കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Monday, February 8, 2016

നാലാം അങ്കം - ഭാഗം 1


(ഭൃത്യ പ്രവേശിക്കുന്നു)

ഭൃത്യ: (വസന്തസേനയുടെ) അമ്മ എന്നോട് വസന്തസേനയുടെ സമീപം ചെല്ലാൻ ആജ്ഞാപിച്ചിരിക്കുന്നു. വസന്തസേന ഒരു ചിത്രപടത്തിൽ കണ്ണുനട്ട് മദനികയും ആയി എന്തോ വർത്തമാനത്തിൽ ആണ്. അതിനാൽ ഞാൻ അവരുടെ സമീപം ചെല്ലട്ടെ. (അരങ്ങിൽ ചുറ്റിനടക്കുന്നു)

(അനന്തരം മുൻ പറഞ്ഞപോലെ വസന്തസേനയും തോഴി മദനികയും പ്രവേശിക്കുന്നു)

വസന്തസേന:  തോഴീ മദനികേ, ഈ ചിത്രം കണ്ടാൽ ചാരുദത്തനാണെന്ന് തന്നെ തോന്നില്ലേ?

മദനിക: തീർച്ചയായും

വസന്തസേന: നിനക്കെങ്ങനെ അറിയാം?

മദനിക: എന്റെ യജമാനത്തിയുടെ സ്നേഹം നിറഞ്ഞ കണ്ണുകൾ ഈ ചിത്രത്തിൽ തന്നെ ഉടക്കിയത് കണ്ട് (എനിക്ക് മനസ്സിലായി)

വസന്തസേന: തോഴീ വേശ്യാഗൃഹത്തിൽ ജീവിച്ചതുകൊണ്ടുള്ള കപടമര്യാദകൊണ്ട് നീ പറയുന്നതാണോ?

മദനിക: പക്ഷെ ആര്യേ, വേശ്യയുടെ ഗൃഹത്തിൽ വസിക്കുന്ന സ്ത്രീകൾക്കെല്ലാം കപടമര്യാദക്കാരാകണമെന്നുണ്ടോ?

വസന്തസേന: തോഴീ, വേശ്യകൾ ദിനേന അനവധി തരത്തിലുള്ള പുരുഷന്മാരുമായി ഇടപെഴകുന്നതുകൊണ്ട് അവരിൽഒരു കപടമര്യാദ കണ്ട് വരുന്നുണ്ട്.

മദനിക: എന്റെ യജമാനത്തിയുടെ കണ്ണുകളും ഹൃദയവും ഒന്നിച്ച് ഈ ചിത്രപടത്തിൽ ഇത്രയും ആവേശം പൂണ്ട് അഭിരമിക്കുന്നെങ്കിൽ, കാരണമെന്തിനു ചോദിക്കണം?

വസന്തസേന: സഖീ, തോഴി പരിഹാസം ഒഴിവാക്കാം.

മദനിക: അങ്ങനെ പരിഹസിയ്ക്കുകയല്ല. സ്ത്രീകൾക്ക് സ്ത്രീകളെ മനസ്സിലാകും.

ആദ്യഭൃത്യ:(സമീപം വന്ന്) ആര്യേ, മറച്ച് അലങ്കരിച്ച വണ്ടി ഉദ്യാനവാതിൽക്കൽ വന്ന് നിൽക്കുന്നുണ്ട്. ആര്യയോട് അതിൽ പോകാൻ അമ്മ കൽപ്പിക്കുന്നു.

വസന്തസേന: പറ, അത് ചാരുദത്തനാണോ?

ആദ്യഭൃത്യ: പതിനായിരം പണം വിലയുള്ള ആഭരണങ്ങളും വാഹനവും കൊടുത്തയച്ച ആൾ‌ --

വസന്തസേന: ആരാണയാൾ?

ആദ്യഭൃത്യ: അദ്ദേഹം രാജാവിന്റെ അളിയൻ സംസ്ഥാനകൻ തന്നെ.

വസന്തസേന: കടന്ന് പോ. ഇനിയും ഇത്തരം വാർത്ത മിണ്ടിപ്പോകരുത്.

ആദ്യഭൃത്യ: യജമാനത്തി കോപിക്കരുത്. ഞാൻ അമ്മയുടെ സന്ദേശം കൊണ്ടുവന്നറിയിച്ചതേ ഉള്ളൂ.

വസന്തസേന: ഇത്തരം സന്ദേശങ്ങൾ ആണ്  എന്നെ കോപാകുലയാക്കുന്നത്.

ആദ്യഭൃത്യ: അപ്പോൾ ഞാൻ അമ്മയോട് എന്ത് മറുപടി അറിയിക്കണം?

വസന്തസേന: എന്നെ കൊല്ലാനാഗ്രഹിക്കുന്നില്ലെങ്കിൽ ഇത്തരം സന്ദേശങ്ങൾ ഒരിക്കലും അറിയിക്കരുത് എന്ന് പറയൂ.

ആദ്യഭൃത്യ: യജമാനത്തിയുടെ ഇഷ്ടം പോലെ.
(പോകുന്നു)

ശർവിലകൻ പ്രവേശിക്കുന്നു.

ശർവിലകൻ: ഉറക്കത്തെ കീഴ്പ്പെടുത്തി പോലീസുകാരെ വെട്ടിച്ച്  രാത്രി ചെയ്ത കുറ്റത്തിന്റെ ഭാരം എനിക്ക് തന്നെ. പക്ഷെ ഇപ്പോൾ സൂര്യവെളിച്ചം നിറയുന്നസമയത്ത് എന്റെ ഉത്സാഹം നിലാവെളിച്ചം പോലെ മങ്ങുന്നു. അത് മാത്രമല്ല, എതിരെ ഒരാൾ വരുമ്പോ, മറ്റൊരാൾ സൂക്ഷിച്ചു എന്നെ നോക്കുമ്പോൾ ഒക്കെ എന്റെ മനസ്സ് അയാളെന്നെ പോലെ എന്ന് കരുതും (അവർ തട്ടിപ്പറിക്കുമൊ എന്ന് പേടിക്കും) മഞ്ഞക്കണ്ണടവെച്ചാൽ കാണുന്നതെല്ലാം മഞ്ഞയല്ലെ !

ശരിയാണ്, മദനികയ്ക്ക് വേണ്ടി മാത്രം ആണ് ഞാൻ ഈ ദുസ്സാഹസങ്ങൾ എല്ലാം ചെയ്യുന്നത്.
വേലക്കാരോട് നല്ലതായി സംസാരിക്കുന്നവരുടെ ഗൃഹവും സ്ത്രീകൾ മാത്രമുള്ള ഗൃഹവും എല്ലാം ഞാൻ ഒഴിവാക്കിയിട്ടുണ്ട്. അവിടങ്ങളിൽ നിന്നൊന്നും മോഷ്ടിച്ചിട്ടില്ല. പോലീസിനെ കണ്ടാൽ തൂണുപോലെ നിന്ന് അവരുടെ കണ്ണ് വെട്ടിച്ചിട്ടുണ്ട്. ഇത്തരം അനവധി സാഹിസികപ്രവൃത്തികൾ ചെയ്താണ് ഞാനെന്റെ രാത്രികളെ പകലാക്കിയിരിക്കുന്നത്.

(ഇതും പറഞ്ഞുകൊണ്ട് ശർവിലകൻ അരങ്ങത്ത് ചുറ്റിനടക്കുന്നു)

വസന്തസേന: തോഴീ, ഈ ചിത്രപടം എന്റെ കിടപ്പറയിൽ കൊണ്ട് വെച്ച് ഒരു വീശറിയുമായി വേഗം വരൂ.

മദനിക: ശരി യജമാനത്തീ (എന്നും പറഞ്ഞ് ചിത്രവും എടുത്ത് പോകുന്നു.)

ശർവിലകൻ: ഇതാ വസന്തസേനയുടെ ഗൃഹം. ഞാൻ പ്രവേശിക്കട്ടെ. (പ്രവേശിച്ചുകൊണ്ട്) ഇനി എവിടേയാണെന്നാവോ ഞാൻ മദനികയെ കണ്ടെത്തുക?

(ആ സമയം മദനിക വീശറിയുമായി പ്രവേശിക്കുന്നു.)

ശർവിലകൻ: ഹാ.. ഇതാ മദനിക, ഇവൾ, കാമദേവനെ പോലും വെല്ലും. രതിരസം ഉടലാണ്ടപോലെ ആണിവൾ. ഹൃദയം കാമതാപത്താൽ വേവുന്ന എനിക്ക് ഇവൾ വരുന്നത് കാണുമ്പോൾ ചന്ദനലേപനം കൊണ്ട് എന്നപോലെ കുളിരുതോന്നുന്നു. മദനികേ… (എന്ന് മധുരമായി വിളിക്കുന്നു)

മദനിക: (ശർവിലകനെ കണ്ട്) ഓ! പ്രിയ ശർവിലകൻ. സ്വാഗതം. സന്തോഷമായി എനിക്ക്. എവിടെ ആയിരുന്നു താങ്കൾ?

ശർവിലകൻ: പറയാം
(അവർ സ്നേഹത്തോടേയും വികാരത്തോടേയും അന്യോന്യം നോക്കി നിൽക്കുന്നു)

വസന്തസേന: മദനിക എന്താണിത്ര താമസിക്കുന്നത്? എവിടെ അവൾ? (കാളക്കണ്ണ് പോലെയുള്ള ചെറിയ ജനാലയിലൂടെ നോക്കിയിട്ട്) അതാ അവളവിടെ ഒരു പുരുഷനുമായി സംസാരിച്ച് നിൽക്കുന്നു. അവളുടെ പ്രേമാതുരമായ നോട്ടം കണ്ട് അവൾ അവനെ കണ്ണുകൾ കൊണ്ട് മുഴുവനായി കുടിയ്ക്കും എന്ന് തോന്നും. ഇയാളായിരിക്കും ഇവളെ സ്വതന്ത്ര്യയാക്കാൻ ആശിക്കുന്നവൻ. ശരി ശരി.. അവളവിടെ നിൽക്കട്ടെ. ആർക്കും പ്രേമഭംഗം ഒരിക്കലും ഉണ്ടാകരുത്. ഞാൻ തടസ്സമാകുന്നില്ല. ഞാൻ അവളെ വിളിക്കാൻ പോകുന്നില്ല.

മദനിക: പറയൂ ശർവിലകാ.

(ശർവിലകൻ നാലുചുറ്റും ശങ്കയോടെ നോക്കുന്നു)

മദനിക: എന്ത് പറ്റി, ശർവിലക? പറയൂ. താങ്കൾ എന്താ ആകെ വല്ലാതിരിക്കുന്നത്?

ശർവിലകൻ: ഞാനൊരു രഹസ്യം പറയട്ടെ? നമ്മൾ മാത്രമല്ലേ ഉള്ളൂ?

മദനിക: അതെ നമ്മൾ ഒറ്റയ്ക്കാണ്. തീർച്ച

വസന്തസേന: (ജനാലയുടെ ഒളിവിൽ നിന്നും) എന്ത്? ഇത്ര വലിയ സ്വകാര്യമൊ? ഞാൻ കേൾക്കുന്നില്ല. (അന്യരുടെ സ്വകാര്യം കേൾക്കുന്നത് സജ്ജനങ്ങൾക്ക് ഭൂഷണമല്ലല്ലൊ)

ശർവിലകൻ: പറയൂ മദനിക, വസന്തസേന നിന്റെ സ്വാതന്ത്ര്യത്തിനുപകരം വില വാങ്ങുമൊ?(വസന്തസേനയ്ക്ക് ധനം കൊടുത്ത് മദനികയെ മോചിപ്പിക്കാൻ പറ്റുമോ എന്നാണ് ശർവിലകൻ അന്വേഷിക്കുന്നത്)

വസന്തസേന: എന്റെ കാര്യമാണല്ലൊ. എന്നാൽ ഞാൻ ഈ ജനാലയുടെ ഒളിവിൽ ഇരുന്ന് കേൾക്കും

മദനിക: ഞാനത് യജമാനത്തിയോട് ചോദിച്ചിരുന്നു ശർവിലക. അപ്പോൾ യജമാനത്തി പറഞ്ഞത്, “എനിയ്ക്ക് തോന്നിയാൽ, ഞാൻ എല്ലാ പരിചാരകരേയും ധനം കൂടാതെ സ്വതന്ത്രരാക്കും“ എന്നാണ്. പക്ഷെ ശർവിലാക, താങ്കൾ എവിടുന്നാണ് എന്നെ സ്വതന്ത്ര്യയാക്കാനുള്ള ധനം സമ്പാദിച്ചത്?

ശർവിലകൻ: പേടിത്തൊണ്ടീ, ദരിദ്രനും നിന്നിൽ അനുരക്തനുമായ ഞാൻ, പ്രിയേ ഇന്നലെ രാത്രി ഒരു പാതകം ചെയ്തു.

വസന്തസേന: ഇവന്റെ മുഖം ശാന്തമാണല്ലൊ. എന്നാലും പാതകം ചെയ്തു എന്ന് കേൾക്കുമ്പൊൾ വിഷമം തോന്നുന്നു.

No comments:

Post a Comment