കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Tuesday, February 23, 2016

ഒൻപതാം അങ്കം - ഭാഗം 3


വീരകൻ: (അമർഷത്തോടെ) ചന്ദനകൻ, കാലുകൊണ്ട് തൊഴിച്ച് എന്നെ അവഹേളിച്ചതിനാൽ എനിക്കുണ്ടായ ശത്രുത കൊണ്ട് എങ്ങനെ രാത്രി കഴിച്ചുകൂട്ടി എന്ന് എനിക്ക് തന്നെ അറിയില്ല. നേരം പുലർന്നു. ഇനി കോടതിയിൽ പരാതി കൊടുക്കുക തന്നെ.
(കോടതിയിൽ പ്രവേശിച്ച്) മാന്യജനങ്ങളെ ഏവർക്കും സുഖം അല്ലേ?

ന്യായാധിപൻ: ആഹാ നഗരപരിപാലനത്തിനായി നിയോഗിക്കപ്പെട്ട വീരകൻ. നീ എന്തിനിപ്പോൾ ഇവിടെ വന്നു?

വീരകൻ: തടവറ ചാടിയ ആര്യകൻ രക്ഷപ്പെട്ടു. ആര്യകനെ അന്വേഷിക്കുന്നതിനിടയിൽ ഒരു മൂടിയ വണ്ടി പരിശോധിക്കാൻ തുടങ്ങി. ചന്ദനകൻ പരിശോധിച്ച വണ്ടി നീ എന്തിനു വീണ്ടും പരിശോധിക്കണം എന്ന് പറഞ്ഞ് ചന്ദനകൻ എന്നെ ചവിട്ട് വീഴ്ത്തി കാലുകൊണ്ട് തൊഴിച്ചു. എന്റെ ഈ പരാതിയിൽ കോടതി തീർപ്പ് കല്പിക്കണം.

ന്യായാധിപൻ: ശ്രീമാൻ വീരകനു ആ കാളവണ്ടി ആരുടെ എന്നറിയാമോ?

വീരകൻ: ആര്യ ചാരുദത്തന്റെ. വസന്തസേനയേയും കൊണ്ട് പുഷ്പകരണ്ഡകോദ്യാനത്തിൽ കാത്തിരിക്കുന്ന ചാരുദത്തന്റെ അടുത്തേയ്ക്ക്  പോവുകയാണെന്ന് വണ്ടിക്കാരൻ പറഞ്ഞു.

ശകാരൻ: കേട്ടോ? കേട്ടില്ലേ നിങ്ങൾ എല്ലാവരും?

ന്യായാധിപൻ: ദുഃഖമുണ്ട്. പൂർണ്ണചന്ദ്രനെ രാഹു ഗ്രസിക്കുന്നപോലെ, തടം പൊട്ടിയാൽ ഒലിയ്ക്കുന്ന ശുദ്ധജലവും മലിനമാകും.
വീരക, താങ്കളുടെ പരാതി പിന്നീട് പരിഗണിക്കാം. ഇപ്പോൾ പുറത്ത് കെട്ടിയ കുതിരയുടെ പുറത്ത് കയറി പുഷ്പകരണ്ഡകോദ്യാനത്തിൽ പോയി അവിടെ ഒരു സ്ത്രീ മരിച്ച് കിടക്കുന്നുണ്ടോ എന്ന് നോക്കി വരൂ.

വീരകൻ: ആജ്ഞ പോലെ (പോയി നോക്കി തിരിച്ച് വന്ന്) അവിടെ പോയിരുന്നു. അവിടെ മൃഗങ്ങൾ കടിച്ച് കീറിയ ഒരു സ്ത്രീ ശരീരം കണ്ടു.

ശ്രേഷ്ഠികായസ്ഥന്മാർ: സ്ത്രീശരീരമാണെന്ന് നിനക്കെങ്ങനെ മനസ്സിലായി?

വീരകൻ: ബാക്കി അവിടെ കിടക്കുന്ന തലമുടി, കൈകാലുകൾ കണ്ട് സ്ത്രീശരീരം ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.

ന്യായാധിപൻ: അഹോ! കോടതിക്കാര്യങ്ങൾ വിഷമം പിടിച്ചത് തന്നെ! അഴിക്കുംതോറും കെട്ട് മുറുകുന്നു. തെളിവുകൾ എല്ലാം സ്പഷ്ടമാണ്. പക്ഷെ എന്റെ മനസ്സ് ചെളിയിൽ വീണപശുവിനെ പോലെ വിഷമിക്കുന്നു.

ചാരുദത്തൻ: (ആത്മഗതം) പൂ വിടരുമ്പോഴേക്കും വണ്ട് തേൻ കുടിയ്ക്കാനെത്തും. അതുപോലെ മനുഷ്യർക്ക് ആപത്ത് സമയത്ത് ചെറിയ ചെറിയ ദോഷങ്ങൾ കൂടെ വലിയ അനിഷ്ടങ്ങളായി തീരുന്നു.

ന്യായാധിപൻ: ആര്യ ചാരുദത്താ, സത്യം പറയൂ

ചാരുദത്തൻ: ദുഷ്ടൻ, മറ്റുള്ളവരോട് ഈർഷ്യ വെയ്ക്കുന്നവൻ, കാമം കൊണ്ട് വിവേകശൂന്യനായവൻ,
മറ്റുള്ളവരെ കൊല്ലാൻ തയ്യാറാകുന്നവൻ, അവന്റെ ദുസ്വഭാവം കൊണ്ട് നുണ പറയുന്നു എങ്കിൽ അത് സ്വീകരിക്കാൻ യോഗ്യമാണോ? അത് വിചാരണ ചെയ്യപ്പെടേണ്ടതല്ലേ?
മാത്രമല്ല,
പൂത്തുനിൽക്കുന്ന വള്ളികളെ പിടിച്ച് വലിച്ച് പൂനുള്ളുന്നവൻ കൂടെ അല്ല ഞാൻ. അങ്ങനെ ഉള്ള ഞാൻ മയിൽപീലിപോലെ വിടർന്നിടതൂർന്ന തലമുടി പിടിച്ച് വലിച്ച്, അലമുറയിട്ട് കരയുന്ന അവളെ എങ്ങനെ കൊല്ലാനാണ്?  (കൊല്ലാൻ പറ്റില്ല എനിക്ക് എന്നർത്ഥം)

ശകാരൻ: മാന്യ നീതിപീഠാധികാരികളെ, നിങ്ങൾ പക്ഷപാതകരമായി വിചാരണ ചെയ്യുന്നുവോ? അധമൻ ചാരുദത്തൻ ഇപ്പോഴും ഞെളിഞ്ഞിരിക്കുന്നത് കണ്ടില്ലേ?

ന്യായാധിപൻ: ഭദ്ര ശോധനകാ, ചാരുദത്തനെ ഇരിക്കാനനുവദിക്കാതെ പിടിച്ച് നിർത്തൂ.
(ശോധനകൻ ചാരുദത്തന്റെ ഇരിപ്പിടം എടുത്ത് മാറ്റുന്നു)

ചാരുദത്തൻ: ന്യായാധിപന്മാരേ വിചാരണ ചെയ്താലും.
(എന്ന് പറഞ്ഞ് നിലത്ത് ഇരിക്കുന്നു)

ശകാരൻ:(സന്തോഷത്തോടെ തുള്ളിച്ചാടി ആത്മഗതം) ആഹാ ആഹാ ഞാൻ ചെയ്ത കുറ്റം ചാരുദത്തന്റെ തലയിലിട്ടൂ. ഇനി ഞാൻ ചാരുദത്തനിരിക്കുന്നതിന്റെ അടുത്ത് ഇരിക്കട്ടെ. (അങ്ങനെ ഇരിക്കുന്നു) ചാരുദത്താ എന്നെ നോക്ക്. നോക്ക്. നീ കൊല ചെയ്തു എന്ന് സമ്മതിയ്ക്ക്.

ചാരുദത്തൻ: അല്ലയോ അധികൃതരേ. (ദുഷ്ടൻ, മറ്റുള്ളവരോട് ഈർഷ്യ വെയ്ക്കുന്നവൻ, കാമം കൊണ്ട് വിവേകശൂന്യനായവൻ, മറ്റുള്ളവരെ കൊല്ലാൻ തയ്യാറാകുന്നവൻ, അവന്റെ ദുസ്വഭാവം കൊണ്ട് നുണ പറയുന്നു എങ്കിൽ അത് സ്വീകരിക്കാൻ യോഗ്യമാണോ? അത് വിചാരണ ചെയ്യപ്പെടേണ്ടതല്ലേ? എന്നുള്ള മുൻവാക്യങ്ങൾ നിശ്വാസത്തോടെ ഉരുവിടുന്നു. ആത്മഗതം)
ഹേ മൈത്രേയാ ഇന്നെന്റെ അവസാനം അടുത്തിരിക്കുന്നു. എന്റെ പ്രിയതമേ, നീ കളങ്കലേശമില്ലാത്ത ബ്രാഹ്മണകുലത്തിൽ ജനിച്ചവളാണ്. പക്ഷെ നിന്റെ ഭർത്താവ് കളങ്കിതനായി ഇതാ മരണം വരിയ്ക്കുന്നു. മോനേ രോഹസേനാ, നീ എന്റെ മരണം കാണുന്നില്ലല്ലൊ. നിന്റെ കുട്ടികളികളികളിൽ നീ ആനന്ദിയ്ക്കുന്നു!
മൈത്രേയനെ ഞാൻ വിവരമന്വേഷിക്കാനും വസന്തസേന മകനു സ്വർണ്ണവണ്ടി ഉണ്ടാക്കാൻ കൊടുത്ത ആഭരണങ്ങൾ തിരിച്ച് നൽകാനുമായി അവളുടെ സമീപത്തേയ്ക്ക് അയച്ചിരിക്കുകയാണ്. എന്നിട്ട് അയാളെന്തേ വൈകാൻ കാരണം?

(അനന്തരം ആഭരണങ്ങളുമായി മൈത്രേയൻ പ്രവേശിക്കുന്നു)

വിദൂഷകൻ: ആര്യ ചാരുദത്തൻ ആഭരണങ്ങളുമായി വസന്തസേനയുടെ അടുത്തേയ്ക്കയച്ചതാണ്. “ വസന്തസേന തന്റെ ആഭരണങ്ങൾ എന്റെ മകൻ രോഹസേനനെ അണിയിച്ച് അവന്റെ അമ്മയുടെ(ധൂതയുടെ) പക്കലേക്ക് അയച്ചു. വസന്തസേന ആഭരണങ്ങൾ കൊടുക്കാൻ പാടില്ലായിരുന്നു രോഹസേനൻ വാങ്ങാനും പാടില്ലായിരുന്നു. അതിനാൽ അവ തിരിച്ചുകൊടുക്കൂ” എന്ന് പറയുകയും ചെയ്തു. അതിനാൽ ഞാൻ വസന്തസേനയുടെ അടുക്കലേയ്ക്ക് പോകട്ടെ. (ചുറ്റിനടന്ന് മുകളിലേക്ക് നോക്കി) എന്ത് സുഹൃത്ത് രേഭിലനോ? എന്താണിത്ര വിവശത സുഹൃത്തെ രേഭില? (മറുപടി കേട്ടതായി നടിച്ച്) എന്ത് ആര്യ ചാരുദത്തനെ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നോ? എങ്കിൽ എന്തോ വലിയ കാരണം കാണുമല്ലൊ. (ആലോചിച്ച്) എന്നാൽ വസന്തസേനയുടെ വീട്ടിലേക്ക് പിന്നീട് പോകാം. ആദ്യ കോടതിയിൽ ചെന്നന്വേഷിക്കട്ടെ. (ചുറ്റിനടന്ന് കോടതിയിലെത്തിയതായി കാണിച്ച്) ഇതാ കോടതി. (കോടതിയിലേക്ക് പ്രവേശിച്ച്) മാന്യ ന്യായാധിപന്മാർക്ക് മംഗളം ഭവിയ്ക്കട്ടെ. എന്റെ പ്രിയസുഹൃത്ത് ചാരുദത്തൻ എവിടെ?

ന്യായാധിപൻ: ഇതാ ഇവിടെ ഇരിക്കുന്നു.

വിദൂഷകൻ: സുഹൃത്തേ ചാരുദത്താ നിനക്ക് സുഖമല്ലേ?

ചാരുദത്തൻ: ആയിരിക്കാം

വിദൂഷകൻ: താങ്കൾക്ക് ക്ഷേമം തന്നെ അല്ലേ?

ചാരുദത്തൻ: ക്ഷേമവും ആയിരിക്കാം

വിദൂഷകൻ: ഹേ കൂട്ടുകാരാ എന്തിനാണ് താങ്കൾ ദുഃഖിതനായിരിക്കുന്നത്? എന്തിനാണ് താങ്കളെ ഇവരിവിടെ വിളിച്ച് വരുത്തിയത്?

ചാരുദത്തൻ: സ്നേഹിതാ, പരലോകത്തെ അറിയാത്ത ഞാൻ ഒരു സ്ത്രീയെ, അല്ല കാമദേവന്റെ ഭാര്യ സാക്ഷാൽ രതീദേവിയെ തന്നെ…. ബാക്കി ഇവൻ (ശകാരൻ) പറയും

വിദൂഷകൻ: എന്ത്? എന്താ പറയുന്നത്?

ചാരുദത്തൻ: (മൈത്രേയന്റെ ചെവിയിൽ) ഇങ്ങനെ ഒക്കെ ആണ്.

വിദൂഷകൻ: ആരാണിങ്ങനെ പറയുന്നത്?

ചാരുദത്തൻ: (ശകാരനെ ചൂണ്ടിക്കാണിച്ച്) ഇവൻ ആണ് കാരണക്കാരൻ. പക്ഷെ യമരാജൻ എന്നെ വിളിക്കുന്നതാണ് വാസ്തവം.

വിദൂഷകൻ: (ചാരുദത്തന്റെ അടുത്ത് ചെന്ന് അദ്ദേഹത്തോട് മാത്രമായി) അവൾ വീട്ടിൽ പോയി എന്ന് എന്താണ് പറയാതിരുന്നത്?

ചാരുദത്തൻ: പറഞ്ഞാലും എന്റെ ഈ ദാരിദ്രസ്ഥിതി കൊണ്ട് വിശ്വസിക്കില്ല.  

വിദൂഷകൻ: അല്ലയോ മാന്യജനങ്ങളേ, ആരാണോ പുതിയ ഉദ്യാനങ്ങളും കുളങ്ങളും വീഥികളും യജ്ഞസ്തൂപങ്ങളും മറ്റുമുണ്ടാക്കി ഈ ഉജ്ജയിനി നഗരത്തെ മോടിപിടിപ്പിച്ചത് ആ ആൾ ദരിദ്രനെങ്കിലും ഇപ്പോൾ പണം മോഹിച്ച് ഇത്തരം ദുഷ്കൃത്യം ചെയ്യുമോ? (ദേഷ്യത്തോടെ) എടാ കുലടയുടെ മകനേ രാജസ്യാലൻ സംസ്ഥാനകാ, കാട്ടാളാ, ദോഷീ, സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ കൊരങ്ങാ, പറയ്.. എന്റെ മുന്നിൽ വെച്ച് പറയ്. എന്റെ പ്രിയസ്നേഹിതൻ മൊട്ടുകൾ വീണാലോ എന്ന് ഭയന്ന് പുഷ്പിച്ച വള്ളിപിടിച്ച് ഉലയ്ക്കുക കൂടെ ചെയ്യില്ല അങ്ങനെ ഉള്ള ഇദ്ദേഹം ഇഹപരലോകങ്ങൾക്ക് വിപരീതമായ ഒരു ദുഷ്ടത്തരം ചെയ്യുമോ? നിൽക്കവിടെ എടാ കഴുവേറിമോനേ. നിന്റെ കുടിലഹൃദയം പോലെ വളഞ്ഞ ഈ വടികൊണ്ട് അടിച്ച് നിന്റെ തല ഞാൻ പൊളിയ്ക്കും.

ശകാരൻ:(ദേഷ്യത്തോടെ) കേൾക്കൂ കേൾക്കൂ മാന്യരേ. ചാരുദത്തനുമായാണ് എനിക്ക് വ്യവഹാരം. എന്നിട്ട് ഈ കാക്കക്കാലുപോലെ കുടുമവെച്ചവൻ എന്റെ തലയ്ക്കടിയ്ക്കുന്നത് എന്തിനാണ്? എടാ ദാസീപുത്രാ, ദുഷ്ടബ്രാഹ്മണാ എന്നെ തൊടരുത്.

(മൈത്രേയൻ എഴുന്നേറ്റ് വടിയുമെടുത്ത് പിന്നേയും മുന്നത്തെ പോലെ ചീത്ത പറയുന്നു. ശകാരൻ അപ്പോൾ ദേഷ്യത്തോടെ എഴുന്നേറ്റ് മൈത്രേയനെ അടിയ്ക്കുന്നു. മൈത്രേയൻ തിരിച്ചടിയ്ക്കുന്നു. അതിനിടയിൽ മൈത്രേയന്റെ അരക്കെട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ താഴെ വീഴുന്നു.)

ശകാരൻ: (ആഭരണങ്ങൾ എടുത്ത് പരിഭ്രമത്തോടെ) മാന്യരേ നോക്കൂ ഇത് നോക്കൂ ഇവയെല്ലാം വസന്തസേനയുടെ ആഭരണങ്ങൾ ആണ്. (ചാരുദത്തനെ ചൂണ്ടി) ഈ തുച്ഛമായ സാധനത്തിനുവേണ്ടി ഇവൻ അവളെ കൊന്നു.

(കോടതിയിൽ ഉള്ള ന്യായാധികാരികൾ എല്ലാം മുഖം കുനിയ്ക്കുന്നു)

ചാരുദത്തൻ: (മൈത്രേയനോട് മാത്രമായി) ഈ സമയം ഭാഗ്യവൈപരീത്യം കൊണ്ട് നിന്റെ അരയിൽ നിന്ന് വീണ ഈ ആഭരണങ്ങൾ നമ്മളെ എല്ലാവരേയും വീഴുത്തും.

വിദൂഷകൻ: സത്യമെന്തുകൊണ്ട് പറഞ്ഞുകൂടാ?

ചാരുദത്തൻ: സ്നേഹിതാ, രാജപരിസേവകർക്ക് കണ്ണുകൾക്ക് ശക്തികുറവാണ്. വാസ്തവം അവർക്ക് കാണാൻ കഴിയില്ല. ദീനവാക്കുകൾ പറയുന്നത് എനിക്ക് മരണതുല്യമാണ്. (അതിനാൽ ദീനവാക്കുകൾ പറയില്ല എന്നർത്ഥം.)

ന്യായാധിപൻ: അഹോ കഷ്ടം! കഷ്ടം!
ബുധൻ വ്യാഴത്തെ അപഹരിക്കുന്നത് പോരാതെ ഒരു ധൂമകേതു കൂടെ പ്രത്യക്ഷപ്പെട്ടു.

ശ്രേഷ്ഠികായസ്ഥന്മാർ: (നോക്കി വസന്തസേനയുടെ അമ്മയെ ലക്ഷ്യമാക്കി) ആര്യേ ഭവതി സാവകാശം സാവധാനം ഇവ പരിശോധിച്ച് ഈ ആഭരണങ്ങൾ അവതന്നെയാണോ അല്ലയോ എന്ന് പറയുമോ?

വൃദ്ധ: (നോക്കിയിട്ട്) സമാനത ഉണ്ട് എങ്കിലും അവയല്ല.

ശകാരൻ: ആഹാ തള്ളക്കിഴവി കണ്ണുകൊണ്ട് മനസ്സിലാക്കിയെങ്കിലും നാവുകൊണ്ട് പറയാതെ മറച്ച് വെച്ചു.

വൃദ്ധ: പോടാ തെണ്ടീ ദൂരെ പോ.

ശ്രേഷ്ഠികായസ്ഥന്മാർ: സാവകാശം പരിശോധിച്ച് പറയൂ ഇവ അവയാണോ അല്ലയോ എന്ന്.

വൃദ്ധ: മാന്യരേ പണിയുടെ കൗശലം കൊണ്ട് കാണാൻ നല്ല ഭംഗിയുണ്ട്. എങ്കിലും ഇവ അവയല്ല.

ന്യായാധിപൻ: ഭദ്രേ, താങ്കൾ ഈ ആഭരണങ്ങൾ പരിചയമുണ്ടോ? കണ്ടിട്ടുണ്ടോ? അറിയുമോ?

വൃദ്ധ: അപരിചിതമല്ല കാരണം അവയെല്ലാം ഒരേ തട്ടാനായിരിക്കും നിർമ്മിച്ചിരിക്കുക.

ന്യായാധിപൻ: ശ്രേഷ്ഠീ നോക്കൂ,
ഒന്നിനെപോലെ മറ്റൊന്ന് ഉണ്ടാകും. കാരണം തട്ടാന്മാർ നിർമ്മിച്ചതിനെ മാതൃകയാക്കി അതിന്റെ പ്രതിരൂപങ്ങൾ ഉണ്ടാക്കും. അവരുടെ കരകൗശലം കാരണം രണ്ടും ഒരേ പോലെ തോന്നുകയും ചെയ്യും.

ശ്രേഷ്ഠികായസ്ഥന്മാർ: ഈ ആഭരണങ്ങൾ ആര്യ ചാരുദത്തന്റെ ആണോ?

ചാരുദത്തൻ: അല്ല എന്റെ അല്ല.

ശ്രേഷ്ഠികായസ്ഥന്മാർ: എങ്കിൽ പിന്നെ ആരുടേതാണ്?

ചാരുദത്തൻ: ഈ വന്ദ്യവയോധികയുടെ മകളുടേതാണ്.

ശ്രേഷ്ഠികായസ്ഥന്മാർ: എന്നാൽ ഇവ അവളുടെ അടുത്ത് നിന്ന് പോയത് എങ്ങനെ?

ചാരുദത്തൻ: അതിങ്ങനെ സംഭവിച്ചു ങ്ഹാ അത്....

ശ്രേഷ്ഠികായസ്ഥന്മാർ: ആര്യ ചാരുദത്താ, ഇവിടെ സത്യം മാത്രം പറയണം. നോക്കൂ
സത്യം പറയുന്നവനു സുഖം ലഭിക്കുന്നു. സത്യം പറയുന്നവൻ പാപം ചെയ്യില്ല. “സത്യം” എന്ന രണ്ടക്ഷരം കൊണ്ട് അസത്യത്തെ മൂടരുത്.

ചാരുദത്തൻ: ഈ ആഭരണങ്ങൾ അവ തന്നെ ആണോ എന്നറിയില്ല. എന്നാൽ എന്റെ ഗൃഹത്തിൽ നിന്നും കൊണ്ടുവന്നതാണെന്ന് അറിയാം.

ശകാരൻ: ആദ്യമവളെ ഉദ്യാനത്തിൽ കൊണ്ട് പോയി കൊന്നു എന്നത് മറച്ച് വെയ്ക്കുന്നുവോ?

ന്യായാധിപൻ: ആര്യ ചാരുദത്താ, സത്യം പറയൂ.
ഈ സമയം താങ്കളുടെ സുകോമളശരീരത്തിൽ അനേകം കഠോര ചാട്ടവാറടികൾ വീഴുന്നതായി ഞങ്ങൾ സങ്കൽപ്പിയ്ക്കുന്നു.

ചാരുദത്തൻ: അകങ്കളിതരുടെ കുലത്തിൽ പിറന്ന എനിക്ക് കളങ്കമില്ല. പക്ഷെ ഞാൻ പാപിയാണെന്ന് മറ്റുള്ളവർ കരുതുന്നുവെങ്കിൽ എന്റെ കളങ്കരാഹിത്യം എനിക്ക് എന്ത്  ഗുണം ചെയ്യും? (പാപരഹിതനാണെന്ന് ഞാൻ മാത്രം വിചാരിച്ചാൽ പോരാ മറ്റുള്ളവർ കൂടെ അത് വിചാരിക്കണമെന്നർത്ഥം.)
(ആത്മഗതം) വസന്തസേനയെ കൂടാതെ ഞാൻ ജീവിച്ചിരുന്നിട്ടെന്ത് ലാഭം?
(ഉറക്കെ) എന്തിനധികം മാന്യരെ?
ഇഹപരലോകങ്ങൾ അറിയാത്ത ക്രൂരനായ എന്നാൽ വിശേഷവതിയാ ഒരു സ്ത്രീരത്നത്തെ… ബാക്കി ഇവൻ, ഈ ശാകാരൻ പറയും.

ശകാരൻ: കൊന്നു. എടാ നീ തന്നെ പറയ് ഞാൻ കൊന്നു എന്ന്.

ചാരുദത്തൻ: അത് നീ തന്നെ പറഞ്ഞല്ലൊ.

ശകാരൻ: മാന്യരേ കേൾക്കൂ കേൾക്കൂ.. ഇവൻ കൊന്നു. സംശയം മാറിയല്ലൊ. ഈ ദരിദ്രചാരുദത്തനെ തൂക്കിലേറ്റണം.

ന്യായാധിപൻ: ശോധനക രാജസ്യാലൻ പറഞ്ഞ പോലെ തന്നെ. ഇവനെ പിടിച്ച് അകത്താക്കൂ.

(ശിപായിമാർ ചാരുദത്തനെ പിടിയ്ക്കുന്നു)

വൃദ്ധ: സന്തുഷ്ടരകൂ മാന്യജനങ്ങളെ സന്തുഷ്ടരാകൂ. കൊന്നുവെങ്കിൽ അത് എന്റെ മകളെ ആണ് കൊന്നത്. ഞാൻ ജീവിച്ചിരിക്കുകയും ചെയ്യുന്നു. മറ്റൊന്ന് വാദിയും പ്രതിയും തമ്മിലാണ് കേസ്. ഞാനാണ് ഇതിൽ വാദി. അതിനാൽ ഇവനെ വെറുതെ വിടൂ.

ശകാരൻ: എടീ ഗർഭദാസീ, പോടീ ദൂരെ പോ. നിനക്കിതിൽ എന്ത് കാര്യം?

ന്യായാധിപൻ: ആര്യേ താങ്കൾ പോയാലും ശിപ്പായിമാരേ, ഇവരെ പുറത്താക്കൂ.

വൃദ്ധ: അയ്യോ എന്റെ മകളേ, എന്റെ മകനേ… (എന്ന് കരഞ്ഞുകൊണ്ട് പുറത്ത് പോകുന്നു)

ശകാരൻ: (ആത്മഗതം) ഞാൻ ഈ ചാരുദത്തനെ എന്റെ ഇഷ്ടത്തിനനുസരിച്ച പണി കൊടുത്തു. ഇനി പോകാം. (ഇത് പറഞ്ഞ് പോകുന്നു)

ന്യായാധിപൻ: ആര്യ ചാരുദത്താ, കേസ് നിർണ്ണയിക്കുന്നതിൽ ഞങ്ങൾ അധികാരികളാണ് .എന്നാൽ ശിക്ഷ തരുന്നത് രാജാവാണ്. അതിനാൽ ശോധനക, പാലകരാജാവിനെ അറിയിക്കൂ:
ഈ ബ്രാഹ്മണൻ പാതകി ആണെങ്കിലും മനുസ്മൃതി അനുസരിച്ച് വധിക്കാൻ യോഗ്യനല്ല. എന്നാൽ എല്ലാവിധസ്വത്തുക്കളും ഉൾപ്പെടെ ഇവനെ രാജ്യഭ്രഷ്ടനാക്കാൻ യോഗ്യനാണ്. (സർവ്വസ്വത്തുക്കളും കൊടുത്ത് ഇവനെ രാജ്യത്തിൽ നിന്നും പുറത്താക്കണമെന്ന് രാജാവിനെ അറിയിക്കുക എന്നർത്ഥം.)

ശോധനകൻ: അങ്ങയുടെ ആജ്ഞ പോലെ തന്നെ. (ഇതുപറഞ്ഞ് പുറത്ത് പോകുന്നു. വീണ്ടും കണ്ണീരോടെ പ്രവേശിച്ച്) മാന്യരേ, ഞാൻ രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു. രാജാവ് ഇങ്ങനെ പറഞ്ഞു: “വസന്തസേനയെ തുച്ഛമായ ധനത്തിനു വേണ്ടി കൊന്നവനെ അവളുടെ അതേ ആഭരണങ്ങൾ കഴുത്തിലണിയിച്ച്, പെരുമ്പറ മുഴക്കി, തെക്കേശ്മശാനത്തിൽ കൊണ്ടുപോയി ശൂലത്തിൽ ഏറ്റുക. ഇതുപോലെ ക്രൂരകൃത്യം ചെയ്തവർ എല്ലാവരേയും ഇതേ പോലെ അപമാനിച്ച് ശിക്ഷിക്കുന്നതാണ്. ഇതൊരു പാഠമാകട്ടെ.”

ചാരുദത്തൻ: ഓഹ്.. വീണ്ടുവിചാരമില്ലാതെ കാര്യങ്ങൾ ചെയ്യുന്നവനാണ് പാലകരാജാവ്. അഥവാ, ഇതുപോലെ നീതിരഹിതമായ വിചാരണ നടത്തുന്ന മന്ത്രിമാരുള്ള രാജാവിന്റെ സ്ഥിതി ശോചനീയമായിരിക്കും. ശരിയാണ്.
മാത്രമല്ല,
വെള്ളക്കാക്കയെ പോലെ ഇരിക്കുന്ന (പുറത്ത് വെളുപ്പും അകം കറുപ്പും) ദുഷിച്ച രാജനീതി കാരണം ആയിരങ്ങൾ കൊല്ലപ്പെട്ടിരിക്കുന്നു. ഇനിയും കൊല്ലപ്പെടുകയും ചെയ്യും.
സ്നേഹിതാ മൈത്രേയ, പോകൂ. അമ്മയോട് എന്റെ അന്ത്യാഭിവാദനങ്ങൾ അറിയിയ്ക്കൂ. അത് പോലെ മകൻ രോഹസേനനെ നോക്കി വളർത്തൂ.

വിദൂഷകൻ: വേരുപോയ മരത്തെ പരിപാലിക്കുന്നതെങ്ങനെ?

ചാരുദത്തൻ: അരുത് അങ്ങനെ പറയരുത്. മറ്റൊരു ലോകത്തേയ്ക്ക് പോയ പിതാവിന്റെ ശരീരമാണ് അല്ലെങ്കിൽ പ്രതിനിധിയാണ് പുത്രൻ. അതിനാൽ നിനക്ക് എന്നോടുള്ള സ്നേഹം ഇനി നീ എന്റെ മകൻ രോഹസേനനു കൊടുക്കണം.

വിദൂഷകൻ: ഹേ കൂട്ടുകാരാ, ഞാൻ നിന്റെ പ്രിയസ്നേഹതാനിയിട്ട് നിന്നെ കൂടാതെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം?

ചാരുദത്തൻ: രോഹസേനനെ ഒന്ന് കാണിച്ച് തരൂ.

വിദൂഷകൻ: ശരി തന്നെ പറയുന്നത്.

ന്യായാധിപൻ: ഭദ്ര ശോധനക, ഈ ബ്രാഹ്മണനെ കൊണ്ട് പോകൂ.
(ശോധനകൻ ചാരുദത്തനെ പിടിയ്ക്കുന്നു)

ന്യായാധിപൻ: ആരിവിടെ? ചണ്ഡാലന്മാർക്ക് ഉത്തരവ് കൊടുക്കൂ.

ശോധനകൻ: ആര്യ ഇവിടെ വരൂ.

ചാരുദത്തൻ: (ദുഃഖത്തോടെ) ഹേ മൈത്രേയാ ഇന്നെന്റെ അവസാനം അടുത്തിരിക്കുന്നു. എന്റെ പ്രിയതമേ, നീ കളങ്കലേശമില്ലാത്ത ബ്രാഹ്മണകുലത്തിൽ ജനിച്ചവളാണ്. പക്ഷെ നിന്റെ ഭർത്താവ് കളങ്കിതനായി ഇതാ മരണം വരിയ്ക്കുന്നു. മോനേ രോഹസേനാ, നീ എന്റെ മരണം കാണുന്നില്ലല്ലൊ. നിന്റെ കുട്ടികളികളികളിൽ നീ ആനന്ദിയ്ക്കുന്നു!

(ആകാശത്തേയ്ക്ക് നോക്കി)  വിഷം, വെള്ളം, അഗ്നി, തുലാസ് എന്നിവയാൽ എന്നെ പരീക്ഷിച്ച് വിചാരണ പൂർത്തിയാക്കി അർഹമെന്ന് കണ്ടാൽ എന്റെ ശരീരത്തിൽ ശൂലം തറച്ചിരുന്നെങ്കിൽ! അതല്ല ശത്രുവായ ശകാരന്റെ വാക്കുകൾ മാത്രം വിശ്വസിച്ചാണ് ബ്രാഹ്മണനായ എന്നെ ശിക്ഷിക്കുന്നതെങ്കിൽ പുത്രപൗത്രാദികളോടെ ഞാൻ നരകത്തിൽ വീഴും. ഞാൻ തയ്യാറാണ്. ഇതാവരുന്നു.
(പണ്ട് കാലത്ത് മനുസ്മൃതിയ്ക്കനുസരിച്ചാണല്ലൊ വിചാരണയും പരീക്ഷകളും എല്ലാം. നമ്മുടെ തന്നെ ശുചീന്ദ്രം കൈമുക്ക് പരിപാടി ഓർക്കുക.)


(ഇപ്രകാരം എല്ലാവരും പോകുന്നു)

ഇപ്രകാരം മൃച്ഛകടികത്തിലെ വ്യവഹാരം എന്ന ഒൻപതാം അങ്കം സമാപിച്ചു.

No comments:

Post a Comment