കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Tuesday, February 23, 2016

ഒൻപതാം അങ്കം - ഭാഗം 2


ശോധനകൻ: അങ്ങനെ തന്നെ ആകട്ടെ. (എന്ന് പറഞ്ഞ് പോകുന്നു)
(ശേഷം വസന്തസേനയുടെ അമ്മയോടൊത്ത് പ്രവേശിച്ച്) ഇതിലേ.. ഇതിലേ..വന്നാലും

വൃദ്ധ (വസന്തസേനയുടെ അമ്മ): എന്റെ മകൾ അവളുടെ സുഹൃത്തിന്റെ (ചാരുദത്തന്റെ) ഗൃഹത്തിൽ അവളുടെ യൗവ്വനം അനുഭവിക്കാൻ പോയിരിക്കുകയാണ്. ഇദ്ദേഹമാകട്ടെ ന്യായാധിപൻ വിളിക്കുന്നു എന്ന് പറയുന്നു. എനിക്ക് ആകെ പരവേശം വരുന്നതായി തോന്നുന്നു. ഹൃദയം വിറയ്ക്കുന്നു. ആര്യ, കോടതിയിലേക്ക് വഴികാണിക്കൂ.

ശോധനകൻ: ആര്യേ.. ഇതിലേ ഇതിലേ…
(രണ്ട് പേരും ചുറ്റിനടക്കുന്നു) ആര്യേ ഇതാ കോടതി എത്തി. അകത്ത് പ്രവേശിക്കാം
(രണ്ട് പേരും അകത്ത് പ്രവേശിക്കുന്നു)

വൃദ്ധ: (അടുത്ത് ചെന്ന്) ബഹുമാനപ്പെട്ട സജ്ജനങ്ങളേ, നിങ്ങൾക്ക് മംഗളം ഭവിയ്ക്കട്ടെ.

ന്യായാധിപൻ: ഭദ്രേ, സ്വാഗതം. ഇരിക്കൂ

വൃദ്ധ: അങ്ങനെ ആകട്ടെ. നല്ലത് (ഇരിക്കുന്നു)

ശകാരൻ: (ആക്ഷേപിച്ചുകൊണ്ട്) വന്നു അല്ലേ? വയസ്സിത്തള്ള വന്നു അല്ലേ?

ന്യായാധിപൻ: താങ്കൾ വസന്തസേനയുടെ അമ്മയാണോ?

വൃദ്ധ: അതെ

ന്യായാധിപൻ: ഇപ്പോൾ വസന്തസേന എവിടെ ആണ് പോയിരിക്കുന്നത്?

വൃദ്ധ: അവളുടെ സുഹൃത്തിന്റെ ഗൃഹത്തിലേക്ക്

ന്യായാധിപൻ: അവളുടെ സുഹൃത്തിന്റെ പേരെന്താണ്?

വൃദ്ധ: (ആത്മഗതം) ഹായ് ഹായ്.. ഇത് അതീവലജ്ജാവഹമാണല്ലൊ (ഉറക്കെ) ഇക്കാര്യം സാധാരാണജനങ്ങൾ അല്ലാതെ ഒരു ന്യായാധിപൻ ചോദിച്ചുകൂടാത്തതാണ്.

ന്യായാധിപൻ: ലജ്ജിക്കേണ്ട ആവശ്യമില്ല. ഇത് കോടതിയാണ് ചോദിക്കുന്നത്.

ശ്രേഷ്ഠികായസ്ഥന്മാർ: കോടതിയാണ് ചോദിക്കുന്നത്. ദോഷമൊന്നും വരാനില്ല പറയൂ പറയൂ.

വൃദ്ധ: എന്ത് കോടതി വിചാരണയോ? അങ്ങനെ എങ്കിൽ സജ്ജനങ്ങളെ കേൾക്കൂ. കച്ചവടക്കാരൻ വിനയദത്തന്റെ പേരക്കുട്ടി, സാഗരദത്തന്റെ മകൻ, കച്ചവടക്കാരുടെ തെരുവിൽ താമസിക്കുന്നവനുമായ ചാരുദത്തനെന്ന പേരുകൊണ്ട് തന്നെ ധന്യനായ അവന്റെ  ഗൃഹത്തിലേക്കാണ് എന്റെ മകൾ അവളുടെ യൗവ്വനം ആഘോഷിക്കാൻ പോയിരിക്കുന്നത്.

ശകാരൻ: എല്ലാവരും കേട്ടല്ലൊ. ഈ അക്ഷരങ്ങൾ എഴുതി വെയ്ക്കൂ. ചാരുദത്തനുമായാണ് എന്റെ വ്യവഹാരം.

ശ്രേഷ്ഠകായസ്ഥന്മാർ: ചാരുദത്തൻ സ്നേഹിതനാകുന്നത് ഒരു ദോഷമാകുന്നില്ല.

ന്യായാധിപൻ: എങ്കിൽ ഈ വ്യവഹാരനിർണ്ണയം ചാരുദത്തനേയും ആശ്രയിച്ചിരിക്കുന്നു

ശ്രേഷ്ഠകായസ്ഥന്മാർ: അത് ശരിയാണ്.

ന്യായാധിപൻ: ധനദത്താ, (കായസ്ഥനാണ് ഇയാൾ) വിചാരണയുടെ ആദ്യപാദമായി വസന്തസേന ചാരുദത്തന്റെ ഗൃഹത്തിലേക്ക് പോയി എന്നെഴുതുക. ആയതിനാൽ ചാരുദത്തനേയും നമുക്ക് വിചാരണ ചെയ്യേണ്ടിയിരിക്കുന്നു. ഭദ്ര ശോധനക, ആര്യ ചാരുദത്തനോട് ചെന്ന്, ഭയപ്പെടുത്താതെ പരിഭ്രമിപ്പിക്കാതെ ആദരപൂർവ്വം പറയൂ: പ്രസ്താവന കാരണം (പേർ കോടതിയിൽ പറഞ്ഞ കാരണം) ന്യായാധിപൻ താങ്കളെ കാണാനാഗ്രഹിക്കുന്നു എന്ന്.

ശോധനകൻ: ആജ്ഞപോലെ. (എന്ന് പറഞ്ഞ് പോകുന്നു. ശേഷം ചാരുദത്തനുമായി വന്ന്) ഇതിലേ ഇതിലേ..

ചാരുദത്തൻ: (ചിന്തിച്ച് ആലോചിച്ച്) പാലകരാജാവിനു എന്റെ കുലത്തെ പറ്റിയും ആചാരശീലങ്ങളെ പറ്റിയും നല്ല പോലെ അറിയാം. ഈ ഉത്തരവ് എന്റെ ദരിദ്രാവസ്ഥകാരണം എന്ന് തന്നെ ശങ്കിയ്ക്കേണ്ടിയിരിക്കുന്നു. (ദരിദ്രനായതിനാൽ എന്ത് കുറ്റവും ചുമത്തപ്പെടാം എന്ന് ശങ്കിയ്ക്കുന്നു)

(സ്വയം തർക്കിച്ച് ആത്മഗതം) ജയിൽ ചാടി ആര്യകൻ എന്റെ വണ്ടിയിൽ രക്ഷപ്പെട്ടു എന്ന് ആളുകൾ അറിഞ്ഞ് കാണുമോ? ആ വാർത്ത രാജാവിന്റെ അടുത്ത് ചാരന്മാർ അറിയിച്ചിരിക്കുമൊ?  അതുകൊണ്ടാകുമോ ഒരു അപരാധിയെ പോലെ എന്നെ വിളിപ്പിച്ചത്?

എന്തിനു ഞാൻ വിചാരപ്പെടുന്നു? കോടതിയിലേക്ക് പോകുക തന്നെ. (ഉറക്കെ) ഭദ്ര ശോധനക, കോടതിയിലേക്കുള്ള വഴി കാണിച്ചാലും.

ശോധനകൻ: ഇതിലേ ഇതിലേ ആര്യാ

ചാരുദത്തൻ: (സംശയത്തോടെ) ഇതെന്താണ്? കാക്കകൾ രൂക്ഷമായി ക്രാ ക്രാ കരയുന്നു. രാജസേവകർ എന്നെ വിളിക്കുന്നു. എന്റെ ഇടംകണ്ണാകട്ടെ വല്ലാതെ തുടിയ്ക്കുന്നു. ഈ അപശ്ശകുനങ്ങൾ കണ്ട് എന്റെ മനസ്സ് ദുഃഖിക്കുന്നു.

ശോധനകൻ: ആര്യ ഇതിലേ ഇതിലേ.. പരിഭ്രമിക്കാതെ കടന്ന് വരൂ.

ചാരുദത്തൻ: (ചുറ്റിനടന്ന് മുൻപിലേക്ക് നോക്കിയിട്ട്) ഉണക്കമരത്തിൽ സൂര്യനഭിമുഖമായി ഇരുന്ന് ഇടം കണ്ണുകൊണ്ട് കാക്ക എന്നെ നോക്കുന്നു, എന്റെ ഇടം കണ്ണ് തുടിയ്ക്കുന്നു. ആപത്ത് വരുന്നു എന്നതിനു സംശയമില്ല.
(ചുറ്റി നടന്ന് പിന്നെ മറ്റൊരു ദിശയിലേക്ക് നോക്കി) ഇതാ ഒരു പാമ്പ്!
കറുത്തിരുണ്ട ഈ സർപ്പം നാക്കു നീട്ടി വിഷപ്പല്ലുകൾ കാണിച്ച് എന്റെ നേർക്ക് തന്നെ ദേഷ്യത്തോടെ നോക്കി പത്തി വിടർത്തി ആടുന്നു.
മാത്രമല്ല, ഇതുകൂടെ,
നനയാത്ത ഈ മണ്ണിലും എന്റെ കാലുവഴുക്കുന്നു. ഇടം കൈ വിറയ്ക്കുന്നു ഇടം കണ്ണുകൾ തുടിയ്ക്കുന്നു. അമംഗളസൂചകമായി ഇതാ മറ്റൊരു പക്ഷി കൂടെ ചിലയ്ക്കുന്നു. മരണം ആസന്നമായി എന്ന് തന്നെ ആണ്  ഇവയെല്ലാം സൂചിപ്പിക്കുന്നത്.
മരണത്തെ പറ്റി വിചാരപ്പെടാനില്ല. ദേവതകൾ എല്ലാതരത്തിലും മംഗളം വരുത്തട്ടെ.

ശോധനകൻ: ആര്യ വരൂ വരൂ ഇതാ കോടതി ഇതിലേ പ്രവേശിച്ചാലും

ചാരുദത്തൻ: (പ്രവേശിച്ച്, ചുറ്റുപാടും നോക്കിയിട്ട്) കോടതി മുറി സമുദ്രം പോലെ ഗാ‍ാംഭീര്യമുള്ളതാണ്. കാരണം, ചിന്തയിലാണ്ടിരിക്കുന്ന മന്ത്രിമാർ ജലം പോലെ, ദൂതന്മാർ ശംഖങ്ങളാണ്, ചുറ്റുമുള്ള ചാരന്മാർ മുതലകൾ, വാദി-പ്രതികൾ പക്ഷികളെ പോലെ ചിലയ്ക്കുന്നു. പാമ്പുകൾ വിവിധരേഖകളുമായി നിൽക്കുന്ന കായസ്ഥന്മാരുടെ രൂപത്തിൽ നിൽക്കുന്നു. ഹിംസരൂപികളായ ഇവരെ എല്ലാം നോക്കിയാൽ കോടതി സമുദ്രഗംഭീരം തന്നെ.

ആട്ടെ, ഉള്ളിലേക്ക് പ്രവേശിക്കുക തന്നെ. (പ്രവേശിയ്ക്കുമ്പോൾ തലമുട്ടിയതായി ഭാവിച്ച്) ആഹാ, ഇതാ മറ്റൊരു ദുശ്ശകുനം. ഇടം കണ്ണുകൾ തുടിയ്ക്കുന്നു. കാക്കകൾ കരയുന്നു. വഴിയിൽ ഒരു പാമ്പും. ഭാഗ്യം എല്ലാതരത്തിലും മംഗളകരമാകട്ടെ.

(പ്രവേശിക്കുന്നു)

ന്യായാധിപൻ: ഇദ്ദേഹമാണല്ലേ ചാരുദത്തൻ. നീണ്ട മൂക്ക്, വിടർന്ന കണ്ണുകൾ, ഈ മുഖം കണ്ടാൽ അപരാധം ചെയ്യുന്നവനെ പോലെ അല്ല. കാരണം ആനകളിൽ, കുതിരകളിൽ ഗോക്കളിൽ മനുഷ്യരിൽ എല്ലാം സുന്ദരാകാരന്മാർ അവരുടെ യോഗ്യത കളഞ്ഞ് കുളിയ്ക്കുമെന്ന് തോന്നുന്നില്ല. അതിനാൽ തന്നെ ഇവൻ വസന്തസേനയെ കൊല്ലുമെന്ന് തോന്നുന്നില്ല.

ചാരുദത്തൻ: ന്യായാധിപന്മാരേ, ശ്രേഷ്ഠി കായസ്ഥന്മാരേ മറ്റുള്ളവരെ, നിങ്ങൾക്കേവർക്കും സുഖമല്ലേ?

ന്യായാധിപൻ: (അൽപ്പം സംഭ്രമത്തോടെ) ആര്യ, ഭവാനു സ്വാഗതം. ശോധനക, ഇരിപ്പിടം കൊണ്ടുവരൂ.

ശോധനകൻ: ഇതാ ഇരിപ്പിടം. ഇരുന്നാലും ആര്യൻ.
(ചാരുദത്തൻ ഇരിക്കുന്നു)

ശകാരൻ: (ദേഷ്യത്തോടെ) ആഹാ സ്ത്രീഘാതകൻ വന്നുവല്ലൊ. ഇതെന്ത് നീതി? ഇതെന്ത് ന്യായം? ഇവനെ പോലെ ഒരു സ്ത്രീഘാതകനെ കോടതി ഇരിക്കാൻ ഇരിപ്പിടം കൊടുക്കുന്നുവോ? (ഗർവ്വോടെ) ങ്ഹാ കൊടുത്തോ കാണിച്ച് തരാം.

ന്യായാധിപൻ: ആര്യ ചാരുദത്താ, താങ്കൾക്ക് ഈ വൃദ്ധയുടെ മകളുമായി ഏതെങ്കിലും തരത്തിൽ ബന്ധം, സ്നേഹം, പ്രണയം, ഇഷ്ടം ഉണ്ടോ?

ചാരുദത്തൻ: ആരുടെ?

ന്യായാധിപൻ: ഇവരുടെ (എന്ന് പറഞ്ഞ് വസന്തസേനയുടെ അമ്മയെ കാണിക്കുന്നു)

ചാരുദത്തൻ: (എഴുന്നേറ്റ്) ആര്യേ, നമസ്കാരം.

വൃദ്ധ: മകനേ ചിരം‌ഞ്ജീവി ഭവഃ (ആത്മഗതം) ഓഹോ ഇതാണ് ചാരുദത്തൻ. എന്റെ മകൾ ഉത്തമസ്ഥാനത്ത് തന്നെ ആണല്ലൊ അവളുടെ യൗവ്വനം നിക്ഷേപിച്ചിരിക്കുന്നത്.

ന്യായാധിപൻ: ആര്യാ, ഗണിക താങ്കളുടെ സുഹൃത്താണോ?

(ചാരുദത്തൻ ലജ്ജ നടിയ്ക്കുന്നു)

ശകാരൻ: എടാ നുണയാ, പണം മോഹിച്ച് നീ ഒരുത്തിയെ കൊന്ന് അത് മറച്ച് വെയ്ക്കാൻ ഇപ്പോൾ അഭിനയിക്കുന്നുവോ? എടാ അധികാരികൾ എല്ലാം വെളിച്ചത്ത് കൊണ്ട് വരും.

ശ്രേഷ്ഠികായസ്ഥന്മാർ: ആര്യ ചാരുദത്താ മടിയ്ക്കാതെ എല്ലാം തുറന്ന് പറയൂ. ഇത് കോടതി ആണ്.

ചാരുദത്തൻ: (ലജ്ജയോടെ) ബഹുമാനപ്പെട്ട കോടതി, ഗണിക എന്റെ സുഹൃത്താണെന്ന് ഞാനെങ്ങനെ പറയും? എന്റെ പ്രായമാണിവിടെ അപരാധി എന്റെ സ്വഭാവശീലമല്ല. (ചാരിത്രമല്ല)

ന്യായാധിപൻ: കോടതിവിചാരണ കഠിനമാണ്. വിദ്യാസമ്പന്നനായ താങ്കൾ നാണിക്കരുത്. സത്യം മാത്രമേ പറയാവൂ. കോടതിയിൽ നുണ ഏശില്ല. ഒന്നും മറച്ച് വെയ്ക്കരുത്.

ചാരുദത്തൻ: എന്റെ കേസിൽ ആരാണ് എതിര് എന്ന് ബഹുമാനപ്പെട്ട കോടതി എന്നോട് പറയണം.

ശകാരൻ: (ഗർവ്വോടെ) ഞാനാണ് നിനക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്

ചാരുദത്തൻ: താനാണോ എന്റെ എതിരാളി? അതികഠിനം തന്നെ. കഷ്ടം.

ശകാരൻ: എടാ സ്ത്രീകൊലയാളീ. നീ സർവ്വാഭരണവിഭൂഷിതയായ അവളെ കൊന്നിട്ട് ഇപ്പോൾ നാട്യം കാണിക്കുന്നുവോ?

ചാരുദത്തൻ: അസംബന്ധം പറയുന്നവനാണ് നീ.

ന്യായാധിപൻ: ആര്യ ചാരുദത്താ, ഇത്തരം അനാവശ്യവാഗ്വാദങ്ങൾ ഒഴിവാക്കി സത്യം പറയൂ. വസന്തസേന താങ്കളുടെ സുഹൃത്താണോ?

ചാരുദത്തൻ: അതെ മിത്രമാണ്.

ന്യായാധിപൻ: വസന്തസേന എവിടെ ആണ്?

ചാരുദത്തൻ: വീട്ടിൽ പോയി

ശ്രേഷ്ഠികായസ്ഥന്മാർ: എങ്ങനെ പോയി? എപ്പോൾ പോയി? ആരുടെ കൂടെ പോയി?

ചാരുദത്തൻ:(ആത്മഗതം) അവൾ  വേഷപ്രച്ഛന്നയായി പോയി എന്ന് പറയാമോ?

ശ്രേഷ്ഠികായസ്ഥന്മാർ: ആര്യ സത്യം പറഞ്ഞാലും

ചാരുദത്തൻ: വീട്ടിൽ പോയി എന്നല്ലാതെ എന്ത് പറയാൻ?

ശകാരൻ: എന്റെ പുഷ്പകരണ്ഡകോദ്യാനത്തിൽ കൊണ്ട് വന്ന് അവളുടെ കഴുത്ത് ഞെരിച്ച് കൊന്നിട്ട് ഇപ്പോൾ പറയുന്നു വീട്ടിൽ പോയി എന്ന്!

ചാരുദത്തൻ: ച്ഛീ...ഇവൻ അസംബന്ധം പറയുന്നു. അന്തരീക്ഷത്തിലെ കാർമേഘവെള്ളം കൊണ്ട് ചാതകപ്പക്ഷികളുടെ ചിറകിന്റെ അറ്റം നനയില്ല. എന്നാലും നിന്റെ മുഖം ഹേമന്തത്തിലെ താമരപോലെ തെളിച്ചമില്ലാതെ ഇരിക്കുന്നു. അതിനാൽ തന്നെ നീ പറയുന്നത് പച്ചക്കള്ളമാണ്.

ന്യായാധിപൻ: (കോടതിയിലുള്ളവരോടായിട്ട് മാത്രമായി)  ഹിമാലയത്തെ തൂക്കുന്നപോലെ. കാറ്റിനെ പിടിച്ച് കെട്ടുന്നപോലെ. സമുദ്രം നീന്തിക്കടക്കുന്നപോലെ, അതുപോലെയാണ് ചാരുദത്തനെ ദൂഷണം ചെയ്യുന്നതും.

(ഉറക്കെ) ആര്യചാരുദത്തനാണ് ഇദ്ദേഹം. നീണ്ട മൂക്ക്, വിടർന്ന കണ്ണുകൾ, ഈ മുഖം കണ്ടാൽ അപരാധം ചെയ്യുന്നവനെ പോലെ അല്ല. കാരണം ആനകളിൽ, കുതിരകളിൽ ഗോക്കളിൽ മനുഷ്യരിൽ എല്ലാം സുന്ദരാകാരന്മാർ അവരുടെ യോഗ്യത കളഞ്ഞ് കുളിയ്ക്കുമെന്ന് തോന്നുന്നില്ല. അതിനാൽ തന്നെ ഇവൻ വസന്തസേനയെ കൊല്ലുമെന്ന് തോന്നുന്നില്ല.

ശകാരൻ: ഇത് പക്ഷപാതമാണ്.

ന്യായാധിപൻ: പോടാ വിഡ്ഢീ. നീ ഒരു മൂർഖനാണ്. നീചൻ വേദമോതുന്ന സമയത്തും നിന്റെ നാവിനു ഉഴറിച്ച ഇല്ല. ഉച്ചസൂര്യനെ നോക്കുന്ന കണ്ണുകൾ മഞ്ഞളിയ്ക്കുന്നില്ല. തീയിൽ വെച്ച കൈ പൊള്ളുന്നില്ല. ആര്യ ചാരുദത്തനെ അപമാനപ്പെടുത്തിയിട്ടും ഭൂമി പിളർന്ന് നീ പാതാളത്തിലേക്ക് പോകുന്നില്ല.
ബഹുമാനപ്പെട്ട ആര്യ ചാരുദത്തനെങ്ങനെ ഈ നീചകൃത്യം ചെയ്യാനാകും?
കാരണം സർവ്വസമ്പത്തും ദാനം ചെയ്ത് ദാരിദ്ര്യം അനുഭവിക്കുന്ന മഹാത്മാവായ ഇദ്ദേഹം ഇത്രയും നീചമായ കാര്യം ധനസമ്പാദനത്തിനായി ചെയ്യുന്നതെന്തിനാണ്?

വൃദ്ധ: ഹതാശാ! വീട്ടിൽ ഏൽപ്പിച്ച സ്വർണ്ണാഭരണപ്പെട്ടി മോഷണം പോയി എന്ന് പറഞ്ഞ് അതിലും എത്രയോ വിലപിടിപ്പുള്ള രത്നമാല തന്നവൻ എങ്ങനെ ഇപ്പോൾ തുച്ഛമായ ധനത്തിനു വേണ്ടി ഇങ്ങനെ ഒരു ഹീനകൃത്യം എങ്ങനെ ചെയ്തു? (സാധ്യതയില്ല എന്ന അർത്ഥത്തിൽ) എന്റെ മോളേ.. നീ വേഗം തിരിച്ച് വാ (കരയുന്നു)

ന്യായാധിപൻ: ആര്യ ചാരുദത്താ, വസന്തസേന വണ്ടിയിലോ അതോ നടന്നോ വീട്ടിൽ പോയത്?

ചാരുദത്തൻ: വാസ്തവത്തിൽ ഞാൻ കണ്ടില്ല അവൾ പോകുന്നത്. അതിനാൽ എങ്ങനെ പോയി എന്ന് എനിക്കറിഞ്ഞുകൂടാ.

(വീരകൻ ക്രോധത്തോടെ പ്രവേശിക്കുന്നു)

No comments:

Post a Comment