കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Monday, February 15, 2016

അഞ്ചാം അങ്കം - ഭാഗം 2


(ഇതിനുശേഷം ഉജ്വലമായ അഭിസാരികവേഷത്തിൽ ഉത്കണ്ഠാകുലയായി പ്രേമാനുരാഗിണിയായ വസന്തസേന, കുടപിടിയ്ക്കുന്ന ഒരു ഭൃത്യയും മറ്റൊരു സേവകനുമായി (വിടൻ) പ്രവേശിക്കുന്നു.
(ഒരു സ്ത്രീ അവളുടെ കാമുകനെ കാണാൻ എങ്ങനെ ഒക്കെ അണിഞ്ഞൊരുങ്ങി പുറപ്പെടുമോ അതുപോലെ എന്ന് ചുരുക്കം.)

വിടൻ:(വസന്തസേനയെ ഉദ്ദേശിച്ച്) രതിഅരങ്ങിലേക്ക് ലജ്ജയോടെ, പ്രണയികൾക്ക് ഉചിതമായ എല്ലാവങ്ങളോടെയും പ്രിയരോടുകൂടെ അനുഗതയാകുന്ന ഇവൾ, ഈ വസന്തസേന, പദ്മത്തിൽ വസിക്കാത്ത ലക്ഷ്മി തന്നെ.(ലക്ഷ്മീദേവിയുടെ ഇരിപ്പിടമാണല്ലൊ താമര). ഇവൾ കാമദേവന്റെ മേന്മയേറിയ അസ്ത്രം തന്നെ. അതിനാൽ ഇവൾ കുലവധുക്കളുടെ ശോകകാരണവും കാമവൃക്ഷത്തിന്റെ മധുരഫലവും ആകുന്നു.

നോക്കൂ നോക്കൂ വസന്തസേനേ,
വിയോഗിനികളായ സ്ത്രീകളുടെ തുടിയ്ക്കുന്ന ഹൃദയം പോലെ പർവ്വതശൃംഗങ്ങളിൽ മേഘങ്ങൾ ഗർജ്ജിയ്ക്കുന്നു. ആ മേഘഗർജ്ജനം കേട്ട് മയിലുകൾ പീലിനിവർത്തി ആടുമ്പോൾ കാറ്റ് വീശുന്നു.
ഇതുംകൂടെ,
മഴത്തുള്ളികൾ ഏറ്റ് മണ്ണിൽനിന്ന് ഉയർന്ന തവളകൾ മഴവെള്ളം കുടിയ്ക്കുന്നു. കാമാതുരയായി മയിലുകൾ ശബ്ദിയ്ക്കുന്നു. കദംബവൃക്ഷങ്ങൾ ഫലങ്ങൾ നിറഞ്ഞ് ശോഭിക്കുന്നു. കുലംകുത്തികൾക്കിടയിലെ സംന്യാസിയെ പോലെ മേഘങ്ങൾക്കിടയിൽ ചന്ദ്രൻ ശോഭിയ്ക്കുന്നു. നീചകുലത്തിൽ പിറന്ന സ്ത്രീയെ പോലെ മിന്നൽ പലസ്ഥലങ്ങളിൽ നിന്നും ഒളിവീശുന്നു.

വസന്തസേന: ഹാ! മഹാനുഭാവാ! അങ്ങ് പറഞ്ഞത് ശരി തന്നെ. കാരണം:
വിഡ്ഢീ വസന്തസേനേ, ഘനപയോധരങ്ങൾ ഉള്ള എന്നെപോലെ കാന്തനെ പരിരംഭണം നീയും ചെയ്യുകയോ? എന്നിപ്രകാരമുള്ള മേഘഗർജ്ജനം കൊണ്ട് ഈ രാത്രി, സപത്നിയെ പോലെ, എന്നെ പിന്നേയും പിന്നേയും വഴി തടസ്സപ്പെടുത്തുന്നു.  
(ഇവിടെ വസന്തസേന മേഘങ്ങളേയും ചന്ദ്രനേയും നോക്കി പറയുകയാണ്. അവനവനെ തന്നെ മറ്റുപ്രകൃതി ബിംബങ്ങളിൽ കാണുകയാണ്.രാത്രിയിലെ മേഘങ്ങൾ സ്വന്തം മുലകളായും ചന്ദ്രനെ കാമുകൻ ചാരുദത്തനായും താരതമ്യപ്പെടുത്തുകയാണ് അവൾ. പയോധരം എന്നതിനു മേഘം എന്നും മുലകൾ എന്നും അർത്ഥമുണ്ട്. ചന്ദ്രനെ ഇടയ്ക്ക് മറയ്ക്കുന്ന മേഘങ്ങൾ ഓർക്കുക. രാത്രി മഴയും ഇരുട്ടും കാരണം അവൾക്ക് പെട്ടെന്ന് ചാരുദത്തന്റെ ഗൃഹത്തിൽ എത്താൻ പറ്റുന്നില്ല.)

വിടൻ: അത് വളരെ ശരി. ഈ രാത്രിയെ നീ ശാസിച്ചോളൂ. പരിഹസിച്ചോളൂ.

വസന്തസേന: പെൺമനസ്സ് അറിയാത്തവരെ ശാസിച്ചിട്ടെന്ത് കാര്യം? മഹാനുഭാവ, നോക്കൂ:
മേഘങ്ങൾ വർഷിക്കും ഗർജ്ജിക്കും മിന്നൽപിണർ ഉണ്ടാക്കും. പക്ഷെ കാമുകനൊത്ത് രമിയ്ക്കാൻ തയ്യാറായ സ്ത്രീജനങ്ങൾ ഇവയെ ഒന്നും കണക്കാക്കില്ല.

വിടൻ: പക്ഷെ വസന്തസേനേ, ഇതാ മറ്റൊരു മേഘം:
ശരസമാനയമായ നീർത്തുള്ളികൾ അടങ്ങിയ, സൈന്യഗർജ്ജനം പോലെ ഉള്ള ഇടിമുഴക്കം അടങ്ങിയ, മിന്നൽ പതാക ഏന്തിയ ആ മേഘം, തന്നിൽ താണ ശൗര്യഗുണമുള്ള ശത്രുനഗരമദ്ധ്യത്തിലെ രാജാവിനെ പോലെ ആകാശത്തിൽ വിളങ്ങുന്ന ചന്ദ്രന്റെ കിരണങ്ങളെ അപഹരിയ്ക്കുന്നു.  

വസന്തസേന: ശരി തന്നെ. ശരി തന്നെ. അതിൽ കൂടുതൽ:
ആനയെ പോലെ കറുത്ത വലിയവയറോടുകൂടിയ മിന്നൽലൊളിയോടെ പെയ്തിറങ്ങുന്ന മേഘം വിരഹിണികളുടെ മനസ്സിനെ മുറിവേൽപ്പിക്കുന്നു. ഹാ ഹാ അപ്പോൾ പ്രവാസിഭർത്താക്കന്മാരുടെ വിരഹിണികളെ വധിയ്ക്കുന്ന സമയത്തുയരുന്ന പടഹധ്വനി പോലെ,  മഴ മഴ എന്ന് ശബ്ദിച്ച് ഈ ക്രൗഞ്ചപ്പക്ഷികൾ എന്റെ മുറിഞ്ഞ ഹൃദയത്തിൽ ഉപ്പ് തേക്കുന്നു.

വിടൻ: അത് ശരി തന്നെ. വസന്തസേന ഇതു നോക്കൂ:
ക്രൗഞ്ചക്കൂട്ടങ്ങളെ കൊണ്ട് തലപ്പാവ് കെട്ടി മിന്നൽ പിണർ കൊണ്ട് ചാമരം വീശി നിൽക്കുന്ന ആകാശത്തെ ഒരു മദയാനപോലെ ആക്കിമാറ്റാൻ ഇതാ മറ്റൊരു മേഘം.

വസന്തസേന: മഹാനുഭാവാ, കാണൂ കാണൂ
തമാലവൃക്ഷങ്ങളുടെ നനഞ്ഞ് കറുത്ത് മലിനമായ ഇലകളെ പോലെ ഇരിയ്ക്കുന്ന ഈ മേഘങ്ങൾ ആകാശത്തിൽ സൂര്യനില്ലാതാക്കി മാറ്റിയിരിക്കുന്നു. മഴധാര വീണ് മൺപുറ്റുകൾ ശരങ്ങളേറ്റ ആനകളെ പോലെ വീഴുന്നു. മിന്നൽക്കൊടി, കൊട്ടാരങ്ങളിലെ സഞ്ചരിക്കുന്ന സ്വർണ്ണദീപങ്ങൾ പോലെ ആകപ്പെട്ടിരിക്കുന്നു. (ഒരിക്കൽ ഒരു ഭാഗത്ത് മിന്നൽ വീശി അവിടം ദൃശ്യമാവുന്നു, മറ്റൊരിക്കൽ മറ്റൊരു ഭാഗത്ത് ആണ് മിന്നൽ വീശുന്നത്. അപ്പോൾ അവിടമാണ് ദൃശ്യമാകുന്നത്) ദുർബലനായ ഭർത്താവുള്ള വനിതയെ പോലെ ചന്ദ്രൻ, മേഘങ്ങളെക്കൊണ്ട് ബലമായി മോഷ്ടിക്കപ്പെടുന്നു. (മറക്കപ്പെടുന്നു)

വിടൻ: വസന്തസേനേ.. മറ്റൊന്ന് നോക്കൂ:
മിന്നലൊളികൊണ്ട് അരഞ്ഞാണം കെട്ടി അന്യോന്യം മത്സരിക്കുന്ന ആനകളെ പോലെ ജല നിറഞ്ഞ മേഘങ്ങൾ, ഇന്ദ്രന്റെ ആജ്ഞ അനുസരിക്കുന്ന പോലെ, ഭൂമിയെ വെള്ളിനൂൽകുകളെക്കൊണ്ട് ബന്ധിച്ച് മുകളിലേക്ക് കൊണ്ട് പോകുന്നു. (ആകാശത്ത് നിന്ന് മഴ ധാരധാരയായി പെയ്തുകൊണിരിക്കുന്നു. അപ്പോൾ ആകാശവും ഭൂമിയും തമ്മിൽ മഴനൂലുകൾ കൊണ്ട് ബന്ധിച്ച പോലെ തോന്നുന്നു)

വേറൊന്ന് കാണൂ,
പ്രചണ്ഡമാരുതനേറ്റ മഹിഷക്കൂട്ടങ്ങളെ പോലെ കറുത്ത, മിന്നൊളിയ്ക്കൊപ്പം അന്തരീക്ഷത്തിൽ,  ഇളകിമറിയുന്ന സമുദ്രത്തെ പോലെ അവിടമിവിടമായി സഞ്ചരിക്കുന്ന മേഘക്കൂട്ടങ്ങൾ മണിമയബാണങ്ങളെ പോലെ ധാരധാരയായി ഇറങ്ങുന്ന മഴ കൊണ്ട് മണമിയലുന്ന പുതു പുല്ലുകൾ നിറഞ്ഞ ഭൂമിയെ ഛിന്നഭിന്നമാക്കുന്നു.

വസന്തസേന: മഹാനുഭാവ, അത് മാത്രമല്ല. ഇത് നോക്കൂ മറ്റൊന്ന്:
മയിലുകളുടെ വാ വാ എന്നുള്ള മധുരവിളികളാൽ ആകർഷിക്കപ്പെട്ട ക്രൗഞ്ചക്കൂട്ടങ്ങൾ അതിവേഗത്തിൽ ആകാശത്തിലേയ്ക്ക് പറന്ന് ഉയർന്ന് ആലിംഗനം ചെയ്യപ്പെട്ട, താമരയെ പിരിയുന്ന ഹംസങ്ങളുടെ ഉദ്വേഗത്തോടെ നോക്കുന്ന (വർഷകാലത്ത് ഹംസങ്ങൾ താമരയെ വിട്ട് മാനസസരോവരത്തിലേയ്ക്ക് പോകും എന്ന് സങ്കൽപ്പം. അപ്പോൾ ഹംസങ്ങൾ മേഘങ്ങളെ അനിഷ്ടത്തോടു കൂടെ നോക്കും)  മറ്റൊരു മേഘം എല്ലാം ദിശകളേയും കണ്മഷിപോലെ കറുപ്പിച്ച് ഉയർന്നുകൊണ്ടിരിക്കുന്നു.

വിടൻ: എന്നാലിതുകൂടെ,
ആരുടെ താമരരൂപമുള്ള കണ്ണുകൾ കൂമ്പിച്ചുവോ, ആരിൽ ദിനരാത്രങ്ങൾ തമ്മിലുള്ള വ്യത്യാസം അറിയാനുള്ള ജ്ഞാനം ഇല്ലാതെ പോയോ, ആരിൽ മിന്നൽപ്പിണരുകൊണ്ട് അന്ധകാരത്തെ ചില നേരങ്ങളിൽ കാണുന്നുവോ മറ്റ് ചില നേരങ്ങളിൽ കാണാതിരിക്കുന്നുവോ, ആരിൽ സർവ്വദിശകളിലേക്കും തിരിഞ്ഞിരുക്കുന്ന മുഖം മറയ്ക്കപ്പെട്ടിരിക്കുന്നുവോ, ആരാണ് മേഘങ്ങളുടെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നത്, ആരാണ് വിശാലരൂപങ്ങളുള്ള മേഘങ്ങളുടെ വാസകേന്ദ്രമായ ആകാശത്തിൽ അനവധി മേഘരൂപമായ കുടകളെക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നത് അങ്ങനെയുള്ള ഈ ജഗത്ത് ഇപ്പോൾ നിശ്ചേഷ്ടമായി ഉറങ്ങുകയാണ്.

വസന്തസേന: മഹാനുഭാവ, അങ്ങിനെ തന്നെ… നോക്കൂ ഇത് നോക്കൂ.
ദുർജ്ജനങ്ങൾക്ക് ഉപകാരം ചെയ്തപോലെ താരഗണങ്ങൾ ആകാശത്ത് അലിഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു. ഭർത്താവില്ലാത്ത സ്ത്രീകളെ പോലെ, ദിക്കുകൾ എല്ലാം തന്നെ ശോഭാരഹിതമായിരിക്കുന്നു. ദേവേന്ദ്രന്റെ വജ്രായുധം കണ്ട് ഭയന്നലിഞ്ഞ് മേഘങ്ങൾ ദ്രവരൂപത്തിൽ (വെള്ളമായി) വീഴുകയാണെന്ന് തോന്നുന്നു.

അത് മാത്രമല്ല,
മേഘങ്ങൾ (ചിലസമയം) മുകളിലേക്ക് ഉയരുന്നു, (ചിലസമയം) താഴേക്ക് വരുന്നു, (മറ്റ് ചിലപ്പോൾ) വർഷിക്കുന്നു, (ഇനിയും ചിലപ്പോൾ) ഗർജ്ജിക്കുന്നു, (അതുംകൂടാതെ ചിലപ്പോൾ) അന്ധകാരം സൃഷ്ടിക്കുന്നു. ആദ്യമായി സമ്പത്ത് ആർജ്ജിയ്ക്കുന്ന പുരുഷന്മാരെ പോലെ, മേഘങ്ങൾ വിവിധ തരത്തിലുള്ള രൂപങ്ങളെ ധരിക്കുന്നു.

വിടൻ: ഇതും കൂട്ടാം,
ആകാശം, മിന്നൽപ്പിണരുകൊണ്ട് ജ്വലിക്കുന്നു. ക്രൗഞ്ചക്കൂട്ടങ്ങളെ കൊണ്ട് ചിരിയ്ക്കുന്നു. ജലധാരകൾ ആകുന്ന അസ്ത്രങ്ങൾ വർഷിക്കുന്ന ഇന്ദ്രധനുസ്സിനെ പോലെ പലഗതികളിൽ (മഴവില്ല് ഇടയ്ക്ക് ഇടയ്ക്ക് ഗതി മാറുന്നത് ഓർക്കുക) കാണപ്പെടുന്നു. വജ്രായുധത്തിന്റെ ശബ്ദം പോലെ ഗർജ്ജിക്കുന്നു. ചലിക്കുന്ന വായുവിനാൽ നലുദിക്കിലും സഞ്ചരിക്കുന്നു. സർപ്പങ്ങളെ പോലെ കറുത്തമേഘങ്ങൾ കൊണ്ട് സാന്ദ്രമായിരിക്കുന്നു. (ആകാശത്തിൽ കറുത്തിരുണ്ട മേഘങ്ങളും മിന്നലും ഇടിമുഴക്കവും കാറ്റും നിറഞ്ഞിരിക്കുന്നു എന്നർത്ഥം)

വസന്തസേന:
ഹേ, ജലത്തെ ധരിക്കുന്നവനേ (മേഘമേ), നീ ലജ്ജയില്ലാത്തവനാണ്. കാരണം പ്രേമിയുടെ (ചാരുദത്തന്റെ) സമീപം ഗമിക്കുന്ന എന്നെ (വസന്തസേനയെ) ഗർജ്ജനം കൊണ്ട് ഭീഷണിപ്പെടുത്തി ജലധാരപോലെയുള്ള കൈകൾ കൊണ്ട് പീഡിപ്പിയ്ക്കുകയും ചെയ്യുന്നു

അല്ലയോ ദേവേന്ദ്രാ! ഞാൻ നിന്നിൽ രതിയാസക്ത ആയിരുന്നുവോ? പിന്നെ എന്തിനീ മേഘഗർജ്ജനങ്ങൾ? പ്രിയനെ പ്രാപിയ്ക്കാനുള്ള എന്റെ വഴി നീ ജലധാരകളെ കൊണ്ട് പ്രതിരോധിയ്ക്കുന്നത് ശരിയല്ല.  
മാത്രമല്ല,
ഹേ ഇന്ദ്രാ, അഹല്യയെ പ്രാപിയ്ക്കാനായി നീ എപ്രകാരം ഞാൻ ഗൗതമനെന്ന്  അസത്യം പറഞ്ഞുവോ അപ്രകാരം എന്റെ ദുഃഖം കണ്ടറിഞ്ഞ് മേഘങ്ങളെ നീ പിൻവലിച്ചാലും.(രതിസുഖത്തിനുവേണ്ടി എന്തും ചെയ്യുന്നവനാണ് ദേവേന്ദ്രൻ. ഇന്ദ്രനറിയാം രതിമോഹിച്ചാലുള്ള ദുഃഖം. അതേ രതിമോഹവുമായി ആണ് വസന്തസേന കാമുകസമീപം പോകുന്നത്. അപ്പോൾ ഇന്ദ്രനു വസന്തസേനയുടെ മനസ്സ് അറിയാമല്ലൊ. വിദുഷിയാണ് വസന്തസേന ഗണികയെങ്കിലും)
തീർന്നില്ല,
ഹേ ഇന്ദ്ര! ഗർജ്ജിയ്ക്കൂ, വർഷിക്കൂ, ആയിരം അശിനിപാതം വീഴ്ത്തൂ.. പക്ഷെ പ്രേമിയെപ്രതി യാത്രയാകുന്ന സ്ത്രീയെ തടസ്സപ്പെടുത്താൻ നിനക്കാവില്ല തന്നെ.
മേഘങ്ങളേ, ഗർജ്ജിയ്ക്കുന്നവർ നിഷ്ഠുര പുരുഷന്മാനെ പോലെ ആകുന്നു. ഹേ മിന്നൽക്കൊടിയേ, സ്ത്രീയായ നീ (സ്ത്രീയിട്ടും), പ്രേമാതുരസ്ത്രീയുടെ ദുഃഖം അറിയുന്നില്ലേ?

വിടൻ: ഭവതി മിന്നൽക്കൊടിയെ ശകാരിക്കുന്നത് നിർത്തൂ. അത് ഭവതിയുടെ ബന്ധുവാണ്, എന്തെന്നാൽ,
ഇന്ദ്രന്റെ ആനയായ ഐരാവതത്തിന്റെ സുവർണ്ണചങ്ങല പോലെ, പർവ്വതമുകളിൽ സ്ഥിതിചെയ്യുന്ന ശ്വേതപതാക പോലെ ഇന്ദ്രന്റെ ഭവനമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചെരാത് പോലെ, നിന്റെ (വസന്തസേനയുടെ) പ്രിയതമന്റെ ഗൃഹത്തിനെ അത് കാണിച്ച് തരുന്നു.

വസന്തസേന: അഹോ ഇതാണല്ലോ ആ ഗൃഹം ഇതു തന്നെ അദ്ദേഹത്തിന്റെ ഭവനം.

വിടൻ:സകലകലാവല്ലഭയായ ഭവതിയ്ക്ക് ഉപദേശം നൽകേണ്ടതില്ല. എന്നിരുന്നാലും സ്നേഹം എന്നെക്കൊണ്ട് പറയിപ്പിക്കുന്നു. ചാരുദത്തന്റെ ഭവനത്തിൽ എത്തിയാൽ ഭവതിയുടെ ദേഷ്യഭാവം പ്രദർശിപ്പിക്കരുത്. (ദേഷ്യം കാണിക്കരുത്)
കാരണം, ക്രോധമുള്ളിടത്ത് പ്രണയമില്ല. എന്നാൽ ശണ്ഠയില്ലാതെ പ്രണയവുമില്ല. അതിനാൽ ഭവതി സ്വയം പ്രസന്നയാവൂ തന്റെ പ്രേമിയെ കൂടെ പ്രസന്നനാക്കൂ. (പ്രണയകലഹം നടത്തൂ എന്നർത്ഥം)

എന്നാലങ്ങനെ ആവട്ടെ, ആരവിടെ? ചാരുദത്തനെ അറിയിക്കൂ:
വിരിഞ്ഞ കദംബപുഷ്പങ്ങളെ ധരിച്ച്, നീപവൃക്ഷസുഗന്ധമുള്ള, (കദംബവും നീപവൃക്ഷവും ഒന്ന് തന്നെ വർഷകാലത്ത് മാത്രം പുഷ്പിയ്ക്കുന്നതാണ്) മേഘങ്ങളെക്കൊണ്ട് ശോഭിക്കുന്ന സമയത്ത് കാമാതുരയായി, പ്രസന്നഹൃദയ ആയി, നനഞ്ഞ കാർക്കൂന്തലോടെ, അശനിപാത-മേഘനാദങ്ങളാൽ ഭയന്ന്, തത്ര ഭവാനെ ദർശിക്കാനായി, കാമുകന്റെ ഗൃഹത്തിൽ വന്നുചേർന്ന ഈ വസന്തസേന നൂപൂര(=പാദസരം)ബന്ധിതയായ ചരണങ്ങളാൽ പ്രക്ഷാളനം(=നനഞ്ഞ്) ചെയ്ത് നിൽക്കുകയാണ്.

ചാരുദത്തൻ: (ശ്രവിച്ചുകൊണ്ട്) സുഹൃത്തെ, ഈ പറയുന്നത് ആരാ എന്താ എന്ന് അന്വേഷിച്ച് വരൂ.

വിദൂഷകൻ: ശരി ശരി.. (വസന്തസേനയുടെ സമീപം ചെന്ന് ബഹുമാനപൂർവം) ഭവതിയ്ക്ക് സ്വസ്തി.

വസന്തസേന: പ്രണാമം. താങ്കളെ കണ്ടതിൽ സന്തോഷമുണ്ട്. (വിടനോടായി) കുടയേന്തിയ ഭൃത്യ താങ്കളെ സേവിയ്ക്കാനായി ഉണ്ട്.

വിടൻ:(സ്വകാര്യം) സൂത്രത്തിൽ എന്നെ ഒഴിവാക്കാൻ. (ഉറക്കെ) നന്ദി തത്ര ഭവതി വസന്തസേനേ. നീ:

മായ, നുണ, വഞ്ചന എന്നിവയ്ക്കെല്ലാം ജന്മസ്ഥാനമായ, ധൂർത്ത് ആത്മാവിൽ ആവാഹിച്ച, സംഭോഗകളികൾക്ക് ഗൃഹമായ, സുരതം ഉത്സവസമാനമായ, അത്തരമെല്ലാമിരിക്കുന്ന വേശ്യവൃത്തി എന്ന ചന്തയിൽ, ദാക്ഷിണ്യം മൂലം യൗവ്വനം ആകുന്ന വിക്രയവസ്തുവിനു സുഖപൂർവ്വമായ വിനിമയം സിദ്ധിയ്ക്കട്ടെ. (വസന്തസേനേ, നീ യാതൊരു ധനേച്ഛയും ഇല്ലാതെ തന്റെ യൗവ്വനം സാനന്ദം ചാരുദത്തനു നൽകൂ. അതേ സമയം നീ അദ്ദേഹത്തിന്റെ യൗവനത്തെ സസുഖം പ്രാപിച്ച് ആസ്വദിക്കുകയും ചെയ്യൂ എന്ന് അർത്ഥം.വിനിമയം=ആദാനപ്രദാനം ചെയ്യുക. കൊടുക്കുകയും വാങ്ങുകയും ചെയ്യുക. വിക്രയം=കൈമാറ്റം ചെയ്യുക. വേശ്യാവൃത്തി ആകുന്ന ചന്തയിലെ വിക്രയവസ്തു ആണ് യൗവ്വനം. ഇവിടെ ദാക്ഷിണ്യം മൂലം ധനം വിക്രയം ചെയ്യുന്നില്ല. യൗവ്വനം തന്നെ ധനം)

(വിടൻ പോകുന്നു.)

വസന്തസേന: ആര്യ മൈത്രേയ, നിന്റെ ആ ചൂതാട്ടക്കാരൻ എവിടെ?

വിദൂഷകൻ:(ആത്മഗതം) ചൂതാട്ടക്കാരൻ എന്ന് വിളിച്ച് ഇവൾ ആര്യചാരുദത്തനെ അലങ്കരിച്ചിരിയ്ക്കുന്നു. (ഉറക്കെ) ഭവതി, അദ്ദേഹം ഈ ഉണക്ക വൃക്ഷത്തോപ്പിൽ ഉണ്ട്.

വസന്തസേന: ആര്യ, ഉണക്ക വൃക്ഷത്തോപ്പ് എന്ന് പറയുന്നത് അങ്ങയുടെ ആരാണ്?

വിദൂഷകൻ: ഒന്നും കഴിക്കുന്നുമില്ല കുടിയ്ക്കുന്നുമില്ലാത്തവൻ

(വസന്തസേന ഇത് കേട്ടപ്പോൾ മന്ദസ്മിതം തൂകി.)

വിദൂഷകൻ: തത്ര ഭവതി പ്രവേശിച്ചാലും

വസന്തസേന: (തോഴിമാത്രം കേൾക്കാൻ പാകത്തിൽ) അവിടെ ചെന്ന് ഞാൻ എന്ത് പറയും?

തോഴി: ചൂതാട്ടക്കാരാ ഈ സന്ധ്യ താങ്കൾക്ക് സുഖം തരുന്നില്ലേ എന്ന് ചോദിക്കൂ

വസന്തസേന: എനിക്കതിനു കഴിയുമോ?

തോഴി: ആ സമയം ഭവതിയ്ക്ക് അങ്ങനെ പറയാൻ തോന്നും.

വിദൂഷകൻ: ഭവതി പ്രവേശിച്ചാലും
വസന്തസേന: (പ്രവേശിച്ച് ചാരുദത്തനുസമീപം ചെന്ന്) ഹേ ചൂതാട്ടക്കാരാ, താങ്കൾക്ക് ഈ സന്ധ്യ സുഖം തരുന്നില്ലേ?

ചാരുദത്തൻ: (വസന്തസേനയെ കണ്ട്) ആഹാ വസന്തസേന വന്നിരിക്കുന്നു. (സസന്തോഷം എഴുന്നേറ്റ്) അല്ലയോ പ്രിയേ, എന്റെ എല്ലാ സന്ധ്യകളും ഉണർവോടെ കഴിയും. നിശ്വാസത്തോടെ രാത്രികളും കഴിയും. പക്ഷെ, അല്ലയോ വിശാലാക്ഷീ വസന്തസേനേ, ഇന്ന് നിന്റെ സാമീപ്യം കൊണ്ട് ഈ പ്രദോഷസന്ധ്യ ദുഃഖവിനാശകം ആയിരിക്കും. അതിനാൽ ഭവതിയ്ക്ക് സുസ്വാഗതം. ഇവിടെ ഇരുന്നാലും.

വിദൂഷകൻ: അതെ, ഇവിടെ ഈ ഇരിപ്പിടത്തിൽ ഇരുന്നാലും
(വസന്തസേന ഇരിയ്ക്കുന്നു. ശേഷം എല്ലാവരും ഇരിക്കുന്നു)

ചാരുദത്തൻ: സുഹൃത്തേ നോക്കൂ:
ഇവളുടെ ചെവിയിലെ കദംബപൂവിൽ നിന്നും ഇറ്റുന്ന വെള്ളം കൊണ്ട് യുവരാജാവായ രാജകുമാരനെ പോലെ ഇവളുടെ ഒരു മുല മാത്രം അഭിഷേകം ചെയ്തിരിക്കുന്നു. (ഇവിടെ സ്തനദ്വയങ്ങളെ പറയേണ്ടിയിരുന്നു. എന്നാലും യുവരാജാവ് ഏകനാണല്ലൊ അതിനാൽ ഒരു മുലയെ മാത്രം പ്രതിപാദിയ്ക്കുന്നു) അതിനാൽ അല്ലയോ സുഹൃത്തേ, വസന്തസേനയുടെ വസ്ത്രങ്ങൾ നനഞ്ഞിരിക്കുന്നു. മറ്റൊരു കോടിവസ്ത്രം (പുതുവസ്ത്രം) കൊണ്ടുവരൂ.

വിദൂഷകൻ: ആജ്ഞ പോലെ.

ഭൃത്യ: നിൽക്കൂ ആര്യ മൈത്രേയാ. ഞാൻ തന്നെ ആര്യ വസന്തസേനയുടെ സേവനം ചെയ്തുകൊള്ളാം (എന്ന് പറഞ്ഞ് വസ്ത്രം കൊണ്ടുവരാൻ പോകുന്നു)

വിദൂഷകൻ:(ചാരുദത്തനോട് മാത്രമായി) മിത്ര ചാരുദത്താ, ഞാൻ ശ്രീമതി വസന്തസേനയോട് കുശലം ചോദിച്ചോട്ടെ?

ചാരുദത്തൻ: അങ്ങനെ തന്നെ ആയിക്കോട്ടെ. ചോദിക്കൂ

വിദൂഷകൻ: നിലാവുകൂടെ ഇല്ലാത്താ ഈ പെരുമഴ രാത്രിയിൽ ഇരുട്ടത്ത് തത്ര ഭവതി എന്തിനാണ് ഇവിടെ വന്നത്?

ഭൃത്യ: ആര്യേ.. നോക്കൂ ഈ ബ്രാഹ്മണൻ ഒരു ശുദ്ധനാണല്ലൊ.

വസന്തസേന: സമർത്ഥൻ എന്ന് പറയൂ.

ഭൃത്യ: ആ രത്നമാലയുടെ വില എന്താണെന്ന് ചോദിക്കാൻ വന്നതാണ്.

വിദൂഷകൻ: സ്നേഹിതാ, ഞാൻ പറഞ്ഞില്ലേ, ആ രത്നമാല സ്വർണ്ണാഭരണപെട്ടിയേക്കാൾ വിലകുറഞ്ഞതാണെന്ന്. അതിന്റെ അസന്തുഷ്ടി കാരണം കൂടുതൽ വല്ലതും തരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വരവാണിത്.

ഭൃത്യ: ആ രത്നമാല അവനവന്റേതെന്ന് വിശ്വസിച്ച്  ആര്യ വസന്തസേന  ചൂതുകളിച്ച് തോറ്റു. പിന്നെ ആ ചൂതാട്ടകേന്ദ്രക്കാരൻ രാജാവിന്റെ സന്ദേശവും കൊണ്ട് എവിടേയ്ക്കോ പോയി. എവിടേയ്ക്കാണെന്നറിയില്ല.

വിദൂഷകൻ: ഭവതി ഞാൻ പറഞ്ഞത് തന്നെ പറയുന്നു.

ഭൃത്യ: ഞങ്ങൾ ആ ചൂതാട്ടക്കാരനെ കണ്ട് പിടിയ്ക്കുന്നത് വരെ ഈ സ്വർണ്ണാഭരണപ്പെട്ടി ഇവിടെ ഇരുന്നോട്ടെ. (എന്ന് പറഞ്ഞ് ചാരുദത്തന്റെ വീട്ടിൽ വെച്ച് പോയ ആ പഴയ സ്വർണ്ണാഭരണപ്പെട്ടി കാണിച്ച് കൊടുക്കുന്നു.)

(വിദൂഷകൻ ആലോചിക്കുന്നു.)

ഭൃത്യ: ആര്യ, താങ്കൾ വല്യേ ഗാംഭീര്യത്തോടെ നോക്കുന്നുണ്ടല്ലൊ. ഇതെന്താ ആദ്യം കാണുകയാണോ?

വിദൂഷകൻ: ഭവതീ, ആഭരണപ്പെട്ടിയുടെ നിർമ്മാണമേന്മ കണ്ട് ഞാൻ നോക്കിയതാണ്.

ഭൃത്യ: ആര്യ, താങ്കളുടെ കണ്ണുകൾ താങ്കളെ വഞ്ചിക്കുന്നു. ഇത് ആ പഴയ സ്വർണ്ണാഭരണപ്പെട്ടി തന്നെ.

വിദൂഷകൻ:(സന്തോഷത്തോടെ) അല്ലയോ സുഹൃത്തേ, മോഷ്ടിക്കപ്പെട്ട ആ സ്വർണ്ണാഭരണപ്പെട്ടി നമ്മുടെ കയ്യിൽ തന്നെ എത്തിച്ചേർന്നിരിക്കുന്നു.

ചാരുദത്തൻ: സ്നേഹിതാ, മോഷ്ടിക്കപ്പെട്ട സ്വർണ്ണാഭരണപ്പെട്ടിയുടെ കടം തീർക്കാൻ നമ്മൾ ചെയ്തത് ഇപ്പോൾ തിരിച്ച് നമ്മളോടും ചെയ്തോ? ഇത് സത്യമാണോ അതോ മിഥ്യയോ?

വിദൂഷകൻ: അല്ലയോ വയസ്യ, ഞാനെന്റെ ബ്രാഹ്മണ്യം കൊണ്ട് സത്യം ചെയ്യുന്നു. ഇത് സത്യം തന്നെ.

ചാരുദത്തൻ: നമുക്ക് നല്ലത്, നല്ലത് തന്നെ. സന്തോഷമായി.

വിദൂഷകൻ: (ചാരുദത്തനോട് മാത്രമായി) സ്നേഹിതാ, ഇതെവിടുന്ന് കിട്ടി എന്ന് ഞാൻ ചോദിക്കട്ടെ?

ചാരുദത്തൻ: അതിലെന്ത് തെറ്റുണ്ട്? ചോദിക്കൂ

വിദൂഷകൻ: (ഭൃത്യയുടെ ചെവിയിൽ) അങ്ങനെ തന്നെ.

ഭൃത്യ: (മൈത്രേയന്റെ ചെവിയിൽ) അത് അങ്ങനെ തന്നെ.

ചാരുദത്തൻ: ഇതെന്താ പറയുന്നത്? ഞങ്ങൾ എന്താ അന്യരാണോ?

വിദൂഷകൻ:(ചാരുദത്തന്റെ ചെവിയിൽ) അങ്ങനെ തന്നെ.

ചാരുദത്തൻ: ഭദ്രേ, സത്യത്തിൽ ഇത് ആ പഴയ സ്വർണ്ണാഭരണപ്പെട്ടി തന്നെ ആണോ?

ഭൃത്യ: ആര്യ, പിന്നല്ലാതെന്ത്?

ചാരുദത്തൻ: ഭദ്രേ, ഞാൻ സന്തോഷവർത്തമാനം അറിയിക്കുന്നതിനെ നിഷ്പലമാക്കിയിട്ടില്ല ഒരിക്കലും. (അതിനുള്ള പ്രതിഫലം കിട്ടുമെന്നർത്ഥം) അതിനാൽ സന്തോഷവർത്തമാനം അറിയിച്ചതിനു സമ്മാനമായി ഈ മോതിരം സ്വീകരിച്ചാലും. (ഇത് പറഞ്ഞ് വിരലിൽ കിടക്കുന്ന മോതിരം അഴിച്ച് കൊടുക്കാനായി നോക്കുന്നു)

വസന്തസേന: (ആത്മഗതം) ഇതിനാലാണ് ഞാൻ നിന്നെ സ്നേഹിക്കുന്നത്

ചാരുദത്തൻ: (മൈത്രേയൻ കേൾക്കാൻ മാത്രം) അഹോ കഷ്ടം! ലോകത്ത് ദരിദ്രൻ ജനിച്ച് ജീവിച്ച് എന്ത് നേടാനാണ്? അവന്റെ ദുഃഖവും സന്തോഷവും മാറ്റാനായി കഴിവില്ലാത്തതു കൊണ്ട് ജീവിതം വ്യർഥമാകുന്നു. (ദരിദ്രൻ ജനിച്ച് എന്ത് കാര്യം? അവൻ സന്തോഷവാനായാലും ദുഃഖവാനായാലും ഒന്നും നഷ്ടം വരാനില്ല എന്ന് അർത്ഥം)

മാത്രമല്ല,
ചിറകില്ലാത്ത പക്ഷി, വെള്ളമില്ലാത്ത തടാകം, ഉണങ്ങിയ മരം, വിഷപ്പല്ല് പോയ സർപ്പം, ദരിദ്രപുരുഷൻ ഇവ ഒരുപോലെ ആണ്. (എല്ലാം വ്യർത്ഥമാണ് എന്നർത്ഥം.)

കൂടാതെ,
പണ്ട് മുതൽ പരിചയമുള്ളവരെ കാണുമ്പോൾ വർത്തമാനദാരിദ്ര്യം മറക്കുന്ന ദരിദ്രരുടെ സന്തോഷസമയം (നല്ല വർത്തമാനം പറഞ്ഞ ഭൃത്യയ്ക്ക് പാരിതോഷികം കൊടുക്കാനുള്ള ഈ സമയം), ദരിദ്രന്റെ ഗൃഹം, വെള്ളമില്ലത്ത കിണർ, ഉണങ്ങിയ ഫലവൃക്ഷം എന്നിവ പോലെ വ്യർത്ഥമായി ആയി ഭവിക്കുന്നു. (സമ്മാനം കൊടുക്കാൻ വേണ്ടി ശ്രമിക്കുമ്പൊൾ പറ്റുന്നില്ല. കാരണം ദരിദ്രനാണ്. ചാരുദത്തന്റെ വിരലിൽ മോതിരമില്ല)

വിദൂഷകൻ:(ചാരുദത്തനോട് മാത്രം) സ്നേഹിതാ, ഇത്രയധികം സന്താപം അരുതേ. (ഉറക്കെ, ചിരിച്ചുകൊണ്ട്) ഭവതി എന്റെ കുളിക്കാനുള്ള വസ്ത്രം (സ്വർണ്ണആഭരണപ്പെട്ടി പൊതിഞ്ഞ തുണി) തിരിച്ച് തന്നാലും.

വസന്തസേന: ആര്യ ചാരുദത്ത, ഈ രത്നമാലയുമായി ഈയുള്ളവളെ തുല്യനം ചെയ്യുന്നത് ശരിയല്ല.

ചാരുദത്തൻ: (ലജ്ജയോടെ ചിരിച്ചുകൊണ്ട്) വസന്തസേനേ, നോക്കൂ നോക്കൂ,
സത്യമായ കാര്യത്തിൽ ആരു വിശ്വസിക്കുന്നു? എല്ലാവരും എന്നെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയേ ഉള്ളൂ. കാരണം ദാരിദ്ര്യം എന്നെ ശങ്കിക്കാനുള്ള കാരണം ആണല്ലൊ.

വിദൂഷകൻ: വസന്തസേനേ താങ്കൾ ഈ ഗൃഹത്തിൽ ആണോ ഉറങ്ങുന്നത്?

ഭൃത്യ: (ചിരിച്ചുകൊണ്ട്) ആര്യ മൈത്രേയ, അങ്ങിപ്പോൾ വളരെ ശുദ്ധാത്മാവായി തോന്നുന്നു.

വിദൂഷകൻ: അഹോ സുഹൃത്തേ, സസുഖം വാഴുന്നവരെ ഇവിടുന്ന് ഓടിയ്ക്കാനായിക്കൊണ്ട്  മേഘങ്ങൾ വലിയ വലിയ വെള്ളത്തുള്ളികളുമായി വീണ്ടും വരവ് തുടങ്ങിയിരിക്കുന്നു. (വീണ്ടും മഴപെയ്യാൻ തുടങ്ങി എന്നർത്ഥം)

ചാരുദത്തൻ: താങ്കൾ സത്യം പറഞ്ഞിരിക്കുന്നു. കാരണം ജലധാരകൾ, താമരമുകുളം താമരയ്ക് മുകളിലെന്നപോലെ, മേഘങ്ങളുടെ മദ്ധ്യഭാഗം കീറിക്കൊണ്ട്, ചന്ദ്രൻ മറഞ്ഞതുകൊണ്ട് (ഉണ്ടായ ദുഃഖം കാരണം ഒഴുകുന്ന) ആകാശത്തിന്റെ കണ്ണുനീർ എന്ന പോലെ വീഴുന്നു.

മാത്രമല്ല,
ബലരാമന്റെ നീലവസ്ത്രത്തിന്റെ പ്രഭ പോലെ സമാനമായ പ്രഭയോടു കൂടെ മേഘം സുജ്ജനങ്ങളുടെ മനസ്സിനെ പോലെ സ്വച്ഛമായും അർജ്ജുനന്റെ അസ്ത്രങ്ങളെപോലെ കഠോരമായും ആയ ജലധാരകളെ കൊണ്ട്, ഇന്ദ്രൻ മുത്തുവാരി വിതറുന്നപോലെ പെയ്യുന്നു.

പ്രിയേ നോക്കൂ നോക്കൂ,
മേഘങ്ങളോട് അണയാൻ‌ കൊതിയ്ക്കുന്ന അനുരക്തയായ പ്രിയതമയെ പോലെ മിന്നൽപ്പിണർ, നനഞ്ഞ തമാല‌ഇലകളെ പോലെ നീലനിറമായ മേഘങ്ങളുടെ ഘനഗാംഭീര്യശക്തിയോടും സായംസന്ധ്യയിൽ വീശുന്ന ശീതളകാറ്റിന്റെ ശബ്ദത്തോടെയും, പ്രേമികളെ പോലെ ആകാശത്തിനെ ആലിംഗനം ചെയ്യുന്നു.

(വസന്തസേന ശൃംഗാരഭാവത്തോടെ ചാരുദത്തനെ ആലിംഗനം ചെയ്യുന്നു.)

ചാരുദത്തൻ: (പ്രത്യാലിംഗനം ചെയ്തുകൊണ്ട്) അല്ലയോ മേഘമേ, നീ അധികമായ ഊർജ്ജത്തിൽ ഗർജ്ജിയ്ക്കൂ, നിന്റെ അനുഗ്രഹത്താൽ കാമപീഡിതനായ എന്റെ ശരീരം സമ്പർശസുഖം (വസന്തസേന ആലിംഗനം ചെയ്തതിനാൽ ഉണ്ടായ സമ്പർശം) കൊണ്ട് രോമാഞ്ചം കൊള്ളുവാനായും കാമവാസനയോടുകൂടിയവനായും ഉള്ള കദംബപുഷ്പം പോലെ ആയിത്തീർന്നിരിക്കുന്നു.

(കദംബവൃക്ഷം പുഷ്പിക്കുന്നത് മഴമേഘങ്ങളുടെ ഗർജ്ജനം കൊണ്ട് ആണെന്ന് പറയപ്പെടുന്നു. അതായത് ഇടിമുഴക്കം കൊണ്ട്)

വിദൂഷകൻ: ദാസീപുത്ര ദുർദ്ദിനമേ (മഴദിവസമേ) നീ ഇപ്പോൾ നീചനെ പോലെ പെരുമാറുന്നു. ആര്യ വസന്തസേനയെ മിന്നൽപിണറുകൊണ്ട് പേടിപ്പിക്കുന്നു.

ചാരുദത്തൻ: സുഹൃത്തേ, മഴദിവസത്തിനോട് കോപിക്കരുത്. അനവരതമായി ജലധാര ഒഴുക്കുന്ന ഈ മഴദിവസം നൂറായിരംകൊല്ലക്കാലം സംഭവിച്ചുകൊണ്ടിരിക്കട്ടെ. മിന്നലൊളി വീശിക്കൊണ്ടിരിക്കട്ടെ. കാരണം, നമ്മളെ പോലുള്ള ദരിദ്രജനങ്ങൾക്ക് ദുർലഭമായിലഭിയ്ക്കുന്ന, കാമഭാജനത്താൽ (വസന്തസേനയെ ഉദ്ദേശിച്ച്) ആലിംഗനം ചെയ്തുകൊണ്ടിരിക്കുകയാണ്.

കൂടാതെ സ്നേഹിതാ,
മഴവെള്ളത്താൽ നനഞ്ഞ് തണുത്ത കാമസന്താപനിവാരണമായ മെയ്യോടെ സ്വഗൃഹത്തിൽ വന്ന് ചേർന്ന കാമിനികളെ മെയ്യോട്മെയ്യ് ചേർത്ത് ആലിംഗനം ചെയ്യുന്നവരുടെ ജീവിതം നിശ്ചയമായും ധന്യമാണ്.

പ്രിയേ വസന്തസേനേ,
പഴകിദ്രവിച്ച മേൽക്കൂര, വീഴാതെ കാക്കുന്ന തൂണുകൾ നനഞ്ഞിരിയ്ക്കുന്നു. ചിത്രപടങ്ങൾ തൂക്കിയ ഭിത്തികൾ കുമ്മായം ഇളകി വീണ് ആകെ നനഞ്ഞിരിക്കുന്നു. (അതിനാൽ ഇവിടെ നിൽക്കുന്നത് ഉചിതമല്ല എന്ന് വ്യംഗ്യം)

(മുകളിലേക്ക് നോക്കി, മഴവില്ല് കണ്ട്,)

നോക്കൂ പ്രിയേ മഴവില്ല് നോക്കൂ..മിന്നൽക്കൊടിയാകുന്ന നാവുകൊണ്ടും നീണ്ട കൈകളെ പോലെ തോന്നിയ്ക്കുന്ന മഴവില്ലുകൊണ്ടും താടിപോലെ തോന്നിയ്ക്കുന്ന മേഘങ്ങൾക്കൊണ്ടും ആകാശം വിജൃഭിച്ചിരിക്കുന്നു.

അതിനാൽ വരൂ നമുക്ക് അകത്തേക്ക് പോകാം.(ചുറ്റിനടക്കുന്നു) 

പ്രിയേ നോക്കൂ,
മഴവെള്ളം, ലയത്തോടേ ഉള്ള വീണവാദനം പോലെ ഇലകളിൽ മധുരശബ്ദത്തിലും, വൃക്ഷങ്ങളിൽ ഗംഭീരശബ്ദത്തോടേയും പാറകളിൽ കർക്കശശബ്ദത്തോടേയും വെള്ളത്തിൽ പ്രചണ്ഡശബ്ദത്തോടേയും വീണുകൊണ്ടിരിക്കുന്നു.

എല്ലാവരും അകത്തേക്ക് പോകുന്നു.

ഇപ്രകാരം മൃച്ഛകടികത്തിലെ   “ദുർദിനം“ എന്ന അഞ്ചാമങ്കം സമാപിച്ചു.

ദുർദിനം=മഴദിവസം, കാറ്റുംകോളും ഉള്ള ദിവസം, കറുത്തിരുണ്ട മഴ ദിവസം

No comments:

Post a Comment