കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Monday, February 15, 2016

അഞ്ചാം അങ്കം - ഭാഗം 1


(ശേഷം ചാരുദത്തൻ ഇരുന്നുകൊണ്ട് പ്രവേശിക്കുന്നു. വിരഹമാണ് ഭാവം)

ചാരുദത്തൻ:(ആകാശത്തേയ്ക്ക് നോക്കി) അസമയത്ത് കാറും കോളും ഉരുണ്ടുകൂടുന്നു. നോക്കൂ.
മയിലുകൾ പീലിനിവർത്തി നോക്കുന്നു. ഹംസങ്ങൾ ആകട്ടെ വേർപെടാൻ മടിയ്ക്കുന്നു. അസമയത്തുള്ള ഈ മഴക്കാർ ആകാശത്തെ എന്നപോലെ തന്നെ വിരഹികളുടെ മനസ്സിനെയും ആവരണം ചെയ്യുന്നു.
(മഴക്കാലത്ത് അരയന്നങ്ങൾ ഹിമാലയത്തിലെ മാനസസരോവരത്തിലെക്ക് തിരിച്ച് പോകും എന്ന് പറയപ്പെടുന്നു. മയിലിനു സന്തോഷമെങ്കിലും ഹംസങ്ങൾക്ക് അത് വിരഹമാണ്)
കൂടാതെ,
നനഞ്ഞ പോത്തുകളുടെ ഉദരം പോലെ കറുത്ത് ഇരുണ്ട് മിനുങ്ങുന്നതും മിന്നൽ വെളിച്ചം കൊണ്ട് മഞ്ഞപ്പട്ടുടുത്തും, കൂട്ടമായി പറക്കുന്ന വെള്ളക്കൊറ്റികൾ ആകുന്ന ശംഖും ചേർന്ന്, മറ്റൊരു വിഷ്ണുവിനെ പോലെ, ആകാശത്തെ ആക്രമിയ്ക്കാൻ തയ്യാറാകുന്ന മേഘങ്ങൾ ശോഭിയ്ക്കുന്നു. (വാമനാവതാരം എടുത്ത വിഷ്ണുവിനോട് ആകാശത്തെ മേഘങ്ങളെ ഉപമിയ്ക്കുകയാണ്)
പിന്നേയും,

ശ്രീകൃഷ്ണനെ പോലെ ഇരുണ്ട് വെള്ളക്കൊറ്റിക്കൂട്ടങ്ങൾ ആകുന്ന ശംഖ് ധരിച്ച് മിന്നലാകുന്ന വസ്ത്രത്തെ ധരിച്ച മേഘങ്ങൾ, ചക്രധാരിയായ വിഷ്ണുവിനെ പോലെ വിഹായിസ്സിൽ കാണുമാറാകുന്നു.
(ആവർത്തനം ആണിത്)
അതും കൂടാതെ,
കീറിയ തുണിയിൽ നിന്നും തൂങ്ങുന്ന നൂൽക്കഷ്ണങ്ങൾ പോലെ, മേഘോദരത്തിൽ നിന്നും വീഴുന്ന വെള്ളിനൂലുകൾ(=മഴത്തുള്ളികൾ) മിന്നലൊളിയിൽ ഒരു നിമിഷം കണ്ടും പെട്ടെന്ന് തന്നെ അപ്രത്യക്ഷമായും കൊണ്ടിരിക്കുന്നു

പിന്നേയും,
ഇടയ്ക്ക് കൂടിനിൽക്കുന്ന ചകോരപ്പക്ഷികളെ പോലെയും,  ഇടയ്ക്ക് കൊറ്റികളെ പോലെ പറന്നും, സമുദ്രത്തിലെ മത്സ്യങ്ങൾ ആമകൾ എന്നിവ പോലെ ചിന്നിച്ചിതറിയും (പാലാഴികടയുന്ന സമയത്തെന്നപോലെ), വളരെ പൊക്കമുള്ള മാളികകളെ പോലെയും, കാറ്റടിച്ച് ചിതറപ്പെട്ടനിലയിലും ഒന്ന് മറ്റൊന്നിനെ പിന്തുടരുന്നത് പോലേയും കാർമേഘങ്ങൾ നിറഞ്ഞ ആകാശം, പലവക ചിത്രപടങ്ങളെ പോലെ തോന്നിയ്ക്കുന്നു.

മേഘങ്ങൾ നിറഞ്ഞുണ്ടായ അന്ധകാരം നിമിത്തം ആകാശം ധൃതരാഷ്ട്രരുടെ മുഖം പോലെ ആയിരിക്കുന്നു.(കണ്ണില്ലാത്ത ധൃതരാഷ്ട്രരുടെ മുഖവും ചന്ദ്രനില്ലാത്ത ആകാശവും താരതമ്യം ചെയ്തിരിക്കുന്നു ഇവിടെ) സ്വശരീരമോർത്ത് അഹങ്കാരമൂർത്തികളായ മയിലുകൾ, ദുര്യോധനെപോലെ, ശബ്ദിച്ചുകൊണ്ടിരിക്കുന്നു.(ദുര്യോധനറ്റെ സേനബലവും മയിലിന്റെ പീലിയും തുലനം ചെയ്തിരിക്കുന്നു)  കുയിലുകളാകട്ടെ ചൂതിൽ തോറ്റ യുധിഷ്ഠിരനെപോലെ മൗനികളായിരിക്കുന്നു. (യുധിഷ്ത്തിരന്റെ ചൂതിൽ തോറ്റ അവസ്ഥയുമായി തുലനം ചെയ്തിരിക്കുന്നു) വർഷക്കാലത്ത് അനന്തവിഹായസ്സിൽ പറക്കുന്ന അരയന്നങ്ങൾ അജ്ഞാതവാസത്തിനു പോകുന്ന പാണ്ഡുപുത്രന്മാരെ ഓർമ്മിപ്പിക്കുന്നു. (ഹംസങ്ങൾ വർഷക്കാലത്ത് മാനസസരോവരത്തിലേക്ക് ദേശാടനം നടത്തുന്നത് പാണ്ഡവരുടെ അജ്ഞാതമാസമായി തുലനം ചെയ്തിരിക്കുന്നു.)

(ഓർത്തുകൊണ്ട്) വസന്തസേനയെ കാണാൻ മൈത്രേയനെ പറഞ്ഞയച്ചിട്ട് ഒരു പാട് നേരമായി. മൈത്രേയൻ മടങ്ങി വരുന്നതും കാണാനില്ല.

വിദൂഷകൻ: (പ്രവേശിച്ചുകൊണ്ട്) ഗണികയുടെ അത്യാർത്തിയും ലോഭവും അനാദരവും ഒന്ന് കാണേണ്ടതു തന്നെ! രത്നമാല വാങ്ങിയ്ക്കാനുള്ള വർത്തമാനം അല്ലാതെ മറ്റൊന്നും അവൾ മിണ്ടിയിട്ടില്ല. ഉപേക്ഷ കൂടാതെ അവൾ ആ രത്നമാല കൈക്കലാക്കി. ഇത്രയും സമ്പന്നയായിട്ടു കൂടെ അവൾ ‘ആര്യ, മൈത്രേയ, അൽപ്പനേരം വിശ്രമിച്ചാലും. ഇതാ ഈ ശീതളപാനീയം കുടിയ്കൂ‘ എന്നൊരു ഉപചാരവും കൂടെ ചെയ്തില്ല. അതിനാൽ ഇനി ഞാനവളെ തിരിഞ്ഞ് നോക്കുക കൂടെ ചെയ്യില്ല. ഹ! പഴമൊഴികൾ എത്ര ശരിയാണ്! പറയാറില്ലേ? “വിത്തില്ലാതെ താമര വിരിയില്ല“, “വഞ്ചിക്കാത്ത കച്ചവടക്കാരില്ല“ , “തട്ടാൻ തൊട്ടാൽ എട്ടിൽ ഒന്ന്“ , “തല്ലില്ലാത്ത ഗ്രാമസഭ ഇല്ല“, “ലോഭമില്ലാത്ത ഗണികയേയും കാണില്ല“ ഇതൊക്കെ സത്യം തന്നെ. എന്റെ സുഹൃത്തിനോട് ഞാൻ പറയുന്നുണ്ട് ഈ ഗണികയുമായി ഇതിലധികം അടുക്കരുത് എന്ന്. (ചുറ്റിനടന്ന് കണ്ട്)
ആഹാ, സുഹൃത്ത് ഇതാ ഈ കായ്ക്കനിത്തോട്ടത്തിൽ ഇരിക്കുന്നു. (ചാരുദത്തന്റെ അടുത്ത് ചെന്ന്) സ്വസ്തി, മംഗളം ഭവിയ്ക്കട്ടെ..

ചാരുദത്തൻ: ഹായ് വന്നലോ എന്റെ പ്രിയമിത്രം മൈത്രേയൻ. സുഹൃത്തേ വരൂ ഇരിക്കൂ.
എന്തായി പോയ കാര്യം?

വിദൂഷകൻ: കാര്യം കുന്തമായി കുന്തസ്യ ആയി

ചാരുദത്തൻ:എന്ത്? അപ്പോ അവൾ ആ രത്നമാല സ്വീകരിച്ചില്ലേ?

വിദൂഷകൻ: അത് പ്രതീക്ഷിക്കണ്ടാ സുഹൃത്തേ. അവൾ വന്ദിച്ച് ആ രത്നമാല എടുത്തു വെച്ചു.

ചാരുദത്തൻ: പിന്നെന്താ സുഹൃത്തേ താങ്കൾ “കുന്തമായി“ എന്ന് പറഞ്ഞത്?

വിദൂഷകൻ: എന്തുകൊണ്ട് അങ്ങനെ പറഞ്ഞുകൂട? പ്രത്യേകിച്ചും നമുക്ക് നഷ്ടപ്പെട്ടത് ഈ ഗൃഹത്തിന്റെ ഐശ്വര്യവും അഭിമാനവും എത്രയോ മടങ്ങ് വിലപിടിച്ചതുമായ ആ രത്നമാല ആരും അനുഭവിക്കാതെ കള്ളനാൽ മോഷ്ടിക്കപ്പെട്ട, വിശ്വാസത്താൽ നമ്മെ എൽപ്പിച്ചതാണെങ്കിലും, ഒരുകൂട്ടം സ്വർണ്ണപ്പണ്ടങ്ങൾക്ക് പകരം കൊടുത്താൽ, കുന്തം എന്നല്ലാതെ പിന്നെ എന്ത് പറയും?

ചാരുദത്തൻ: അങ്ങനെ അല്ല സുഹൃത്തേ. നമ്മെ വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് അവൾ ന്യാസം(=വിശ്വാസത്താൽ ഏൽപ്പിച്ച വസ്തു, ഇവിടെ ആഭരണപ്പെട്ടി) നമ്മെ ഏൽപ്പിച്ചത്. അതിനാൽ ആ വിശ്വാസം അതുമാത്രം കൊണ്ട് മാത്രം പകരം കൊടുത്ത രത്നമാലയുടെ മൂല്യം വസൂലായിരിക്കുന്നു.

വിദൂഷകൻ:നോക്കൂ സ്നേഹിതാ, എനിക്ക് മറ്റൊരു സങ്കടം കൂടെ പറയാനുണ്ട്. അവൾ അവളുടെ മുഖം വസ്ത്രംകൊണ്ട് മറച്ച് കണ്ണുകൊണ്ട് തോഴിയെ കാണിച്ച്, എന്നെ നോക്കി ചിരിച്ചു. ബ്രാഹ്മണനായിട്ടു കൂടെ ഞാൻ താങ്കളുടെ പാദങ്ങളിൽ ശിരസ്സുവെച്ച്, അവളുമായി ഉള്ള സംസർഗ്ഗം ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു. അത്തരക്കാരുമായുള്ള ബന്ധം നമുക്ക് നാശമേ വരുത്തൂ.  സുഹൃത്തേ, ഒരു ഗണിക, താങ്കളുടെ പാദുകങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണൽത്തരി പോലെ ആണ്. കുടഞ്ഞ് കളഞ്ഞില്ലെങ്കിൽ പാദം ഉരസി വേദനിക്കും. മാത്രമല്ല സുഹൃത്തേ, ഗണിക, ആന, കായസ്ഥൻ, ഭിക്ഷക്കാരൻ, ശഠൻ, കഴുത എന്നിവയുള്ളിടത്ത് ദുഷ്ടനും കൂടെ വസിയ്ക്കില്ല. (കായസ്ഥൻ=ഇത് ഇന്ത്യയിലെ ഒരു ജാതി ആണ്. ഈ ജാതിയിൽ ഉള്ളവർ വിദ്യ അഭ്യസിച്ചവരും സർക്കാർ രേഖകൾ സൂക്ഷിക്കുക, കണക്ക് സൂക്ഷിക്കുക തുടങ്ങി ഭരണപരമായ അഡ്മിനിസ്റ്റ്രേറ്റീവ് ജോലികളിൽ ഏർപ്പെടുന്നവരാണ്.)

ചാരുദത്തൻ: നോക്കൂ സുഹൃത്തേ ഈ അവസ്ഥയിൽ ഇങ്ങനെ പറയുന്നതിന്റെ ആവശ്യമില്ല. എന്റെ നിർധനാവസ്ഥ വേശ്യാസംസർഗ്ഗം ദുരീകരിച്ചിരിക്കുന്നു. കുതിര വേഗം ഓടാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ശാരീരികക്ഷീണം കൊണ്ട് ഓടാൻ പറ്റുന്നില്ല. ഇതുപോലെ മനുഷ്യന്റെ ചഞ്ചലമായ മനസ്സ് എല്ലാസ്ഥലത്തേക്കും സഞ്ചരിയ്ക്കുന്നുണ്ട്. പക്ഷെ ഒന്നും സഫലമാകാതെ അത് പരിക്ഷീണിതനനായി നിരാശനായി തിരിച്ച് അവനവനിൽ തന്നെ എത്തി ചേരുന്നു.
ഇതും കൂടെ, സുഹൃത്തേ, ധനമുള്ളവർക്കുള്ളതാണ് കാന്തമാർ. കാരണം സമ്പത്ത് എവിടെ ഉണ്ടോ മദിരാക്ഷി അവിടെ ഉണ്ട്. (സ്വഗതം) അല്ല, ഗുണം കൊണ്ട് സ്വന്തമാക്കാൻ യോഗ്യയാണവൾ. (ഉറക്കെ) എന്റെ ദാരിദ്ര്യം കാരണം തന്നെ ഗണിക എന്നെ വിട്ടൊഴിയും. എനിക്ക് സമ്പത്തില്ല അതിനാൽ എനിക്ക് ഗണികയുടെ കൈ പിടിക്കാനുള്ള അവസരവും ഇല്ല.

വിദൂഷകൻ: (വ്യാകുലനായി താഴെ നോക്കി സ്വയം) സുഹൃത്ത് മേൽപ്പോട്ട് നോക്കി ദീർഘനിസ്വ്വാസം വിടുന്നത് കണ്ടാൽ,  വെളുക്കാൻ തേച്ചത് പാണ്ടായത്പോലെ ഉണ്ട്. ഞാൻ സുഹൃത്തിനെ അവളിൽ നിന്ന് എത്രത്തോളം പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം സുഹൃത്ത് അവളുടെ വേർപാടിൽ ദുഃഖിക്കുന്നു. കാമികളുടെ മനസ്സ് വിപരീതം തന്നെ എപ്പോഴും. (ഉറക്കെ) പിന്നെ സ്നേഹിതാ, അവൾ എന്നോട്, അവൾ ഇന്ന് വൈകുന്നേരം ഇവിടെ വരുമെന്ന് താങ്കളോട് പറയാനായി ഏൽപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് അവൾക്ക് ആ രത്നമാലകൊണ്ട് സന്തോഷമായില്ല എന്നതാണ്. അതുകൂടാതെ മറ്റെന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനാകും അവൾ വരുന്നത്.

ചാരുദത്തൻ: വരട്ടെ.. വരട്ടെ. അവൾ വന്നോട്ടെ സുഹൃത്തെ. അവൾ സന്തുഷ്ടയായി മടങ്ങിപ്പോകും.

(കുംഭിലകൻ പ്രവേശിക്കുന്നു)

കുംഭിലകൻ: മാളോരെ, മഴപെയ്യും തോറും ഞാൻ നനയുന്നു. കുളിർകാറ്റ് ഏൽക്കുംതോറും ഞാൻ തണുത്ത് വിറയ്ക്കുന്നു.
ചിരിച്ചുകൊണ്ട്
ഏഴുതുളകളുള്ള ഓടക്കുഴൽ മധുരമായി വായിക്കുന്നു. ഏഴുതന്ത്രികളുള്ള വീണ ഞാൻ മീട്ടുന്നു. കഴുതയെ പോലെ ഞാൻ പാടുന്നു.ഗാനമികവിൽ എന്റെ ഒപ്പം ഏത് ഗന്ധർവനോ ഏത് നാരദനോ എത്തുമോ? (എന്ന് വെച്ചാൽ ആരും ഒപ്പം എത്തില്ല എന്നർത്ഥം)
“കുംഭിലക നീ ചെന്ന് ആര്യ ചാരുദത്തനോട് ഞാൻ വരുന്നുണ്ടെന്ന് പറയൂ“ എന്ന് ആര്യ വസന്തസേന എന്നോട് കൽപ്പിച്ചു. അതിനാൽ ഞാൻ ചാരുദത്തന്റെ വീട്ടിലേയ്ക്ക് പോകുന്നു. ഇതാ ചാരുദത്തൻ തന്റെ വൃക്ഷത്തോപ്പിൽ ഇരിക്കുന്നു. ഓ! ഒപ്പം ആ ദുഷ്ടവടുകന്റെ സന്തതിയുമുണ്ട്. അവരുടെ സമീപം ചെല്ലട്ടെ. എന്ത്? തോട്ടത്തിന്റെ വാതിൽ അടച്ചിരിക്കുന്നുവോ? വഴിയുണ്ട്. ഞാൻ ആ ദുഷ്ടവടുകനു സൂചന കൊടുത്ത് നോക്കട്ടെ. (ഇതും പറഞ്ഞ് മണ്ണുകട്ട എടുത്ത് മൈത്രേയനെ എറിയുന്നു)

വിദൂഷകൻ: ആരാ എന്നെ എറിയുന്നത്? ഞാനെന്താ വേലിക്കപ്പുറത്തെ ഫലവൃക്ഷമോ?

ചാരുദത്തൻ: ഉദ്യാനമാളികയുടെ മുകളിൽ നിന്നും പ്രാവുകൾ വീഴ്തിയതാവാം.

വിദൂഷകൻ: ഒഹോ ദാസീപുത്രന്മാരെ, പ്രാവുകളെ ഇപ്പോ കാണിച്ച് തരാം. നിൽക്കവിടെ. ഈ വടികോണ്ട് മാങ്ങ എറിഞ്ഞു വീഴ്ത്തുന്നത് പോലെ നിങ്ങളെ ഞാൻ എറിഞ്ഞ് വീഴ്ത്തും. (ഇതും പറഞ്ഞ് വടികൊണ്ട് പ്രാവുകളെ ഓടിയ്ക്കാൻ ചെല്ലുന്നു)

ചാരുദത്തൻ: (മൈത്രേയന്റെ പൂണൂലിൽ പിടിച്ച് നിർത്തി) ഇവിടെ ഇരിക്കൂ. ആ പ്രാവുകളെ ഇണകളുടെ ഒപ്പം വിടൂ.. പാവങ്ങളല്ലേ?

കുംഭിലകൻ: ദുഷ്ടവടുകൻ പ്രാവുകളെ കാണുന്നു. എന്നെ കാണുന്നില്ല. എന്നാൽ ഒന്നുകൂടെ എറിയുക തന്നെ. (അപ്രകാരം ചെയ്യുന്നു.)

വിദൂഷകൻ: (നാലുചുറ്റും നോക്കി, കുംഭിലകനെ കണ്ട്) എന്ത് കുംഭിലകനോ? എന്താ‍ാവനിവിടെ എന്ന് ചെന്ന് നോക്കട്ടെ (സമീപം ചെന്ന്) കുംഭിലകാ, വരൂ നിനക്ക് സ്വാഗതം.

കുംഭിലകൻ: (പ്രവേശിച്ച്) ആര്യ, നമസ്കാരം വന്ദനം.

വിദൂഷകൻ: നീ ഈ കാറ്റിലും മഴയിലും ഇരുട്ടത്ത് ഇവിടെ വന്നതെന്തിനാ?

കുംഭിലകൻ: ഇതാ അവൾ.

വിദൂഷകൻ: അവളോ? ഏതവൾ?

കുംഭിലകൻ: അവൾ ഇതാ.

വിദൂഷകൻ: എടാ ദാസീപുത്ര, വരൾച്ചകാലത്ത് യാചകരെന്നപോലെ നീഎന്താണ് അവളിതാ ഇതാ അവൾ എന്ന് ഒച്ചയിടുന്നത്?

കുംഭിലകൻ: പോടാ, ഇന്ദ്രോത്സവത്തിൽ കാക്കയെ പോലെ നീയുമെന്താ “കാ കാ”എന്ന് പറയുന്നത്? (സംസ്കൃതത്തിൽ കാ എന്ന് വെച്ചാൽ ഏതവൾ എന്നർത്ഥം)  

വിദൂഷകൻ: എന്നാൽ പറയെടോ.

കുംഭിലകൻ:(സ്വഗതം) ഇവനെ ഒന്ന് കളിപ്പിയ്ക്കുക തന്നെ (ഉറക്കെ) ഞാൻ ചോദ്യം ചോദിക്കാം. നീ ഉത്തരം പറയണം.

വിദൂഷകൻ: എടാ നിന്നെ ഞാൻ തലയിൽ ചവിട്ടും. (വേഗം ഉത്തരം പറഞ്ഞ് തോൽപ്പിക്കുമെന്ന അർത്ഥത്തിൽ)

കുംഭിലകൻ: ഏത് കാലത്താണ് മാവ് പൂക്കുക?

വിദൂഷകൻ: എടാ ദാസീപുത്രാ വേനൽക്കാലത്ത്.

കുംഭിലകൻ:(ചിരിച്ചുകൊണ്ട്) തെറ്റ്. ഉത്തരം ശരിയല്ല.

വിദൂഷകൻ:(സ്വഗതം) ങ്ഹേ? തെറ്റിയോ? (ആലോചിച്ച്) ശരി ആര്യ ചാരുദത്തനോട് ചെന്ന് ചോദിക്കാം. (ഉറക്കെ) ഒരു നിമിഷം നിൽക്ക്. (ചാരുദത്തന്റെ അടുത്ത് ചെന്ന്) സ്നേഹിതാ, ഏത് കാലത്താണ് മാവ് പൂക്കുക?
ചാരുദത്തൻ: വസന്തകാലത്ത്.

വിദൂഷകൻ:(കുംഭിലകന്റെ സമീപം ചെന്ന്) വിഡ്ഢീ, വസന്തകാലത്ത്.

കുംഭിലകൻ: ശരി എന്നാൽ മറ്റൊരു ചോദ്യം. അത്യധികം സമ്പത്തുള്ള ഗ്രാമത്തെ ആരു രക്ഷിക്കും?

വിദൂഷകൻ: കാവൽക്കാർ രക്ഷിക്കും

കുംഭിലകൻ: (ചിരിച്ചുകൊണ്ട്) തെറ്റി ഇതും തെറ്റി.

വിദൂഷകൻ: സംശയമായല്ലൊ. (ആലോചിച്ച്) ചാരുദത്തനോട് ചോദിക്കുക തന്നെ. (ചാരുദത്തനോട് ചെന്ന് പിന്നേയും ചോദിക്കുന്നു)

ചാരുദത്തൻ: സ്നേഹിതാ, സേനയാണ് രക്ഷിക്കുക.

വിദൂഷകൻ: (കുംഭിലകന്റെ അടുത്ത് ചെന്ന്) എടാ തെണ്ടീ, സേന

കുംഭിലകൻ: എന്നാൽ രണ്ടും കൂടിചേർത്ത് പറയ്

വിദൂഷകൻ: സേന വസന്തം

കുംഭിലകൻ: എടാ പൊട്ടാ പദങ്ങൾ തിരിച്ച് പറയ്

വിദൂഷകൻ: (കാലിൽ തിരിഞ്ഞ് നിന്ന്) സേന വസന്തം

കുംഭിലകൻ: എടാ വിഡ്ഢി ബ്രാഹ്മണാ, നിന്നോട് തിരിഞ്ഞ് നിന്ന് പറയാനല്ല പറഞ്ഞത്. അക്ഷരങ്ങൾ തിരിച്ച് പറയാനാണ് പറഞ്ഞത്.

വിദൂഷകൻ:(ശരിയ്ക്ക് നിന്ന്) സേനവസന്തം

കുംഭിലകൻ: എടാ പൊട്ടാ, വാക്കുകൾ തിരിച്ച് പറയ്

വിദൂഷകൻ: (ആലോചിച്ച്) വസന്തസേന

കുംഭിലകൻ: ശരി തന്നെ. അവളിതാ വന്നിരിയ്ക്കുന്നു.

വിദൂഷകൻ: ഓഹ്! എന്നാൽ ചാരുദത്തനോട് ചെന്ന് പറയുക തന്നെ. (സമീപം ചെന്ന്) അല്ലയോ ചാരുദത്താ, ധനിക വന്നിരിയ്ക്കുന്നു.

ചാരുദത്തൻ: നമ്മുടെ ഗൃഹത്തിൽ ധനിക എവിടെ?

വിദൂഷകൻ: ഗൃഹത്തിൽ ഇല്ലെങ്കിൽ വാതിൽക്കൽ വന്നിരിയ്ക്കുന്നു. വസന്തസേന വന്നിരിയ്ക്കുന്നു.

ചാരുദത്തൻ: സ്നേഹിതാ കളിയാക്കരുത്.

വിദൂഷകൻ: ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ലെങ്കിൽ കുംഭിലകനോട് ചോദിയ്ക്കൂ. എടാ കുംഭിലകാ ഇവിടെ വാ.

കുംഭിലകൻ:(അടുത്ത് ചെന്ന്) ആര്യ, പ്രണാമം.

ചാരുദത്തൻ: സ്വാഗതം കുംഭിലകാ. ശരിയ്ക്കും വസന്തസേന വന്നിട്ടുണ്ടോ?

കുംഭിലകൻ: ഉവ്വ്. വസന്തസേന എത്തിയിട്ടുണ്ട്.

ചാരുദത്തൻ:(സന്തോഷത്തോടെ) ഭദ്ര, പ്രിയവചനങ്ങൾ ഞാൻ ഒരിക്കലും നിഷ്ഫലമാക്കിയിട്ടില്ല. (പ്രിയമുള്ള വാർത്തകൾ അറിയിച്ചാൽ അറിയിക്കുന്നവന് ഒരിക്കലും സമ്മാനം കൊടുക്കാതെ ഇരുന്നിട്ടില്ലെന്നർത്ഥം) അതിനാൽ ഈ പാരിതോഷികം സ്വീകരിയ്ക്കൂ. (എന്ന് പറഞ്ഞ് ഉത്തരീയം നൽകുന്നു)

കുംഭിലകൻ: (വാങ്ങി വന്ദിച്ച് സന്തോഷത്തോടെ) എന്നാൽ ആര്യ വസന്തസേനയെ അറിയിക്കട്ടെ. (എന്ന് പറഞ്ഞ് പോകുന്നു)

വിദൂഷകൻ:ഇങ്ങനെ കാറ്റും കോളും ഉള്ള ദിവസം അവൾ എന്തിനാണ് വന്നത് എന്നറിയാമോ?

ചാരുദത്തൻ: സത്യത്തിൽ ആഗമനോദ്ദേശം എനിക്ക് മനസ്സിലായില്ല സുഹൃത്തേ

വിദൂഷകൻ: എനിക്കറിയാം .അങ്ങ് കൊടുത്ത ആ രത്നമാല വിലയില്ലാത്തതായി അവൾ കരുതുന്നു. ആ സ്വർണ്ണാഭാണപ്പെട്ടി കൂടുതൽ വിലയുള്ളതായും അവൾ കരുതുന്നു. അതിനാൽ അങ്ങ് കൊടുത്തതിൽ അവൾ തൃപ്തയല്ല. കൂടുതൽ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനായാണ് അവൾ വരുന്നത്.

ചാരുദത്തൻ: (സ്വഗതം) അവൾ സന്തോഷത്തോടെ മടങ്ങും.

No comments:

Post a Comment