കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Wednesday, February 17, 2016

ആറാം അങ്കം - ഭാഗം 1


(ഭൃത്യ പ്രവേശിയ്ക്കുന്നു)
നേരം പുലർന്നു. വസന്തസേന ഇനിയും എഴുന്നേറ്റ് കാണാഞ്ഞ് ഭൃത്യ വസന്തസേനയെ വിളിച്ചുകൊണ്ട് ചെന്നു. ശരീരമാകെ മൂടിപ്പുതച്ച് കൊണ്ട് കിടന്നുറങ്ങുന്ന വസന്തസേനയോട് ഭൃത്യ/തോഴി എഴുന്നേൽക്കാൻ പറയുന്നു.

ഭൃത്യ: എന്ത് വസന്തസേന ഇനിയും എഴുന്നേറ്റില്ലെന്നോ? എന്നാൽ എഴുന്നേൽപ്പിക്കുക തന്നെ.
(ചുറ്റിനടന്ന് വസന്തസേനയുടെ സമീപം ചെന്ന്)

(ശേഷം മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന നിലയിൽ വസന്തസേന പ്രവേശിക്കുന്നു.)

ഭൃത്യ: (സമീപം ചെന്ന് നോക്കിയിട്ട്) ആ‍ര്യേ ഉണരൂ ഉണരൂ.. എഴുന്നേൽക്കൂ. നേരം പുലർന്നു.

വസന്തസേന:(ഉണർന്ന്) എന്ത് രാത്രിയിൽ തന്നെ നേരവും പുലർന്നോ? (ഇത്രവേഗം നേരം വെളുത്തുവോ എന്നർത്ഥത്തിൽ)

ഭൃത്യ: ഞങ്ങൾക്കെല്ലാം ഇതാണ് പുലർച്ച. പക്ഷെ ആര്യയ്ക്ക് ഇപ്പോഴും രാത്രി തന്നെ.

വസന്തസേന: സഖീ, നിങ്ങളുടെ ആ ചൂതാട്ടക്കാരൻ (ചാരുദത്തൻ) എവിടെ?

തോഴി: ആര്യേ, അദ്ദേഹം വർദ്ധമാനകനോട് നിർദ്ദേശം കൊടുത്ത് പുഷ്പകരണ്ഡകം എന്ന് പേരായ ആ പഴയ ഉദ്യാനത്തിലേക്ക് പോയിരിക്കുന്നു.

വസന്തസേന: സഖീ, ഞാനെവിടെ ആണ് പോകേണ്ടത്?

തോഴി: ആര്യേ താങ്കളും ആര്യ ചാരുദത്തൻ പോയിടത്തേക്ക് തന്നെ പോകണം

വസന്തസേന: (തോഴിയെ ആലിംഗനം ചെയ്തുകൊണ്ട്) സഖീ, രാത്രിയിൽ ഞാനദ്ദേഹത്തെ നല്ലപോലെ കണ്ടില്ല. എന്നാലിന്ന് പകൽ വെളിച്ചത്തിൽ നല്ലപോലെ നോക്കിക്കാണും. സഖീ, ഞാൻ ഇവിടത്തെ അന്തഃപ്പുരത്തിലേയ്ക്ക് കടന്നുവോ? (ചാരുദത്തന്റെ ഗൃഹാംഗങ്ങളുടെ മനസ്സിലേക്ക് വസന്തസേനയ്ക്ക് പ്രവേശിക്കാൻ കഴിഞ്ഞുവോ എന്നതാണ് ചോദ്യത്തിനു അർത്ഥം)

തോഴി: അന്തഃപ്പുരത്തിലേക്ക് മാത്രമല്ല ഇവിടെ ഉള്ളവരുടെ എല്ലാം ഹൃദയത്തിൽ തന്നെ പ്രവേശിച്ചു കഴിഞ്ഞു.

വസന്തസേന: ഞാനിവിടെ വന്നതിൽ ചാരുദത്തന്റെ ബന്ധുജനങ്ങൾ പരിതപിക്കുന്നുണ്ടോ?

തോഴി: പരിതപിക്കും (ദുഃഖിക്കും)

വസന്തസേന: എപ്പോൾ?

തോഴി: ആര്യ ഇവിടുന്ന് പോകുമ്പോൾ

വസന്തസേന: ആ സമയം ഞാനാകും ആദ്യം ദുഃഖിക്കുക. (അനുനയത്തോടെ) തോഴീ, ഈ രത്നമാല എടുത്ത് എന്റെ സഹോദരി ആര്യ ധൂതയ്ക്ക് (ചാരുദത്തന്റെ ധർമ്മപത്നി) കൊണ്ടുചെന്ന് കൊടുക്കൂ. ഇതുകൂടെ പറയൂ: “ഗുണഗണങ്ങളാൽ വശപ്പെട്ട ഈ ഞാൻ എന്ന വസന്തസേന, ശ്രീമാൻ ചാരുദത്തന്റെ ദാസി ആകുന്നു. അതിനാൽ താങ്കളുടെ കൂടെ ദാസി ആയി ഭവിയ്ക്കുന്നു. അതുകൊണ്ട് ഈ രത്നമാല സ്വീകരിച്ച് കഴുത്തിലണിഞ്ഞാലും.“

തോഴി:ആര്യേ, എങ്കിൽ ആര്യ ചാരുദത്തൻ ആര്യയുടെ (ധൂതയുടെ) മേൽ കോപിക്കാൻ സാധ്യതയുണ്ട്.

വസന്തസേന: പോകൂ. പോയി കൊടുക്കൂ. കോപിക്കില്ല.

തോഴി:(രത്നമാല എടുത്തുകൊണ്ട്) ആര്യയുടെ ആജ്ഞ പോലെ തന്നെ. (എന്ന് പറഞ്ഞുകൊണ്ട് പോകുന്നുവെങ്കിലും താമസമില്ലാതെ തന്നെ തിരിച്ച് വരുന്നു. എന്നിട്ട് പറയുന്നു:) ആര്യേ, ആര്യ ധൂത പറഞ്ഞു,: “ആര്യപുത്രൻ ചാരുദത്തൻ താങ്കളിൽ സന്തുഷ്ടനായി താങ്കൾക്ക് സമർപ്പിച്ചതാണ് ഈ മാല. അത് എന്റെ കഴുത്തിൽ അണിയുന്നത് ശരിയല്ല. ആര്യപുത്രൻ (ചാരുദത്തൻ) തന്നെ ആണ് എന്റെ അതിവിശിഷ്ടമായ ആഭരണം എന്ന് താങ്കൾ അറിഞ്ഞാലും.“

(ഇപ്രകാരം സംഭാഷണം നടന്നുകൊണ്ടിരിക്കുന്ന സമയം ചാരുദത്തന്റെ വേലക്കാരിയായ രദനിക അദ്ദേഹത്തിന്റെ മകൻ രോഹസേനനുമായി പ്രവേശിക്കുന്നു.)

രദനിക: വരൂ ഉണ്ണീ, നമുക്ക് വണ്ടികൾ കൊണ്ട് കളിക്കാം.

രോഹസേനൻ: (സങ്കടത്തോടേ) രദനികേ, കളിമൺവണ്ടികൊണ്ട് എനിക്ക് കളിയ്ക്കേണ്ട. എനിക്ക് ആ സ്വർണ്ണവണ്ടി തന്നെ തരൂ.

രദനിക(ദുഃഖത്തോടെ, നിശ്വാസമെടുത്ത്) ഉണ്ണീ, നമ്മൾക്ക് സ്വർണ്ണക്കച്ചവടം ഇല്ലല്ലൊ. അച്ഛനു ഇനിയും പണമുണ്ടാകുമ്പോൾ നമുക്ക് സ്വർണ്ണവണ്ടികൊണ്ട് കളിക്കാം. മറ്റെന്തെങ്കിലും പറഞ്ഞും കാണിച്ച് ഉണ്ണിയുടെ മനസ്സ് മാറ്റുക തന്നെ. ആ‍ര്യ വസന്തസേനയുടെ സമീപം ചെല്ലുക തന്നെ. (സമീപം ചെന്ന്)  പ്രണാമം ആര്യേ.

വസന്തസേന: രദനികേ, നിനക്ക് സ്വാഗതം. ഈ ഉണ്ണി ആരുടേതാണ്? ആഭരണങ്ങൾ അണിഞ്ഞില്ലെങ്കിൽ കൂടെ ചന്ദ്രതുല്യമായ ഇവന്റെ മുഖം എന്റെ മനസ്സിനെ കുളിർപ്പിക്കുന്നു.

രദനിക: ഈ ഉണ്ണി, ആര്യ ചാരുദത്തന്റെ മകൻ രോഹസേനൻ ആണ്.

വസന്തസേന: (രണ്ട് കൈകളും നിവർത്തി) വരൂ വരൂ എന്റെ പ്രിയപ്പെട്ട ഉണ്ണീ. എന്നെ വന്ന് കെട്ടിപ്പിടിക്കൂ. (എന്ന് പറഞ്ഞ് ഉണ്ണിയെ മടിയിൽ ഇരുത്തുന്നു) ഇവനു ഇവന്റെ അച്ഛന്റെ അതേ ഛായ തന്നെ.

രദനിക: രൂപം മാത്രമല്ല സ്വഭാവവും അതുപോലെ തന്നെ എന്ന് എനിക്ക് തോന്നുന്നു. ആര്യ ചാരുദത്തൻ ഇവന്റെ ഒപ്പം കളിച്ചാണ് സ്വയം വിനോദിയ്ക്കുന്നത്.

വസന്തസേന: അത് ശരി; ആട്ടെ, ഇവനെന്തിനാ കരയുന്നത്?

രദനിക: അയൽപ്പക്കത്തെ കുട്ടികളുമായി ഇവൻ സ്വർണ്ണവണ്ടികൊണ്ട് കളിക്കുകയായിരുന്നു. ആ കുട്ടികൾ പോയപ്പോൾ സ്വർണ്ണവണ്ടിയും കൊണ്ടുപോയി. പിന്നെ ഉണ്ണി വണ്ടി ചോദിക്കുമ്പോൾ ഞാൻ ഈ കളിമൺവണ്ടി എടുത്തുകൊടുക്കും. അപ്പോൾ ഉണ്ണി ചോദിക്കും എനിക്ക് മൺവണ്ടി വേണ്ട, എനിക്ക് സ്വർണ്ണവണ്ടി തന്നെ വേണം എന്ന് അപ്പോൾ ഉണ്ണി വാശിപിടിയ്ക്കുകയാണ്.

വസന്തസേന:ഹായ്.. ഹായ്.. ഇവനും മറ്റുള്ളവരുടെ സമ്പത്തുകണ്ട് ദുഃഖിക്കുന്നുവോ? ഹേ ഭാഗ്യ ദേവതേ! അങ്ങ് താമരയിലയിലെ വെള്ളം പോലെ പുരുഷന്റെ ഭാഗധേയം(=തലയിലെഴുത്ത്, വിധി)  കൊണ്ട് കളിക്കുന്നു. (എന്ന് കണ്ണീരോടെ പറഞ്ഞുകൊണ്ട്, ഉണ്ണിയോടായി) ഉണ്ണീ, കരയുരുത്. ഇനി നമുക്ക് സ്വർണ്ണവണ്ടി കൊണ്ട് തന്നെ കളിക്കാം.

രോഹസേനൻ: രദനികേ, ഇതാരാണ്? (വസന്തസേനയെ ഉദ്ദേശിച്ച്)

വസന്തസേന: നിന്റെ പിതാവിന്റെ ഗുണഗണങ്ങൾ കണ്ട് ആകൃഷ്ടയായ ദാസി ആണ് ഞാൻ.

രദനിക: ഉണ്ണീ, ഇവൾ ഉണ്ണിയുടെ അമ്മ തന്നെ.

രോഹസേനൻ: രദനിക നുണ പറയുന്നു. ആര്യ എന്റെ അമ്മയിങ്ങനെ ആഭരണങ്ങൾ അണിയാറില്ലല്ലൊ.

വസന്തസേന: ഉണ്ണീ, മുഗ്ധമായ മുഖം കൊണ്ട് അതികഠിനമായ വാക്കുകൾ ആണല്ലൊ പറയുന്നത്.(നിഷ്കളങ്കനെങ്കിലും കുത്തുവാക്കുകൾ ആനല്ലൊ പറയുന്നത് എന്നർത്ഥത്തിൽ) (എന്നുപറഞ്ഞുകൊണ്ട് ആഭരണങ്ങൾ എല്ലാം ഊരുന്നു) നോക്കൂ, ഇപ്പോൾ ഞാനും നിന്റെ അമ്മ ആയില്ലേ? ഈ ആഭരണങ്ങൾ എടുത്ത് സ്വർണ്ണവണ്ടി നിർമ്മിക്കൂ.

രോഹസേനൻ: ഇല്ല എടുക്കില്ല ഞാൻ. നീ കരയുന്നു

വസന്തസേന: (കണ്ണീർ തുടച്ചിട്ട്) ഉണ്ണീ, കരയില്ല, പോകൂ പോയി കളിക്കൂ. (വസന്തസേന താനണിഞ്ഞ സ്വർണ്ണാഭരണങ്ങൾ എല്ലാം രോഹസേനന്റെ മൺവണ്ടിയിലാക്കി കൊടുക്കുന്നു) ഇതുകൊണ്ട് സ്വർണ്ണവണ്ടി ഉണ്ടാക്കിക്കൂ..

(ഇപ്രകാരം രോഹസേനനേയും കൊണ്ട് രദനിക പോകുന്നു.)

(വർദ്ധമാനകൻ പ്രവേശിച്ചുകൊണ്ട്)

വർദ്ധമാനകൻ: രദനികേ രദനികേ, വസ്ത്രാലംകൃതമായി വണ്ടി വശത്തെ വാതിൽക്കൽ തയ്യാറായി നിൽക്കുന്നു എന്ന് ആര്യ വസന്തസേനയെ അറിയിക്കൂ.

(രദനിക പ്രവേശിച്ച്)

രദനിക: ആര്യേ, വശത്ത് വാതിൽക്കൽ വണ്ടി തയ്യാറായി നിൽക്കുന്നു എന്ന് വർദ്ധമാനകൻ അറിയിക്കുന്നു. .

വസന്തസേന: തോഴി, അൽപ്പനേരം കാത്ത് നിൽക്കാൻ പറയൂ. ഞാനപ്പോഴേക്കും തയ്യാറാകാം.

(വർദ്ധമാനകന്റെ സമീപം ചെന്ന്)

രദനിക: ഹേ വർദ്ധമാനക, അൽപ്പം നേരം ക്ഷമിക്കൂ. അപ്പോഴേക്കും ആര്യ വസന്തസേന അണിഞ്ഞൊരുങ്ങി തയ്യാറായി വരും.

വർദ്ധമാനകൻ: ആശ്ചര്യം തന്നെ, ഞാൻ വണ്ടിയുടെ വിതാനം(=പുതപ്പ്, വണ്ടിമുകളിലൂടെ ഇട്ട് മറയ്ക്കാനുള്ളതാകാം) എടുക്കാൻ മറന്നുപോയല്ലൊ. ശരി, അപ്പോഴേക്കും ഞാനത് എടുത്തുകൊണ്ട് വരാം. പുത്തൻ മൂക്കുകയർ ആയതിനാൽ കാളകൾ അടങ്ങി നിൽക്കുന്നില്ല. അതിനാൽ വണ്ടിയിൽ തന്നെ പോയി വരാം.

(ഇതും പറഞ്ഞ് വർദ്ധമാനകൻ വണ്ടി തെളിച്ച് പോകുന്നു)

വസന്തസേന: തോഴി എന്റെ അടയാഭരണങ്ങൾ ഉടൻ കൊണ്ടു വരൂ. ഞാൻ അണിഞ്ഞൊരുങ്ങട്ടെ.

(ഇതും പറഞ്ഞ് സ്വയം അണിഞ്ഞൊരുങ്ങി തയ്യാറായി നിൽക്കുന്നു.)

(ഇതേ സമയം മറ്റൊരു കാളവണ്ടിയിൽ സംസ്ഥാനകന്റെ ഭൃത്യനായ സ്ഥാവരകൻ ഇരുന്നുകൊണ്ട് പ്രവേശിക്കുന്നു.)

സ്ഥാവരകൻ: രാജാവിന്റെ അളിയനായ സംസ്ഥാനകൻ (ശകാരൻ) എന്നോട് കല്പിച്ചിരിക്കുന്നു, “സ്ഥാവരക, വണ്ടിയും കൊണ്ട് പുഷ്പകരണ്ഡകം എന്ന പഴയ ഉദ്യാനത്തിലേക്ക് പെട്ടെന്ന് വരൂ.“. അതിനാൽ അവിടേയ്ക്ക് പോവുക തന്നെ. നട നട കാളേ.. (ചുറ്റി നടന്ന് നോക്കിയിട്ട്) എന്ത്? ഗ്രാമത്തിലെ വണ്ടികൾ കൊണ്ട് വഴി തടസ്സപ്പെട്ടിരിക്കുന്നുവല്ലൊ. ഇപ്പൊൾ ഞാനെന്ത് ചെയ്യും? (ഗർവ്വോടെ) ഹെ.. മാറി നിൽക്ക് മാറി നിൽക്ക്.. (കേട്ടതായി നടിച്ച്) എന്ത് പറഞ്ഞു? ഇതാരുടെ വണ്ടി ആണെന്നോ? ഇത് രാജാവിന്റെ അളിയൻ ശകാരന്റെ വണ്ടി ആണ്. അതിനാൽ പെട്ടെന്ന് തനെ വഴി മാറി താ. (നോക്കിയിട്ട്) ചൂതിൽ നിന്ന് തോറ്റോടിയ ചൂതുകളിക്കാരൻ ചൂതാട്ടകേന്ദ്രത്തിലെ മുഖ്യനെ കണ്ടപോലെ, ഇവൻ എന്നെ കണ്ട് ഒളിഞ്ഞ് മറുവശത്തേക്ക് ഓടിപ്പോയതെന്തിനായിരിക്കും? ആരായിരിക്കാം അവൻ? ഛെ ഛെ.. എനിക്കെന്ത് ഇതിലൊക്കെ കാര്യം? വേഗം പോവുക തന്നെ.. ഗ്രാമവാസികളെ വഴി മാറൂ.. (കേട്ടതായി നടിച്ചുകൊണ്ട്) എന്ത് പറഞ്ഞു, കുറച്ച് നേരം ക്ഷമിക്കാനോ? (ചിരിച്ചുകൊണ്ട്) വണ്ടി ഒന്ന് ഉന്തിത്തരാനോ? ഞാൻ രാജാവിന്റെ അളിയന്റെ ഏറ്റവും സ്വന്തക്കാരനായ ഞാൻ, വണ്ടി തള്ളാനോ? ഹോ! സാരമില്ല, ഈ പാവം ഒറ്റയ്ക്കാണ്. അതിനാൽ സഹായിക്കുക തന്നെ. എന്റെ വണ്ടി ചാരുദത്തന്റെ ഉദ്യാനസമീപമുള്ള വാതിലിനു സമീപം നിർത്താം. (അങ്ങനെ വണ്ടി വാതിലിനുസമീപം നിർത്തി) ഞാനിതാ വരുന്നൂ.. (എന്ന് പറഞ്ഞ് സഹായിക്കാനായി പോകുന്നു)

രദനിക: ആര്യേ വണ്ടിചക്രത്തിന്റെ ശബ്ദം കേൾക്കുന്നു. വണ്ടി വന്നതായി തോന്നുന്നു.

വസന്തസേന: തോഴീ, വരൂ എന്റെ ഹൃദയം സമാഗമനത്തിനായി തിടുക്കം കൂട്ടുന്നു. എനിയ്ക്ക് വശത്തെ വാതിൽ കാണിച്ചു തരൂ.

രദനിക: ആര്യേ,, ഇതിലേ ഇതിലേ…

വസന്തസേന: (ചുറ്റിനടന്ന്) തോഴി.. നീ വിശ്രമിക്കൂ.

രദനിക: ആജ്ഞപോലെ തന്നെ.

(പോകുന്നു)

വസന്തസേന: (വലതുകണ്ണ് തുടിയ്ക്കുന്നതായി കാണിച്ചുകൊണ്ട് വണ്ടിയിൽ കയറി ഇരിക്കുന്നു) എന്റെ വലതുകണ്ണ് തുടിയ്ക്കുന്നതെന്തനാണ്? സാ‍ാരമില്ല.. ചാരുദത്തന്റെ ദർശനം തന്നെ അപശ്ശകുനം ഇല്ലാതാക്കും.

(പ്രവേശിച്ച്)

സ്ഥാവരകൻ: വണ്ടികളെ തള്ളി മാറ്റി, ഇനി പോവുക തന്നെ. (ഇതുപറഞ്ഞ് വണ്ടിയിൽ കയറി ഇരുന്ന് തെളിക്കുന്നതായി കാണിച്ച്, സ്വഗതം) വണ്ടിയ്ക്ക് ഭാരം കൂടിയതായി തോന്നുന്നു. അതാവില്ല അവരുടെ വണ്ടി തള്ളിയ ക്ഷീണം കൊണ്ട് തോന്നുകയായിരിക്കും. നട കാളെ.. നട നട കാളെ.

No comments:

Post a Comment