കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Wednesday, February 10, 2016

നാലാം അങ്കം - ഭാഗം 4


അരങ്ങ് വസന്തസേനയുടെ ഗൃഹം. ഭൃത്യ പ്രവേശിച്ചുകൊണ്ട്

ഭൃത്യ: അഭിനന്ദനങ്ങൾ യജമാനത്തീ. ചാരുദത്തന്റെ സന്ദേശവുമായി ഒരു ബ്രാഹ്മണൻ ഭവതിയെ കാണാൻ വന്നിരിക്കുന്നു.

വസന്തസേന: ഹായ്! ഇതൊരു സന്തോഷദിനം തന്നെ. അദ്ദേഹത്തിനോട് എല്ലാതരത്തിലുള്ള ബഹുമാനവും കാണിക്കണം. ഒരു പരിചാരകൻ ബന്ധുലൻ വഴികാട്ടിക്കൊണ്ട് ആദരപൂർവ്വം വേണം അദ്ദേഹത്തെ ഇങ്ങോട്ട് ആനയിക്കാൻ.

ഭൃത്യ: അങ്ങനെ തന്നെ, സ്വാമിനി.(പോകുന്നു)

മൈത്രേയൻ ബന്ധുലനോടും കൂടെ പ്രവേശിക്കുന്നു

വിദൂഷകൻ: ആശ്ചര്യം തന്നെ! രാവണൻ തപസ്സ് ചെയ്ത് അദ്ധ്വാനിച്ച് നേടിയ പുഷ്പകവിമാനത്തിൽ ആയിരുന്നു സഞ്ചരിച്ചിരുന്നത്. ഞാനെന്ന ബ്രാഹ്മണൻ ആകട്ടെ യാതൊരു തപക്ലേശവും കൂടാതെ നരനാരീജനങ്ങളുടെ കൂടെ സുഖമായി സഞ്ചരിക്കുന്നു.

ഭൃത്യ: ആര്യ, മൈത്രേയ ഞങ്ങളുടെ ഗൃഹത്തിലേക്കുള്ള പ്രവേശന കവാടം കണ്ടാലും.

വിദൂഷകൻ: (ആശ്ചര്യത്തോടെ കണ്ട്) അടിച്ച് തളിച്ച് ചാണകംമെഴുകി, വിഭിന്നങ്ങളായ പൂക്കളെക്കൊണ്ട് അലങ്കരിച്ച് അതിഭംഗിയുള്ള നിലം. ആകാശത്തിന്റെ സൗന്ദര്യം കാണാനുള്ള കൗതുകം കൊണ്ടെന്നപോലെ വളരെ ഉയരത്തിൽതലയുയർത്തി നിൽക്കുന്ന,  ഐരാവതത്തിന്റെ തുമ്പിക്കൈ ഭ്രമിപ്പിയ്ക്കുമാറ് സുഗന്ധമുള്ള, ഇളകിക്കളിയ്ക്കുന്ന മുല്ലപ്പൂമാലകളെകൊണ്ട് ശോഭിയ്ക്കുന്ന, ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കിയ തോരണങ്ങളാൽ അലംകൃതമായ, തിളങ്ങുന്ന അമൂല്യമായ രത്നങ്ങൾ പതിച്ച, കാറ്റിലാടുന്ന അഗ്രഭാഗങ്ങൾ കണ്ടാൽ ‘ഇതിലേ ഇതിലേ വരൂ‘ എന്ന് എന്നെ വിളിക്കുകയാണോ എന്ന് തോന്നിപ്പിയ്ക്കുന്നു മംഗളസൂചകങ്ങളായ കൊടിക്കൂറകൾ കൊണ്ട് ശോഭിയ്ക്കുന്നു. തോരണങ്ങൾ തൂങ്ങിനിൽക്കുന്ന തൂണുകളിൽ പച്ചഇലകളാൽ അലങ്കരിച്ച, സ്ഫടിക മണികളാൽ ഇരുവശങ്ങളും ശോഭിയ്ക്കുന്ന, സ്വർണ്ണവാതിലുകൾ രത്നങ്ങൾ അടുക്കി വെച്ചലങ്കരിച്ച് ഹിരണ്യകശിപുവിന്റെ മാറിടം പോലെ ബലമാക്കപ്പെട്ടിരിക്കുന്ന, നിർദ്ധനരായ ആളുകളുടെ മനസ്സിനെ സങ്കടപ്പെടുത്തുന്ന, വസന്തസേനയുടെ ഈ ഗൃഹവാതിൽസൗന്ദര്യം ആശ്ചര്യം തന്നെ. നിസ്സംഗരായ ജനങ്ങളുടെ കാഴ്ച്ചയെ കൂടെ ഇത് ബലമായി ആകർഷിക്കും.

ഭൃത്യ: ആര്യപുത്രാ, ഇതിലേ.. ഇതിലേ.. ആര്യൻ ഒന്നാം കെട്ടിലേയ്ക്ക് പ്രവേശിച്ചാലും.

വിദൂഷകൻ: (പ്രവേശിച്ച് നോക്കിയിട്ട്) ആശ്ചര്യമായിരിക്കുന്നു. ഇവിടെ ഒന്നാം കെട്ടിൽ(നാലുകെട്ട് എട്ടുകെട്ട് എന്ന് പറയുന്നതിലെ കെട്ട്, വീടിന്റെ ഒരുഭാഗം) തന്നെ ചന്ദ്രൻ, ശംഖ്, താമരനാളം എന്നിവയ്ക്ക് സമാനമായ കാന്തിയോടുകൂടി, കൈപത്തി കൃത്യമായ അളവിൽ അരിമാവിൽ മുക്കി ചുമരിൽ പതിപ്പിച്ചതിനാൽ ശോഭയാർന്ന, അനേകപ്രകാരത്തിലുള്ള രത്നമണികളാൽ അലംകൃതമായ സ്വർണ്ണംകെട്ടിയസോപാനപ്പടികൾ കൊണ്ട് ശോഭിയ്ക്കുന്ന മാളികനിരകൾ; രത്നമാലകൾ തൂങ്ങിയാടുന്ന സ്ഫടികമണികളാൽ നിർമ്മിതമായ കിളിവാതിലുകൾ ആകുന്ന മുഖചന്ദ്രനെ കൊണ്ട് ഉജ്ജയിനി നഗരത്തെ സാകൂതം വീക്ഷിക്കുന്ന പോലെ തോന്നുന്നു. ദ്വാരപാലന്മാർ സന്തോഷവാന്മാരായി ഉയരങ്ങളിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നത് കാണുമ്പോൾ അവർ വൈദീകരെ പോലെ ഉന്നതന്മാരായിരിക്കുമെന്ന് തോന്നും. തൈരിൽ കുഴച്ച ബലിച്ചോറുകൊടുത്താൽ കാക്കൾ ഭക്ഷിക്കില്ല കാരണമവയ്ക്ക് ചുണ്ണാമ്പ്ചാന്തും തൂവെള്ള ചോറും തമ്മിൽ തിരിച്ചറിയില്ലല്ലൊ. ആട്ടെ, ഭവതി വഴിതെളിച്ചാലും.

ഭൃത്യ: ആര്യ, ഇതിലേ ഇതിലേ വരൂ. രണ്ടാംകെട്ടിലേക്ക് പ്രവേശിച്ചാലും.

വിദൂഷകൻ: (പ്രവേശിച്ച് കണ്ടിട്ട്) ആഹാ! ഇവിടെ കുളിപ്പിച്ചെണ്ണതേച്ച് മിനുക്കിയ ശരീരത്തോടുകൂടിയ, മുന്നിലുള്ള പുല്ലും തിന്ന് വിശപ്പടക്കിക്കൊണ്ടിരിക്കുന്ന വണ്ടിക്കാളകളെ കെട്ടിയിരിക്കുന്നു. ഇവിടെയാകട്ടെ മറ്റൊരു പോത്ത്, കുലീനനായ വ്യക്തിയെ പോലെ ദീർഘനിശ്വാസം വിട്ടുകൊണ്ട് നിൽക്കുന്നു. ഇവിടെ ഇതാ ഒരാൾ, മല്ലയുദ്ധം കഴിഞ്ഞ് വന്ന മല്ലന്റെയെന്ന പോലെ, ഒരു മുട്ടനാടിന്റെ കഴുത്തിൽ ലാളിച്ചുകൊണ്ട് നിൽക്കുന്നു. അഹോ ഇതാ ഈ ഭാഗത്ത് ഒരാൾ കുതിരയുടെ കുഞ്ചിരോമം ഒതുക്കിക്കൊടുക്കുന്നു. ഇവിടെ ഒരു കുരങ്ങനെ, കള്ളനെയെന്നപോലെ കുതിരാലയത്തോടുചേർത്ത് കെട്ടിയിരിക്കുന്നു. (മറ്റൊരിടത്തേയ്ക്ക് നോക്കി) അതാ അവിടെയാകട്ടെ ഒരാൾ ആനയ്ക് നെയ്യുചേർത്ത ചോറുരുളകൾ കൊടുക്കുന്നു. ആട്ടെ, ഇനിയും ഭവതി വഴികാണിച്ചാലും

ഭൃത്യ: ആര്യപുത്രാ ഇതിലേ തന്നെ ഇതിലേ വരൂ. മൂന്നാം കെട്ടിലേയ്ക്ക് പ്രവേശിച്ചാലും.

വിദൂഷകൻ: (പ്രവേശിച്ച് കണ്ടിട്ട്) അഹോ ആശ്ചര്യം തന്നെ! ഇവിടെ ഈ മൂന്നാം കെട്ടിൽ, കുലീനന്മാരായവ്യക്തികൾക്കിരിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കി വെച്ചിരിക്കുന്നു. ചൂതുപീഠത്തിനുമുകളിൽ പകുതിവായിച്ച നിലയിൽ ഒരു പുസ്തകം വെച്ചിരിക്കുന്നു. പീഠമാകട്ടെ അസ്സൽ രത്നമണികളാൽ നിർമ്മിതമായ മൈനകളെകൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവിടെയാകട്ടെ, കാമശാസ്ത്രത്തിൽ നിപുണകളായ വേശ്യകളും വൃദ്ധന്മാരായ വിടന്മാരും പലവർണ്ണങ്ങളിൽ രചിച്ച ചിത്രപടങ്ങളുമായി അവിടേയും ഇവിടേയും നടക്കുന്നു. ഭവതി മുന്നിലേക്ക് വഴി കാണിച്ചാലും.

ഭൃത്യ: ആര്യാ ഇതിലേ ഇതിലേ നാലാംകെട്ടിലേയ്ക്ക് പ്രവേശിച്ചാലും.

വിദൂഷകൻ:(പ്രവേശിച്ച്, നോക്കിക്കൊണ്ട്) അഹോ! അഹോ! ആശ്ചര്യം! ഇവിടെ ഈ നാലാംകെട്ടിൽ, യുവതികൾ വായിക്കുന്ന മൃദംഗങ്ങൾ മേഘങ്ങളെ പോലെ ഗംഭീരമായ ശബ്ദം പുറപ്പെടുവിയ്ക്കുന്നു. പുണ്യം നശിച്ച് ആകാശത്തിൽനിന്നും വീഴുന്ന നക്ഷത്രങ്ങളെ (പുണ്യാത്മാക്കൾ മരണശേഷം ആകാശത്ത് നക്ഷത്രങ്ങളായി ശോഭിക്കും. അവരുടെ ആർജ്ജിതപുണ്യവും സ്വർഗ്ഗീയപുണ്യവും ഒരേ അളവിൽ ആയാൽ അവർ വീണ്ടും ഭൂമിയിലേക്ക് വീഴും എന്ന് സങ്കൽപ്പം) പോലെ മഞ്ചീര(കൈമണികൾ)ശബ്ദം കാതിൽ വീഴുന്നു. വണ്ടുകളുടേതു പോലെ മധുരമായ നാദത്തോടെ ഓടുക്കുഴൽ ഊതുന്നു. അന്യസ്ത്രീസമാഗമം മൂലം ഉണ്ടായ ദേഷ്യം കൊണ്ട് പ്രണയത്തിൽ കലഹിയ്ക്കുന്ന സ്ത്രീയെ പോലെ, മടിയിൽ വെച്ച വീണ, നഖങ്ങൾ കൊണ്ട് മീട്ടുന്നു. തേൻകുടിച്ച് മത്ത് പിടിച്ച വണ്ടുകളെ പോലെ മധുരമായി പാടിക്കൊണ്ട് ഗണികസ്ത്രീകൾ അവിടെയും ഇവിടേയും ചുറ്റി നടക്കുന്നു. ശൃംഗാരഗാനങ്ങൾ ആലപിയ്ക്കുകയും ശൃംഗാരനാട്യം അഭ്യസിക്കുകയും ചെയ്യുന്നു. കിളിവാതിൽക്കൽ തൂക്കിയിട്ടിരിക്കുന്ന വെള്ളകുടുക്കകൾ കുളിർക്കാറ്റ് കൊണ്ട് വരുന്നു. ഭവതി ഇനിയും മുന്നിലേയ്ക്ക് വഴി കാണിച്ചാലും.

ഭൃത്യ: ആര്യാ ഇതിലേ ഇതിലേ അഞ്ചാംകെട്ടിലേയ്ക്ക് പ്രവേശിച്ചാലും.

വിദൂഷകൻ:(പ്രവേശിച്ച്, നോക്കിക്കൊണ്ട്) ഹായ്.. അത്ഭുതം! ഈ അഞ്ചാംകെട്ടിൽ ദരിദ്രരെ മോഹിപ്പിക്കുന്നതരത്തിൽ, കായം ചേർത്ത എണ്ണയുടെ തീവ്രഗന്ധം എന്നെ ആകർഷിയ്ക്കുന്നു. കത്തുന്ന അടുപ്പുകളുള്ള അടുക്കള പലവിധസുഗന്ധങ്ങൾ അടങ്ങിയ വായുപുറത്തുവിടുന്ന കത്തുന്ന അടുപ്പുകളുള്ള അടുക്കള ദ്വാരാമുഖങ്ങളിലൂടെ (വാതിലുകളാകുന്ന മുഖങ്ങളിലൂടെ) ശ്വാസനിസ്വാസം ചെയ്യുന്നതായി തോന്നുന്നു. പാചകം ചെയ്ത അനേകവിഭവങ്ങളുടെ ഗന്ധം എന്നെ കൂടുതൽ ഉത്സാഹഭരിതനാക്കുന്നു. ഇവൻ അറുത്തപശുവിന്റെ മാംസം, പഴയവസ്ത്രം എന്ന പോലെ കഴുകിവൃത്തിയാക്കുന്നു. കുശിനിക്കാർ പലവിധമായ ഭക്ഷണം പാകം ചെയ്യുന്നു. പായസമുണ്ടാക്കുന്നു, ദോശ ചുടുന്നു! (സ്വഗതം) ഇപ്പോൾ, അങ്ങ് (അതായത് വിദൂഷകൻ തന്നെ) വന്നാലും, ധാരാളം ഭക്ഷിച്ചാലും എന്ന് പറയുന്നതിനുമുൻപായി കാൽകഴുകാനുള്ള വെള്ളം വല്ലവരും കൊണ്ടുവരുമോ ആവോ? (ഭക്ഷണത്തിനു ക്ഷണിയ്ക്കുമോ എന്ന് വിചാരിയ്ക്കുന്നു) (മറ്റൊരുവശത്തേയ്ക്ക് നോക്കിയിട്ട്) ഇവിടെ അപ്സരഗന്ധർവ സ്ത്രീകളെ പോലെ വിവിധ അഭൂഷണങ്ങളും അലങ്കാരങ്ങളും അണിഞ്ഞ് ശോഭിയ്ക്കുന്ന ഗണികസ്ത്രീകളും ബന്ധുലവർഗ്ഗവും കാരണം ഈ ഗൃഹം സ്വർഗ്ഗം പോലെ തോന്നിയ്ക്കുന്നു. ഹേ ബന്ധുലന്മാരെ നിങ്ങൾ ആരാണ്?

(അച്ഛനാരെന്നറിയാതെ വേശ്യകൾക്ക് ജനിച്ചവരെ ആണ് ബന്ധുലന്മാർ എന്ന് പറയുന്നത്=bastard എന്ന് ഇംഗ്ലീഷിൽ)

ബന്ധുലൻ: ങ്ഹേ? ഞങ്ങളോ? പരപുരുഷന്മാർക്ക് പരസ്ത്രീകളിൽ ജനിച്ച ഞങ്ങൾ, അന്യഗൃഹങ്ങളിൽ വളർന്ന്, അന്യരുടെ അന്നം തിന്ന് പുഷ്ടിപ്പെട്ട്, അന്യരുടെ ധനം മോഹിച്ച്, സദ്ഗുണങ്ങൾ ഒന്നുമില്ലാതെ ആനക്കുട്ടികളെ പോലെ സ്വച്ഛന്ദം വിഹരിക്കുന്നവരാണ്.

വിദൂഷകൻ: ഭവതി മുന്നോട്ട് വഴികാണിച്ചാലും.

ഭൃത്യ:ആര്യാ ഇതിലേ ഇതിലേ ആറാംകെട്ടിലേയ്ക്ക് പ്രവേശിച്ചാലും.

വിദൂഷകൻ:(പ്രവേശിച്ച്, നോക്കിക്കൊണ്ട്) ആശ്ചര്യം ആയിരിക്കുന്നു. ഇവിടെ ഈ ആറാംകെട്ടിൽ, സ്വർണ്ണം രത്നം എന്നിവകൊണ്ട് നിർമ്മിച്ച ചിത്രകലകളോടുകൂടിയ കമാനങ്ങളിൽ മരതകമണികൾ പതിച്ചതിനാൽ മഴവില്ലുപോലെ ശോഭിയ്ക്കുന്നു. തട്ടാന്മാർ വൈഢൂര്യം, പുഷ്യരാഗം, ഇന്ദ്രനീലം, കർക്കേതരം, പദ്മരാഗം, മരതകം എന്നിത്യാദി രത്നങ്ങളെ പറ്റി അന്യോന്യം ചർച്ച ചെയ്യുന്നു. മാണിക്യങ്ങളിൽ സ്വർണ്ണം പതിയ്ക്കുന്നു. സ്വർണ്ണവളകൾ നിർമ്മിയ്ക്കുന്നു. ചുകന്നനൂലുകളാ മുത്തുമാലകൾ കോർക്കുന്നു. വൈഢൂര്യങ്ങൾ മെല്ലെ മെല്ലെ മിനുസപ്പെടുത്തുന്നു. ശംഖുകൾ മുറിയ്ക്കുന്നു. പവിഴങ്ങൾ പൊടിയ്ക്കുന്നു. നനഞ്ഞകുങ്കുമമ് വിരിച്ച് ഉണക്കുന്നു. കസ്തൂരി തയ്യാറാക്കുന്നു. ചന്ദനച്ചാറ് തയ്യാറാക്കുന്നു. പലവിധസുഗന്ധദ്രവ്യങ്ങൾ കൂട്ടി കുറിക്കൂട്ട് ഉണ്ടാക്കുന്നു. ഗണികകൾ കാമുകന്മാർക്കു കർപ്പൂരം ചേർത്ത വെറ്റില നൽകുന്നു. അവരെ കൺകോണുകൊണ്ട് കടാക്ഷിക്കുന്നു. പുഞ്ചിരിയ്ക്കുന്നു. സീൽക്കാരത്തോടേ മദ്യം മോന്തുന്നു. ഈ ഭൃത്യകളും ഭൃത്യന്മാരും പുത്രകളത്രാദി സമ്പത്ത് ഉപേക്ഷിച്ചവരും ഗണികകൾക്ക് വശംവദരരായി അവർ ഒഴിച്ച മദ്യം മോന്തുന്നു. ഭവതി മുന്നിലേക്കുള്ള വഴി കാണിച്ചാലും.

ഭൃത്യ:ആര്യാ ഇതിലേ ഇതിലേ ഏഴാംകെട്ടിലേയ്ക്ക് പ്രവേശിച്ചാലും.
വിദൂഷകൻ:(പ്രവേശിച്ച്, നോക്കിക്കൊണ്ട്) ആശ്ചര്യം തന്നെ. ഈ ഏഴാംകെട്ടിൽ സുന്ദരമായ പക്ഷിക്കൂട്ടിൽ വിശ്രമിക്കുന്ന പരസ്പരം ചുംബിക്കുന്ന ഇണപ്രാവുകളെ കണ്ട് സന്തോഷം തോന്നുന്നു. തൈരുസാദം കഴിച്ച് വയറുനിറഞ്ഞ ബ്രാഹ്മണരെ പോലെ  കൂട്ടിലെ കളിത്തതകൾ നല്ല നല്ല കാര്യങ്ങൾ പറയുന്നു. ഇതാ ഈ മൈന, യജമാനനിൽ നിന്നും സമ്മാനം ലഭിച്ച വേലക്കാരിയെ പോലെ കുർ കുർ എന്ന് ശബ്ദിയ്ക്കുന്നു. പലവിധത്തിലുള്ള പഴച്ചാറുകൾ രുചിച്ച് വികസിച്ച കഴുത്തുള്ള ഈ കുയിൽ, വേശ്യകളെ പോലെ കൂകൂ ശബ്ദമുണ്ടാക്കുന്നു. പക്ഷിക്കൂടുകൾ തൂക്കിയിട്ടിരിക്കുന്നു. പക്ഷികൾ അന്യോന്യം കൊത്തിയുദ്ധം ചെയ്യുന്നു. തിത്തിരപ്പക്ഷികൾ വർത്തമാനം പറയുന്നു. കൂട്ടിലെ മാടപ്രാവുകൾ ഉയർന്ന് പറക്കാൻ നോക്കുന്നു. ഈ വളർത്തുമയിൽ, സൂര്യരശ്മികളേട് ചൂടേറിയ ഈ മാളികയെ വീശുന്ന പോലെ, വിവിധതരത്തിലുള്ള മണികളാൽ അലങ്കരിച്ച ചിറകുകൾ വിടർത്തി ആനന്ദനൃത്തം ചെയ്യുന്നു. (മറ്റൊരുദിശയിലേക്ക് നോക്കി) ഇവിടെ, ഉറഞ്ഞചന്ദ്രകിരണം പോലെ ഉള്ള രാജഹംസമിഥുനങ്ങൾ, സുന്ദരികൾക്ക് നട(=നടത്തം) പഠിപ്പിക്കാനെന്ന പോലെ അവരുടെ പിന്നാലെ പിന്നാലെ ചുറ്റിനടക്കുന്നു. കൂടാതെ ഈ വളർത്തുകോഴികൾ വൃദ്ധപുരുഷന്മാരെ പോലെ അവിടെയും ഇവിടേയും ചുറ്റിത്തിരിഞ്ഞ് നടക്കുന്നു. ആശ്ചര്യം തന്നെ, ഈ ഗണികസ്ത്രീ അനേകപ്രകാരത്തിലുള്ള പക്ഷികളെ കൊണ്ട് ഗൃഹം അലങ്കരിച്ചിരിക്കുന്നു. സത്യത്തിൽ ഗണികയുടെ ഈ ഗൃഹം നന്ദനവനം പോലെ തോന്നിയ്ക്കുന്നു. ഭവതി, മുന്നിലേക്ക് നയിച്ചാലും.

ഭൃത്യ:ആര്യാ ഇതിലേ ഇതിലേ എട്ടാംകെട്ടിലേയ്ക്ക് പ്രവേശിച്ചാലും.

വിദൂഷകൻ:(പ്രവേശിച്ച്, നോക്കിക്കൊണ്ട്) ശ്രീമതീ, പട്ടുവസ്ത്രം ധരിച്ച്, അത്യന്തം വിലക്ഷണനായ, പുനരുക്തമായ(=ഒരേപോലെയുള്ള) അലങ്കാരങ്ങൾ ധരിച്ച് അംഗവൈകൃതത്തോടെ ചുറ്റിനടക്കുന്ന ഇയാൾ ആരാണ്?

ഭൃത്യ: ആര്യ, ഇത് ആര്യയുടെ സഹോദരനാണ്. (വസന്തസേനയുടെ സഹോദരൻ)

വിദൂഷകൻ: വസന്തസേനയുടെ സഹോദരനാകാൻ എത്ര തപസ്സ്ചെയ്തുകാണും? അഥവാ, അങ്ങനെ വിചാരിക്കേണ്ടതില്ല. ഇയാൾ ഉജ്ജ്വലനും സ്നേഹമുള്ളവനും സുഗന്ധമുള്ളവനുമൊക്കെ ആയിരിക്കാം. എന്നാലും ശ്മശാനവീഥിയിലെ ചെമ്പകം പോലെ ജനങ്ങൾക്ക് ത്യജിയ്ക്കപ്പെട്ടവൻ തന്നെ. (മറ്റൊരുവശത്തേയ്ക്ക് നോക്കി) ഭവതി, പുഷ്പാലംകൃതമായ കരിമ്പടം പുതച്ച് എണ്ണതേച്ച് മിനുക്കിയ പാദങ്ങളിൽ, കാൽപാദുകങ്ങൾ ധരിച്ച്, ഉന്നതമായ ഇരിപ്പിടത്തിൽ ഇരിക്കുന്ന ഇവൾ ആരാണ്?

ഭൃത്യ: ആര്യ, ഇത് ഞങ്ങളുടെ യജമാനത്തിയുടെ (വസന്തസേനയുടെ) അമ്മയാണ്.

വിദൂഷകൻ: ഓഹോ! ഈ നീചയുടെ ഉദരവിസ്താരം! മഹാദേവനെ പോലെ, ഇവളെ ആദ്യം ഗൃഹത്തിൽ പ്രവേശിപ്പിച്ചതിനുശേഷമാണോ സുന്ദരവാതിലുകൾക്ക് ശോഭയുണ്ടായത്? (അവരെ ആദ്യം വീടിനുള്ളിൽപ്രതിഷ്ഠിച്ചതിനുശേഷമാണോ വീട്ടുവാതിൽ നിർമ്മിച്ചത് എന്ന് വ്യംഗ്യം)  

ഭൃത്യ: ഹതാശ! ഞങ്ങളുടെ മാതാവിനെ പരിഹസിക്കരുത്. അവർ നാലാം‌പനികൊണ്ട് വയ്യാതിരിക്കുകയാണ്.

വിദൂഷകൻ: (പരിഹാസത്തോടെ) ഭഗവാൻ നാലാം‌പനിയേ, ഈ ഉപകാരദൃഷ്ടിയോടെ ഈ ബ്രാഹ്മണനേയും നോക്കണേ.

ഭൃത്യ: ഹതാശാ! ചത്തുപോകും

വിദൂഷകൻ:(ചിരിച്ചുകൊണ്ട്) ദാസീപുത്രീ, ഇത്തരം ചീർത്തവയറുമായി ഇരിക്കുന്നതിനേക്കാൾ മരണമാണ് നല്ലത്.
സീധു,സുര,ആസവം എന്നിങ്ങനെ മൂന്നുപ്രകാരത്തിലുള്ള മദ്യം കുടിച്ച് മത്തയായ അമ്മ (വസന്തസേനയുടെ) തടിച്ച്‌വീർത്ത് വീപ്പക്കുറ്റിപോലെ ആയിരിക്കുന്നു. ഇവൾ മരിയ്ക്കുകയാണെങ്കിൽ അനേകം കുറുക്കന്മാർക്ക് തീറ്റ ഉറപ്പാകും.
ഭവതി, നിങ്ങൾക്ക് കച്ചവടക്കപ്പലുകൾ ഉണ്ടോ?

ഭൃത്യ: ആര്യ ഇല്ല ഇല്ല.

വിദൂഷകൻ: അഥവാ ഞാനിതെന്തിങ്ങിന ചോദിക്കുന്നു! നിങ്ങളുടെ പ്രേമമാകുന്ന നിർമ്മല ജലം നിറഞ്ഞ കാമസമുദ്രത്തിൽ, സ്തനം, നിതംബം, ജഘനം എന്നിവതന്നെ ആണല്ലൊ കച്ചവടക്കപ്പലുകൾ! വസന്തസേനയ്ക്കാകട്ടെ ഈ വിധത്തിൽ പ്രശംസനീയമായ എട്ടുകെട്ടോടുകൂടിയ വിശാലഗൃഹത്തെ കണ്ട് ഭൂമിയും സ്വർഗ്ഗവും ഒരിടത്ത് ഒത്തുചേർന്നതാണോ എന്ന് തോന്നിപ്പോകുന്നു. ഇതിലധികം പ്രശംസിയ്ക്കാൻ എന്റെ വാക്കുകൾക്ക് ശക്തിയില്ല. ഇതൊരു വേശ്യാഗൃഹമാണോ അതോ ധനാധിപതി കുബേരന്റെ മാളികനിരകളുടെ ഒരു കഷ്ണമോ എന്ന് സംശയമാകുന്നു. ആട്ടെ, നിങ്ങളുടെ ആര്യ എവിടെ?

ഭൃത്യ: ആര്യാ, അവർ വൃക്ഷത്തോട്ടത്തിൽ ഇരിയ്ക്കുന്നുണ്ട്. ആയതിനാൽ അങ്ങ് അവിടേയ്ക്ക് പ്രവേശിച്ചാലും.

വിദൂഷകൻ:(പ്രവേശിച്ച് കണ്ടിട്ട്) വൃക്ഷത്തോപ്പിന്റെ ശ്രീത്വം ആശ്ചര്യം തന്നെ! നിറയെപൂക്കൾ വിരിഞ്ഞ ധാരാളം വൃക്ഷങ്ങൾ നിൽക്കുന്നു. യുവതികളുടെ ജഘനം താങ്ങാൻ പറ്റുന്ന പൊന്നൂഞ്ഞാലുകൾ വളർന്ന് പന്തലിച്ച വൃക്ഷശാഖകളിൽ തൂക്കിയിട്ടിരിക്കുന്നു.ശേഫാലിക, മാലതി, മല്ലിക, നവമല്ലിക, കൂരവം തുടങ്ങിയ പൂക്കൾ സ്വയം കൊഴിഞ്ഞു വീണ് മനോഹരമാക്കിയ ഈ വൃക്ഷത്തോപ്പ് ഇന്ദ്രവന(=നന്ദനവനം)ത്തിനേക്കാൾ സൗന്ദര്യമുള്ളതാണ്. (മറ്റൊരുദിശയിലേക്ക് നോക്കിയിട്ട്) ഇവിടെ ഉദയസൂര്യനെ പോലെ ഉള്ള വെള്ള ചുവപ്പ് താമരകൾ നിറഞ്ഞ തടാകം സന്ധ്യയെ പോലെ ശോഭിയ്ക്കുന്നു.
കൂടാതെ, പുതുതായി തളിർത്ത ഇലകളെ പോലെ ഉള്ള പൂക്കളുള്ള അശൊകവൃക്ഷം, സമരഭൂമിയിൽ ചോരയണിഞ്ഞ് നിൽക്കുന്ന യോദ്ധാവിനെ പോലെ ശോഭിയ്ക്കുന്നു. ആട്ടെ, നിങ്ങളുടെ സ്വാമിനി എവിടെ?

ഭൃത്യ: ആര്യ, ദൃഷ്ടി താഴിത്തി ആര്യയെ കാണൂ

വിദൂഷകൻ: (കണ്ട് സമീപം ചെന്ന്) ഭവതിയ്ക്ക് നമസ്കാരം! സ്വസ്തി!

വസന്തസേന:(സംസ്കൃതത്തിൽ) ഹായ്! മൈത്രേയ! (എഴുന്നേറ്റ്) താങ്കൾക്ക് സ്വാഗതം. ഇതാ ഇവിടെ ഈ ആസനത്തിൽ ഇരുന്നാലും

വിദൂഷകൻ: ഭവതി ഇരുന്നാലും

(രണ്ട് പേരും ഇരിയ്ക്കുന്നു)

വസന്തസേന: ആര്യ സാർത്ഥവാഹകപുത്രനു (ചാരുദത്തനു) കുശലമല്ലേ?

വിദൂഷകൻ: അത്, കുശലം തന്നെ.

വസന്തസേന: ഹേ, മൈത്രേയ, ഈ സമയം എന്താ-
സദ്ഗുണങ്ങൾ ഇളംമൊട്ടുകളായ, വിനയം കൊമ്പുകളായ, വിശ്വാസം വേരുകളായ, മഹനീയത പുഷ്പങ്ങളായ ആ സാധുവൃക്ഷമാകുന്ന ആര്യ ചാരുദത്തൻ സുഹൃത്ബന്ധമാകുന്ന പക്ഷികൾക്ക് ആശ്രയം തരുന്നുവോ? (സദ്ഗുണസമ്പന്നനായ അദ്ദേഹത്തിനു സമീപം ഇപ്പോൾ സുഹൃത്തുക്കൾ വരുന്നുണ്ടോ എന്നർത്ഥം)

വിദൂഷകൻ:(സ്വഗതം) ദുഷ്ടവിലാസിനിയായ ഇവൾ ശരിയ്ക്കും ഊഹിച്ചിരിക്കുന്നു. (ഉറക്കെ) പിന്നെ ഇല്ലാതെ? (സുഹൃത്തുക്കൾ ചാരുദത്തനോടൊപ്പം ഉണ്ട് എന്നർത്ഥം)

വസന്തസേന:(കൈകൾ കൂപ്പിക്കൊണ്ട്) ശരി, എന്താണ് ആജ്ഞ? അങ്ങയുടെ ആഗമനോദ്ദേശം എന്താണ്?

വിദൂഷകൻ: മാന്യേ കേട്ടാലും. ആ മാന്യനായ ചാരുദത്തൻ ശിരസാനമിച്ചുകൊണ്ട് ഭവതിയോട് താൽപ്പര്യപ്പെടുന്നു.

വസന്തസേന:(കൈകൾ കൂപ്പി) എന്താണ് ആജ്ഞാപിയ്ക്കുന്നത്?

വിദൂഷകൻ: “ഞാൻ എന്റേതെന്ന് വിശ്വസിച്ച് ആ ആഭരണങ്ങൾ വെച്ച് ചൂതുകളിച്ച് തോറ്റിരിയ്ക്കുന്നു. രാജസന്ദേശവാഹകനായ ആ മുഖ്യചൂതാട്ടക്കാരൻ എവിടെ പോയി എന്നും അറിയില്ല.” (ചാരുദത്തൻ പറയുന്ന പോലെ ആണിത്)

ഭൃത്യ: ആര്യേ, ഭവതിയ്ക്ക് ഭാഗ്യോദയം ഉണ്ടായിരിക്കുന്നു. ആര്യ ചാരുദത്തൻ ചൂതാട്ടക്കാരനായി മാറിയിരിക്കുന്നു.

വസന്തസേന:(സ്വഗതം) കള്ളൻ മോഷ്ടിച്ചെങ്കിലും ആഭരണപ്പെട്ടി, ഉദാരതകാരണം ചൂതിൽ കളഞ്ഞു എന്ന് പറയുന്നുവോ? ഇതുതന്നെയാണെനിക്ക് അദ്ദേഹത്തെ കാമിയ്ക്കാനും കാരണം.

വിദൂഷകൻ: അതിനാൽ പകരമായി ഈ രത്നമാല ഭവതി സ്വീകരിക്കണം.

വസന്തസേന:(ആത്മഗതം) ആ ആഭരണപ്പെട്ടി കാണിച്ച് കൊടുത്താലൊ? (ആലോചിച്ച്) അല്ലെങ്കിൽ ഇപ്പോൾ വേണ്ട.

വിദൂഷകൻ: ഭവതി രത്നമാല സ്വീകരിക്കില്ലേ?

വസന്തസേന:(ചിരിച്ചുകൊണ്ട് തോഴിയെ നോക്കി) മൈത്രേയാ, രത്നമാല സ്വീകരിയ്ക്കാതെ എങ്ങനെ? (രത്നമാല സ്വീകരിച്ച് സമീപത്ത് വെച്ച്, ആത്മഗതം) തേന്മാവിന്റെ ചീഞ്ഞ പൂക്കളിൽ നിന്നെങ്ങിനെ തേൻ വരും? (ഉറക്കെ) ആര്യ, “ഞാൻ വൈകുന്നേരം ആര്യനെ(ചാരുദത്തനെ) കാണാനായി വരുന്നുണ്ട്” എന്ന് ആ ചൂതാട്ടക്കാരനോട് ഞാൻ പറഞ്ഞതായി പറയൂ.

വിദൂഷകൻ:(ആത്മഗതം) എന്ത് അവിടെ വന്ന് കൂടുതൽ ഊറ്റാനോ? (വാങ്ങാനോ?) (ഉറക്കെ) ശ്രീമതി, ഞാൻ പറയാം. (ആത്മഗതം) ഈ വേശ്യയെ ഒഴിവാക്കാൻ ഞാൻ പറയാം.

(ഇത് പറഞ്ഞ് പോകുന്നു)

വസന്തസേന: സഖീ, ഈ രത്നമാല സൂക്ഷിക്കൂ. ചാരുദത്തനോടൊപ്പം അഭിരമിയ്ക്കാൻ പോകുക തന്നെ.

ഭൃത്യ: ആര്യേ, നോക്കൂ നോക്കൂ ഈ അസമയത്ത് തന്നെ മേഘങ്ങൾ ഉരുണ്ട് കൂടുന്നു.

വസന്തസേന: ഘോരമേഘങ്ങൾ ഉരുണ്ടുകൂടട്ടെ, രാത്രി വരട്ടെ, മഴ നിർത്താതെ പെയ്യട്ടെ, പ്രിയചാരുദത്തനുമായുള്ള സമാഗമം ഓർത്താൽ ഇതൊന്നും തന്നെ ഞാൻ കണക്കാക്കുന്നില്ല. തോഴീ, പുഷ്പമാല എടുത്ത് വേഗം വരൂ.

(അങ്ങനെ എല്ലാവരും പോകുന്നു.)

ഇപ്രകാരം മൃച്ഛകടികത്തിലെ മദനികയും ശർവിലകനും എന്നുപേരായ നാലം അങ്കം സമാപിയ്ക്കുന്നു.


കുറിപ്പ്: മൃച്ഛകടികം നാടകത്തിൽ നാലാം അങ്കം അവസാനഖണ്ഡം ഞാൻ രസകരമായി വായിച്ച് ഓരോന്നും മനസ്സിൽ കണ്ട് ആണ് പരിഭാഷപ്പെടുത്തിയത്. “വിദൂഷകന്റെ ഗണികാഗൃഹപ്രവേശം” എന്ന് പ്രത്യേകം നാമകരണം ചെയ്യാനായി എനിയ്ക്ക് തോന്നി. കഥകളിയിൽ “രംഭാപ്രവേശം” “പാത്രചരിതം” എന്നൊക്കേയും കൂടിയാട്ടത്തിൽ അശോകവനികാങ്കം (ഒരു അങ്കം മുഴുവനെങ്കിലും) എന്നൊക്കെ പ്രത്യേകമായി അവതരിപ്പാറുണ്ടല്ലൊ. ഈ വിചാരമാണ് പ്രചോദനം. കൂടാതെ കഥകളിയിലെ അഴകിയ രാവണന്റെ പ്രവേശനം ഉണ്ടല്ലൊ. അത് പോലെ ആണ് ഈ അങ്കവും. കഥാപാത്രങ്ങളേയോ രസത്തേയോ അല്ല താരതമ്യം ചെയ്യുന്നത്, മറിച്ച് ആ രംഗാവിഷ്കാരണസങ്കേതത്തെ ആണ്.
വിദൂഷകൻ ഒരു ഭൃത്യയോടും ബന്ധുലനോടും കൂടെ ഗണികയുടെ ഗൃഹത്തിലേക്ക് പ്രവേശിക്കുകയാണ്. ഗണികയുടെ ഗൃഹം കുബേരമാളികയുടേ പരിച്ഛേദം പോലെ എട്ട് കെട്ട് ആണ്. സർവ്വം ആഡംബരമയം. ഓരോന്നും നോക്കിക്കണ്ട് വിദൂഷകൻ അത്യാശ്ചര്യം നടിച്ചുകൊണ്ട് വിവരിയ്ക്കുന്നു. അവസാനം എട്ടുകെട്ടും കഴിഞ്ഞ് വൃക്ഷത്തോപ്പിൽ ഇരിയ്ക്കുന്ന വസന്തസേനയെ കാണുന്നു. കാര്യം പറയുന്നു. ഈ വരവും ആശ്ചര്യം നടിയ്ക്കലും വർണ്ണനയും എല്ലാം ബഹുകേമം. ദൃശ്യാവിഷ്കാരസാധ്യത ഇതിനുണ്ട്.
എന്നാൽ മൃച്ഛകടികത്തിനെ പറ്റി പറയുന്ന ഒരു കുറവ് ഈ രംഗത്തിന്റെ ദൃശ്യാവിഷ്കാരം ആണ്. അത് ഒരു സാധാരണ നാടകസങ്കേതം കൊണ്ട് ഒരിക്കലും പറ്റില്ല. മറിച്ച് കഥകളി/കൂടിയാട്ടസങ്കേതങ്ങൾ ഉപയോഗിച്ചാൽ ഒരു വിദഗ്ധനടനു കീർത്തി നേടാം.

No comments:

Post a Comment