കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Monday, February 1, 2016

ഒന്നാം അങ്കം - ഭാഗം 2


(കയ്യിൽ ഒരു വേഷ്ടിയുമായി പ്രവേശിച്ചുകൊണ്ട്)
മൈത്രേയൻ: മറ്റൊരു ബ്രാഹ്മണനെ ക്ഷണിക്കൂ. ഞാനിപ്പോൾ മറ്റ് കാര്യങ്ങളാൽ തിരക്കിലാണ്. എന്നിട്ടും മൈത്രേയനായ എനിക്ക് മറ്റുള്ളവരുടെ ക്ഷണം കാത്തിരിക്കണം. ഭാഗ്യം എന്നെ പരീക്ഷിക്കുന്നു. എന്റെ പ്രിയസ്നേഹിതൻ ചാരുദത്തൻ ധനികനായിരുന്ന കാലത്ത് ഞാൻ സുഭിക്ഷമായി ഭക്ഷിച്ച് മധുരമനോഹരങ്ങളായ ലഡ്ഡുവും തിന്ന് സന്തോഷത്തോടെ അകത്തെ നാലുകെട്ടിൽ കൈവിരലുകൾ ഊമ്പിക്കൊണ്ട് ഇരിക്കുമായിരുന്നു. ആ ഞാൻ ഇപ്പോൾ സ്നേഹിതന്റെ ദാരിദ്ര്യം കാരണം പ്രാവിനെ പോലെ അങ്ങുമിങ്ങും നടന്ന് പെറുക്കി തിന്ന് താമസിക്കാൻ മാത്രമായി ഇവിടെ ചാരുദത്തന്റെ വീട്ടിൽ വരുന്നു.

ആര്യ ചാരുദത്തന്റെ പ്രിയമിത്രമായ ചൂർണ്ണവൃദ്ധൻ നല്ലമണമുള്ള ഈ വേഷ്ടി കൊടുത്തയച്ചതാണ്. തേവാരം കഴിഞ്ഞഅൽ ചാരുദത്തനു ഇത് കൊടുക്കണം. അതിനാൽ ഇപ്പോൾ ഞാൻ ചാരുദത്തനെ അന്വേഷിക്കുക തന്നെ. (ചുറ്റിനടന്ന് കണ്ടിട്ട്) ഹായ് ചാരുദത്തനെ തേവാരവും ബലിയുമൊക്കെ കഴിഞ്ഞ് ഇതാ ഇങ്ങോട്ട് തന്നെ വരുന്നു.

(ശേഷം ഗൃഹദേവതകൾക്കുള്ള ബലിയും കയ്യിലേന്തി ചാരുദത്തൻ പ്രവേശിക്കുന്നു. രദനികയും പ്രവേശിക്കുന്നു)

ചാരുദത്തൻ: (മുകളിലെക്ക് നോക്കി ദുഃഖത്തോടേ ദീർഘനിശാസമെടുത്ത്) മുൻപ് ഞാൻ (സമ്പന്നനായിരുന്നപ്പോൾ) കൊടുത്തിരുന്ന പൂജബലികൾ എല്ലാം പക്ഷികൾ വന്ന് പെട്ടെന്ന് തിന്ന് തീർത്തിരുന്നു. ഇന്ന് ആ സ്ഥാനത്ത് പുല്ല് വളർന്നിരിക്കുന്നു. ഞാനിടുന്ന ധാന്യങ്ങൾ പുഴുക്കൾ തിന്നുന്നു.
(ഇത് പറഞ്ഞ് മെല്ലെ മെല്ലെ ചുറ്റിനടന്ന് ഇരിക്കിന്നു)

മൈത്രേയൻ: ഇതാ ആര്യ ചാരുദത്തൻ. അദ്ദേഹത്തിനടുത്തേയ്ക്ക് ചെല്ലട്ടെ. (സമീപം ചെന്ന്) അങ്ങേയ്ക്ക് മംഗളം. അങ്ങേയ്ക്ക് ഐശ്വര്യം ഉണ്ടാകട്ടെ.

ചാരുദത്തൻ: ഹായ്, സകലസമയത്തും സുഖദുഃഖങ്ങളിലും എന്നും എന്നോടൊപ്പം ഉണ്ടാകുന്ന പ്രിയസ്നേഹിതൻ മൈത്രേയൻ എത്തിയിരിക്കുന്നു. സ്വാഗതം മൈത്രേയാ. ഇരിക്കൂ.

മൈത്രേയൻ: അങ്ങയുടെ ആജ്ഞ പോലെ തന്നെ. (ഇരിക്കുന്നു) അല്ലയോ സ്നേഹിതാ, അങ്ങയുടെ സ്നേഹിതൻ ചൂർണ്ണവൃദ്ധൻ ഈ സുഗന്ധമുള്ള വേഷ്ടി തേവാരം കഴിഞ്ഞാൽ അങ്ങേയ്ക്ക് ധരിക്കാനായി തന്നയച്ചിരിക്കുന്നു. (വേഷ്ടി കൊടുക്കുന്നു)  

ചാരുദത്തൻ: (വാങ്ങിയശേഷം ചിന്താമഗ്നനായി ഇരിക്കുന്നു)

മൈത്രേയൻ: അഹോ, അങ്ങ് എന്താണിപ്പോ ആലോചിക്കുന്നത്?

ചാരുദത്തൻ: സ്നേഹിതാ, കൂരാകൂരിരുട്ടിൽ വെളിച്ചം എന്ന പോലെ ദുഃഖാനുഭവങ്ങൾക്ക് ശേഷം സുഖം വന്ന് ചേരുന്നത് നന്നുതന്നെ. പക്ഷെ മനുഷ്യൻ തന്റെ പ്രവൃത്തികൊണ്ട് സുഖത്തിൽ നിന്നും നിർധനവാനായാൽ അവൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിലും മരിച്ച പോലെ ആണ്.

മൈത്രേയൻ: അപ്പോൾ സ്നേഹിതനു ഏതാണ് ഇഷ്ടം? മരണമോ, ജീവിതമോ?

ചാരുദത്തൻ: മരണം തന്നെ സുഹൃത്തേ. ദാരിദ്ര്യവാനായിരിക്കുന്നതിലും നല്ലത് മരണം തന്നെ.  മരണത്തോടേ എല്ലാ കഷ്ടങ്ങളും തീരും. എന്നാൽ ദരിദ്രനായി ജീവിച്ചാൽ ഒരു കഷ്ടവും ഒരിക്കലും തീരുന്നില്ല.

മൈത്രേയൻ: വിഷാദിക്കേണ്ട സുഹൃത്തെ, ദാനശീലതകൊണ്ട് താങ്കൾ ഇപ്പോഴും ചന്ദ്രനെ പോലെ ഭംഗിയുള്ളവനാണ്.

ചാരുദത്തൻ: സുഹൃത്തേ ഞാൻ എന്റെ ദാരിദ്ര്യം കൊണ്ട് വിഷമിക്കുന്നില്ല. എന്നാൽ ഒരുകാലത്ത് എന്റെ വീട്ടിൽ വന്നിരുന്ന അതിഥികൾ ഇന്ന് ഈ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ, കണ്ടില്ലെ ഒരു ദരിദ്രവാസിയുടെ വീട് എന്ന് കളിയാക്കുന്നതാണ്  എനിക്ക് അസഹ്യമായുള്ളത്.

മൈത്രേയൻ: അവരങ്ങനെ ആണ്. കടന്നൽകുത്താത്ത സ്ഥലത്തല്ലെ ഇടയന്മാർ ചെന്നിരിക്കൂ!

ചാരുദത്തൻ: സമ്പത്ത് നശിക്കുന്നതിൽ എനിക്ക് ചിന്തയില്ല. സത്യം. ഭാഗ്യം കൊണ്ട് ധനം ഉണ്ടാകുന്നു. നിർഭാഗ്യം വന്നാൽ അത് നശിക്കുന്നു. ആളുകൾ നിർധനരായവ്യക്തികളോട് സുഹൃത്ത്ബന്ധം കൂടെ ആഗ്രഹിക്കുന്നില്ല. ഇതെന്നെ ദുഃഖിപ്പിക്കുന്നു.
മാത്രമല്ല,
ദാരിദ്യം കാരണം ജനങ്ങൾ ലജ്ജാലുക്കളാകുന്നു. അവരെ എല്ലാസ്ഥലത്തും അപമാനിതരാക്കുന്നു. ഈ ലജ്ജകാരണം അവർ ഭ്രഷ്ടന്മാരാകുന്നു. അപമാനം കൊണ്ട് ഗ്ലാനിസംഭവിക്കുന്നു. അവർ ശോകാകുലരാകുന്നു. ശോകാകുകലരായവർ വിവേകമില്ലാത്തവരാകാം. അവിവേകി വിനാശത്തെ പ്രാപിക്കുമല്ലൊ. ഇങ്ങനെ ദാരിദ്ര്യം എല്ലാ ആപത്തുകളുടേയും മൂലകാരണമാണ്.

മൈത്രേയൻ: ക്ഷണഭംഗുരങ്ങളായ കാര്യങ്ങളെപറ്റി ഓർക്കുന്നത് തന്നെ വ്യർത്ഥമാണ് സുഹൃത്തേ.

ചാരുദത്തൻ: സ്നേഹിതാ, ദാരിദ്യംകൊണ്ട് മറ്റുള്ളവർ മിത്രത വെടിഞ്ഞ് അനാദരിയ്ക്കുന്നു. സ്നേഹിതന്മാർ കുറയുന്നു. ദാരിദ്ര്യം അന്യരുടെ വിദ്വേഷം സമ്പാദിക്കാൻ കാരണമാകുന്നു. ഭാര്യമാർ കൂടെ ഉപേക്ഷിക്കാം. അതിനാൽ വനവാസം ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഉള്ളിലെ തീ അണയുന്നില്ല സ്നേഹിതാ.

അതിനാൽ കൂട്ടുകാരാ, ഞാൻ ഗൃഹദേവതകൾക്കുള്ള എന്റെ സന്ധ്യാവന്ദങ്ങളും ബലിതർപ്പണങ്ങളുമൊക്കെ കഴിഞ്ഞു. താങ്കളും അവയൊക്കെ കഴിച്ച് വരൂ.

മൈത്രേയൻ: ഞാൻ പോകില്ല

ചാരുദത്തൻ: എന്തുകൊണ്ട്?

മൈത്രേയൻ: എന്ത് ചെയ്തിട്ടെന്താ കാര്യം? ഈ ദേവകളൊന്നും തന്നെ താങ്കളോട് പ്രീതി കാണിക്കുന്നില്ല. അതിനാൽ പൂജ ചെയ്തിട്ടെന്ത് കാര്യം?

ചാരുദത്തൻ: കൂട്ടുകാര അങ്ങിനെ പറയരുത്. ഗൃഹസ്ഥന്മാർക്ക് ദേവപൂജ നിത്യവിധി ആണ്. (ദേവപൂജ എന്നും ചെയ്യണ്ട കർത്തവ്യമാണെന്ന് അർത്ഥം) ഗൃഹസ്ഥന്മാരുടെ  നിത്യമായ തപസ്യകൊണ്ട് അവരുടെ പൂജയും ബലികർമ്മങ്ങളും എല്ലാം കാരണം ദേവതകൾ പ്രസന്നരായി, ഭക്തജനങ്ങളെ എപ്പോഴും അനുഗ്രഹിക്കും. ഇതിൽ വെറുതെ തർക്കിച്ച് കാര്യമില്ല. അതിനാൽ പോയി ദേവതകൾക്ക് വേണ്ട പൂജാദികർമ്മങ്ങൾ ചെയ്ത് വരൂ.


മൈത്രേയന്റെ തർക്കുത്തരം കേട്ട് ചാരുദത്തൻ മൈത്രേയനെ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. എന്ന് മാത്രമല്ല മൈത്രേയൻ കൂടുതൽ കുതർക്കങ്ങൾ ഉന്നയിക്കാനും തുടങ്ങി.

മൈത്രേയൻ: ഞാൻ പോകുന്നില്ല. ഇതിനായി വേണമെങ്കിൽ മറ്റ് വല്ലവരേയും അയച്ചോളൂ. എനിക്ക് ബ്രാഹ്മണകർമ്മങ്ങൾ എല്ലാം തന്നെ കണ്ണാടിയിൽ എടത് വലതും വലത് എടതും ആയി കാണുന്നപോലെ, വിപരീതമായി ആണ് അനുഭവപ്പെടുന്നത്. മാത്രമല്ല. ഈ പ്രദോഷസന്ധ്യാസമയത്ത് തെരുവുകൾ ആകെ രാജഭൃത്യന്മാരെക്കൊണ്ടും രാജസേവകരെ കൊണ്ടും മറ്റ് വേശ്യകൾ, വിടന്മാർ എന്നിവരെല്ലാം കൊണ്ട് തിരക്ക് മയമായിരിക്കും. അതുകൊണ്ട് ദരിദ്രനായ ഞാൻ ഈ സന്ധ്യാസമയത്ത് ഇറങ്ങിയാൽ പാമ്പിനു മുന്നിൽ പെട്ട എലിയെ പോലെ ആകും. അതിനാൽ ഞാൻ ഇവിടെ ഇരിക്കുകതന്നെ ചെയ്യും.

ചാരുദത്തൻ: ഒഹൊ. എന്നാൽ ഇരിക്കൂ. എന്നാൽ ഞാൻ വൈകുന്നേരത്തെ സന്ധ്യാവന്ദനവും പൂജകളും മുഴുമിപ്പിച്ച് വരാം.

--------
(അണിയറയിൽ) നിൽക്കവിടെ, എടീ നിൽക്ക് വസന്തസേനേ അവിടെ നിൽക്കാൻ.

(ശേഷം വിടൻ, ശകാരൻ ഒരു ഭൃത്യൻ എന്നിവരാൽ പിന്തുടരപ്പെട്ട വസന്തസേന പ്രവേശിക്കുന്നു)

വിടൻ: നിൽക്കൂ വസന്തസേനേ നിൽക്കൂ.

ശകാരൻ: നിൽക്ക് വശന്തശേനേ നിക്ക്. പരിഭ്രമിക്കരുത്, ഓടരുത്, പ്രസന്നയാകൂ. ഒന്നൽപ്പ നേരം നിന്നാൽ നീ മരിക്കില്ല. കാമാഗ്നിയിൽ വീണ എന്റെ പച്ചമനസ്സ് എരിയുന്നു എന്നത് സത്യമാണ്.

ഭൃത്യൻ: ആര്യകേ നിൽകൂ നിൽക്കൂ. ഗ്രീഷ്മത്തിലെ മയില്പേടയെ പോലെ എന്റെ അടുത്ത് നിന്നും ഓടിപ്പോകുന്നോ? കാട്ടിൽ പെട്ട കോഴിക്കുഞ്ഞിന്റെ എന്ന പോലെ നിന്റെ പിന്നാലെ എന്റെ സ്വാമി ഓടി പിന്തുടരുന്നുണ്ട്.

വിടൻ: വസന്തസേനേ നിൽക്കൂ നിൽക്കൂ. പേടിച്ച്, കാറ്റിൽ ഇളകുന്ന വസ്ത്രങ്ങൾ കൂട്ടിപ്പിടിച്ച് പേടികൊണ്ട് വാഴപോലെ വിറച്ച് ഓടുന്ന നിന്റെ തലമുടിയിൽ നിന്ന് ചുവന്നതാമരമൊട്ടുകൾ കൊഴിഞ്ഞ് വീഴുന്നു.

ശകാരൻ: നിൽക്ക് വശന്തശേനേ നിൽക്ക്. നീ എന്റെ കാമത്തെ വർദ്ധിപ്പിക്കുന്നു. എന്റെ രാത്രി ഉറക്കം കളയുന്നു. നീ ഇപ്പോൾ പേടിച്ച് ഓടുന്നു. നീ പേടിക്കാതെ രാവണന്റെ അടുത്ത് കുന്തി ചെന്നപോലെ എന്റെ അടുത്ത് വാ.

വിടൻ:വസന്തസേനേ, ഗരുഡനെ പേടിച്ചോടുന്ന പാമ്പിനെ പോലെ നീ എന്നെ വെട്ടിച്ച് ഓടിപ്പോകുന്നു. ഞാൻ കാറ്റിനെകൂടെ വെട്ടിച്ചോടും എന്ന് നിനക്കറിയില്ലേ? അതിനാൽ ഹേ സുന്ദരീ നിന്നെ ബലപ്രയോഗത്താൽ പിടിക്കാൻ എനിക്ക് ഒട്ടും പ്രയാസമില്ല.

ശകാരൻ: മഹാനുഭാവാ.. ഇവൾക്ക് ഈ വസന്തസേനയ്ക്ക് ഞാൻ, പണം കട്ടെടുക്കുന്നവരുടെ കാമാർത്തി ശാന്തമാക്കുന്നവൾ, മത്സ്യം തിന്നുന്നവൾ, നൃത്തക്കാരി, അഭിമാനമില്ലാത്തവൾ, കുലംകുത്തി, ആർക്കാലുംവശംവദ ആകാത്തവൾ, കാമഭരണി, വേശ്യ, സുന്ദരഭവനത്തിൽ വസിക്കുന്നവൾ, വേശ്യാലയത്തിലെ കാമിനി, വേശ്യക എന്ന് തുടങ്ങി പത്തിലധികം പേരുകൾ കൽപ്പിച്ച് നൽകിയിട്ടും അവൾ ഇന്നും എന്നെ ഇഷ്ടപ്പെടുന്നില്ല.
വിടൻ: ഓടുമ്പോൾ കവിളിൽ ഉരയുന്ന കമ്മലുകളോടെ, വിടന്റെ വിരൽ കൊണ്ട് വീണയപ്പോലെ മേഘഗർജ്ജനം കേട്ട് ഭയന്നോടുന്ന കൊറ്റിയെ പോലെ ഇപ്പോൾ നീ എന്തിനാണ് ഓടുന്നത്?

ശകാരൻ:രാമനെ പേടിച്ചോടുന്ന ദ്രൗപദി പോലെ, (ഓടുമ്പോൾ)ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങൾ ധരിച്ച് നീ ഇപ്പോൾ എന്തൈനാണ് ഓടുന്നത്? വിശ്വാവസു എന്ന് ഗന്ധർവ്വന്റെ സഹോദരി സുഭദ്രയെ ഹനൂമാൻ പിടിച്ചപോലെ, കട്ട് കൊണ്ടുപോയപോലെ ഞാൻ നിന്നെ ഇപ്പോൾ പിടിയ്ക്കുക തന്നെ ചെയ്യും.

ഭൃത്യൻ:ഹേ വസന്തസേനേ, രാജാവിന്റെ ഈ പ്രിയ അളിയനോടൊപ്പം രമിക്കൂ. അതുകൊണ്ട് ധാരാളം മത്സ്യമാംസാദികൾ ഭക്ഷിക്കൂ. അത്രനല്ല മത്സ്യമാംസാദികൾ കിട്ടുമെങ്കിൽ പട്ടി ശവം തിന്നുമോ? (ഇല്ല എന്നർത്ഥത്തിൽ)

വിടൻ: ഭവതി വസന്തസേനേ, അരയിൽ കെട്ടിയ രത്നഖചിതമായ ആഭരണങ്ങളോടെ, ക്രോധംകൊണ്ട് മുഖം ചുവപ്പിച്ച്, നഗരദേവതയെ പോലെ ഉള്ള നീ പേടിച്ച് ഓടുന്നതെന്തിനാണ്?

ശകാരൻ: കാട്ടിൽ, പെൺകുറുക്കനെ പിന്തുടരുന്ന നായകളെ പോലെ നിന്നെ പിന്തുടരുന്ന ഞങ്ങളെ  പിന്നിലാക്കി എന്റെ ഹൃദയവുമായി എങ്ങോട്ടാണ് നീ ഇത്രവേഗത്തിൽ ഓടുന്നത്?

വസന്തസേന: പല്ലവക.. ! പരഭ്രിതികേ.. നിങ്ങൾ എവിടെ ആണ്?

ശകാരൻ:(പേടിയോടെ) മഹാനുഭാവാ.. ഹേ മനുഷ്യാ..

വിടൻ: പേടിക്കരുത് പേടിക്കരുത്

വസന്തസേന: മാധവികാ.. ഓ മാധവികാ.. നീ എവിടെ? വരൂ വേഗം.

വിടൻ: (ചിരിച്ചുകൊണ്ട്) മൂർഖത്തി. വേലക്കാരെ വിളിച്ചുകൂട്ടുകയാണ്.

ശകാരൻ: (മഹാനു)ഭാവ, ഇവൾ എന്താണ് വേലക്കാരികളെ വിളിച്ചുകൂവുകയാണോ?

വിടൻ: പിന്നെ അല്ലാതെ?

ശകാരൻ: എനിക്ക് അനേകം സ്ത്രീകളെ കൊല്ലാൻ സാധിക്കും. ഞാൻ ഒരു ശൂരനാണ്.

വസന്തസേന: (ആരുമില്ലാത്തിടത്ത് നോക്കിയിട്ട്) അഹോ! എന്തൊരു ദൗർഭാഗ്യം! ദൗർഭാഗ്യം തന്നെ. വേലക്കാരുകൂടെ വിട്ട് പോയ എനിക്ക് ഈ സമയം എന്റെ രക്ഷ സ്വയം ചെയ്യേണ്ടിയിരിക്കുന്നു.

വിടൻ: തിരയൂ തിരയൂ.. അവളെ തിരയൂ

ശകാരൻ: വസന്തസേനേ നീ വിളിക്ക് നിന്റെ പരഭൃതികയേയും പലവകനേയും അല്ല വസന്തകാലത്തെ മുഴുവൻ വിളിച്ചോ. നിന്നെ ആരാ എന്റെ കയ്യിൽ നിന്നും രക്ഷിക്കുക? ജമദഗ്നിയുടെ മകൻ പരശുരാമരോ, ഭീമസേനനോ, കുന്തീപുത്രന്മാരയ അർജ്ജുനാദികളോ അല്ലെങ്കിൽ രാവണനോ ആരാ നിന്ന് രക്ഷിക്കുക എന്ന് കാണട്ടെ. എടീ വസന്തസേനേ, നിൽക്ക്. തലമുടിയിൽ നിന്ന് പിടിച്ച് ഞാൻ ദുശ്ശാസനനെ അനുകരിക്കട്ടെ. എടീ നോക്ക് എന്റെ വാൾ നല്ല മൂർച്ഛയുള്ളതാണ്. ഒറ്റവെട്ടിനു നിന്റെ സുന്ദരമായ തല വീഴും. ഇങ്ങനെ ഓടിയിട്ട് ഒരു കാര്യവുമില്ല. മരിയ്ക്കേണ്ടവൾ ജീവിച്ചിരിക്കുകയില്ല തീർച്ച.

വസന്തസേന: അയ്യയ്യോ! ആര്യ! ഞാൻ പാവമൊരു പെണ്ണാണേ. അബലയാണേ.

വിടൻ: അതുകൊണ്ടാ നീ ഇപ്പോഴും ജീവിച്ചിരിക്കുന്നത്.

ശകാരൻ: അതിനാലാണ് നിന്നെ കൊല്ലാത്തതും.

വസന്തസേന:(ആത്മഗതം) ഇവന്റെ വിനയം തന്നെ എന്നെ പേടിപ്പിക്കുന്നു. അതിനാൻ ഇങ്ങനെ ചെയ്യാം (ഉറക്കെ) നിങ്ങൾക്കെന്താ വേണ്ടത്? എന്നെ പിൻതുടരുന്നതെന്തിനാ? നിങ്ങൾക്കെന്റെ ആഭരണങ്ങളും രത്നങ്ങളും അല്ലേ വേണ്ടത്?

വിടൻ: ശാന്തം പാപം! എടീ വസന്തസേനേ, പൂന്തോട്ടക്കാരൻ ഒരിക്കലും തോട്ടത്തിലെ പൂമൊട്ടുകൾ കക്കാറില്ല.

വസന്തസേന: എന്നാലിപ്പോൾ നിങ്ങൾക്കെന്താ വേണ്ടത്?

ശകാരൻ: ദേവരൂപതുല്യനായ മനുഷ്യനായ വാസുദേവനായ എന്നെ നീ കാമിക്ക്

വസന്തസേന:(ദേഷ്യത്തോടെ) ശാന്തി ശാന്തി. മിണ്ടാതിരിക്കൂ. ദൂരെ പോകൂ. നീ അനുചിതമായ വാക്കുകൾ പറയുന്നു.

ശകാരൻ:(ചിരിച്ച് കയ്യടിച്ച് കളിയാക്കിക്കൊണ്ട്) മഹാനുഭാവ, മഹാനുഭാവാ.. ഒന്ന് നോക്കൂ. ഈ വേശ്യാപുത്രിയ്ക്ക് മനസ്സിൽ എന്നെ ഇഷ്ടമാണ്. അതിനാൽ ഇവളിപ്പോൾ എന്നോട് പറയുകയാണ്. “വരൂ ക്ഷീണിച്ചു ഞാൻ. ഖിനയായി ഞാൻ“ ഞാൻ മറ്റൊരു ഗ്രാമത്തിൽ/പട്ടണത്തിൽ പോയി വന്നതല്ലേ? ആര്യേ ഞാൻ അങ്ങന്യുടെ കാൽതൊട്ട് വന്ദിച്ച് ശപഥം ചെയ്യുന്നു നിന്റെ പിന്നാലെ ഓടിയോടി ഞാൻ ക്ഷീണിച്ചിരിക്കുന്നു.

വിടൻ:(ആത്മഗതം) ഈ പൊട്ടൻ ‘ശാന്തം’ എന്ന് പറഞ്ഞാൽ ‘ശ്രാന്തം’(=ക്ഷീണം) എന്ന് മനസ്സിലാക്കും. (ഉറക്കെ) വസന്തസേനേ, നീ വേശ്യകൾക്കുള്ള നിയമത്തിനുവിപരീതമായാണ് സംസാരിക്കുന്നത്.
(വേശ്യകൾ, ഗണികകൾ ആരു ധനം കൊണ്ട് വന്നാലും അവരെ സ്വീകരിക്കണം. അവർക്ക് സ്വകാര്യജീവിതം നിഷിധമാണ്)
നോക്ക്, വേശ്യകളുടെ ജീവിതം കാമിജനങ്ങളെ ആശ്രയിച്ചാണ് എന്ന് മനസ്സിലാക്കുക. അതിനാൽ ശകാരനെ അപമാനിക്കരുത്. ആലോചിയ്ക്ക്, വഴിയിലെ വള്ളിപോലെ ആണ് നീ. എല്ലാവർക്കും ഉപയോഗിക്കാവുന്ന വേശ്യ. വേശ്യയ്ക്ക് ധനം കൊടുത്ത് വാങ്ങാനാവുന്ന ശരീരമാണ്. അതിനാൽ നിനക്ക് പ്രിയമുള്ളവരേയും അപ്രിയമുള്ളവരേയും ഒരുപോലെ സ്വീകരിക്കണം.
കൂടാതെ,
വിദ്വാനായ ബ്രാഹ്മണനും മൂർഖനും വർണ്ണാധമനായ ശൂദ്രനും ഒരേ വെള്ളത്തിൽ കുളിക്കുന്നു. കോകപ്പക്ഷികളിരുന്നാലും കാക്കയിരുന്നാലും പുഷ്പവല്ലി താഴും. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും കടക്കുന്ന അതേ തോണിയിൽ തന്നെ ആണ് ശൂദ്രനും ഗംഗാനദി കടക്കുന്നത്. നീ ഒരു വേശ്യ ആണ്. അതിനാൽ നീ കുളക്കടവുപോലെ, വള്ളി പോലെ, തോണി പോലെ എല്ലാതരം ജനങ്ങളേയും സേവിക്കണം. അവർ തമ്മിൽ ഭേദഭാവം അരുത്.

വസന്തസേന: പ്രേമിക്കാൻ കാരണം ഗുണമാണ്. ബലാൽക്കാരമല്ല.

ശകാരൻ: മഹാനുഭാവ, ജനിച്ചമുതൽ ദാസിയായ ഇവൾ ഈ വസന്തസേന, അന്ന് കാമദേവന്റെ ഉദ്യാനത്തിൽ പോയതുമുതൽ ആ ദരിദ്രചാരുദത്തനിൽ അനുരാഗവതിയാണ്. എന്നെ അവൾക്ക് വേണ്ട. വശത്ത് ചാരുദത്തന്റെ വീടാണ്. ഇവൾ നമ്മുടെ കയ്യിൽ നിന്നും രക്ഷപ്പെടാതിരിക്കാനുള്ള ഉപായം താങ്കൾ ചെയ്താലും.

വിടൻ:(ആത്മഗതം) ഈ സംസ്ഥാനകൻ ഒരു വിഡ്ഢിതന്നെ. ഉറക്കെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ കൂടെ ഉറക്കെ തൊള്ളയിട്ട് പറയുന്നു. വസന്തസേന ചാരുദത്തനിൽ അനുരാഗവതി എങ്കിൽ അത് നല്ലതു തന്നെ. രത്നം രത്നത്തോടല്ലെ ചേരൂ. (വസന്തസേനയോട്) വസന്തസേനേ നീ പൊയ്ക്കൂ. ഈ മൂർഖനെ പറ്റി ചിന്തിച്ച് എന്ത് നേടാനാണ്? (ഉച്ചത്തിൽ സംസ്ഥാനകനോടായിട്ട്) എന്തേ പറഞ്ഞത്? ആ നല്ലവനായ കച്ചവടക്കാരന്റെ വീട് ഇടത് ഭാഗത്താണെന്നോ?

ശകാരൻ: പിന്നല്ലാതെ, അതാ ഇടത് ഭാഗത്ത് അയാളുടെ വീട് കാണുന്നു.

വസന്തസേന:(ആത്മഗതം) ആശ്ചര്യം തന്നെ. ഇടത് ഭാഗത്ത് ആണ് അദ്ദേഹത്തിന്റെ വീടെങ്കിൽ അപരാധം ചെയ്താണെങ്കിലും ഈ ദുഷ്ടനെ കൊണ്ട് ഗുണമുണ്ടായി. എനിക്ക് എന്റെ കാമുകനെ കാണാമല്ലൊ.

ശകാരൻ: അല്ലയോ വിടപ്രഭോ ഈ കൂരാകൂരിരുട്ടത്ത് ഞാൻ വസന്തസേനയെ തപ്പുകയാണ്. അത് പയറിനിടയിൽ ധാന്യമണി തിരയുന്നപോലെ ആണ്. ആകെ ഇരുട്ട് മാത്രം! വസന്തസേനയെ കാണുന്നില്ല.

വിടൻ: അതേ കൂരാകൂരിരുട്ട് തന്നെ. കാരണം, പ്രകാശത്തിൽ എല്ലാം കാണുന്ന എന്റെ കണ്ണുകൾ ഇരുട്ടത്ത് വന്നപ്പോൾ ശക്തിഹീനമായി തീർന്നിരിക്കുന്നു. കണ്ണ് തുറന്നിരുന്നാലും അടച്ചപോലെ തന്നെ. കൂടാതെ, ഇരുട്ട് അവയവങ്ങളെ കൂടെ ബാധിച്ചിരിക്കുന്നു. ആകാശം അഞ്ജനം വർഷിക്കുന്നു. ദുഷ്ടരെ സേവിക്കുന്ന പോലെ എന്റെ കണ്ണുകൾ നിരർത്ഥകങ്ങളായിരിക്കുന്നു.

ശകാരൻ: ഞാൻ വസന്തസേനയെ തിരയുകയാണ്.

വിടൻ: അവളുടെ എന്തെങ്കിലും ഒരു അടയാളം കിട്ടിയോ?

ശകാരൻ: എന്ത് അടയാളം?

വിടൻ: ആഭരണങ്ങൾ ഇളകുന്ന സ്വരമോ രത്നങ്ങളുടെ തിളക്കമോ മറ്റെന്തെങ്കിലും? അല്ലെങ്കിൽ അവളുടെ പൂമാലകളുടെ സുഗന്ധം?

ശകാരൻ: എനിക്ക് പൂമാലകളുടെ മണം കേൾക്കുന്നുണ്ട്. പക്ഷെ മൂക്കിൽ മുഴുവൻ ഇരുട്ട് നിറഞ്ഞതനാൽ ആഭരണങ്ങളുടെ ശബ്ദം ഞാൻ കാണുന്നില്ല.

വിടൻ: (വസന്തസേനയോട് മാത്രം കേൾക്കാൻ പാകത്തിൽ) വസന്തസേനേ, മേഘത്തിൽ ഒളിച്ചിരിക്കുന്ന മിന്നലിനെ പോലെ, ഇപ്പോൾ ഈ ഇരുട്ടിൽ നിന്നെ കാണാൻ പറ്റുന്നില്ല ശരി തന്നെ, പക്ഷെ നിന്റെ പൂമാലകൾ വമിപ്പിക്കുന്ന സുഗന്ധം, അല്ലെങ്കിൽ നിന്റെ ശബ്ദിക്കുന്ന പാദസരങ്ങൾ നിന്നെ ചതിക്കും. കേൾക്കുന്നുണ്ടോ വസന്തസേനെ?

വസന്തസേന:(ആത്മഗതം) കേട്ടു എന്ന് മാത്രമല്ല മനസ്സിലാവുകയും ചെയ്തു. (ഉടൻ പൂമാലകൾ എല്ലാം അഴിച്ച് ദൂരെ എറിഞ്ഞ്, ഒന്ന് ചുറ്റിനടന്ന്, കൈകൾ കൊണ്ട് തൊട്ടുനോക്കി, ആഭരണങ്ങൾ എല്ലാം അഴിച്ച് കയ്യിൽ പിടിച്ച്, വശത്തുള്ള ചുമരിന്മേൽ കൈകൊണ്ട് തപ്പിക്കൊണ്ട്). ഹോ! ഇത് വശത്തെ വാതിലാണെന്ന് തോന്നുന്നു. മാത്രമല്ല ഇത് അടച്ചിട്ടിരിക്കുകയുമാണ്.

ചാരുദത്തൻ: സ്നേഹിതാ, എന്റെ ജപവും പൂജകളും ധ്യാനവും ഒക്കെ കഴിഞ്ഞു. ഇനി നീ പോയി സന്ധ്യാവന്ദനവും ധ്യാനവുമൊക്കെ കഴിക്കൂ.

മൈത്രേയൻ: ഞാൻ പോകുന്നില്ല.

ചാരുദത്തൻ: അഹോ കഷ്ടം! ആകട്ടെ അപ്പോൾ ദരിദ്രജനങ്ങൾ പറയുന്നത് അവരുടെ സുഹൃത്തുക്കൾ കൂടെ കേൾക്കില്ല. ഏറ്റവും പ്രിയകൂട്ടുകാർ കൂടെ വൈമുഖ്യം നടിയ്ക്കുന്നു. ആപത്തുകൾ കൂടിവരുന്നു. സത്വം ക്ഷയിക്കുന്നു. ശീലമാകുന്ന ചന്ദ്രന്റെ കാന്തി മങ്ങുന്നു. കുറ്റങ്ങൾ മറ്റുള്ളവർ ചെയ്തതെങ്കിലും അത് ദരിദ്ര്യൻ ചെയ്തതായി എല്ലാവരും കരുതുന്നു.  
കൂടാതെ,
ആർക്കും ദരിദ്ര്യന്റെ കൂടെ വസിക്കണ്ട. ആരും ദരിദ്രനോട് ആദരപൂർവ്വം സംസാരിക്കില്ല. ധനവാന്റെ വീട്ടിൽ വരുന്ന നിർധനനെ ചെറുതായി മാത്രമെ കാണുകയുള്ളൂ. വസ്ത്രമില്ലാത്തതിനാൽ നിർധനൻ വലിയവരിൽ നിന്നും ദൂരെ മാറി മാത്രമേ സഞ്ചരിക്കൂ. അതിനാൽ തന്നെ ചാരുദത്തനായ ഞാൻ പറയുന്നു പഞ്ചമഹാപാപങ്ങളുടെ ആറാമത്തെ മഹാപാപമായി ദാരിദ്യത്തെ കൂട്ടാം.
അതുംകൂടാതെ,
ഹേ ദാരിദ്ര്യമേ, ഞാൻ മരിച്ച് പോയാൽ നീ എവിടെ പോകും എന്ന് മാത്രമാണ് എന്റെ ചിന്ത.

മൈത്രേയൻ:(ലജ്ജയോടെ)  ആട്ടെ പ്രിയകൂട്ടുകാരാ, ഞാൻ പോകണമെങ്കിൽ പോകാം. പക്ഷെ എനിക്ക് കൂട്ടായി രദനികയെ കൂടെ നീ വിട്ട് തരണം.

ചാരുദത്തൻ: രദനികേ, നീ കൂടെ പോകൂ.

രദനിക: അങ്ങയുടെ ആജ്ഞ പോലെ തന്നെ.

മൈത്രേയൻ: ഹേ രദനികേ, ബലിയും വിളക്കുമെടുക്കൂ. ഞാൻ ഈ വശത്തെ വാതിൽ തുറക്കാം.

വസന്തസേന: എന്നെ സഹായിക്കാനായിട്ട് തന്നെ വാതിൽ ഇതാ തുറന്ന് കഴിഞ്ഞു. ഞാൻ അകത്ത് കയറട്ടെ. (നോക്കിയിട്ട്) അയ്യയ്യോ ഇതെന്താ ഈ വെളിച്ചം. ഇതെന്ന് ചതിയ്ക്കുമല്ലൊ (എന്ന് പറഞ്ഞ് വസ്ത്രാഞ്ചലം കൊണ്ട് കെടുത്തിക്കൊണ്ട് ഉള്ളിലേക്ക് പ്രവേശിക്കുന്നു)

ചാരുദത്തൻ: എന്ത് പറ്റി മൈത്രേയാ?

മൈത്രേയൻ: ഞാൻ വാതിൽ തുറന്നതേ ഉള്ളൂ കാറ്റ് വന്ന് തിരി അണച്ചു. രദനികാ, നീ പാർശ്വവാതിലിലൂടെ പുറത്ത് കടക്കൂ. ഈ തിരി അകത്തുപോയി കത്തിച്ച്,  ഞാൻ ഇതാ വരുന്നു.

(ഇതും പറഞ്ഞ് മൈത്രേയൻ അകത്ത് നാലുകെട്ടിലേക്ക് പോകുന്നു)

ഇതേ സമയം വീട്ടിനുപുറത്തുള്ള തെരുവിൽ,

ശകാരൻ: വിടപ്രഭോ വിടപ്രഭോ ഞാൻ വസന്തസേനയെ അന്വേഷിക്കുകയാണ്.

വിടൻ: അന്വേഷിക്കൂ അന്വേഷിക്കൂ.
ശകാരൻ: ആഹാ കിട്ടിപ്പോയി കിട്ടിപ്പോയി.
എന്ന് പറഞ്ഞ് ഇരുട്ടിൽ തപ്പി തപ്പി വിടനെ തന്നെ കടന്ന് പിടിച്ചു. വിടനാകട്ടെ ദേഷ്യം വന്നു.

വിടൻ: എടാ ശുംഭാ ഇത് ഞാനാണ്.

ശകാരൻ: അപ്പോ താങ്കൾ ഇവിടെ തന്നെ നിൽക്ക് ഞാൻ വസന്തസേനയെ അന്വേഷിക്കട്ടെ.
(എന്ന് പറഞ്ഞ് ഇരുട്ടിൽ പിന്നേയും അന്വേഷണം തുടങ്ങി. ഇത്തവണ സംസ്ഥാനകൻ കയറി പിടിച്ചത് ഭൃത്യനെ ആയിരുന്നു.)

ഭൃത്യൻ: സ്വാമീ ഇത് അടിയൻ, അങ്ങയുടെ വേലക്കാരനാണ്.

ശകാരൻ: ഇവിടെ മഹാനുഭാവൻ, അവിടെ വേലക്കാരൻ. മഹാനുഭാവൻ വേൽക്കാരൻ വേലക്കാരൻ മഹാനുഭാവൻ.. എന്നാൽ നിങ്ങൾ രണ്ടാളുകളും നിന്നിടത്ത് തന്നെ നിൽക്ക്
(എന്ന് പറഞ്ഞ് ഇരുട്ടിൽ വീണ്ടും വസന്തസേനയെ തപ്പാൻ തുടങ്ങി. ഇത്തവണ കടന്ന് പിടിച്ചത് ചാരുദത്തന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ രദനികയെ ആയിരുന്നു.)
കിട്ടിപ്പോയീ മഹാനുഭാവാ ഇത്തവണ ഞാൻ വസന്തസേനയെ തന്നെ പിടികൂടി. ഇരുട്ടിൽ ഓടുമ്പോൾ മാലയുടെ സുഗന്ധം കൊണ്ട് ഞാൻ ചാണക്യൻ പിടിച്ച ദ്രൗപദിയെ പോലെ അവളെ പിടിച്ചു. (അവളുടെ തലമുടിയിൽ തന്നെ പിടിച്ചു എന്നർത്ഥം)

വിടൻ: ഈ വസന്തസേന അവളുടെ യൗവ്വനത്തിന്റെ പുഷ്ടി കുലീനനായ ചാരുദത്തന്റെ കൂടെ ചെലവഴിക്കാൻ പോകുന്നു. എന്നാൽ നിന്റെ മുടിക്കുത്തിലതാ ഒരുത്തൻ പിടികൂടിയിരിക്കുന്നു.

ശകാരൻ: എടി മോളേ, മുടിക്കുത്തിൽ തന്നെ നിന്നെ പിടിയ്ക്കാൻ പറ്റി. ഇനി നീ നിലവിളിച്ചോ, ചീത്തപറഞ്ഞോ ശിവ, ശംഭു ശങ്കരന്മാരെ ഒക്കെ ഉറക്കെ വിളിച്ചോ. എനിക്ക് ഒരു പേടിയുമില്ല.

രദനിക: (മൈത്രേയന്റെ കൂടെ ഇറങ്ങാൻ തുടങ്ങിയ രദനികയ്ക്ക് ഇതിലും വലുത് എന്ത് വരാൻ? അവളാകെ പേടിച്ച്) എന്ത്? എന്താ ചെയ്യുന്നത്? നിങ്ങൾ ആരാ?
(എന്നൊക്കെ ഉച്ചത്തിൽ കരയാൻ തുടങ്ങി.)

(സംസ്ഥാനകൻ കയറി പിടിച്ചത് വസന്തസേനയെ അല്ലാ എന്ന് രദനികയുടെ ശബ്ദം കേട്ട് വിടനു മനസ്സിലായി.)
വിടൻ: ശപ്പാ, ശബ്ദവ്യത്യാസമുണ്ടല്ലൊ, ഇത് വസന്തസേന അല്ല.

സംസ്ഥാനകൻ: അല്ലാ അല്ലാ ഇവൾ അവൾ തന്നെ. പൂച്ച ശബ്ദം മാറ്റി കരയുന്ന പോലെ ഇവൾ അടവെടുക്കുകയാണ്.

വിടൻ: ശബ്ദം ഇത്രയും ഗംഭീരമായി ശബ്ദമാറ്റം വരുത്തുകയോ! അത്ഭുതം തന്നെ. അല്ല, ആലോചിച്ചാൽ ഗീതവാദ്യനാട്യനടനങ്ങൾ അഭ്യസിച്ച വസന്തസേനയ്ക്ക് ചെയ്യാൻ പറ്റാത്തതല്ല ശബ്ദം മാറ്റുന്നത്. (ശബ്ദം മാറ്റാനും അവൾ നിപുണയാണ് എന്നർത്ഥത്തിൽ)

(അതേ സമയം മൈത്രേയൻ അകത്തുപോയി തിരിവിളക്ക് കത്തിച്ച് പുറത്ത് കടന്നു. കാറ്റത്താടുന്ന വിളിക്കിനെസംരക്ഷിച്ചുകൊണ്ട്)
മൈത്രേയൻ: ആശ്ചര്യം തന്നെ. പ്രദോഷസന്ധ്യയിലെ കാറ്റുകൊണ്ട് വിളക്ക് അണഞ്ഞു. (രദനികയുടെ അടുത്ത് ചെന്ന്) ഹേ രദനികേ.

ശകാരൻ: (മൈത്രേയന്റെ ശബ്ദം കേട്ട്) അയ്യോ മഹാനുഭാവാ പുരുഷൻ.. ഇതാ ഒരു പുരുഷൻ.
മൈത്രേയൻ: അത് ശരി. വളരെ ശരി. ദരിദ്രനാണേന്ന് കരുതി ചാരുദത്തന്റെ വീട്ടിലേക്ക്  അപരിചിതർ അതിക്രമിച്ച് കയറുവാൻ തുടങ്ങുന്നൊ? ഇത് ശരിയല്ല.

രദനിക: ആര്യ മൈത്രേയ, എന്നെ അപമാനിക്കുന്നത് കാണൂ.

മൈത്രേയൻ: എന്ത് നിന്നെ അപമാനിക്കുന്നുവോ? അത് നമ്മളെ എല്ലാവരേയും അപമാനിക്കുന്നതിനു തുല്യമാണല്ലൊ.

രദനിക: അതെ നിങ്ങളേവരേയും അപമാനിക്കുന്നു.

മൈത്രേയൻ: എന്ത് ബലാൽക്കാരം ചെയ്യുന്നുവോ?

രദനിക: പിന്നെ എന്താണിവർ ചെയ്യുന്നത്?

മൈത്രേയൻ: സത്യം?

രദനിക: സത്യം തന്നെ.

മൈത്രേയൻ: (ദേഷ്യത്തോടെ വിറകുകഷ്ണം എടുത്ത്) അത് പറ്റില്ല. അവനവന്റെ വീട്ടിൽ നായയ്ക്കുമുണ്ട് ശൗര്യം. ഞാനാകട്ടെ ഒരു ബ്രാഹ്മണനും ആണ്. ഞാൻ ഈ വടികൊണ്ട് ദുഷ്ടാ, നിന്റെ തല പൊട്ടിയ്ക്കുന്നുണ്ട്.

വിടൻ: മഹാബ്രാഹ്മണാ ക്ഷമിയ്ക്കൂ ക്ഷമിച്ചാലും

മൈത്രേയൻ: (വിടനെ കണ്ട്) ഇവനല്ല ബലാൽക്കാരം ചെയ്യുന്നത്. (ശകാരനെ നോക്കി)
ഹോ! സംസ്ഥാനകൻ! നീ രാജാവിന്റെ അളിയനല്ലെ? ദുഷ്ടാ! ഭീരു! ഇത് നീ ചെയ്യുന്നത് ഉചിതമാണോ? ചാരുദത്തൻ ഇപ്പോൾ ദരിദ്രനായിരിക്കാം. എന്നാലും ഉജ്ജയനി മുഴുക്കെ അറിയപ്പെടുന്ന സാത്വികനാണ്. അവനോട് നീ ഇത് ചെയ്യുന്നത് ഉചിതമാണോ ദുഷ്ടാ? അവന്റെ (ദരിദ്രചാരുദത്തന്റെ) വീട്ടിലേക്ക് കടന്നു കയറുക, അതും പോരാത്തതിനു അവന്റെ പരിചാരികമാരെ ഉപദ്രവിക്കുക! ഇതൊക്കെ അപരാധമാണ് എടാ ദുഷ്ടാ! ദരിദ്രനാണെന്ന് വിചാരിച്ച് ഇങ്ങനെ അപമാനിക്കരുത്. യമരാജാവിന്റെ മുന്നിൽ ആരും ദരിദ്രരല്ല.

വിടൻ:(ലജ്ജയോടെ) ക്ഷമിക്കണം ബ്രാഹ്മണ! ഞങ്ങൾ ഇവളെ അല്ലാ അന്വേഷിച്ചത്. മറ്റൊരു സ്ത്രീ വേശ്യയെ ആയിരുന്നു.

വിദൂഷകൻ: എന്ത് ഇവളേയോ?

വിടൻ: ശാന്തം പാപം! യൗവ്വനയുക്തയായ മറ്റൊരു കാമിനിയെ (വേശ്യയെ) ആയിരുന്നു ഞങ്ങൾ തേടിയത്. അവളാകട്ടെ അപ്രത്യക്ഷമായി. അവളെ അന്വേഷിക്കുന്നതിനിടയിൽ ഈ തെറ്റ് സംഭവിച്ചതാണ്. അല്ലാതെ ചാരുദത്തന്റെ ദാരിദ്ര്യം കൊണ്ട് സംഭവിച്ചതല്ല. എന്റെ തെറ്റ് സമ്മതിച്ചിരിക്കുന്നു. (എന്നും പറഞ്ഞ് തന്റെ വാളും ഉതതരീയവുമൊക്കെ അഴിച്ച് മൈത്രേയന്റെ കാൽക്കൽ വെച്ച് താണുവീണു ക്ഷമ യാചിച്ചു കൊണ്ട് കിടപ്പായി.)

മൈത്രേയൻ: എഴുന്നേൽക്കൂ എഴുന്നേൽക്കൂ സദാചാരിയായ മനുഷ്യാ എഴുന്നേൽക്കൂ. നിന്നെ അറിയാതെ ഞാൻ നിന്ദിച്ചതാണ് അതിനാൽ ക്ഷമചോദിക്കുന്നു.

വിടൻ: ഞാൻ താങ്കളോട് ആണ് ക്ഷമയാചിക്കുന്നത്. അതിനാൽ ഞാനൊരു ഉപാധിയോടെ അങ്ങയുടെ കാൽക്കൽ നിന്ന് എഴുന്നേൽക്കാം.

മൈത്രേയൻ: അതെന്താണ്, ആ ഉപാധി? പറയൂ

വിടൻ: ഇപ്പോൾ നടന്ന കാര്യങ്ങൾ ഒന്നും തന്നെ ചാരുദത്തൻ അറിയാൻ പാടില്ല. അദ്ദേഹത്തെ ഒന്നും അറിയിക്കില്ല എന്ന് ഉറപ്പ് തരണം.

മൈത്രേയൻ: ഓ! അത്രേഉള്ളൂ! ഞാൻ നിശബ്ദനായിരിക്കാം. ഇതിനെ പറ്റി ഒന്നും പറയില്ല.

വിടൻ: അല്ലയോ ബ്രാഹ്മണാ! (നിങ്ങളുടെ) നന്മ എന്ന ആയുധത്തിനു മുന്നിൽ ഞങ്ങൾ ആയുധധാരികൾ എങ്കിലും തോറ്റിരിക്കുന്നു.

ഇത് കേട്ട് നിൽക്കുന്ന സംസ്ഥനകനു ഇതൊന്നും ദഹിക്കുന്നില്ല.
ശകാരൻ: (ദേഷ്യത്തോടെ ഈർഷ്യയോടെ) ഹേ വിടപ്രഭോ! താങ്കൾ എന്തിനാണിങ്ങനെ താണുതൊഴുത് നിസ്സഹായനായി ഈ മനുഷ്യപ്പുഴുവിന്റെ മുന്നിൽ നിൽക്കുന്നത്?

വിടൻ: എനിക്ക് ഭയമാണ്

ശകാരൻ: താങ്കൾ എന്തിനെ ആണ് ഭയക്കുന്നത്?

വിടൻ: ചാരുദത്തന്റെ സദ്ഗുണങ്ങളെ.

ശകാരൻ: (ചാരുദത്തനു അദ്ദേഹത്തിന്റെ) വീട്ടിൽ ചെന്നാൽ കൂടെ ഒന്നും ഭക്ഷിക്കാൻ കൊടുക്കാൻ ഇല്ല. അത്ര ദരിദ്രനായ അവനു എന്തു യോഗ്യത? എന്ത് ഗുണം?

വിടൻ: അല്ല അല്ല. അങ്ങിനെ പറയരുത്. അദ്ദേഹത്തിന്റെ ദാനധർമ്മങ്ങൾ അദ്ദേഹത്തെ ദരിദ്രനാക്കിയിരിക്കാം. എന്നാൽ ധനവാനായിരുന്നിട്ടും അദ്ദേഹം ആരേയും അപമാനിച്ചിട്ടില്ല.  പക്ഷെ നിറഞ്ഞ കുളമേ, വേനൽക്കാലത്ത് ദാഹജലം മറ്റുള്ളവർക്ക് നൽകുന്ന നിറഞ്ഞ പൊയ്കപോലെ അദ്ദേഹം ലോകത്തിന്റെ ദാഹം ശമിപ്പിച്ചിരുന്നവനാണ്. അതിനാൽ ദാരിദ്ര്യം വന്നുചേർന്നതാണ്.

വിടൻ:(അമർഷത്തോടെ) ജന്മകൊണ്ട് തന്നെ ദാസീപുത്രനായ അവനാര്? വീരശൂരപരാക്രമിയയ പാണ്ഡുവിന്റെ മകൻ ശ്വേതകേതുവോ? ഇന്ദ്രനിൽ നിന്നും വരം വാങ്ങിയ രാധയുടെ മകൻ രാവണനോ? അഥവാ പ്രസിദ്ധനായ രാമനു കുന്തിലുണ്ടായ മകൻ അശ്വഥാമാവോ? അതോ യമരാജാവിന്റെ മകൻ ജയാടുവോ? അല്ല, അവനാരാ?

വിടൻ: വിഡ്ഢീ. ഞാൻ പറയാം ചാരുദത്തൻ ആരെന്ന്. ദീനദയാലുവാണവൻ. സദ്ഗുണങ്ങളാകുന്ന ഫലങ്ങൾ നിറഞ്ഞ് താഴ്ന്ന് നിൽക്കുന്ന കല്പവൃക്ഷം ആണവൻ. സജ്ജനങ്ങളുടെ ബന്ധുവാണവൻ. ജ്ഞാനികളുടെ കണ്ണാടിയാണ്.  സദാചാരത്തിന്റെ ഇരിപ്പിടമാണ്. സദ്സ്വഭാവങ്ങളുടേ സമുദ്രമാണവൻ. സത്ക്കാരപ്രിയനും ആരേയും അപമാനിക്കാത്തവുനും ആണ്. പുരുഷഗുണങ്ങളുടെ നിധിയാണവൻ. സരളസ്വഭാവി. ശ്ലാഘനീയനുമണവൻ. അവനിരിക്കുമ്പോൾ ജീവിക്കാത്തവന്റെ ജീവിതം വ്യർത്ഥമാണ്.  
അതിനാൽ ഒക്കെ കണ്ട് ഹേ സംസ്ഥാനക, നമുക്ക് ഇവിടന്ന് ഉടൻ പോകാം.

ശകാരൻ: വസന്തസേനയെ കൂടാതെ പോവുകയോ?
വിടൻ: അതിനു വസന്തസേന അപ്രത്യക്ഷമായല്ലൊ.

ശകാരൻ: അതെങ്ങനെ? എങ്ങനെ അപ്രത്യക്ഷമാകും?

വിടൻ: രോഗിയുടെ ആരോഗ്യം പോലെ. അല്ലെങ്കിൽ അന്ധന്റെ കാഴ്ചശക്തി പോലെ. അതുമല്ലെങ്കിൽ വീണ്ടുവിചാരമില്ലാത്തവന്റെ ബുദ്ധി പോലെ. അതും അല്ലെങ്കിൽ ക്രുദ്ധന്റെ സ്നേഹം പോലെ. മന്ദബുദ്ധിയുടെ വേദജ്ഞാനം പോലെ അവൾ അപ്രത്യക്ഷമായി.

ശകാരൻ: ഞാൻ വസന്തസേനയെ കൂടാതെ ഇവിടന്ന് പോകില്ല.

വിടൻ: താങ്കൾ ഇത് കേട്ടിട്ടുണ്ടോ? കുതിരയെ നിലയ്ക്ക് നിർത്താൻ കടിഞ്ഞാൺ വേണം. ആനയെ നിലയ്ക്ക് നിർത്താൻ ചങ്ങല വേണം. സ്ത്രീയെ നിർത്താൻ ഹൃദയം വേണം. നിനക്കതൊന്നും ഇല്ലെങ്കിൽ ഇവിടം വിട്ട് പോകൂ.

ശകാരൻ: നീ പോകുന്നെങ്കിൽ പൊയ്ക്കോ. ഞാൻ ഇല്ല.

വിടൻ: വളാരെ നല്ലത്, എന്നാൽ ഞാൻ പോകുന്നു. (അങ്ങനെ വിടൻ പോയി.)

ശകാരൻ: ആ മഹാനുഭാവൻ പോയി. എന്നാൽ കാക്കക്കഴുത്തുപോലുള്ള എടാ ദുഷ്ട വടുകാ, ഇരിക്കവിടെ ഇരിക്ക്.

മൈത്രേയൻ: ഞങ്ങളെ ഇരിപ്പിടത്തിൽ ആസനസ്ഥനാവാൻ ക്ഷണിച്ചിട്ടുണ്ടല്ലൊ.

സംസ്ഥാനകൻ: ആരാൽ നിങ്ങൾ ക്ഷണിക്കപ്പെട്ടു?

മൈത്രേയൻ: ഭാഗ്യദേവനാൽ

സംസ്ഥാനകൻ:എന്നാൽ എഴുന്നേൽക്ക്. ഇരിക്കരുത്

മൈത്രേയൻ:അതു തന്നെ ആണ് ഇപ്പോൾ ചെയ്യുന്നത്.

സംസ്ഥാനകൻ: എപ്പോൾ?

മൈത്രേയൻ: ഭാഗ്യം ഞങ്ങളെ വീണ്ടും അനുഗ്രഹിയ്ക്കുമ്പോൾ.

സംസ്ഥാനകൻ: എന്നാൽ കരയൂ കരയൂ

മൈത്രേയൻ: ഞങ്ങൾ കരഞ്ഞല്ലൊ.

സംസ്ഥാനകൻ: ആരാ നിങ്ങളെ കരയിപ്പിച്ചത്?

മൈത്രേയൻ: ദാരിദ്ര്യം

സംസ്ഥാനകൻ: എന്നാ ചിരിക്കൂ ചിരിക്കൂ

മൈത്രേയൻ:ഞങ്ങൾ ചിരിക്കും
സംസ്ഥാനകൻ: എപ്പോൾ ചിരിക്കും?

മൈത്രേയൻ: ചാരുദത്തൻ ഒരിക്കൽ കൂടെ സന്തോഷവാനായി സമൃദ്ധിയുള്ളവനായി കാണുമ്പോൾ.

സംസ്ഥാനകൻ:എടാ ദുഷ്ട ബ്രാഹ്മണപുത്രാ, നിന്റെ ആ ദരിദ്രവാസിയായ ചാരുദത്തനോട് ഞാൻ പറഞ്ഞതായി പറയ്: “സർവ്വാഭരണവിഭൂഷിതയും സുന്ദരിയുമായ ആ വേശ്യ, വസന്തസേന അവനോട് പ്രണയത്തിൽ ആണ്. ഞങ്ങൾ അവളെ ബലപ്രയോഗത്താൽ പ്രാപിക്കാൻ ശ്രമിച്ചു. അവൾ ഓടി അവന്റെ വീട്ടിൽ കയറി. ഇനി അവളെ എന്റെ കയ്യിൽ കൊണ്ട് താ. കൊണ്ട് തന്നാൽ നിനക്ക് കോടതി കയറാതെ കഴിയാം. എന്നാൽ നമുക്ക് എപ്പോഴും സുഹൃത്തുക്കളായും കഴിയാം. പക്ഷെ, അവളെ കൊണ്ട് തന്നില്ലെങ്കിൽ മരണം വരെ ഞാൻ മറക്കില്ല.അനുഭവിക്കും അവൻ.”
കൂടാതെ,
ചാണകം മുക്കിയഞെട്ടുള്ള കുമ്പളങ്ങ, ഉണക്കപച്ചക്കറി, നെയ്യുചേർത്ത മാംസം, ഹേമന്തരാത്രി വെച്ച ചോറ് ഇവയൊന്നും അധികം വെച്ചാലും ചീയില്ല. (വസന്തസേനയെ അയക്കാത്തതിൽ ചാരുദത്തനോടുള്ള വൈരം പെട്ടെന്ന് തീരില്ല എന്നർത്ഥത്തിൽ)
അവനോട് ഇത് ശക്തമായി കൃത്യതയോടെ പറയ്. നീ ഇത് പറയുന്നത് എനിക്കെന്റെ കൊട്ടാരത്തിലെ മട്ടുപ്പാവിലിരിക്കുമ്പോൾ കേൾക്കണം. അതല്ല എങ്കിൽ നിന്നെ ഞാൻ വാളുകൊണ്ടൊരു പഴം മുറിക്കുന്നതുപോലെ മുറിക്കും.

മൈത്രേയൻ: ശരി ശരി ഞാൻ പറയാം എല്ലാം.

ശകാരൻ:(മാറി നിന്ന് നോക്കി) എടാ വേലക്കാര, മഹാനുഭാവനു (വിടൻ) ശരിയ്ക്കും പോയോ?

ഭൃത്യൻ: പിന്നല്ലാതെ?

ശകാരൻ: എന്നാൽ നമുക്കും പെട്ടെന്ന് പോകാം.

ഭൃത്യൻ: എന്നാൽ സ്വാമീ അങ്ങ് വാൾ എടുക്കൂ.

ശകാരൻ: അത് നീ തന്നെ പിടിച്ചോ

ഭൃത്യൻ: ഈ വാൾ അങ്ങയുടേതാണ്. സ്വാമി തന്നെ എടുത്താലും.

ശകാരൻ:(വിപരീതമായി വാൾ പിടിച്ച്) ഈ തുടുത്ത വാളും ഉറയിൽ തിരിച്ചിട്ട് കുരയ്ക്കുന്ന പട്ടികളുടെ പിന്നാലെ പോകുന്ന കുറുക്കനെ പോലെ ഞാൻ വീട്ടിലേക്ക് പോവുകയാണ്. (ചുറ്റിനടന്ന് പോകുന്നു)
മൈത്രേയൻ: ഭവതി രദനികേ, ഈ കാര്യങ്ങൾ ഒന്നും ഭവതി ചാരുദത്തനോട് പറയരുത്. അല്ലേങ്കിലേ അദ്ദേഹം ദാരിദ്ര്യദുഃഖത്താൽ വിഷമിച്ചിരിക്കുകയാണ്. ഇതുകൂടെ അറിഞ്ഞാൽ ദുഃഖം ഇരട്ടിയ്ക്കും.

രദനിക: ആര്യ മൈത്രേയാ, രദനിക, അവളുടെ നാവിനു നല്ല നിയന്ത്രണം വെയ്ക്കുന്നവൾ ആണ്..

മൈത്രേയൻ: അപ്രകാരം തന്നെ ആയിരിക്കട്ടെ.

ഈ സമയം ചാരുദത്തനും വസന്തസേനയും വീട്ടിനുള്ളിൽ ആണല്ലൊ. വസന്തസേന വീടിനുള്ളിൽ വന്ന വിവരം ശുദ്ധഹൃദയനായ ചാരുദത്തൻ ആകട്ടെ അറിഞ്ഞിട്ടുമില്ല. അദ്ദേഹം വസന്തസേനയോട്, അവൾ രദനിക ആണെന്ന് കരുതി പറഞ്ഞു:

ചാരുദത്തൻ: (വസന്തസേനയോട്), അല്ലയോ രദനികേ, രോഹസേനനു ശുദ്ധവായു ഇഷ്ടമാണെന്ന് അറിയാമല്ലൊ. എന്നാൽ ഈ സന്ധ്യയിലെ തണുത്ത ശുദ്ധവായു കൊണ്ടാൽ അവനു ജലദോഷം പിടിക്കും. അവനെ അകത്തുകൊണ്ട് പോയി ഈ വസ്ത്രം കൊണ്ട് പുതപ്പിക്കൂ.
(ഇതും പറഞ്ഞ് ചാരുദത്തൻ അദ്ദേഹത്തിന്റെ ദേഹത്തുള്ള വേഷ്ടി വസന്തസേനയുടെ കയ്യിൽ കൊടുക്കുന്നു.)

(വസന്തസേനയെ ശരിയ്ക്കും ശ്രദ്ധിക്കാതെ, ചാരുദത്തനെ രദനിക ആണെന്ന് മാറി ധരിച്ചാണ് ഇനിയുള്ളവ)

വസന്തസേന: (ആത്മഗതം) ഇദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാൻ ഇദ്ദേഹത്തിന്റെ സേവിക ആണെന്നാണ്. (വേഷ്ടി വാങ്ങി അതിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ട് വീണ്ടും ആത്മഗതം) ഒഹ്! എന്തസ്സൽ! ഈ വേഷ്ടി, മുല്ലപ്പൂവിന്റെ മണം കൊണ്ട് പരിമളം പരത്തുന്നു. എന്തായാലും ഇദ്ദേഹത്തിന്റെ യൗവ്വനക്കാലം ലൗകികസുഖങ്ങൾക്ക് മുഖം തിരിച്ചിട്ടില്ല.

ചാരുദത്തൻ: രദനികേ,  രോഹസേനനേയും കൊണ്ട് അകത്ത് പോകൂ.

വസന്തസേന:(ആത്മഗതം) ഹാ! കഷ്ടം എനിക്ക് അകത്തേക്ക് പ്രവേശനം ഇല്ലല്ലൊ. (ഇത് വീടിനകത്തേക്കും ആകാം ചാരുദത്തന്റെ മനസ്സിനകത്തേക്കും ആകാം)

ചാരുദത്തൻ: വരൂ രദനികേ, നീയെന്താ ഉത്തരം ഒന്നും പറയത്തത്? വല്ലാത്ത കഷ്ടം തന്നെ! ഭാഗ്യംദോഷം കൊണ്ട് ദരിദ്രനായി ഒരു പുരുഷൻ കഴിയുമ്പോൾ പഴയ സുഹൃദ്ബന്ധങ്ങൾ ഒന്നും നിലനിൽക്കില്ല.അപ്പോൾ പഴയ ആത്മമിത്രങ്ങൾ തന്നെ വിരക്തി കാണിയ്ക്കും!

മൈത്രേയൻ: (രദനികയുടെ സമീപം ചെന്നുകൊണ്ട്): സുഹൃത്തേ ആ രദനിക ഇതാ ഇവിടെ ആണല്ലൊ.

ചാരുദത്തൻ: ങ്ഹേ, ഇതാ നമ്മുടെ രദനിക! എങ്കിൽ അറിവില്ലായ്മ കൊണ്ട് എന്റെ വേഷ്ടിയിലെ അഴുക്കുകൊണ്ട് ദേഹം ദൂഷിതയാക്കിയ അപര ആരാണ്?

വസന്തസേന: (ആത്മഗതം) ഞാൻ ഭൂഷിതയാവുകയാണുണ്ടായത്. (ഞാൻ വേഷ്ടികൊണ്ട് അലംകൃതയായി എന്നർത്ഥം)

ചാരുദത്തൻ: ശരത്ക്കാലമേഘങ്ങൾ മറച്ച ചന്ദ്രക്കലപോലെ, അവളെ കാണുന്നു.  അല്ല, പരസ്ത്രീയുടെ ദേഹസൗന്ദര്യം കാണുന്നത് ഉചിതമല്ല.

മൈത്രേയൻ: ഓ, താങ്കളതിനെ പറ്റി ഭയക്കേണ്ട ആവശ്യമില്ല. ഇവളാകട്ടെ കാമദേവന്റെ ക്ഷേത്രത്തിൽ വെച്ച് കണ്ട അന്ന് മുതൽ താങ്കളിൽ അനുരക്തയായ വസന്തസേന ആണിവൾ.
.
ചാരുദത്തൻ: (അത്ഭുതത്തോടെ) എന്ത്! ഇത് വസന്തസേനയോ? (ആത്മഗതം) വിപുലമായ എന്റെ സമ്പത്ത് നഷ്ടപ്പെട്ടതിനാൽ, വസന്തസേന എന്നിയ്ക്കുണ്ടാക്കിയ കാമവസാനയെ, ഭീരുവിന്റെ ക്രോധം പോലെ എന്റെ ശരീരത്തിൽ തന്നെ അടക്കി വെയ്ക്കാം.

മൈത്രേയൻ: അല്ലയോ ചാരുദത്താ, രാജാവിന്റെ അളിയൻ പറയുന്നു

ചാരുദത്തൻ: എന്താ പറഞ്ഞത് അയാൾ?

മൈത്രേയൻ: സർവ്വാഭരണവിഭൂഷിതയും സുന്ദരിയുമായ വേശ്യ, വസന്തസേന കാമദേവന്റെ ഉദ്യാനത്തിൽ വെച്ച് കണ്ടതുമുതൽ നിന്നോട് പ്രണയത്തിൽ ആണ്. ഞങ്ങൾ അവളെ ബലപ്രയോഗത്താൽ പ്രാപിക്കാൻ ശ്രമിച്ചപ്പോൾ അവൾ ഓടി നിന്റെ വീട്ടിനകത്ത് കയറി.

വസന്തസേന: (ആത്മഗതം) ബലപ്രയോഗത്താൽ പ്രാപിക്കാൻ ശ്രമിച്ചു എന്ന് സത്യസന്ധമായി പറഞ്ഞത് എന്തായാലും നന്നായി.

മൈത്രേയൻ: നീ അവളെ എന്റെ കയ്യിൽ സമർപ്പിക്കണം. എങ്കിൽ നിനക്ക് കോടതി കയറാതെ കഴിയാം. എന്നാൽ നമുക്ക് എപ്പോഴും സുഹൃത്തുക്കളായും കഴിയാം. പക്ഷെ, അവളെ കൊണ്ട് തന്നില്ലെങ്കിൽ മരണം വരെ ഞാൻ മറക്കില്ല.അനുഭവിക്കും നീ. അവനോട് ഇത് ശക്തമായി കൃത്യതയോടെ പറയ്. നീ ഇത് പറയുന്നത് എനിക്കെന്റെ കൊട്ടാരത്തിലെ മട്ടുപ്പാവിലിരിക്കുമ്പോൾ കേൾക്കണം. അതല്ല എങ്കിൽ നിന്നെ ഞാൻ വാളുകൊണ്ടൊരു ഫലം മുറിക്കുന്നതുപോലെ മുറിക്കും.

ചാരുദത്തൻ:(അപമാനഭാരത്തോടെ) അവനൊരു മഹാവിഡ്ഢിയാണ്. (ആത്മഗതമായി) ഹോ, ദേവതയെപോലെ പരിചരിക്കപ്പെടേണ്ട ഇവൾ എങ്ങിനെ ഇവിടെ എത്തി? അപ്പോൾ അതുകൊണ്ടായിരിക്കാം, ഇവൾ ഞാനകത്ത് പോ എന്ന് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിന്നത്. എന്തായാലും ഇവൾ എന്റെ ദാരിദ്യത്തിനെ കാര്യമാക്കുന്നില്ല എന്ന് മാത്രമല്ല എന്നെ മുറിപ്പെടുത്തുന്ന ഒന്നും സംസാരിക്കുന്നുമില്ല.
(ഉറക്കെ) അല്ലയോ വസന്തസേനേ, ശരിയ്ക്ക് അറിയാത്തതിനാൽ ഞാൻ തത്ര ഭവതിയോട് ഒരു പരിചാരിക പോലെ കരുതി സംസാരിച്ചതിൽ അറിയാതെ എങ്കിലും ഒരു തെറ്റ് ചെയ്തിട്ടുണ്ട്. അതിനു ഞാനെന്റെ ശിരസ്സുകുനിച്ച് ക്ഷമചോദിക്കുന്നു.

വസന്തസേന: വശത്തെ വാതിലിലൂടെ വീട്ടിൽ അതിക്രമിച്ച് കയറിയത് ഞാനാണ്. അതിനാൽ അപരാധിനിയായ ഞാൻ ആര്യന്റെ മുന്നിൽ ശിരസ്സുകുനിച്ച് ക്ഷമചോദിയ്ക്കുന്നു.

മൈത്രേയൻ: ഹോ നിങ്ങൾ രണ്ട് പേരും തലകുനിച്ച് നിൽക്കണ്ട. തല നിവർത്താനായി ഞാൻ നിങ്ങളുടെ മുന്നിൽ തലകുനിയ്ക്കുന്നു. (ഇതും പറഞ്ഞ് മൈത്രേയൻ അങ്ങനെ ചെയ്ത് എഴുന്നേൽക്കുന്നു.)

ചാരുദത്തൻ: അത് ശരിയാണ്. വെറുതെ ആചാരമര്യാദകൾ ഒരു സമ്പ്രദായം പോലെ ചെയ്ത് എന്തിന് നമ്മൾ വിഷമിക്കണം?

വസന്തസേന: (ആത്മഗതം) ആഹാ എന്തൊരു ബുദ്ധിപരമായ സൂചന!. ഞനിവിടെ വന്ന അവസ്ഥനോക്കുമ്പോൾ എനിക്കിവിടെ രാത്രി മുഴുവൻ നേരം തങ്ങാൻ സാധിക്കില്ല. എന്തായാലും പറ്റുന്ന നേരം നിൽക്കാം. (ഉറക്കെ) എനിക്കിത്രയെങ്കിലും ചെയ്ത് തന്നാൽ സന്തോഷിക്കാം, അതിനാൽ അങ്ങ് ദയവായി എന്റെ ഈ അടയാഭരണങ്ങളും രത്നങ്ങളും ഇവിടെ വെച്ച് പോകാൻ സമ്മതിക്കണം. ഇതുകണ്ടാണ് ദ്രോഹികൾ എന്റെപിന്നാലെ കൂടുന്നത്.

ചാരുദത്തൻ: ഈ വീട് വിശ്വാസയോഗ്യമല്ല.

വസന്തസേന: അത് തെറ്റാണ് അങ്ങ് പറഞ്ഞത്. വീടല്ല, മറിച്ച് വീട്ടിലുള്ളവർ ആണ് വിശ്വാസയോഗ്യർ.
ചാരുദത്തൻ: മൈത്രേയാ, അവ വാങ്ങി വെയ്ക്കൂ.

വസന്തസേന: ഞാൻ അനുഗ്രഹീതയായി (എന്ന് പറഞ്ഞ് ആഭരണങ്ങൾ എല്ലാം കൊടുക്കുന്നു)

മൈത്രേയൻ: (വാങ്ങിക്കൊണ്ട്) താങ്കൾക്ക് സ്വസ്തി. മംഗളം ഭവിയ്ക്കട്ടെ.

ചാരുദത്തൻ: വിഡ്ഡീ അവയെല്ലാം നമ്മെ വിശ്വസിച്ച് മാത്രം തന്നതാണ്.

മൈത്രേയൻ: (അൽപ്പം മാറി നിന്ന്) എന്നാൽ കള്ളന്മാർ കൊണ്ടുപോയതു തന്നെ.

ചാരുദത്തൻ: പെട്ടെന്ന് തന്നെ----

മൈത്രേയൻ: ഇവ ഇവിടെ തന്നെ സൂക്ഷിക്കുകയല്ലേ?

ചാരുദത്തൻ: തിരിച്ച് കൊണ്ട് തരാം.

വസന്തസേന: ആര്യ ഞാൻ ഈ മഹോദയന്റെ കൂടെ (മൈത്രേയന്റെ) എന്റെ ഗൃഹത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.

ചാരുദത്തൻ: മൈത്രേയ തത്ര ഭവതിയെ അനുഗമിയ്ക്കൂ.

മൈത്രേയൻ: കളഹംസത്തെ പോലെ നടക്കുന്ന ഇവളുടെ ഒപ്പം രാജഹംസത്തെ പോലെ ശോഭിയ്ക്കുക താങ്കൾ തന്നെ ആണ്.  കൂടാതെ ഞാനൊരു ദുർബ്ബലബ്രാഹ്മണൻ ആണ്. (ശകാരനെ പോലെ ഉള്ള) ദുഷ്ടന്മാരാൽ തെരുവുനയ്ക്കളെ പോലെ ഞാൻ കൊല്ലപ്പെടും.

ചാരുദത്തൻ: അത്രഭയമുണ്ടെങ്കിൽ ഞാൻ തന്നെ ഒപ്പം പോകാം. എങ്കിൽ രാജവീഥികളിൽ കൊണ്ടുപോകാൻ പറ്റിയ വിളക്ക് തെളിയിച്ച് കൊണ്ടുതരൂ.

മൈത്രേയൻ: വർദ്ദമാനക, വിളക്ക് കൊളുത്തൂ.

വർദ്ധമാനകൻ: (മൈത്രേയനോട് മാത്രമായി) എണ്ണയില്ലാതെ വിളക്കെങ്ങനെ കത്തിയ്ക്കും?

മൈത്രേയൻ: (വർദ്ധമാനകനോടായി) അയ്യഓ! നമ്മുടെ പ്രദീപികകൾ, നിർധനനായ കാമുകനെ അപമാനിക്കുന്ന വേശ്യയെ പോലെ, സ്നേഹമില്ലാതെ ആയി തീർന്നിരിക്കുന്നു.
(പ്രദീപിക=ദീപിക=ചെറിയ റാന്തൽ വിളക്ക്, സംഗീതശാസ്ത്രത്തിൽ ദീപക് എന്ന രാഗം സ്ത്രീയാണ്.
സ്നേഹം=ഇഷ്ടം, എണ്ണ. വിളക്കിലൊഴിക്കാൻ എണ്ണ വേണമല്ലൊ.)

ചാരുദത്തൻ: മൈത്രേയാ, വിൾക്ക് അവിടെ ഇരിക്കട്ടെ. നോക്കൂ
സുന്ദരിയുടെ കഴുത്തിലെ തിളങ്ങുന്ന രത്നം പോലെ, രാജവീഥിയിൽ ചന്ദ്രൻ നിലാവെളിച്ചം വിതറി നിൽക്കുന്നുണ്ടാകും. ചന്ദ്രന്റെ ശ്വേതകിരണങ്ങൾ അന്ധകാരത്തെ ഒഴിക്കും. (ചുറ്റിനടന്ന്)
(അനുരാഗത്തോടെ) ഭവതി വസന്തസേനേ, ഇതാ ഭവതിയുടെ ഭവനം. അകത്തേക്ക് പ്രവേശിച്ചാലും

(വസന്തസേനയും അനുരാഗത്തോടേ ചാരുദത്തനെ നോക്കി വീട്ടിനകത്തേയ്ക്ക് പോകുന്നു)

ചാരുദത്തൻ: സ്നേഹിതാ വസന്തസേന അകത്തു പോയി. ഇനി നമുക്ക് മടങ്ങാം. രാജവീഥി ശൂന്യമായിരിക്കുന്നു. വഞ്ചനകളിൽ നിന്ന് രക്ഷപ്പെടണമ് കാരണം രാത്രി ബഹുവിധ ദോഷങ്ങളാൽ നിറഞ്ഞതാണ്.
(വഞ്ചന എന്ന് ഉദ്ദേശിക്കുന്നത് ആഭരണങ്ങൾ കളവ് പോയാലോ എന്നതാണ്. രാത്രിയാണല്ലൊ കളവും മറ്റും അധികവും നടക്കുക)

(ചുറ്റിനടന്ന്) ഈ ആഭരണങ്ങളുടെ സൂക്ഷിപ്പ് രാത്രിയിൽ താങ്കളും പകൽ സമയം വർദ്ധമാനകനും ചെയ്യണം.

മൈത്രേയൻ: അങ്ങയുടെ ആജ്ഞപോലെ.

(രണ്ട് പേരും പോകുന്നു)

ഇങ്ങനെ മൃച്ഛകടികത്തിലെ “അലങ്കാരന്യാസം “ എന്ന ഒന്നാം അങ്കം സമാപിക്കുന്നു.

(ന്യാസം=വിശ്വസിച്ച് ഒരാളെ ഏൽപ്പിക്കുന്നത്, അലങ്കാരം=ആഭരണം)

No comments:

Post a Comment