കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Thursday, February 4, 2016

രണ്ടാം അങ്കം - ഭാഗം 1


(പ്രവേശിച്ച്)

ഭൃത്യ: വസന്തസേനയുടെ അമ്മയുടെ ആജ്ഞപ്രകാരൻ ഞാൻ വസന്തസേനയ്ക്കായി ഒരു സന്ദേശം കൊടുക്കാൻ പോവുകയാണ്. ഉള്ളിൽ പ്രവേശിച്ച് ആര്യയുടെ സമീപം പോകുക തന്നെ. (ചുറ്റിനടന്ന്, കണ്ട്) ആഹാ, ആര്യ എന്തോ മനോരാജ്യം കണ്ട് ഇരിക്കുകയാണല്ലൊ. എന്തായാലും അവരുടെ അടുത്ത് ചെല്ലട്ടെ.

(ശേഷം ഉത്കണ്ഠയോടെ ആസനസ്ഥനായ വസന്തസേനയും മദനികയും പ്രവേശിക്കുന്നു)

വസന്തസേന: തോഴീ, എന്നിട്ട്?

മദനിക: ആര്യേ, ഭവതി ഒന്നും തന്നെ മിണ്ടിയിട്ടില്ല. പിന്നെ ‘എന്നിട്ട്‘ എന്ന് ചോദിക്കുന്നത് എന്താണ്?

വസന്തസേന: ഞാൻ എന്തേ പറഞ്ഞത്?

മദനിക: ‘എന്നിട്ട്‘ എന്ന്

വസന്തസേന:(പുരികം ചുളിച്ച്) അങ്ങനേയോ?

(സമീപം ചെന്ന്)
(ആദ്യ)ഭൃത്യ: ആര്യേ, അമ്മ താങ്കളോട് വേഗം കുളിച്ച് തേവാരം കഴിക്കാൻ പറഞ്ഞയച്ചിരിക്കുന്നു.

വസന്തസേന: തോഴീ, അമ്മയോട് ഞാനിന്ന് കുളിയ്ക്കുന്നില്ല. അതിനാൽ പൂജയ്ക്ക് വേണ്ടത് ഏർപ്പാടാക്കാൻ മറ്റ് ബ്രാഹ്മണരെ ഏല്പിക്കാൻ പറയൂ.

(ആദ്യ)ഭൃത്യ: ഭവതിയുടെ ആജ്ഞപോലെ (പോകുന്നു)

മദനിക: ആര്യേ സ്നേഹംകൊണ്ട് മാത്രം ചോദിക്കുകയാണ്, എന്താണ് ഭവതിയുടെ പ്രശ്നം?

വസന്തസേന: മദനികേ, നീ പറ. നിനക്ക് എന്നെ കണ്ടിട്ട് ഇപ്പോൾ എന്ത് തോന്നുന്നു?

മദനിക: ആര്യയുടെ മനസ്സ് മറ്റെങ്ങോ ആണ്. നിശ്ചയം. ആര്യയുടെ മനസ്സ് ആർക്കോ വേണ്ടി കൊതിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി

വസന്തസേന: ശരിയാണ് നീ പറഞ്ഞത്. പരഹൃദയജ്ഞാനത്തിനു നിനക്ക് കഴിവ് അപാരമാണല്ലൊ.

മദനിക: സന്തോഷമായി എനിക്ക്. കാമദേവന്റെ ശക്തി അപാരം തന്നെ. കാമദേവന്റെ ഉത്സവം കൊണ്ടാടാൻ ഈ യൗവ്വനക്കാലം തന്നെ വേണം. ആട്ടെ, ആര്യേ, ആരാണയാൾ? രാജാവോ അതോ രാജാവിന്റെ അടുത്ത ആളോ?

വസന്തസേന: പ്രേമിക്കാനാണാനെനിക്കാശ സേവിക്കാനല്ല തോഴി.
(പ്രണയമാണ് അവനോട് അല്ലാതെ അവന്റെ പണത്തിനുവേണ്ടി അവനെ ആരാധിക്കുക/സേവിക്കുക അല്ല ചെയ്യുന്നത് എന്നർത്ഥം)

മദനിക: അപ്പോൾ ഭവതി വിദ്യാസമ്പന്നനായ വല്ല ബ്രാഹ്മണയുവാവിനെ ആണോ കൊതിയ്ക്കുന്നത്?

വസന്തസേന: ബ്രാഹ്മണരെ ഞാൻ പൂജിയ്ക്കുന്നു

മദനിക: വ്യാപാരാർത്ഥം നഗരങ്ങൾ സഞ്ചരിക്കുന്ന അതിസമ്പന്നനായ വല്ല യുവവ്യാപാരിയേയും ആണോ കൊതിയ്ക്കുന്നത്?

വസന്തസേന: സഖീ, സ്നേഹിക്കുന്നവരെ വിട്ട് ലോകം ചുറ്റുന്ന വണിക്കുകൾ ദുഃഖം(വേർപാടുകൊണ്ടുള്ള) ആണ് തരുന്നത്.

മദനിക: ആര്യേ, രാജാവല്ല, രാജാവിന്റെ അടുപ്പക്കാരനുമല്ല, ബ്രാഹ്മണനല്ല, കച്ചവടക്കാരനല്ല. പിന്നെ ആരെയാണ് ബഹുമാനപ്പെട്ട തത്ര ഭവതി കാംഷിയ്ക്കുന്നത്?

വസന്തസേന: സഖീം, നീ എന്റെ കൂടെ അന്ന് കാമദേവന്റെ അമ്പലമുള്ള ഉദ്യാനത്തിലേക്ക് വന്നതല്ലേ?

മദനിക: ങ്ഹാ വന്നിരുന്നു

വസന്തസേന: എന്നിട്ടും നീ അവനാരെന്ന് ഒരു അപരിചിതയെ പോലെ എന്നോട് ചോദിക്കുന്നൊ?

മദനിക: മനസ്സിലായി. മനസ്സിലായി. അയാളല്ലേ? ശരണാഗതയായ ഭവതിയെ രക്ഷിച്ച് അനുഗ്രഹിച്ച വ്യക്തി അല്ലേ?

വസന്തസേന: അദ്ദേഹത്തിന്റെ പേരെന്താണ്?

മദനിക: ആ കച്ചവടക്കാരുടെ തെരുവിൽ താമസിക്കുന്നവൻ അല്ലേ?

വസന്തസേന: ഞാൻ നിന്നോട് അദ്ദേഹത്തിന്റെ പേരാണ് ചോദിച്ചത്.

മദനിക: ഓ! ആര്യേ! അദ്ദേഹത്തിന്റെ പേരുപറയുന്നത് തന്നെ നല്ലശകുനമാണ്. അദ്ദേഹത്തിന്റെ പേർ ചാരുദത്തൻ എന്നാണ്.

വസന്തസേന:(സന്തോഷത്തോടെ) മദനികേ നല്ലത്… നീ ശരിയ്ക്കും മനസ്സിലാക്കി.

മദനിക:(സ്വഗതം) ഞാനൊന്ന് പറയട്ടെ. (ഉറക്കെ) പക്ഷെ അദ്ദേഹം ദരിദ്രനാണെന്നാണല്ലൊ കേട്ടത്.

വസന്തസേന: അതിനാൽ തന്നെയാണ് ഞാൻ അദ്ദേഹത്തെ കൊതിയ്ക്കുന്നത്. കാരണം നിർധനരെ പ്രേമിയ്ക്കുന്ന ഗണികകളെ ഒരിക്കലും ലോകം നിന്ദിയ്ക്കില്ല.

മദനിക:
മാമ്പൂക്കൾ കൊഴിഞ്ഞ് പോയകാലത്ത് (വണ്ടുകൾ)മധുകരികൾ മാവ്  സന്ദർശിക്കില്ലില്ലൊ.  
(അതായത് ദരിദ്രനെ എന്തിനാ പ്രേമിക്കുന്നത് എന്ന് വ്യംഗ്യം.)
വസന്തസേന: അതുകൊണ്ടല്ലെ മധികരികൾ എന്ന് അവരെ പറയുന്നത്?

മദനിക: ആര്യേ, മനസ്സിനിഷ്ടപ്പെടുന്നവനാണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ പെട്ടെന്ന് അഭിസരിക്കുന്നില്ല?

വസന്തസേന: മദിനകേ, ഞാൻ അദ്ദേഹത്തെ ഇപ്പോൾ പെട്ടെന്ന് സന്ദർശിച്ചാൽ, എനിക്ക് തരാനായി അദ്ദേഹത്തിന്റെ കയ്യിൽ ഒന്നുമില്ലെന്ന് അദ്ദേഹത്തിനറിയാം. അപ്പോൾ വീണ്ടും അദ്ദേഹത്തെ കാണാൻ ഉള്ള സാദ്ധ്യത ഇല്ലാതായാലോ?

മദനിക: അതു ശരി, അതുകൊണ്ടാ ആര്യ ആര്യയുടെ വിലപിടിച്ച രത്നങ്ങളും ആഭരണങ്ങളും ചാരുദത്തനെ വിശ്വസിച്ച് ഏൽപ്പിച്ച് പോന്നത്?

വസന്തസേന: നീ ശരിയായി ഊഹിച്ചു.

No comments:

Post a Comment