കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Sunday, February 21, 2016

എട്ടാം അങ്കം - ഭാഗം 1


(നനഞ്ഞ വസ്ത്രവുമായി ഭിക്ഷു (ബുദ്ധസംന്യാസി) പ്രവേശിക്കുന്നു)

ഭിക്ഷു: അജ്ഞാനികളേ, ധർമ്മ മാർഗം സ്വീകരിക്കൂ. വിശപ്പിനെ നിയന്ത്രിക്കൂ ധ്യാനത്തിലൂടെ ഉണർന്നിരിക്കൂ. ഇന്ദ്രിയസൗഖ്യം ധർമ്മത്തെ അപഹരിക്കുന്നു.

മാത്രമല്ല,

ലൗകീകേച്ഛ വെടിഞ്ഞ് ഞാൻ ധർമ്മത്തെ ശരണം പ്രാപിക്കുന്നു. പഞ്ചേന്ദ്രിയങ്ങളേയും ബന്ധിച്ച്, അവിദ്യയാകുന്ന സ്ത്രീയേയും വെടിഞ്ഞ്  ശരീരമാകുന്ന അബലനായ ചണ്ഡാലനേയും കൊന്നാൽ അവൻ ദേവലോകം പ്രാപിക്കുമെന്ന് തീർച്ച.

ശിരസ്സ് മുണ്ഡനം ചെയ്ത് ദീക്ഷ വളർത്തി പക്ഷെ മനസ്സിലെ മോഹങ്ങളെ കളഞ്ഞില്ല എങ്കിൽ അവൻ എന്ത് ആണ് കളഞ്ഞത്? എന്നാൽ മോഹങ്ങൾ വെടിഞ്ഞവൻ ശിരോമുണ്ഡനം ചെയ്തവനെ പോലെ തന്നെ.

കാവി മുക്കിയ ഈ കഷായവസ്ത്രം രാജാവിന്റെ അളിയന്റെ ഉദ്യാനത്തിലെ കുളത്തിൽ മുക്കി കഴുകി പെട്ടെന്ന് തന്നെ പോകാം.
(സംന്യാസി ചുറ്റി നടന്ന് കുളത്തിൽ വസ്ത്രം കഴുകുന്നു)

(അണിയറയിൽ)

ശകാരൻ: നിൽക്കെടാ അവിടെ കള്ള സംന്യാസി നിൽക്ക്.

ഭിക്ഷു:(ഭീതിയോടെ നോക്കിക്കൊണ്ട്) അയ്യയ്യോ ദുഷ്ടൻ സംസ്ഥാനകൻ വരുന്നല്ലൊ. ഏതൊരു ഒരു സംന്യാസി അയാളോട് തെറ്റു ചെയ്തതിനാൽ ഏത് സംന്യാസിയേയും എവിടെ കണ്ടാലും അവൻ മൂക്കുതുളച്ച് കാളയെ പോലെ ഓടിക്കുന്നു. എന്നെ ഇപ്പോൾ ആരു രക്ഷിക്കും? ഈശ്വരാ.. ആ എനിക്ക് രക്ഷകൻ ഭഗവാൻ ബുദ്ധൻ തന്നെ.

(വാളുകയ്യിലേന്തിയ വിടനോടൊപ്പം സംസ്ഥാനകൻ എന്ന ശകാരൻ പ്രവേശിക്കുന്നു.)

ശകാരൻ: നിൽക്കെടാ ദുഷ്ട ബുദ്ധ സംന്യാസി നിൽക്കവിടെ. മദിരോത്സവമദ്ധ്യത്തിൽ വെച്ച മുള്ളങ്കിയെ പോലെ നിന്റെ തല ഞാനിപ്പോൾ ചതയ്ക്കും. (അടിയ്ക്കുന്നു)

വിടൻ: തന്തയില്ലാത്തവനേ, വൈരാഗിയായി കാവിവസ്ത്രം ധരിച്ച ഒരു സംന്യാസിയെ ഉപദ്രവിച്ച് നിനക്ക് എന്ത് കാര്യം നേടാനാണ്? സുഖോപയോഗത്തിനു സാധിയ്ക്കുന്ന ഈ നല്ല ഉദ്യാനഭംഗി നോക്കൂ.
അശരണർക്ക് ശരണമേകും വൃക്ഷങ്ങൾ, ദുഷ്ടരുടെ ഹൃദയം പോലെ അനിയന്ത്രിതമായി  ഉപയോഗ്യമെങ്കിലും കീഴടക്കാത്ത ദേശമെന്ന പോലെ കിടക്കുന്ന പുഷ്പകരണ്ഡകം എന്ന ഈ ഉദ്യാനത്തെ കാണൂ.

ഭിക്ഷു: സ്വാഗതം. ഉപാസകൻ(=സേവകൻ) സന്തോഷവാനായാലും

ശകാരൻ: ഭാവ ഇത് നോക്കൂ. ഇവനെന്നെ ചീത്ത പറയുന്നു

വിടൻ: അവനെന്താ പറയുന്നത്?

ശകാരൻ: അവനെന്നെ ഉപാസകൻ(=സേവകൻ) എന്ന് വിളിക്കുന്നു. അവനെ ഉപാസിക്കാൻ ഞാൻ എന്താ അമ്പട്ടാൻ ആണോ? (സംന്യാസിയ്ക്ക് തലയും മറ്റും ക്ഷൗരം ചെയ്യുക എന്നതല്ലാതെ മറ്റ് ലൗകീകമായ ഉപകാരങ്ങൾ ഒന്നും ആവശ്യമില്ലല്ലൊ.)

വിടൻ: ബുദ്ധോപാസകൻ എന്ന് പറഞ്ഞ് നിന്നെ സ്തുതിയ്ക്കുക്കുകയാണ്

ശകാരൻ: എന്നാൽ സ്തുതിയ്ക്ക് എന്നെ സ്തുതിയ്ക്ക്

ഭിക്ഷു: താങ്കൾ ധന്യവാനാണ്, താങ്കൾ പുണ്യവാനാണ്.

ശകാരൻ: ഭവാൻ കേട്ടില്ലേ? എന്നെ ധന്യൻ പുണ്യവാൻ എന്നൊക്കെ പറയുന്നു. ഞാനെന്താ ചാർവാകനോ, കൽത്തൊട്ടിയോ? അതോ കുംഭാരനോ?
(ശകാരൻ പണ്ഡിതനല്ല എങ്കിലും ഇടയ്ക്ക് ശകാരന്റെ വായിൽ വികടത്തത്തിനോടൊപ്പം പാണ്ഡിത്യവും കയറി ഇരിക്കും. ധന്യൻ=ധനമർഹതീതിധന്യ, പുരുഷാർത്ഥങ്ങളിൽ ഒന്ന് അർത്ഥം അതായത് ധനം ആണ്. ധനം സമ്പാദിയ്ക്കുന്നതിൽ മാത്രം താൽപ്പര്യമുള്ളവർ, അതായത് ലൗകീകകാര്യങ്ങളിൽ താൽപ്പര്യമുള്ളവർ ചാർവ്വാകന്മാർ. പുണതീതുപുണ: പൂണേസാധുപുണ്യ പൂൺ എന്നാൽ സൽക്കർമ്മം ചെയ്യൻ എന്ന് അർത്ഥം. നാൽക്കാലിയ്ക്ക് വെള്ളം കൊടുക്കൽ പുണ്യമാണല്ലൊ. വെള്ളം നിറയ്ക്കുന്നത് കൽത്തൊട്ടിയിലും. അതുപോലെ വിലകുറഞ്ഞപാത്രങ്ങൾ ഉണ്ടാക്കുന്നതും പുണ്യം അത് ചെയ്യുന്നവർ കുമ്പാരന്മാരും. വിശദീകരണം മെയ്ക്കാട്ട് കേശവൻ പട്ടേരിയുടെ തർജ്ജുമയിൽ നിന്നും.)

വിടൻ: തന്തയ്ക്ക് പിറക്കാത്തവനെ, ധന്യവാൻ, പുണ്യവാൻ എന്ന് വിളിച്ച് നിന്നെ സ്തുതിയ്ക്കുകയാണ്.

ശകാരൻ: ശരി, പക്ഷെ ഇവനെന്തിനാ ഇവിടെ വന്നത്?

ഭിക്ഷു: എന്റെ ഈ തുണി കഴുകാൻ വന്നതാണ്.

ശകാരൻ: എടാ ദുഷ്ടാ ബുദ്ധസംന്യാസീ. മറ്റ് ഉദ്യാനങ്ങളേക്കാൾ ശ്രേഷ്ഠമായ, നായ്ക്കളും കുറുക്കന്മാരും വെള്ളം കുടിയ്ക്കുന്ന ഈ പുഷ്പകരണ്ഡകോദ്യാനം എന്റെ അളിയൻ എനിക്ക് തന്നതാണ്. അതികേമനായ ഞാൻ പോലും ഇതിൽ കുളിയ്ക്കാറില്ല. അതിലാണോടാ നീ നിന്റെ പഴങ്കഞ്ഞി നാറുന്ന നാറ്റത്തുണി കൊണ്ടുവന്ന് അലക്കുന്നത്? ഒറ്റ അടിയ്ക്ക് നിന്നെ ഞാൻ കൊല്ലും.

വിടൻ: എടാ തന്തയില്ലാത്തവനേ, ഇവൻ ഈയിടയ്ക്ക് സംന്യാസം സ്വീകരിച്ചവനാണ്.

ശകാരൻ: അതെങ്ങനെ ഭവാൻ മനസ്സിലാക്കി?

വിടൻ: ഇതിൽ അറിയാനെന്തിരിക്കുന്നു? നോക്കൂ,
ഇവന്റെ മൊട്ടത്തലയുടെ നിറം ഇപ്പോഴും പഴയ പോലെ തന്നെ. തോളത്ത് വസ്ത്രം ചുറ്റിയതിന്റെ തഴമ്പ് ഇല്ല. കാവി വസ്ത്രം അണിയാനുള്ള ശീലവുമായിട്ടില്ല. മാത്രമല്ല വലിപ്പം കൂടിയതിനാൽ തോളത്ത് നിൽക്കാതെ വീഴുന്നു.

ഭിക്ഷു: അതേയതേ. ഉപാസകാ ഞാനൽപ്പകാലം മുൻപാണ് സംന്യാസം സ്വീകരിച്ചത്.

ശകാരൻ: ജനിച്ചപ്പോൾ തന്നെ നീ എന്തുകൊണ്ട് സന്യാസി ആയില്ല? (എന്ന് പറഞ്ഞ് ഭിക്ഷുവിനെ ഉപദ്രവിക്കുന്നു)

ഭിക്ഷു: ബുദ്ധഭഗവാനു നമസ്കാരം

വിടൻ: ഈ പാവം സന്യാസിയെ ഉപദ്രവിച്ചിട്ട് എന്ത് ലാഭമുണ്ടാകാനാണ്? അവനേ വിടൂ. ഇവിടുന്ന് പോകൂ വേഗം.

ശകാരൻ: നിൽക്കവിടെ, ഞാൻ കൂടിയാലോചിക്കട്ടെ

വിടൻ: ആരോട് കൂടിയാലോചിയ്ക്കുന്നു?

ശകാരൻ: എന്റെ ഹൃദയത്തോട്.

വിടൻ: ഇയാൾ പോയില്ലേ?

ശകാരൻ: മോനേ ഹൃദയമേ, സ്വാമീ, കുട്ടീ, ബുദ്ധസംന്യാസി സ്ഥലം വിട്ടുവോ അതോ കാത്തു നിൽക്കുന്നുവോ? (സ്വഗതം) പോയിട്ടുമില്ല നിൽക്കുന്നുമില്ല (ഉറക്കെ) ഞാൻ എന്റെ മനസ്സിനോട് ചോദിച്ചു. മനസ്സ് ഇതാണ് പറയുന്നത്.

വിടൻ: എന്താണ് പറയുന്നത്?

ശകാരൻ:പോകരുത്, നിൽക്കരുത്, ശ്വസിക്കരുത്, പെട്ടെന്ന് ഇവിടെ തന്നെ വീണുചത്ത് പോ

ഭിക്ഷു: ഭഗവാൻ ബുദ്ധനും നമസ്കാരം. ബുദ്ധം ശരണം. ശരണാഗതോസ്മി.

വിടൻ: പോയ്ക്കോളൂ

ശകാരൻ:  ഒരു കരാറിന്മേൽ.

വിടൻ: എന്ത് കരാർ?

ശകാരൻ: വെള്ളത്തിൽ ചളിയെറിയണം പക്ഷെ വെള്ളം മലിനമാകാൻ പാടില്ല. അല്ലെങ്കിൽ വെള്ളം ഉരുട്ടി ചളിയിൽ എറിയണം.

വിടൻ: മൂർഖത്തരം തന്നെ! സമൂഹത്തിനു വിപരീതമായ മനസ്സും പ്രവൃത്തിയും, കല്ലിൻകഷ്ണസമാന ശരീരവുമായ, മാംസവൃക്ഷങ്ങളെക്കൊണ്ട് ഭൂമിയ്ക്ക് ഭാരം ഏറുന്നു.  

(ഭിക്ഷു അഭിനയത്തോടെ ആക്രോശിയ്ക്കുന്നു)

ശകാരൻ: ഇവനെന്താ പറയുന്നത്?

വിടൻ: നിന്നെ സ്തുതിയ്ക്കുകയാണ്.

ശകാരൻ: സ്തുതിയ്ക്ക് സ്തുതിയ്ക്ക് ഇനിയും സ്തുതിയ്ക്ക്

(അങ്ങനെ ചെയ്ത് ഭിക്ഷു പോകുന്നു)

വിടൻ: ജാരസന്തതീ, ഉദ്യാനത്തിന്റെ ഭംഗി നോക്കൂ, മരങ്ങൾ പഴങ്ങളെക്കൊണ്ടും പൂക്കളെക്കൊണ്ടും നിറഞ്ഞ് വള്ളികളാൽ ചുറ്റപ്പെട്ട്, രാജാവിനാൽ പരിപാലിക്കപ്പെടുന്ന സപത്നിമാരുള്ള പുരുഷരെ പോലെ, ഈ മരങ്ങൾ സുഖമായിരിക്കുന്നു.

ശകാരൻ: ശങ്ങാതി പറയുന്നത് ശരി തന്നെ. വീണുകിടക്കുന്ന ഫലങ്ങളാൽ ഭൂമി പലനിറങ്ങളിൽ കാണപ്പെടുന്നു. മരങ്ങളാകട്ടെ കായ്ക്കനികളുടെ ഭാരത്താൽ താണുനിൽക്കുന്നു. വള്ളികളിൽ തൂങ്ങിനിൽക്കുന്ന കുരങ്ങന്മാരെ കണ്ടാൽ പ്ലാവിൽ ചക്കതൂങ്ങികിടക്കുന്നപോലെ തോന്നും.

വിടൻ: തന്തയില്ലാത്തവനേ വാ ഇവിടെ ഈ പാറമുകളിൽ ഇരിയ്ക്ക്

ശകാരൻ: ശരി ഇരിയ്ക്കാം (രണ്ട് പേരും ഇരുന്നിട്ട്) ഭാവ, എനിക്കിപ്പോഴും വസന്തസേനയെ ഓർമ്മ വരുന്നു. ചീത്തവാക്കുകളെ പോലെ അവൾ എന്റെ മനസ്സിൽ നിന്ന് ഒഴിയുന്നില്ല.

വിടൻ:(ആത്മഗതം) അവൾ എത്ര അപമാനിച്ചാലും ഇവൻ അവളെ മറക്കുന്നില്ലല്ലൊ. അല്ലെങ്കിലും സ്ത്രീകളാൽ നിരസിക്കപ്പെട്ട നീചപുരുഷന്മാർക്ക് കാമവികാരം കൂടുകയേ ഉള്ളൂ. പക്ഷെ സജ്ജങ്ങൾക്ക് അപ്പോൾ കാമവികാരം നശിയ്ക്കുന്നു.

ശകാരൻ: ശ്രീമൻ, വണ്ടിയുമായി പെട്ടെന്ന് വരാമെന്ന് സ്ഥാവരകൻ പറഞ്ഞ് അനവധി നേരമായി! ഇതുവരെ വന്നില്ല. ഞാനിവിടെ വിശന്നിരിയ്ക്കുന്നു. നട്ടുച്ചനേരത്ത് നടന്ന് പോകാനും വയ്യ. നോക്കൂ നോക്കൂ:
ആകാശമദ്ധ്യത്തിൽ നിൽക്കുന്ന സൂര്യനെ ഇപ്പോൾ നോക്കാനെ പറ്റുന്നില്ല. തന്റെ നൂറുമക്കളും മരിച്ച ദുഃഖത്താൽ കരയുന്ന ഗാന്ധാരിയെ പോലെ ഭൂമിയും ചുട്ട് കരയുന്നു.

വിടൻ: അത് ശരിയാണ് അങ്ങനെ തന്നെ. പശുക്കൾ പുല്ലുതിന്നുന്നത് നിർത്തി ഉറങ്ങുന്നു. ദാഹിക്കുന്ന കാട്ടുമൃഗങ്ങൾ കുളത്തിലെ വെള്ളം കുടിയ്ക്കുന്നു. ആളുകൾ ചൂടത്ത് വലഞ്ഞ നഗരവീഥിമദ്ധ്യത്തിൽ നിന്നും മാറി യാത്ര ചെയ്യുന്നു. നിന്റെ കാളവണ്ടിക്കാരൻ ചൂടുസഹിക്കാതെ തണലിൽ വിശ്രമിക്കുകയാകുമോ?

ശകാരൻ: ഭാവാ, സൂര്യകിരണങ്ങൾ നെറുകിൽ തന്നെ വീഴുന്നു. പക്ഷികൾ മരച്ചില്ലകളിൽ ഒളിച്ചിരിക്കുന്നു. മനുഷ്യന്മാർ എല്ലാവരും അവനവന്റെ വീടുകളിൽ തന്നെ ഇരിക്കുന്നു.
ഇതുവരെ ആ ശപ്പൻ വന്നില്ല. ഞാനെന്റെ മനസ്സുഖത്തിനായി ഒരു പാട്ട് പാടട്ടെ. (പാടുന്നു)
ഭവാൻ കേട്ടില്ലേ ഞാൻ പാടുന്നത്?

വിടൻ: ഹാ! എന്തുപറയാൻ! താങ്കൾ ഗന്ധർവ്വനാണോ?

ശകാരൻ: എന്തുകൊണ്ട് ആയിക്കൂടാ? കായവും ശർക്കരയും ജീരകവും ചുക്കും കുരുമുളകും ഒക്കെ ചേർത്ത വയമ്പ് ആണ് ഞാൻ കഴിച്ചിരിക്കുന്നത് .അപ്പോൾ പിന്നെ എങ്ങനെ എന്റെ ശബ്ദം നല്ലതല്ലാതെയാകും? ഞാൻ ഇനിയും പാടാം ചങ്ങാതീ. (വീണ്ടും പാടുന്നു) അങ്ങ് കേട്ടില്ലേ ഞാൻ പാടിയത്?

വിടൻ: കേമായിട്ടുണ്ട്. താങ്കൾ ഗന്ധർവ്വനാണോ?

ശകാരൻ: എന്തുകൊണ്ട് ഞാനൊരു ഗന്ധർവ്വനായിക്കൂടാ? കായവും കുരുമുളകും എണ്ണയും ചേർത്ത കുയിലിന്റെ മാംസം കഴിച്ച ഞാൻ എങ്ങനെ മധുരമായി പാടാതിരിക്കും? അല്ല, ആശാനേ, വണ്ടിക്കാരൻ ഇതുവരേയ്ക്കും വന്നില്ലല്ലൊ.

വിടൻ: താങ്കൾ പേടിയ്ക്കാതിരിക്കൂ. അവൻ വേഗം വരും.

(കാളവണ്ടിയിൽ വസന്തസേനയുമായി സ്ഥാവരകൻ വരുന്നു)

സ്ഥാവരകൻ: എനിക്ക് പേടിയാവുന്നു. നട്ടുച്ചവെയിൽ. ഈ സമയത്ത് രാജസ്യാലൻ സംസ്ഥാനകൻ ദേഷ്യപ്പെടാതിരുന്നാൽ മതിയായിരുന്നു. വേഗം പോട്ടെ. നട കാളെ .. നട നട..

വസന്തസേന:അയ്യയ്യോ! ഇത് വർദ്ധമാനകന്റെ ശബ്ദം അല്ലല്ലൊ. ഇതെന്ത് പറ്റി? ആര്യ ചാരുദത്തന്റെ തന്റെ വണ്ടിക്കാളകൾക്കും വണ്ടിക്കാരനും വിശ്രമിക്കാൻ സമയം കൊടുത്ത് മറ്റ് വല്ലവരേയും അയച്ചുവോ? എന്റെ വലത്തെ കണ്ണ് തുടിയ്ക്കുന്നു. നെഞ്ചിടിപ്പ് കൂടുന്നു. ആകെ വിജനമായ പ്രദേശം. എല്ലാം വിപരീതമായി തോന്നുന്നു. എന്തോ അപകടം വരുന്നതായി തോന്നുന്നു.

ശകാരൻ:(വണ്ടിച്ചക്രത്തിന്റെ ശബ്ദം കേട്ട്) ആഹാ വന്നൂ വന്നൂ വണ്ടി വന്നൂ

വിടൻ: നിനക്കെങ്ങനെ അറിയാം?

ശകാരൻ: കേട്ടില്ലെ പന്നിമുരളുന്നപോലെ ഒരു ശബ്ദം?

വിടൻ: ശരി ശരി.. ഇതാ വണ്ടി വന്നുവല്ലൊ

ശകാരൻ:സ്ഥാവരകാ മോനേ നീ എത്തിയോ?

സ്ഥാവരകൻ: പിന്നെ എത്താതെ?

ശകാരൻ: വണ്ടിയും വന്നുവോ?

സ്ഥാവരകൻ: പിന്നെ ഇല്ലാതെ?

ശകാരൻ: രണ്ട് വണ്ടിക്കാളകളും ഉണ്ടോ?

സ്ഥാവരകൻ: പിന്നെ ഇല്ലാതെ?

ശകാരൻ: നീയും വന്നുവോ?

സ്ഥാവരകൻ: (ചിരിച്ചുകൊണ്ട്) യജമാനൻ, ഞാനും എത്തിയിരിക്കുന്നു

ശകാരൻ: എന്നാൽ വണ്ടി കൊണ്ടു വാ

സ്ഥാവരകൻ: ഏത് വഴിയിലൂടെ?

ശകാരകൻ: ഈ ഇടിഞ്ഞമതിലിന്റെ ഭാഗത്തുകൂടെ

സ്ഥാവരകൻ: സ്വാമീ, വണ്ടി തകരും, കാളകൾ ചാകും മാത്രമല്ല ഞാൻ ഈ ഭൃത്യൻ കൂടെ ചാവും.

ശകാരൻ: എടാ ഞാൻ രാജാവിന്റെ അളിയനാണ്. കാളകൾ ചത്താൽ വേറെ വാങ്ങും. വണ്ടി തകർന്നാൽ അതും പുതിയത് ഉണ്ടാക്കിക്കും. നീ ചത്താൽ മറ്റൊരുത്തൻ.

സ്ഥാവരകൻ: എല്ലാം പുതിയതാവും പക്ഷെ ഈ ഞാൻ മാത്രം ഉണ്ടാവില്ല

ശകാരൻ: എല്ലാം നശിച്ചോട്ടെ നീ ഇതുവഴി തന്നെ അകത്ത് വാ

സ്ഥാവരകൻ: നശിക്കട്ടെ എല്ലാം നശിക്കട്ടെ വണ്ടിക്കാരനോടൊപ്പം വണ്ടിയും നശിക്കട്ടെ. യജമാനനോട് ചെന്ന് പറയാം.. (പ്രവേശിച്ചുകൊണ്ട്) ങ്ഹേ.. വണ്ടി തകർന്നില്ലേ? അല്ലയോ സ്വാമീ, വണ്ടി ഇതാ ഉള്ളിൽ എത്തിക്കഴിഞ്ഞു.

ശകാരൻ: കാളകൾ ചത്തില്ലേ? വണ്ടി തകർന്നില്ലേ? പിന്നെ നീയും ചത്തില്ലേ?

സ്ഥാവരകൻ: പിന്നെന്താ?

ശകാരൻ: ഭവാൻ വരൂ ഭവാൻ. നമുക്ക് പോയി വണ്ടി കാണാം. നീ എന്റെ ഗുരു ആണല്ലൊ പരമഗുരു. നിന്നേയും ഞാൻ ആദരവോടെ നോക്കട്ടെ. നീ എന്റെ മനസ്സിലെ കാര്യം അറിയുന്നവൻ ആണ്. അതിനാൽ നീ തന്നെ മുന്നിൽ വണ്ടിയിൽ കയറൂ ഞാൻ പിന്നാലേ കയറാം.

വിടൻ: അങ്ങനെ തന്നെ (വണ്ടിയിൽ കയറുന്നു)

ശകാരൻ:നിൽക്ക് അവിടെ നിൽക്ക്. നീ ആദ്യം കയറാൻ നിന്റെ തന്തയുടെ വണ്ടിയൊന്നും അല്ലല്ലൊ? എന്റെ വണ്ടിയാണിത് അതിനാൽ ഞാൻ തന്നെ ആദ്യം കയറും.

വിടൻ: താങ്കളല്ലെ എന്നോട് ആദ്യം കയറാൻ പറഞ്ഞത്?

ശകാരൻ: നിന്നോട് ഞാൻ ആദ്യം കയറിക്കൊള്ളാൻ പറഞ്ഞാലും നീ “സ്വാമീ താങ്കൾ വണ്ടിയിൽ കയറിയാലും“ എന്ന് ആദരവോടെ തിരിച്ച് പറയണ്ടതല്ലെ?

വിടൻ: താങ്കൾ കയറിയാലും

ശകാരൻ: ഇനി ഞാൻ കയറുകതന്നെ. മോനേ സ്ഥാവരകാ, വണ്ടി തിരിക്ക്.

സ്ഥാവരകൻ: (വണ്ടി തിരിച്ച്) സ്വാമീ, വണ്ടിയിൽ കയറിയാലും

ശകാരൻ:(വണ്ടിയിൽ കയറുന്നു. വസന്തസേനയെ കണ്ട് ശങ്ക അഭിനയിച്ച് പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി വിടന്റെ കഴുത്തിൽ കെട്ടിപ്പിടിക്കുന്നു.) ഭാവ ഭാവാ. നീ ചത്തൂ. വണ്ടിയിൽ ഒരു രാക്ഷസി അല്ല കള്ളൻ ഇരിക്കുന്നു. രാക്ഷസി ആണെങ്കിൽ നമ്മൾ കൊള്ളയടിക്കപ്പെട്ടു അല്ല ഇനി കള്ളിയെങ്കിലൊ നമ്മളെ തിന്നും.

വിടൻ: ഭയപ്പെടാതിരിക്കൂ. ഈ കാളവണ്ടിയിൽ രാക്ഷസി എങ്ങനെ വന്നു? ഈ നട്ടുച്ചച്ചൂടും വെയിലും കൊണ്ട് മഞ്ഞച്ച കണ്ണുകൾ ആയ നിനക്ക് സ്ഥാവരകനെ കണ്ട് ഭ്രാന്തായതാവും.

ശകാരൻ: മോനേ സ്ഥാവരകാ. എടാ നീ ജീവിച്ചിരിപ്പുണ്ടോ?

സ്ഥാവരകൻ: പിന്നെന്താ?

ശകാരൻ: വണ്ടിയിൽ ഒരു സ്ത്രീ ഇരിക്കുന്നു ഭവാൻ നോക്കൂ.

വിടൻ:എന്ത്? സ്ത്രീയോ? സ്ത്രീ എങ്കിൽ നമ്മൾ, മഴനനഞ്ഞ കണ്ണുകളുള്ള കാളകളെ പോലെ നമുക്ക് പെട്ടെന്ന് തന്നെ തലയും താഴിത്തി ഓടിപ്പോകാം. സമൂഹത്തിൽ മാന്യസ്ഥാനം ഉള്ള എന്റെ കണ്ണുകൾക്ക് കുലസ്ത്രീകളുടെ ദർശനം ഭയമാണ്.

വസന്തസേന: (ആശ്ചര്യത്തോടേ ആത്മഗതം) എന്ത് ഇവൻ എന്റെ കണ്ണുകൾക്ക് വിഷമമുണ്ടാക്കുന്ന ആ രാജസ്യാലൻ സംസ്ഥാനകൻ തന്നെ. അല്പഭാഗ്യയായ ഞാൻ ഇപ്പോൾ കുടുങ്ങിയതു തന്നെ. ഈ സമയത്തെ വരവ്,  ചുടുമണ്ണിൽ വീണ വിത്തിനെ പോലെ വ്യർത്ഥമായിരിക്കുന്നു. ഇനി ഞാൻ എന്ത് ചെയ്യും?

ശകാരൻ: ആ വയസ്സൻ പേടിത്തൊണ്ടൻ വണ്ടിയിലേക്ക് നോക്കുന്നില്ല. വണ്ടിയിൽ നോക്ക് വണ്ടിയിൽ ശ്രദ്ധിക്ക്.

വിടൻ: ഇതിലെന്ത് ദോഷം? അങ്ങനെ തന്നെ ആകട്ടെ.

ശകാരൻ: കുറുക്കന്മാർ പറക്കുന്നു. കാക്കൾ ഓടുന്നു. ചങ്ങാതിയെ അവൾ കണ്ണുകൊണ്ട് തിന്ന് പല്ലുകൾ കൊണ്ട് നോക്കുന്നതിനു മുന്നേ ഞാൻ ഓടി രക്ഷപ്പെടട്ടെ.

No comments:

Post a Comment