ത് ഞെരിച്ച് കൊന്നു.” അതിനു കോടതിയിലേക്ക് തന്നെ പോകാം. (ചുറ്റിനടന്ന് കണ്ട്) ഇതാ കോടതി. അകത്തുകയറുകതന്നെ. (ചുറ്റിനടന്ന് പ്രവേശിച്ച്) ആഹാ ഇരിപ്പിടങ്ങൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ടല്ലൊ. ന്യായാധിപന്മാർ വരുന്നത് വരെ ഈ പുല്ലിൽ ഇരിക്കുക തന്നെ.
(അത് പ്രകാരം ഇരിക്കുന്നു)

ശോധനകൻ: (മറ്റൊരുഭാഗത്തേയ്ക്ക് നടന്ന് മുന്നിൽ നോക്കി) ഇതാ ന്യായാധിപൻ വരുന്നു. അടുത്ത് പോകുക തന്നെ. (എന്ന് പറഞ്ഞ് പോകുന്നു)

(ശ്രേഷ്ഠിയോടും കായസ്ഥനോടും കൂടെ മുഖ്യനായാധിപൻ പ്രവേശിക്കുന്നു. ശ്രേഷ്ഠി പണമെണ്ണാനും വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും പരിശോധിച്ച് തീർപ്പ് കൽപ്പിക്കാനും ഉള്ള ആളാണ്. കച്ചവടനിയമങ്ങൾ അറിയുന്നവനും ആയിരിക്കും. കായസ്ഥൻ=രേഖസൂക്ഷിപ്പികാരനാണ്. തെളിവെടുക്കൽ, നിയമോപദേശം നൽകുക എന്നിവയും കടമയാണ്.)

ന്യായാധിപൻ: ശ്രേഷ്ഠീ.. കായസ്ഥാ

ശ്രേഷ്ഠിയും കായസ്ഥനും: ശ്രീമൻ, ഉത്തരവ്

ന്യായാധിപൻ: വ്യവഹാരത്തിനു പരാധീനത ഉള്ളതിനാൽ മറ്റുള്ളവരുടെ മനോവിചാരങ്ങൾ അറിയുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. (മറ്റുള്ളവരുടെ വാദങ്ങൾ കേട്ടശേഷമാണല്ലൊ വിധി നിർണ്ണയിക്കേണ്ടത്. വ്യവഹാരത്തിനെത്തുന്നവർ സത്യം പറയുന്നുവെന്നതിനു ഉറപ്പുമില്ല. അതിനാൽ ശരിയായ വ്യവഹാരം തീർപ്പ് കൽപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്)

വാദിപ്രതി തുടങ്ങിയവർ എല്ലാം സത്യം മറച്ച് വെച്ച് ന്യായമില്ലാതെ കാര്യങ്ങൾ ബോധിപ്പിക്കും. തന്റെ കാര്യം നേടാനായി സ്വന്തം ദോഷങ്ങൾ ഒന്നും വെളിപ്പെടുത്തില്ല. വാദിയും പ്രതിയും സമർപ്പിക്കുന്ന തെളിവുകൾ അവരുടെ ദോഷങ്ങളെ മറച്ച് വെയ്ക്കുന്നവ ആയിരിക്കും. ഇങ്ങനെ വ്യവഹാരം കേട്ട് തീർപ്പ് കൽപ്പിക്കുന്ന ന്യായാധിപനെ കളങ്കം ആരോപിക്കാൻ എളുപ്പമാണ്. അതിനാൽ തന്നെ കീർത്തി യശസ്സ് എന്നിവ വിദൂരമായ കാര്യങ്ങളാണ്.

അത് മാത്രമല്ല
ദേഷ്യത്തോടെ ന്യായരഹിതമായ കാര്യങ്ങൾ ജനങ്ങൾ പറയും. സജ്ജനങ്ങൾ കൂടെ അവരവരുടെ അപരാധങ്ങൾ വെളിപ്പെടുത്തില്ല. വാദിയുടേയും പ്രതിയുടേയും ദോഷങ്ങൾ കണ്ട് തീർപ്പ് കല്പിക്കുന്നവർ ചുരുങ്ങും. ന്യായാധിപനു തെറ്റ് ചെയ്യാൻ എളുപ്പമാണ്. അതിനാൽ തന്നെ യശസ്സും കീർത്തിയും വിദൂരകാരമായ കാര്യങ്ങൾ തന്നെ.
(രണ്ട് ശ്ലോകങ്ങളിലും ഒരേ ആശയം ആവർത്തിയ്ക്കപ്പെടുന്നുണ്ട്. അതിനാൽ ഒന്ന് പ്രക്ഷിപ്തമായിരിക്കാം.)

ന്യായാധിപൻ,
ശാസ്ത്രങ്ങൾ അറിഞ്ഞിരിക്കുന്നവനാകണം. കപടം കണ്ട് പിടിക്കാൻ മിടുക്കനാകണം. വികാരങ്ങൾ നിയന്ത്രിച്ചവനായിരിക്കണം. വർത്തമാനചതുരൻ ആയിരിക്കണം. സുഹൃത്തിനോടും ശത്രുവിനോടും ആത്മീയജങ്ങളോടും ഒരേ പോലെ പെരുമാറുന്നവനായിരിക്കണം. അവരവരുടെ വാദങ്ങൾ കേട്ട് നീതിപൂർവം തീർപ്പ് കലിപ്പിക്കുന്നവരായിരിക്കണം. ദുർബലന്മാരുടെ രക്ഷകനായിരിക്കണം. ധൂർത്തന്മാരെ ശിക്ഷിക്കണം. ധാർമ്മികമൂല്യങ്ങൾ ഉള്ളവനായിരിക്കണം. രാജാവിന്റെ ക്രോധത്തിനെ ശാന്തമായി ഇല്ലാതാക്കുന്നവനുമാകണം.

ശ്രേഷ്ഠിയും കായസ്ഥനും: ശ്രീമൻ, അങ്ങയുടെ ഗുണങ്ങളിലും അവർ ദോഷം കണ്ടെത്തുമോ? എങ്കിൽ നിലാവെളിച്ചം തൂകുന്ന ചന്ദ്രനും അന്ധകാരം തരുന്നു എന്ന് പറയാം.

ന്യായാധിപൻ: ശോധനകാ കോടതിയിലേക്ക് വഴി കാണിക്കൂ.

ശോധനകൻ: ബഹുമാനപ്പെട്ട മജിസ്റ്റ്രേട്ട് ഇതുവഴി വന്നാലും.
(എല്ലാവരും ചുറ്റി നടക്കുന്നു)

ശോധനകൻ: ഇതാ കോടതി എത്തിക്കഴിഞ്ഞു. ന്യായാധിപന്മാർ ഇതിലേക്ക് പ്രവേശിച്ചാലും

(എല്ലാവരും പ്രവേശിക്കുന്നു)

ന്യായാധിപൻ: ശോധനകാ, ആരൊക്കെ വ്യവഹാരവുമായി വന്നിട്ടുണ്ട് എന്ന് പുറത്ത് പോയി നോക്കി വരൂ.

ശോധനകൻ: ആജ്ഞപോലെ. (പുറത്ത് ചെന്ന്) സജ്ജനങ്ങളെ, ആരൊക്കെ വ്യവഹാരത്തിനായി കോടതിയിൽ വന്നിട്ടുണ്ടെന്ന് ന്യായാധിപൻ അന്വേഷിക്കുന്നു.

ശകാരൻ: (സന്തോഷത്തോടെ) മജിസ്റ്റ്രേട്ട് വന്നു. (അഹന്തയോടെ ചുറ്റി നടന്ന്) ഞാൻ കേമൻ, മനുഷ്യൻ, വാസുദേവൻ, രാഷ്ട്രീയക്കാരൻ, രാജസ്യാലൻ വ്യവഹാരത്തിനായി വന്നിട്ടുണ്ട്.

ശോധനകൻ: (പേടിച്ച്, പരിഭ്രമിച്ച്) ഹായ്! ആദ്യം വന്നിരിക്കുന്നത് രാജാവിന്റെ അളിയൻ! ശരി. ആര്യൻ കുറച്ച് നേരം കാത്ത് നിൽക്കൂ. ഞാൻ അകത്ത് ചെന്ന് ഉണർത്തിക്കട്ടെ.
(ന്യായാധിപന്റെ സമീപം ചെന്ന്) ശ്രീമൻ, രാജാവിന്റെ അളിയൻ വ്യവഹാരാർത്ഥം വന്നിട്ടുണ്ട്.

ന്യായാധിപൻ: എന്ത്? ആദ്യം തന്നെ രാജാവിന്റെ അളിയൻ ആണോ വന്നിരിക്കുന്നത്? സൂര്യോദയത്തിൽ തന്നെ സൂര്യഗ്രഹണം പോലെ ആണല്ലൊ അത്. ശോധനകാ, ഇന്ന് കോടതികാര്യങ്ങൾ വിഷമം പിടിച്ചതാകാൻ സാധ്യതയുണ്ടല്ലൊ. ഇന്ന് താങ്കളുടെ വ്യവഹാരം എടുക്കാൻ പറ്റില്ല എന്ന് പുറത്ത് ചെന്ന് പറയൂ,

ശോധനകൻ: അങ്ങയുടെ ആജ്ഞപോലെ. (ശകാരന്റെ അടുത്ത് ചെന്ന്) ആര്യ, ഇന്ന് താങ്കളുടെ വ്യവഹാരം പരിഗണിക്കാൻ പറ്റില്ല എന്ന് ന്യായാധിപൻ പറയുന്നു.

ശകാരൻ: (ദേഷ്യത്തോടെ) എന്ത്? എന്റെ വ്യവഹാരം പരിഗണിക്കില്ലെന്നോ? എന്റെ അളിയൻ പാലകരാജാവിനോട് അല്ലെങ്കിൽ എന്റെ സഹോദരിയോട്, അതുമല്ലെങ്കിൽ അമ്മയോട് പറഞ്ഞ് ഈ ന്യായാധിപനെ മാറ്റി മറ്റൊരു ന്യായാധിപനെ വെയ്ക്കാനുള്ള ആജ്ഞാശക്തി എനിയ്ക്ക് ഉണ്ടെന്ന്  അറിയില്ലേ?

ശോധനകൻ: അങ്ങ് കുറച്ച് നേരം കാത്ത് നിൽക്കൂ. ഞാനിത് അകത്ത് പോയി ഉണർത്തിച്ച് വരാം. (ന്യായാധിപസമീപം ചെന്ന്) രാജാവിന്റെ അളിയൻ ദേഷ്യപ്പെട്ട് പറയുന്നു താങ്കളെ മാറ്റാനുള്ള ആജ്ഞാശക്തി അയാൾക്ക് ഉണ്ടെന്ന്.

ന്യായാധിപൻ: ഈ മൂർഖൻ എന്തും ചെയ്യും. അതിനാൽ ശകാരനോട് ചെന്ന് അയാളുടെ വ്യവഹാരം പരിഗണിക്കാമെന്ന് പറയൂ.

ശോധനകൻ: (ശകാരന്റെ സമീപം ചെന്ന്) ആര്യ, ന്യായാധിപൻ താങ്കളുടെ വ്യവഹാരം പരിഗണിക്കാമെന്ന് അറിയിക്കുന്നു. അതിനാൽ അകത്ത് പ്രവേശിച്ചാലും

ശകാരൻ: ആദ്യം പറഞ്ഞു പരിഗണിക്കില്ല എന്ന് പിന്നെ അത് മാറ്റി പരിഗണിക്കാമെന്നാക്കി.അതിനർത്ഥം ന്യായാധിപൻ ഭയന്നു എന്ന് തന്നെ. ഞാനെന്ത് പറഞ്ഞാലും അത് സത്യമാണെന്ന് അവരെക്കൊണ്ട് അംഗീകരിപ്പിക്കും. (അകത്ത് പ്രവേശിച്ച് സമീപം ചെന്ന്) എനിക്ക് സുഖമായി. നിങ്ങൾക്കും സുഖം തരാം അല്ല തരാതിരിക്കാം.

ന്യായാധിപൻ: (ആത്മഗതം) ന്യായമായ വ്യവഹാരം പ്രതീക്ഷിക്കുന്ന ഇവന്റെ സ്ഥിരസംസ്കാരം! ആശ്ചര്യം തന്നെ! (ഉറക്കെ) ഇരിയ്ക്കൂ.

ശകാരൻ: ആഹാ. ഇതെന്റെ സ്ഥലമാണ്. അതിനാൽ എനിയ്ക്കിഷ്ടമുള്ളിടത്ത് ഇരിക്കും. (ശ്രേഷ്ഠിയെ നോക്കി) അവിടെ ഇരിക്കും. (ശോധനകനെ നോക്കി) അവിടേയും ഇരിക്കും. (ന്യായാധിപന്റെ തലയിൽ കൈ വെച്ച്) ഇവിടേയും കയറി ഇരിക്കും. (ഇതും പറഞ്ഞ് നിലത്ത് ഇരിക്കുന്നു)

ന്യായാധിപൻ: താങ്കൾ വ്യവഹാരത്തിനു വന്നതാണല്ലെ?

ശകാരൻ: പിന്നല്ലാതെ?

ന്യായാധിപൻ: എന്നാൽ സംഗതി പറയൂ

ശകാരൻ: ചെവിയിൽ പറയാം. മല്ലകം പോലെ ഒരു വലിയ കുലത്തിൽ ജനിച്ചവനാണ് ഞാൻ. എന്റെ അച്ഛൻ പാലകരാജാവിന്റെ ശ്വശുരനാണ്. രാജാവ് എന്റെ അച്ഛന്റെ മരുമകനാണ്. ഞാൻ രാജാവിന്റെ അളിയനാണ്. രാജാവ് എന്റെ സഹോദരിയുടെ ഭർത്താവാണ്.

ന്യായാധിപൻ: എല്ലാം അറിയാം. കുലമഹിമ പറഞ്ഞ് എന്ത് നേടാനാണ്? കോടതിയിൽ സ്വഭാവഗുണമാണ് പ്രധാനം. നല്ല മണ്ണിൽ കള്ളിച്ചെടികളും തഴച്ച് വളരും. അതിനാൽ വന്ന കാര്യം പറയൂ.

ശകാരൻ: പറയാം. ഞാൻ പറയാം. ഞാൻ അപരാധി ആയാൽ തന്നെ എന്നെ രാജാവ് ഒന്നും ചെയ്യില്ല. ശേഷം സന്തുഷ്ടനായ എന്റെ അളിയൻ എന്റെ വിഹാരത്തിനായി പുഷ്പകരണ്ഡകം എന്ന ഏറ്റവും നല്ല ഉദ്യാനം എനിക്ക് അനുവദിച്ച് തന്നു. ആ ഉദ്യാനം കാണാനായും പൂക്കൾ വെച്ച് പിടിപ്പിക്കുവാനും വൃത്തിയാക്കുവാനും പരിപാലിയ്ക്കുവാനുമായി  ദിവസവും ഞാനവിടെ പോകാറുണ്ട്. സംയോഗവശാൽ ഞാൻ വീണ്  (മരിച്ച്) കിടക്കുന്ന സ്ത്രീശരീരം കണ്ടു അഥവാ കണ്ടില്ല.

ന്യായാധിപൻ: ശരി ആരാണ് ആ നിർഭാഗ്യവതിയായ സ്ത്രീ എന്ന് അറിഞ്ഞുവോ?

ശകാരൻ: അഹോ! ബഹുമാനപ്പെട്ട ന്യായാധിപന്മാരേ, ഈ നഗരത്തിന്റെ ഭൂഷണവും ധാരാളം സ്വർണ്ണാഭരണങ്ങളാൽ അലംകൃതവുമായ ആ സുന്ദരിയെ ഞാനെങ്ങനെ തിരിച്ചറിയാതിരിക്കും?  ഏതൊ ഒരു ദുഷ്ടൻ തുച്ഛമായ ധനത്തിനുവേണ്ടി വസന്തസേനയെ വിജനമായ  പുഷ്പകരണ്ഡകോദ്യാനത്തിൽ കൊണ്ട് പോയി കഴുത്ത് ഞെരിച്ച് കൊന്നതായിരിക്കാം. ഏതായാലും ഞാൻ അല്ല. (എന്ന് പകുതി പറഞ്ഞ് വായ പൊത്തിപ്പിടിക്കുന്നു)

ന്യായാധിപൻ: ഓഹ്! നഗരത്തിലെ പോലീസുകാരുടെ ഉദാസീനത. ശ്രേഷ്ഠീ, കായസ്ഥാ “ഞാൻ അല്ല” എന്നത് ആദ്യമായി വ്യവഹാരരേഖകളിൽ എഴുതൂ.

കായസ്ഥൻ: ഉത്തരവ് (എഴുതിയ ശേഷം) എഴുതി

ശകാരൻ: (ആത്മഗതം) നശിച്ചു! ധൃതിപിടിച്ച്  ചുടുപായസം കഴിച്ച പോലെ ഞാൻ എനിക്ക് തന്നെ പാര വെച്ചു. സാരമില്ല ഇങ്ങനെ പറയാം (ഉറക്കെ) ബഹുമാനപ്പെട്ട ന്യായാധിപന്മാരേ, ഞാൻ പറഞ്ഞ് വന്നത് അഥവാ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ എന്നാണ്. പിന്നെ എന്തിനാണ് ഈ കോലാഹലം? (ഇത് പറഞ്ഞ് എഴുതി വെച്ചത് കാലുകൊണ്ട് മായ്ക്കുന്നു. എവിടെ എന്തെഴുതി എന്ന് വ്യക്തമല്ല)

ന്യായാധിപൻ: ധനം മോഹിച്ച് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം?

ശകാരൻ: അവളുടെ വീങ്ങിയ കഴുത്തും ആഭരണങ്ങൾ അണിയേണ്ട സ്ഥാനങ്ങൾ ശൂന്യമായി കിടക്കുന്നതും കണ്ട് ഞാൻ ഊഹിച്ചതാണ്.

ശ്രേഷ്ഠികായസ്ഥന്മാർ: ശരിയാണെന്ന് തോന്നുന്നു.

ശകാരൻ: ഹാവൂ സന്തോഷം! ഭാഗ്യം കൊണ്ട് ജീവൻ കിട്ടി

ശ്രേഷ്ഠികായസ്ഥന്മാർ: ശ്രീമാൻ, എന്തിനെ ആശ്രയിച്ചാണ് ഈ വ്യവഹാരവിചാരണ?

ന്യായാധിപൻ: രണ്ട് വിധത്തിൽ വ്യവഹാരവിചാരണ ചെയ്യാം

ശ്രേഷ്ഠികായസ്ഥന്മാർ: അവ ഏതെല്ലാം?

ന്യായാധിപൻ: വാക്യത്തെ അവലംബിച്ചും അർത്ഥത്തെ (തെളിവിനെ) അവലംബിച്ചും. വാക്യത്തെ അവലംബിച്ചുള്ളത് വാദി-പ്രതികൾ പറയുന്ന മൊഴിയ്ക്കനുസരിച്ചും അർത്ഥത്തെ (തെളിവിനെ) അവലംബിച്ചുള്ളത് ന്യായാധിപന്റെ ബുദ്ധികൊണ്ടും ആണ് തീരുമാനിക്കുന്നത്.

ശ്രേഷ്ഠികായസ്ഥന്മാർ: എങ്കിൽ വസന്തസേനയുടെ അമ്മയുടെ മൊഴി കൂടെ എടുക്കണം.

ന്യായാധിപൻ: അത് ശരിയാണ് അങ്ങനെ തന്നെ ആകട്ടെ. ഭദ്ര, ശോധനക, ചെന്ന് വസന്തസേനയുടെ അമ്മയെ പരിഭ്രമിപ്പിക്കാതെ കൂട്ടിക്കൊണ്ട് വരൂ.

No comments:

Post a Comment