കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Monday, February 8, 2016

നാലാം അങ്കം - ഭാഗം 3


മദനിക: (വസന്തസേനയുടെ സമീപം ചെന്ന്) ആര്യേ, ആരചാരുദത്തിന്റെ അടുത്തുനിന്നും ഒരു ബ്രാഹ്മണൻ വന്നിരിയ്ക്കുന്നു.

വസന്തസേന: മദനികേ തോഴീ, നിനക്കെങ്ങനെ അറിയാം ബ്രാഹ്മണൻ ചാരുദത്തൻ പറഞ്ഞയച്ച് വന്നതാണെന്ന്?

മദനിക: സ്വാമിനീ, സ്വന്തം ബന്ധുവിനെ കൂടെ തിരിച്ചറിയാൻ പറ്റാത്തവൾ ആണോ ഞാൻ?

(മദനികയുടെ സ്വന്തം ബന്ധു എന്ന പ്രയോഗം വസന്തസേന രണ്ട് തരത്തിലും മനസ്സിലാക്കുന്നു. ഒന്ന് മദനികയുടെ തന്നെ കാമുകനായിട്ടും മറ്റൊന്ന് മദനികയുടെ യജമാനത്തിയുടെ കാമുകന്റെ ബന്ധുവായിട്ടും. രണ്ട് കൊണ്ടും ആ പ്രയോഗം വസന്തസേനയ്ക്ക് ഇഷ്ടമായി.)

വസന്തസേന: (ഉള്ളിൽ ചിരിച്ച് തലയിളക്കി, ആത്മഗതം) ശരി. (ഉറക്കെ) വന്ന ആളെ അകത്തേക്ക് വിടൂ.

മദനിക: ആജ്ഞപോലെ (ശർവിലകന്റെ സമീപം ചെന്ന്) അകത്തേയ്ക്ക് വന്നാലും ശർവിലക.

ശർവിലകൻ: (അൽപ്പം നാണത്തോടെ ചെന്ന്) ഭവതിയ്ക്ക് മംഗളങ്ങൾ

വസന്തസേന: അങ്ങേയ്ക്ക് പ്രണാമം. ഇരുന്നാലും

ശർവിലകൻ: ചാരുദത്തൻ എന്ന കച്ചവടക്കാരൻ എന്നോട് താങ്കളെ അറിയിക്കാനായി പറഞ്ഞയച്ച സന്ദേശം: “എന്റെ ഗൃഹം ജീർണ്ണിച്ചതായതിനാൽ ഈ ആഭരണങ്ങൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ അത് തിരിച്ച് സ്വീകരിച്ചാലും.“

(ഇപ്രകാരം ആഭരണപ്പെട്ടി മദനികയുടെ കയ്യിൽ കൊടുത്ത് പോകാനൊരുങ്ങുന്നു)

വസന്തസേന: ആര്യ എന്റെ പ്രതിസന്ദേശവും അദ്ദേഹത്തെ അറിയിക്കൂ.

ശർവിലകൻ: (സ്വഗതം) അതിനവിടെ ആരുപോകാൻ? (ശർവിലകൻ തിരിച്ച് ചാരുദത്തനെ കാണാൻ പോകില്ല എന്ന് അർത്ഥം) (എന്ന് മനസ്സിൽ വിചാരിച്ച് ഉറക്കെ) ആര്യേ, മറുപടിസന്ദേശം എന്താണ്?

വസന്തസേന: ആര്യൻ, അങ്ങ് മദനികയെ സ്വീകരിച്ചാലും.

ശർവിലകൻ: ഹെന്ത്? .. എനിക്ക്.. മനസ്സിലായില്ല!

വസന്തസേന: എനിയ്ക്ക് മനസ്സിലാകുന്നുണ്ട്.

ഇവിടെ ഔദാര്യവതിയും ഉന്നതമനസ്സുള്ളവളുമായ വസന്തസേനയുടെ  കൗശലബുദ്ധി നാം കാണുന്നു.

ശർവിലകൻ: എങ്ങനെ?

വസന്തസേന: ചാരുദത്തൻ എന്നോട് പറഞ്ഞിട്ടുണ്ട് ഈ ആഭരണങ്ങൾ കൊണ്ടുവന്ന് തരുന്നവനു മദനികയെ ദാനം ചെയ്യണമെന്ന്. ഇപ്പോ താങ്കൾ ആഭരണങ്ങൾ കൊണ്ടു വന്നു, അതിനാൽ മദനികയെ, അദ്ദേഹം താങ്കൾക്ക് തന്നു എന്ന് മനസ്സിലാക്കണം.  

ശർവിലകൻ: (മനസ്സിൽ) എന്നെ എങ്ങനെ മനസ്സിലാക്കി? (ഉറക്കെ) ചാരുദത്താ.. നന്ന്. നന്ന്. ധന്യനായി.
നന്മകൾക്കാണ് ഹൃദയത്തിൽ സ്ഥാനം നൽകേണ്ടത്. നന്മയുള്ള ദരിദ്രൻ തിന്മയുള്ള ധനവാനേക്കാൾ എത്രയോ ഉയരത്തിൽ ആണ്.
കൂടാതെ,
നന്മ ഹൃദയത്തിൽ സൂക്ഷിക്കുന്നവനു ശ്രമിച്ചാൽ നേടാത്തതൊന്നും ഇല്ല. ശിവഭഗവാന്റെ തലമുടിയിൽ  ചന്ദ്രക്കല ഇരിക്കുന്നത് ഈ നന്മ കൊണ്ട് തന്നെ.

വസന്തസേന: ഇവിടെ വണ്ടിക്കാർ ആരുമില്ലേ?
(വണ്ടിക്കാരൻ വണ്ടിയുമായി പ്രവേശിക്കുന്നു)

വണ്ടിക്കാരൻ ഭൃത്യൻ: വണ്ടി തയ്യാർ.

വസന്തസേന: സഖീ മദനികേ, നിന്നെ ഞാനൊന്ന് കണ്ടോട്ടെ. നീ നിന്റെ ചിരിക്കുന്ന മുഖം എനിക്ക് കാണിക്കണം. നീ ഇപ്പോൾ ശർവിലകന്റെ സ്വന്തം ആയിരിക്കുന്നു. വണ്ടിയിൽ കയറിയാലും. പക്ഷെ എന്നെ ഒരിക്കലും മറക്കരുത്.

മദനിക: (കരഞ്ഞുകൊണ്ട്) യജമാനത്തി എന്നെ ഉപേക്ഷിച്ചു. (ഒഴിവാക്കുന്നു പരിത്യജിക്കുന്നു എന്നർത്ഥത്തിൽ) (കാൽക്കൽ വീഴുന്നു)

വസന്തസേന: ഇപ്പോൾ നീ വന്ദനീയ ആയിരിക്കുന്നു. (കാരണം സ്വതന്ത്രയായി, ശർവിലകന്റെ നിയമപ്രകാരമുള്ള ഭാര്യയുമായി. വസന്തസേനയാകട്ടെ ഇപ്പോഴും നഗരവധു തന്നെ) ഇപ്പോൾ പോയി വണ്ടിയിൽ കയറൂ. പക്ഷെ എന്നെ മറക്കരുത്.

ശർവിലകൻ: ഭവതിയ്ക്ക് മംഗളം! മദനികേ നീ നന്നായ് സന്തോഷിച്ച് തലകുനിച്ച് വസന്തസേനയെ വന്ദിക്കുക. നിന്നെ ഇപ്പോൾ വധുവായി കണക്കാക്കപ്പെട്ടുവല്ലൊ.

ശർവിലകനും മദനികയും കൂടെ വണ്ടിയിൽ കയറി പോകുന്നു.

അപ്പോൾ അണിയറയിൽ നിന്നും താഴെ പറയുന്ന പ്രകാരം വിളംബരം കേൾക്കുന്നു:

മാന്യമഹാജനങ്ങളെ, പോലീസുമേധാവിയുടെ (രാജാവിന്റെ അളിയൻ ശകാരൻ അഥവാ സംസ്ഥാനകൻ വഹ) കൽപ്പന ഞങ്ങൾ ഇതാ അറിയിക്കുന്നു: “ആര്യകൻ എന്ന പേരായ കാലിച്ചെറുക്കൻ രാജാവാകും എന്ന് സിദ്ധയോഗിയുടെ പ്രവചനത്തിൽ വിശ്വസിച്ച് പാലകരാജാവ്, ആര്യകനെ ഇടയന്മാരുടെ തെരുവിൽ നിന്നും പിടിച്ച് കഠിനമായ തടവറയിൽ ബന്ധനസ്ഥനാക്കിയിരിക്കുന്നു. ആയതുകൊണ്ട് എല്ലാവരും ജാഗാരൂകരായി അവരവരുടെ ഇടങ്ങളിൽ സ്ഥാനമുറപ്പിക്കണം.“

ശർവിലകൻ: (വിളംബരം കേട്ടുകൊണ്ട്)  എന്ത്? എന്റെ സുഹൃത്തായ ആര്യകനെ രാജ പാലകൻ തടവറയിൽ ആക്കിയെന്നോ? എന്നിട്ട്, ഇവിടെ ഞാൻ സ്ത്രീസമേതം കഴിയുകയോ? കഷ്ടം തന്നെ. പുരുഷന്മാർക്ക് ലോകത്ത് സുഹൃത്തുക്കളും സ്ത്രീകളും (ഭാര്യ) തന്നെ ഏറ്റവും പ്രിയപ്പെട്ടത്. എന്നാൽ ഈ സമയം ആയിരം സ്ത്രീകളേക്കാൾ സുഹൃത്ത്ബന്ധം തന്നെ ശ്രേഷ്ഠമായത്. അതിനാൽ ഞാൻ ഇറങ്ങട്ടെ.

മദനിക:(കണ്ണീരോടെ, തൊഴുകയ്യോടെ) അങ്ങ് ദയവായി പോകരുത്. അതാണോ ഉചിതം?  അഥവാ പോകുന്നെങ്കിൽ എന്നെ ബന്ധുജനങ്ങളുടെ അരികിലാക്കൂ.

ശർവിലകൻ: എന്റെ പ്രിയതമേ, വിഷമിക്കരുത്. എന്റെ മനസ്സിലും ആ വിചാരം തന്നെ. (ഭൃത്യനെ നോക്കി) ചങ്ങാതീ, നിനക്ക് പ്രസിദ്ധകച്ചവടക്കാരൻ രേഭിലന്റെ വീട് അറിയാമോ?

ഭൃത്യൻ: അറിയാതെ പിന്നെ? (അറിയും എന്നർത്ഥത്തിൽ)

ശർവിലകൻ: എന്നാലെന്റെ പ്രിയതമയെ അവിടെ കൊണ്ടാക്കൂ.

ഭൃത്യൻ: ശരി. ആജ്ഞപോലെ.

മദനിക: ആര്യപുത്രൻ പറയുന്നപോലെ തന്നെ. എങ്കിൽ എന്റെ പ്രിയതമാ, അങ്ങ് നല്ലപോലെ ശ്രദ്ധിക്കണം. (പോകുന്നു)

ശർവിലകൻ: ഉദയനരാജാവിനു വേണ്ടി യോഗന്ധരായണൻ ചെയ്തപോലെ, ഞാൻ ഈ ശർവിലകൻ, എന്റെ സുഹൃത്ത് ആര്യകന്റെ മോചനത്തിനായി, രാജാവിനാൽ അപമാനിക്കപ്പെട്ടക്രുദ്ധരായ ധർമ്മചാരികളേയും ബന്ധുജനങ്ങളേയും കയ്യൂക്കുകൊണ്ട് കീർത്തിസമ്പാദിക്കാൻ ആശിക്കുന്നവരേയും എല്ലാവരേയും യോജിപ്പിച്ച് കൂട്ടി ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. (ജനങ്ങളെ രാജാവിനെതിരെ അണിനിരത്തി ആര്യകനെ മോചിപ്പിക്കുവാൻ പ്രയത്നിക്കും എന്നർത്ഥം)
ഇതും കൂടെ,
രാഹു ആക്രമിച്ച ചന്ദ്രനെ പോലെ, ഭയന്ന ശത്രുക്കളാൽ ബന്ധിതനാക്കപ്പെട്ട എന്റെ പ്രിയമിത്രത്തെ, ഉടൻ അക്രമിച്ച് (ആര്യകന്റെ ശത്രുക്കളെ അഥവാ പാലകരാജാവിന്റെ തടവറ) മോചിപ്പിക്കുക തന്നെ.

(ശർവിലകൻ പോകുന്നു.)

No comments:

Post a Comment