കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, February 6, 2016

മൂന്നാം അങ്കം - ഭാഗം 1


(വർദ്ധമാനകൻ പ്രവേശിക്കുന്നു)

വർദ്ധമാനകൻ: സജ്ജനങ്ങളെ, വേലക്കാരോട് ദയാനുകമ്പയോടെ പെരുമാറുന്ന യജമാനൻ ദരിദ്രനെങ്കിലും ശോഭിയ്ക്കും. എന്നാൽ സമ്പാദ്യത്തിൽ മത്ത് പിടിച്ച ദുഷ്ടയജമനാനനെങ്കിൽ പണി കഠിനമാകും.
പിന്നെയും,
വിളതിന്നാൻ ഓടുന്ന കാളക്കൂറ്റനെ പിടിച്ച് കെട്ടുന്നത് ദുഷ്കരമാണ്. അന്യസ്ത്രീകളെ മോഹിക്കുന്ന പുരുഷനെയും തടായാൻ സാധിക്കില്ല. ചൂതുകളിയിൽ ആസക്തിപൂണ്ടവനെ ചൂതിൽ നിന്നും തടയുക ദുഷ്കരമാണ്. സ്വഭാവത്തിൽ തന്നെ ചീത്തത്തരം ഉണ്ടെങ്കിൽ അവന്റെ ദോഷം ഇല്ലാതാക്കുന്നത് ദുഷ്കരം തന്നെ എന്ന് ചുരുക്കം.
കച്ചേരി കേൾക്കാൻ പോയ ചാരുദത്തൻ വല്ലാതെ വൈകിയിരിക്കുന്നു. രാത്രി പകുതിയും കഴിഞ്ഞു. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വരുന്നത് വരെ പുറത്തളത്തിൽ ഉറങ്ങാം. (ഇതും പറഞ്ഞ് അങ്ങനെ തന്നെ ചെയ്യുന്നു)

(ശേഷം ചാരുദത്തനും മൈത്രേയനും പ്രവേശിക്കുന്നു)

ചാരുദത്തൻ: ഹോ രേഭിലൻ എന്തൊരു ഭംഗിയായിയാണ് പാടിയത്! അസ്സലായി! അസ്സലായി! വീണ ഒരു മുത്താണ്. പക്ഷെ സമുദ്രത്തിൽ നിന്ന് കിട്ടുന്നതല്ല (ലക്ഷി, കൗസ്തുഭം എന്ന രത്നം, പാരിജാതം തുടങ്ങിയ 14 വിലപിടിപ്പുള്ളവർ സമുദ്രത്തിൽ നിന്നും കടഞ്ഞ് കിട്ടിയതാണ്. എന്നാൽ വീണ അതല്ല മറിച്ച് അതിലും ഗുണമുള്ളതാണ് എന്നർത്ഥം) കാരണം വിരഹികളുടെ മനസ്സിന് ആശ്വാസം തരുന്ന സഖിയാണത്. പ്രേമികളുടെ പ്രേമമാധുര്യം കൂട്ടുന്ന സാധനവുമാണ്.

വിദൂഷകൻ: ആകട്ടെ, നമുക്ക് വീട്ടിലേക്ക് പോകാം.

ചാരുദത്തൻ: ഹോ രേഭിലൻ എന്തൊരു ഭംഗിയായിയാണ് പാടിയത്! അസ്സലായി! അസ്സലായി!

വിദൂഷകൻ: എനിക്ക് രണ്ട് കാര്യം കേട്ടാലാണ് ചിരി വരുക. ഒന്ന് സ്ത്രീ സംസ്കൃതം പറയുന്നത് കേൾക്കുമ്പോൾ. രണ്ട് ഒരു പുരുഷൻ കുയിലിനെ പോലെ മധുരശബ്ദത്തിൽ പാടുമ്പോൾ. സംസ്കൃതം വായിക്കുന്ന സ്ത്രീ ശൂ ശൂ എന്ന് ശബ്ദം ഉണ്ടാക്കും. പുരുഷൻ മധുരമായി പുരുഷൻ പാടുമ്പോൾ, എനിക്ക് ഉണങ്ങിയ പൂമാല ധരിച്ച വൃദ്ധപുരോഹിതൻ മന്ത്രം ചൊല്ലുന്നത് ഓർമ്മ വരും. രണ്ടായാലും വയ്യ.

ചാരുദത്തൻ: സുഹൃത്തേ, മഹാനുഭാവനായ രേഭിലൻ ഇന്ന് അത്ഭുതകരമായി പാടി. എന്നിട്ടും നിനക്ക് തൃപ്തി ആയില്ലേ? ആ മഹാനുഭാവന്റെ സംഗീതം ഭാവപൂർണ്ണവും ലയപൂർണ്ണവും രാഗസമ്പൂർണ്ണവും ലളിതവും ഹൃദയഹാരിയും ആയിരുന്നു. അല്ലാ ഞാൻ പ്രശംസിച്ചിട്ട് എന്ത് കാര്യം!  പക്ഷെ ആ മഹാനുഭാവൻ പാടുമ്പോൾ എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു സ്ത്രീ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ്. (അദ്ദേഹം ഏതോ സ്ത്രീയോട് പ്രണയത്തിലാണ് എന്ന് തോന്നി എന്ന് വ്യംഗ്യം)
പിന്നേയും,
സത്യത്തിൽ സമയം കഴിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നെങ്കിലും ആ മധുരശബ്ദത്തിനുടമയായ രേഭിലൻ രാഗമൂർച്ഛയിൽ ഉച്ഛസ്ഥായിയിൽ നിർത്തുമ്പോഴും മധുരം, ആരോഹരാവരോഹണങ്ങളിൽ ഒട്ടും തന്നെ അനൗചിത്യം ഇല്ലാതെ, രാഗവിശേഷം കൊണ്ട് ലളിതമായ ആ രണ്ടാവർത്തി, ആരോഹാരണാവരോഹണങ്ങളിൽ നിഷാദാദി സ്വരങ്ങളുടെ കൃത്യത അതിനൊപ്പം ഉള്ള ആ വീണയുടെ സ്വരം ഇതെല്ലാം കേട്ട് ഞാൻ നടക്കുന്നു. (ചാരുദത്തനു ചെവിയിൽ ഇപ്പോഴും രേഭിലന്റെ സംഗീതം കേൾക്കുന്നുണ്ട് എന്ന് തോന്നുന്നു)

വിദൂഷകൻ: സുഹൃത്തേ നോക്കൂ നായ്ക്കൾ കൂടെ കിടന്നുറങ്ങി. നമുക്ക് വീട്ടിൽ പോകാം. കണ്ടോ കണ്ടോ, ചന്ദ്രൻ കൂടെ ഇരുട്ടിനു വഴിമാറിക്കൊണ്ട് ആകാശത്തിൽ നിന്നും ഇറങ്ങി തുടങ്ങി. (ചന്ദ്രനും അസ്തമിക്കാൻ തുടങ്ങി എന്നർത്ഥം)

ചാരുദത്തൻ: അത് ശരിയാണ്. എന്തെന്നാൽ, വെള്ളത്തിൽ ആകെ മുങ്ങിയ കാട്ടാനയുടെ ഇനിയും മുങ്ങാത്ത കൊമ്പുകളുടെ അറ്റങ്ങൾ പോലെ, പടിഞ്ഞാറുമറയുന്ന ചന്ദ്രന്റെ അറ്റങ്ങൾ മാത്രം കാണുന്നു.

വിദൂഷകൻ: ഇതാ വീടെത്തി! വർദ്ധമാനക വാതിൽ തുറക്കൂ.

വർദ്ധമാനകൻ ശബ്ദം കേട്ട് വാതിൽ തുറന്ന് രണ്ട് പേരേയും വന്ദിച്ച് ഇരുത്തുന്നു.

വിദൂഷകൻ: വർദ്ധമാനക, രദനികയെ വിളിച്ച് ഞങ്ങളുടെ കാലുകഴുകാൻ പറയൂ

ചാരുദത്തൻ: (അനുകമ്പയോടെ) അവളുറങ്ങുകയായിരിക്കും. അവളെ വിളിക്കണ്ട.

വർദ്ധമാനകൻ: ഞാൻ വെള്ളം കൊണ്ട് വരാം. മൈത്രേയൻ താങ്കൾ ചാരുദത്തന്റെ കാലുകഴുകൂ.

വിദൂഷകൻ: (ദേഷ്യത്തോടേ) ഇവൻ ദാസിയുടെ മകനായിട്ട് വെള്ളം കൊണ്ടുവരുന്നു എന്നിട്ട് എന്നോട് ബ്രാഹ്മണന്റെ കാലുകഴുകിക്കാൻ പറയുന്നു. (ദാസിയുടെ മകനു വെള്ളം കൊണ്ട് വരുക ഉചിതം തന്നെ. എന്നാൽ ഞാൻ ബ്രാഹ്മണനായിട്ടും എന്നോട് ചാരുദത്തന്റെ കാലുകഴുകിക്കാൻ പറയുന്നത് ഉചിതമല്ല എന്നർത്ഥം)

ചാരുദത്തൻ: നല്ലവനായ മൈത്രേയാ, താങ്കൾ വെള്ളം കൊണ്ടുവരൂ. വർദ്ധമാനകൻ എന്റെ കാലുകഴുകിത്തരുന്നതാണ്.

വർദ്ധമാനകൻ: ആര്യ മൈത്രേയാ ഇതാ വെള്ളം.
(വിദൂഷകൻ വെള്ളം ഒഴിക്കുന്നു വർദ്ധമാനകൻ ചാരുദത്തന്റെ കാലുകഴുകി മാറി നിൽക്കുന്നു)

ചാരുദത്തൻ: മൈത്രേയനും കാലുകഴുകാൻ വെള്ളം കൊടുക്കൂ.

വിദൂഷകൻ: എന്റെ കാലെന്തിനാ കഴുകുന്നത്? ഈ കാലുകൾ ഇനിയും ചളിയിൽ പുരളാനുള്ളതാണ്. അടികൊണ്ട കഴുതയെ പോലെ നിലത്ത് തന്നെ നടക്കാനും കിടക്കാനുമുള്ളതാണ്.

ചാരുദത്തൻ: മൈത്രേയാ താങ്കളും ഒരു ബ്രാഹ്മണനാണ്.

വിദൂഷകൻ: അത് ശരിയാ വിഷപ്പാമ്പുകളിക്കിടയിലെ നീർക്കോലിപോലെ ഞാനുമൊരു ബ്രാഹ്മണൻ തന്നെ.

വർദ്ധമാനകൻ: മൈത്രേയാ ഞാൻ താങ്കളുടെ കാലുകഴുകി തരാം.(എന്നു പറഞ്ഞ് മൈത്രേയന്റെ കാലുകഴുകുന്നു.) ആര്യ മൈത്രേയാ, ഞാൻ പകൽ മുഴുവൻ ഇത് സൂക്ഷിച്ചു ഇനി രാത്രി സൂക്ഷിക്കണ്ടത് താങ്കളുടെ ചുമതലയാണ്. (എന്ന് പറഞ്ഞുകൊണ്ട് ആഭരണപ്പെട്ടി മൈത്രേയന്റെ കൈവശം കൊടുത്ത് പോകുന്നു.)  
(മൈത്രേയൻ ആഭരണപ്പെട്ടി വാങ്ങി.)

വിദൂഷകൻ: ഒ! ഇത് ഇപ്പോഴും ഇവിടെ ഉണ്ടോ? എന്റെ ഉറക്കത്തിനെ അപഹരിക്കുന്ന ഈ സാധനത്തിനെ കട്ട് കൊണ്ട് പോകാൻ ഈ ഉജ്ജയനിയിൽ ഒരൊറ്റക്കള്ളനുമില്ലേ? !! എന്തായാലും ഞാനിതിനെ അകത്തളത്തിലേക്ക് കൊണ്ട് പോകുന്നു.

ചാരുദത്തൻ: ഈ ആഭരണപ്പെട്ടി അകത്തുകയറ്റരുത്. കാരണം വേശ്യ ആയ വസന്തസേന ധരിച്ച ആഭരണങ്ങൾ ആണത്. അത് വസന്തസേനയെ തിരിച്ച് ഏൽപ്പിക്കുന്നതുവരെ, അല്ലയോ ബ്രാഹ്മണ (മൈത്രേയ), താങ്കൾ തന്നെ അത് സൂക്ഷിക്കണം.

ചാരുദത്തൻ ഉറക്കം വരുന്നതായി നടിച്ച് രേഭിലന്റെ കച്ചേരിയെ പറ്റി മുന്നേ പാടിയ ശ്ലോകവും ചൊല്ലി ഉറങ്ങാൻ കിടക്കുന്നു.

വിദൂഷകൻ: അങ്ങ് ഉറങ്ങുകയാണോ?

ചാരുദത്തൻ: പിന്നല്ലാതെ? നിദ്രാദേവി എന്റെ കണ്ണുകളെ തഴുകുന്നു. അവളെ തടയാൻ ആർക്കെങ്കിലും പറ്റുമോ?

വിദൂഷകൻ: എന്നാൽ നമുക്ക് ഉറങ്ങാം.
(ഉറങ്ങാൻ കിടന്ന് ഉറങ്ങുന്നതായി അഭിനയിക്കുന്നു)

(അപ്പോൾ ശർവിലകൻ പ്രവേശിക്കുന്നു.)

ശർവിലകൻ: എന്റെ ചോരശാസ്ത്രത്തിലുള്ള അറിവും ശരീരബലവും ഉള്ള ആയുധവും വെച്ച് ഞാൻ എനിയ്ക്ക് പാകമായ ഒരു ദ്വാരവഴി നിർമ്മിച്ചു. അതിലൂടെ കയറി ഇഴഞ്ഞ് നീങ്ങുക വഴി മുറിപ്പെട്ട വയറോടും കൂടെ, കർമ്മമാർഗത്തിലൂടെ, സർപ്പത്തെ പോലെ ഇഴഞ്ഞ് ഞാൻ സഞ്ചരിയ്ക്കുന്നു.(ചുമരിൽ തുളച്ച ദ്വാരത്തിലൂടെ കയറി ഇറങ്ങി പുറത്ത് വന്നു, അതായത് വീടിനുള്ളിൽ പ്രവേശിച്ചു എന്നർത്ഥം)

ആകാശത്ത് നോക്കിയപ്പോൾ ചന്ദ്രൻ അസ്തമിക്കാൻ തുടങ്ങുന്നു. സന്തോഷത്തോടെ പിന്നെയും:
മറ്റുള്ളവരുടെ ഭവനങ്ങൾ ഭേദനം ചെയ്യുന്നതിൽ അതികേമനായതിനാൽ രാജാവിനേയും നീതിപാലകന്മാരേയും ഭയന്ന് നടക്കുന്ന എന്നെ, മേഘാവൃതമായ നക്ഷത്രങ്ങൾകൊണ്ട് കൂരാകൂരിരുട്ട് നിറച്ച്,  രാത്രി അമ്മയെ പോലെ സംരക്ഷിക്കുന്നു.  

ഉദ്യാനചുമരിൽ തുളനിർമ്മിച്ച് ഞാൻ അകത്ത് കടന്നു. ഇനി അകത്തളത്തിലേക്ക് കടക്കാൻ ആ ചുമരിനേയും ഭേദിക്കട്ടെ.  

ഉറങ്ങുന്നവരെ വഞ്ചിക്കുന്ന ഈ തൊഴിൽ വഞ്ചന ആണ് നിന്ദാർഹമാണ്  ധീരത അല്ല എന്നൊക്കെ ആളുകൾ പറയൂം. പറഞ്ഞോട്ടെ. എനിക്കെന്താ? കാരണം, ജോലിചെയ്ത് ആരുടെ മുന്നിലും കുമ്പിട്ട് ജീവിയ്ക്കുന്നത് നന്നല്ല. ഞാനിന്ന് ചെയ്യുന്നത് പണ്ട് അശ്വഥാമാവ് പാണ്ഡവപക്ഷത്ത് യുദ്ധാനന്തരം ശേഷിച്ചവരെ നശിപ്പിക്കാൻ സ്വീകരിച്ച വഴി ആണ്. അതിനാൽ തന്നെ ബ്രാഹ്മണർക്ക് ഈ തൊഴിൽ നിന്ദനീയമല്ല. ആട്ടെ, ഇപ്പോൾ ഞാനെവിടെ തുരന്ന് ദ്വാരമുണ്ടാക്കും?

വെള്ളം നനഞ്ഞ് കുതിർന്ന സ്ഥലത്ത് തുരക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഉണ്ടാവില്ല, അകത്തുള്ള നാരീജനങ്ങളെ കാണാത്ത ഭാഗം, ചുമരിലെ തുള മറ്റുള്ളവരുടെ ദൃഷ്ടിയിൽ പതിയാത്ത ഭാഗം ഉപ്പ്കൊണ്ട് ദുർബലമായി അലിഞ്ഞ് നിൽക്കുന്ന ഭാഗം എന്നിവിടങ്ങിൽ എല്ലാം ദ്വാരം വീഴ്ത്താം എന്ന് ചോരശാസ്ത്രം.

(എന്ന് ഓർത്തുകൊണ്ട് ശർവിലകൻ ചുമരിൽ തൊട്ട് നോക്കുന്നു.) ആഹാ! ഇവിടം സൂര്യതാപമേറ്റും എന്നും വെള്ളം ഏൽക്കുന്നതുകൊണ്ടും ഉപ്പ് ഏറ്റ് ശിഥിലമായതുകൊണ്ട് നല്ലതാണ്. എലികൾ തുരന്നതിന്റെ മണ്ണുമുണ്ടിവിടെ. ആഹാ എന്റെ ശ്രമത്തിനു ഫലം കാണും. സ്കന്ദപുത്രന്മാർ (=കള്ളന്മാർ) പറഞ്ഞ ആദ്യവിജയലക്ഷണം ആണിത്. എങ്കിൽ ഇനി ഈ കർമ്മത്തിന്റെ ആരംഭത്തിൽ ഇവിടെ ഞാനെങ്ങനെ ഒരു ദ്വാരമുണ്ടാക്കും? ദ്വാരനിർമ്മാണം നാലുവിധം എന്ന് ഭഗവാൻ സുബ്രഹ്മണ്യൻ പറഞ്ഞിട്ടുണ്ട്. ചുട്ട ഇഷ്ടിക എങ്കിൽ അവ വലിച്ചെടുക്കണം, അതല്ലെങ്കിൽ അവയെ മുറിച്ച് എടുക്കണം. മണ്ണുകൊണ്ട് നിർമ്മിച്ചതെങ്കിൽ വെള്ളം നനയ്ക്കണം. മരഭിത്തി എങ്കിൽ അറക്കണം. ഇവിടെ ഇപ്പോൾ ചുട്ട് ഇഷ്ടിക ആണ് ഭിത്തി. അതിനാൽ വലിക്കുക തന്നെ.
അല്ല ദ്വാരത്തിന്റെ ആകൃതി എന്തായിരിക്കണം? “വികസിതകമലം‘, ‘സൂര്യമണ്ഡലം‘, ‘ബാലചന്ദ്രൻ‘, ‘കിണർ‘, ‘വിസ്തീർണ്ണം‘, ‘സ്വസ്തികം‘, ‘പൂർണ്ണകുംഭം‘ എന്നിങ്ങനെ ആണല്ലൊ ദ്വാരങ്ങളുടെ ആകൃതി പറഞ്ഞിരിക്കുന്നത്. ഏതാണ് ഞാനുണ്ടാക്കേണ്ടത്? ഏതുണ്ടാക്കിയാലും നാളെ രാവിലെ നഗരവാസികൾ കണ്ട് എന്റെ കഴിവിനെ അനുമോദിക്കണം. ങ്ഹാ! ഇവിടെ ചുട്ട ഇഷ്ടികക്ക് പൂർണ്ണകുംഭം തന്നെ യോജിക്കുക. അതുണ്ടാക്കുക തന്നെ.

ഉപ്പേറ്റ് അലിഞ്ഞതും നല്ല കടുപ്പമുള്ളതും ആയ മറ്റ് ഭിത്തികളിൽ ഞാൻ നിർമ്മിച്ച ദ്വാരം കണ്ട് നഗരവാസികൾ എന്നെ കുറ്റം പറഞ്ഞിട്ടുമുണ്ട് അതേസമയം എന്റെ ദ്വാരമുണ്ടാക്കാനുള്ള മിടുക്ക് കണ്ട് അഭിനന്ദിച്ചിട്ടുമുണ്ട്.

നമോ വരദായ കുമാരകാർത്തികേയായ, നമഃ കനകശക്തയേ ബ്രഹ്മണ്യദേവായ ദേവവ്രതായ, നമോ ഭാസ്കരനന്ദിനേ, നമോ യോഗാചാര്യായ.. - യോഗാചാര്യന്റെ ആദ്യശിഷ്യനാണ് ഞാൻ. അതിൽസന്തോഷിച്ച് ഗുരുനാഥൻ എനിക്ക് മായലേപനവും തന്നു. അത് പൂശിയാൽ എന്നെ ആരും കാണില്ല എനിക്ക് ആയുധമേറ്റാൽ മുറിവുണ്ടാകില്ല. അതിനാൽ അത് ഉപയോഗിക്കുക തന്നെ. (എന്നും പറഞ്ഞ് മായാലേപനം ദേഹത്ത് പൂശുന്നു.)

അയ്യോ! അളവുനൂലെടുക്കാൻ മറന്നു. (ആലോചിച്ച്) സാരമില്ല ഈ പൂണൂൽ തന്നെ ആകട്ടെ അളവുനൂൽ. ബ്രാഹ്മണനു പൂണൂൽ ശ്രേഷ്ഠമാണല്ലൊ. വിശേഷിച്ച് എന്നെ പോലെ ഉള്ളവർക്ക്!
ഈ പൂണൂലുകൊണ്ട് ആണികൊളുത്തുകൾ എന്നിവയിളക്കാം, പൂട്ടിയവാതിൽ തുറക്കാം, ഭിത്തി തുരക്കാൻ അളവുനൂലാക്കാം, പാമ്പുകടിയേറ്റാൽ കെട്ടാനും ഉപയോഗിക്കാം. ഇതുകൊണ്ട് ഉപകാരങ്ങൾ ഏറെ ആണല്ലൊ!

അളന്നു കഴിഞ്ഞു. ഇനി പണി തുടങ്ങട്ടെ. (എന്ന് പറഞ്ഞ് ശർവിലകൻ ദ്വാരം നിർമ്മിക്കാൻ തുടങ്ങുന്നു.) ഹോ! ഇനി വലിക്കാൻ ഒരു ഇഷ്ടിക കൂടെ ബാക്കി ഉള്ളൂ. അന്നേരം വേണം പാമ്പ് കടിക്കാൻ. (പാമ്പ് കടിയേറ്റതായി ഭാവിച്ച്) എന്തായാലും ഈ പൂണൂലുകൊണ്ട് കെട്ടി വേണ്ട മരുന്നുകഴിക്കാം. ഇപ്പോ ഭേദമായി. എന്റെ പണി തുടരുക തന്നെ. (എന്ന് പറഞ്ഞുകൊണ്ട് തുരങ്കനിർമ്മാണം തുടരുന്നു.)

സ്വർണ്ണം പോലെ പിംഗളവർണ്ണമുള്ളാ, ദ്വാരത്തിന്റെ പഴുതിലൂടെ ഊർന്ന് ഇറങ്ങുന്ന ചുറ്റുമുള്ള ഇരുട്ടിനെ മാറ്റുന്ന വിളക്കിന്റെ വെട്ടം ഒരു സുവർണ്ണരേഖപോലെ തിളങ്ങുന്നു.

എന്റെ പണിതുടരുക തന്നെ. (എന്ന് ഉറപ്പിച്ച് പണി തീർക്കുന്നു).ശരി ഇനി ഇതിലൂടെ ഉള്ളിലേക്ക് കടക്കാം. അല്ല ആദ്യം ഞാൻ സ്വയം പ്രവേശിക്കുന്നില്ല. അത് ഉചിതമല്ല. ഈ മനുഷ്യക്കോലത്തെ ഉള്ളിലേക്ക് കടത്തുക തന്നെ. (അങ്ങനെ ചെയ്ത്) ആഹാ. ആരുമില്ല. ഭഗവാൻ കാർത്തികേയനു സ്തുതി. (സ്വയം ഉള്ളിലേക്ക് പ്രവേശിച്ച്, കണ്ടിട്ട്) ആഹാ രണ്ടുപേരിതാ ഉറങ്ങുന്നു. എന്നാലും സ്വയം രക്ഷയ്ക്ക് വാതിൽ തുറന്നിടുക തന്നെ. ഓ! പഴയ വീടിന്റെ വാതിൽ താഴുകൾ തുറക്കുമ്പോൾ ശബ്ദമുണ്ടാക്കും. അൽപ്പം വെള്ളം തളിയ്ക്കട്ടെ. (അവിടേയും ഇവിടേയും നോക്കി വെള്ളമെടുത്ത് ഒഴിയ്ക്കാൻ നോക്കി ശങ്കയോടെ) വെള്ളം നിലത്തൊഴിയ്ക്കുമ്പോൾ ശബ്ദം ഉണ്ടാകരുത്. ഇനി മെല്ലെ തുറക്കുക തന്നെ. (പിന്നിലേക്ക് നോക്കി മെല്ലെ തുറക്കുന്നു) അല്ല, ഇവർ രണ്ടുപേരും വാസ്തവത്തിൽ ഉറങ്ങുകയാണോ അതോ ഉറക്കം നടിയ്ക്കുകയാണോ എന്ന് പരീക്ഷിക്കുക തന്നെ. (പേടിയോടെ പരീക്ഷിക്കുന്നു) അല്ല, ഇവർ ശരിയ്ക്കും സുഖനിദ്രതന്നെ ആണ്. കാരണം,

ഉച്ഛ്വാസം മെല്ലെ പൊന്തുകയും താഴുകയും ചെയ്യുന്നു. കണ്ണുകൾ നന്നായി അടച്ച് ശാന്തഭാവമാണ് . ശരീരം അയഞ്ഞ് കാൽമുട്ടുകളും അയച്ച് കിടക്കയിൽ നിന്നും അൽപ്പം പുറത്ത് കിടക്കുന്നു. മാത്രമല്ല വിളക്കിനെതിരേക്ക് ആണ് മുഖം തിരിച്ചിരിക്കുന്നത്.
ഇതെല്ലാം കൊണ്ടും ഇവർ സുഖനിദ്രയിൽ തന്നെ ആണെന്ന് തീരുമാനിച്ച് ശർവിലകൻ ചുറ്റും നോക്കി:

ദേ ഒരു ചെണ്ട. ദേ മിഴാവ്. ദേ ഇരിക്കുന്നു ഓടക്കുഴൽ.വീണയുമുണ്ടല്ലൊ. പോരാത്തതിനു അനവധി എഴുത്തോലകളും. ഇതെന്താ ഞാൻ കയറിയത് വല്ല നാട്യാചാര്യന്റേയും വീടാണോ? അല്ല, വിശാലമയാ ഒരു കൊട്ടാരസദൃശമായ വീടാണെന്ന് കണ്ടാണല്ലൊ ഞാൻ ഉള്ളിൽ കയറിയത്! ഇപ്പോൾ കണ്ടാൽ ഇയാളൊരു ദരിദ്രൻ എന്ന് തീർച്ച പറയും! അതല്ല ഇനി ഇദ്ദേഹം കള്ളന്മാരേം രാജാവിനേയുമൊക്കെ ഭയന്ന് സ്വത്തുക്കൾ എങ്ങാനും കുഴിച്ചിട്ടിരിക്കുകയാണോ! എങ്കിലെന്ത്! അതെന്റെ സ്വത്ത് തന്നെ. സ്വത്തുക്കൾ എവിടെ എന്ന് ഞാനൊന്ന് വിത്തിട്ട് കണ്ട് പിടിക്കാൻ നോക്കട്ടെ. (വിത്ത് വിതറുന്നു) അയ്യോ! വിത്തൊന്നും കാണിക്കുന്നില്ലല്ലൊ! കഷ്ടം! ഇയാൾ പരമദരിദ്രൻ തന്നെ. ശരി. എന്നാൽ പോവുക തന്നെ.

എന്ന് പറഞ്ഞുകൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു ശർവിലകൻ. അപ്പോഴാണ് മൈത്രേയൻ ഉറക്കപ്പിച്ച് പറയുന്ന പോലെ എന്തൊക്കേയോ പിറുപിറുക്കുന്നത് കേൾക്കുന്നത്.

No comments:

Post a Comment