കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Monday, February 8, 2016

നാലാം അങ്കം - ഭാഗം 2


മദനിക: എന്റെ ശർവിലാക, ഒരു നിസ്സാരയായ പെണ്ണിനുവേണ്ടി നീ രണ്ടും അപായപ്പെടുത്തിയല്ലൊ !

ശർവിലകൻ: എന്ത് രണ്ടും?

മദനിക: നിന്റെ ശരീരത്തേയും നിന്റെ സ്വഭാവശീലത്തേയും.

ശർവിലകൻ: എടീ മണ്ടിപ്പെണ്ണേ, ധൈര്യമുള്ളവർക്കേ സൗഭാഗ്യം ഉണ്ടാകൂ

മദനിക: പ്രിയ ശർവിലാക, താങ്കൾ കളങ്കരഹിതനായിരുന്നു ഇതുവരെ. എനിക്കുവേണ്ടി നീ അത്രവലിയ പാതകമൊന്നും ചെയ്തില്ലല്ലൊ?

ശർവിലകൻ: സ്ത്രീകൾ സൗന്ദര്യവർദ്ധനത്തിനായി അണിയുന്ന ആഭരണങ്ങൾ ഞാൻ തൊടാറില്ല. ബ്രാഹ്മണന്റെ മുതലും ദൈവീകകാര്യങ്ങൾക്കു സ്വരൂപിച്ചതും ഞാൻ തൊടാറില്ല. ധനസമ്പാദനത്തിനായി, അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിനേയും ഞാൻ തൊടാറില്ല. കള്ളനെങ്കിലും ഞാൻ തെറ്റും ശരിയും അറിയുന്നവനും ഔചിത്യമുള്ളവനുമാണ്. ആലോചിച്ച് തന്നെ ആണ് ഞാൻ മോഷ്ടിച്ചത്. അതിനാൽ മദനികേ, വസന്തസേനയെ ഞാൻ പറയുന്നത് അറിയിച്ചാലും. “ഇത് നിനക്കായി പണിയിച്ച ആഭരണങ്ങൾ ആണ്. എന്നോട് ഇഷ്ടമാണെങ്കിൽ രഹസ്യമായി മാത്രം ഇവ ധരിക്കുക. മറ്റാരും കാണാൻ ഇടവരുത്തരുത്.“

മദനിക: ആരും കാണാതെ മാത്രം ധരിക്കേണ്ട ആഭരണങ്ങൾ ഗണിക എന്നിവരണ്ടും ഒന്നിച്ച് ചേരില്ലല്ലൊ ശർവിലകാ. (ഗണികകൾ സർവ്വാഭരണഭൂഷിതയായി അണിഞ്ഞൊരുങ്ങിയാണല്ലൊ പുറത്ത് വരുക. അപ്പോൾ ആഭരണങ്ങൾ കാണാതിരിക്കരുത് എന്ന് പറയുന്നത് എങ്ങനെ എന്ന് ചോദ്യം)  ആഭരണങ്ങൾ ഞാൻ കാണട്ടെ. എനിക്ക് തരൂ.

ശർവിലകൻ: ഇതാ ആഭരണങ്ങൾ (എന്ന് പറഞ്ഞ് ആശങ്കയോടെ അവ മദനികയ്ക്ക് കൊടുക്കുന്നു.)

മദനിക: (ആഭരണങ്ങൾ പരിശൊധിച്ചുകൊണ്ട്) ഞാനിവ എവിടേയോ കണ്ടപോലെ ഉണ്ടല്ലൊ. സത്യം പറ, ഇതെവിടുന്നാ കിട്ടിയത്?

ശർവിലകൻ: അതൊക്കെ നിനക്കറിഞ്ഞെട്ടെന്ത് കാര്യം? അതെടുത്തോ.

മദനിക: (ദേഷ്യത്തോടെ) നിനക്കെന്നെ വിശ്വാസമില്ലെങ്കിൽ പിന്നെ നീ എന്തിനു എന്നെ സ്വതന്ത്രയാക്കാൻ ശ്രമിക്കുന്നു?

ശർവിലകൻ: ശരി, ഞാനിന്ന് രാവിലെ കച്ചവടത്തെരുവിൽ നിന്നും കേട്ടു, കച്ചവടക്കാരൻ ചാരുദത്തന്റെ എന്ന്.

(മദനികയും ഒളിഞ്ഞ് കേൾക്കുന്ന വസന്തസേനയും മോഹാലസ്യപ്പെടുന്നു)

ശർവിലകൻ: (പരിഭ്രമത്തോടെ) മദനിക എന്തായിത്? ആശ്വസിക്ക്. ധൈര്യം അവലംബിക്ക്.  ഇപ്പോൾ എന്തിനാണ് നീ പേടിച്ച് വിറയ്ക്കുന്നത്? എന്നിൽ അനുകമ്പ ഇല്ലേ?

മദനിക: (ബോധം വീണ്ടെടുത്ത്) വീണ്ടുവിചാരമില്ലാത്തവനേ, നീ ചെയ്യാൻ പാടില്ലാത്തത് എനിക്ക് വേണ്ടി ചെയ്തപ്പോൾ ആ വീട്ടിലെ ആരേയും പരിക്കേൽപ്പിച്ചില്ലല്ലൊ? ഉവ്വോ?

ശർവിലകൻ: അല്ലയോ മദനികേ, ഈ ശർവിലകൻ ഭയപ്പെട്ടിരിക്കുന്നവരേയും ഉറക്കത്തിലുള്ളവരേയും ഉപദ്രവിക്കാറില്ല. ഞാൻ അവിടെ ആരേയും ഉപദ്രവിച്ചിട്ടില്ല.

മദനിക: ശരിക്കും? ഉറപ്പ്?

ശർവിലകൻ: തീർച്ച. സത്യം തന്നെ. ഞാൻ ആരേയും അവിടെ ഉപദ്രവിച്ചിട്ടില്ല

വസന്തസേന: (ബോധം വീണ്ടെടുത്ത്) ഹോ ! എനിക്ക് ശ്വാസം നേരെ വീണു!

മദനിക: ആശ്വാസമായീ.

ശർവിലകൻ: (ഈർഷ്യയോടെ) എന്ത് ആശ്വാസമായി എന്നാ നീ ഉദ്ദേശിച്ചത്, മദനികേ?
ഞാൻ നല്ലകുലത്തിൽ (ബ്രാഹ്മണകുലത്തിൽ) ജനിച്ചവനായിട്ടും ഈ പാതകം ചെയ്തത് നിന്നിൽ എനിക്ക് പ്രണയം ഉള്ളതുകൊണ്ട് മാത്രമാണ്. കാമം കൊണ്ട് കള്ളത്തരം ചെയ്യുമെങ്കിലും അഭിമാനിയാണ് ഞാൻ. നീ, ഞാൻ ഒരു സുഹൃത്ത് മാത്രം എന്ന് പറഞ്ഞ് മറ്റൊരുത്തനെ (ചാരുദത്തനെ) സ്നേഹിക്കുന്നുവോ? (ദ്വയാർത്ഥം വെച്ച്) നല്ലഫലങ്ങൾ തരുന്ന വൃക്ഷങ്ങളിലെ ഫലങ്ങളെല്ലാം ഗണികകൾ ആകുന്ന പക്ഷികൾ ഭക്ഷിക്കുന്നു. ശേഷം പഴയപോലെ ഫലങ്ങൾ ഇല്ലാതെ വെറു വൃക്ഷങ്ങളായി പരിണമിയ്ക്കുന്നു. (ദരിദ്രരാകുന്നു എന്നർത്ഥം) പ്രേമമാകുന്ന ഇന്ധനം കൊണ്ട് സംഭോഗരൂപമായ ജ്വാലയാൽ കത്തുന്ന കാമാഗ്നിയിൽ പുരുഷനാകട്ടെ അവന്റെ യൗവ്വനവും ധനവുമെല്ലാം ഹോമിയ്ക്കുന്നു.

വസന്തസേന: (പുഞ്ചിരിയോടേ) ഇയാൾ കാര്യമറിയാതെ ആവേശം കൊള്ളുന്നു.

ശർവിലാകനു ദേഷ്യവും നിരാശയും സഹിക്കുന്നില്ല. അദ്ദേഹം മദനികയോട് പിന്നേയും ദേഷ്യത്തോടെ സംസാരം തുടർന്നു.

ശർവിലകൻ: എല്ലാവിധത്തിലും, സ്ത്രീയേയും സമ്പത്തിനേയും വിശ്വസിക്കുന്നവർ വിഡ്ഢികളാണ്. രണ്ടും വക്രഗതിക്കാരാണ്. സ്ത്രീയെ ഒരിക്കലും അങ്ങോട്ട് കയറി സ്നേഹിക്കരുത് എന്നാലവൾ നിങ്ങളെ അപമാനിയ്ക്കും. അവൾ തിരിച്ചും സ്നേഹിക്കുന്നെങ്കിൽ മാത്രേ അവളെ സ്നേഹിക്കാൻ പാടൂ. അല്ലെങ്കിൽ അവളെ ഒഴിവാക്കുകയാണ് നല്ലത്.

കാര്യമെന്താണെങ്കിലും ഇത് ശരിതന്നെ പറയുന്നത്,

വേശ്യ, ധനത്തിനുവേണ്ടി ചിരിക്കുകയും കരയുകയും ചെയ്യും. അവൾ നിങ്ങളെ വിശ്വസിക്കുന്നില്ല എങ്കിലും പുരുഷൻ അവളിൽ വിശ്വസിക്കും. അതിനാൽ ഉത്തമകുലജാതനായ പുരുഷൻ വേശ്യകളെ, ശ്മശാനത്തിലെ പൂവുകളെ എന്ന പോലെ ത്യജിയ്ക്കണം.
കൂടാതെ,
അവളെപ്പോഴും സമുദ്രത്തിലെ തിരകളെ പോലെ ചഞ്ചലയാണ്. വൈകുന്നേരങ്ങളിലെ മേഘക്കൂട്ടം പോലെ ക്ഷണരാഗമുള്ളവരാണ്. (രാഗം എന്നത് സന്ധ്യകാലത്തെ മേഘങ്ങളുടെ ചുവപ്പിനേയും അതുപോലെ അനുരാഗത്തേയും സൂചിപ്പിക്കുന്നു) വേശ്യകൾ, നിങ്ങളുടെ ധനമെല്ലാം എടുത്ത് നീരുടുത്ത ചണ്ടിപോലെ നിങ്ങളെ കളയും.

ഒരുത്തനെ കെട്ടിപ്പിടിക്കും, മറ്റൊരുത്തനോട് കണ്ണടിച്ച് കാണിക്കും. ഇനിയും വേറൊരുത്തനോട് ചേർന്ന് കാമപൂർത്തി വരുത്തും.

പണ്ടുള്ളവർ കൃത്യമായി പറഞ്ഞിട്ടുണ്ട്,
മലമുകളിൽ അല്ല താമര വിരിയുക. കുതിരയെയും കഴുതയേയും ഒന്നിച്ച് ഒരേ നുകത്തിൽ കെട്ടരുത്. മത്തൻ വിതച്ചാൽ കുമ്പളം കൊയ്യില്ല. വേശ്യകൾക്ക് വിശുദ്ധിയുമില്ല

ദുഷ്ടാ ചാരുദത്താ.. മഹാപാപി.. നിന്നെ ഞാൻ കാണിച്ചുതരുന്നുണ്ട്.

(ഇത്രയും പറഞ്ഞ ക്രോധത്തോടെ ശർവിലകൻ പോകാൻ തുടങ്ങി)

മദനിക:(വസ്ത്രത്തുമ്പിൽ പിടിച്ച് നിർത്തി) താങ്കൾ ഒരു വിഡ്ഢിയാണ്. അസംബന്ധം പുലമ്പുന്നു

ശർവിലകൻ: അസംബന്ധമോ? അതെങ്ങനെ?

മദനിക: ഈ ആഭരണങ്ങൾ ആര്യ വസന്തസേനയുടേതാണ്.

ശർവിലകൻ: അതുകൊണ്ട്?

മദനിക: ഇവ അദ്ദേഹത്തിന്റെ (ചാരുദത്തന്റെ) കയ്യിൽ നിക്ഷേപിച്ചതാണ്.

ശർവിലകൻ: എന്തിന്?

മദനിക: (ചെവിയിൽ) അതിങ്ങനെ ആണ് കാരണം.

ശർവിലകൻ: (ലജ്ജയോടെ) കഷ്ടം തന്നെ! സൂര്യന്റെ തീക്ഷ്ണമായ വെയിലിൽ നിന്നും രക്ഷപ്പെടാനായി ഞാൻ തണൽ തേടി. അജ്ഞത കൊണ്ട് തണൽ തന്ന മരത്തിന്റെ ഇലകളഞ്ഞു ഞാൻ. (വസന്തസേനയ്ക്ക് കൊടുക്കാനായി വസന്തസേനയുടെ തന്നെ ആഭരണങ്ങൾ മോഷ്ടിച്ചു. അതിനാൽ ഇനി മദനികയെ മോചിപ്പിക്കാൻ സാധ്യത മങ്ങി എന്ന് ധ്വനി)

വസന്തസേന: ഇവൻ പശ്ചാത്തപിക്കുന്നുണ്ടല്ലൊ തീർച്ചയായും അവൻ അത് അറിയാതെ ചെയ്തത് ആകും. (എന്ന് സമാധാനിയ്ക്കുന്നു.)

ശർവിലകൻ: ഇനി എന്താണ് ചെയ്യുക?

മദനിക: ചെയ്യാനുള്ളതിൽ നീ മിടുക്കനാണല്ലൊ.

ശർവിലകൻ: അങ്ങനെ അല്ല, നോക്ക്, സ്ത്രീകൾക്ക് ജന്മനാ മിടുക്കുള്ളവരാണ്. എന്നാൽ പുരുഷന്മാർ ശാസ്ത്രങ്ങൾ അഭ്യസിച്ച് മിടുക്കരാവുന്നതാണ്.  

മദനിക: ഞാൻ പറയുന്നത് കേൾക്കുമെങ്കിൽ ആഭരണങ്ങൾ തിരിച്ച് ചാരുദത്തന്റെ ഗൃഹത്തിൽ തന്നെ നിക്ഷേപിക്കൂ.

ശർവിലകൻ: മദനികേ, അങ്ങനെ ചെയ്താൽ ചാരുദത്തനെ കോടതിയിൽ പരാതി കൊടുത്താൽ എന്ത് ചെയ്യും? വിചാരണ ചെയ്യില്ലേ?

മദനിക: നിലാവിൽ നിന്നും ചൂട് വരില്ല. (എന്ന് വെച്ചാൽ ചാരുദത്തൻ പരാതി നൽകില്ല എന്ന് ധ്വനി)
വസന്തസേന: സഭാഷ് മദനികേ സഭാഷ്.

ശർവിലകൻ: ഞാൻ ചെയ്ത ഈ ദുഷ്കൃതിയെ പറ്റി എനിക്ക് പശ്ചാത്താപമില്ല, രാജനീതിയെ ഭയവുമില്ല. എന്നിരിയ്ക്കേ, ചാരുദത്തന്റെ സദ്ഗുണങ്ങളെ നീ എന്തിനു വാഴ്ത്തുന്നു? മോഷണമെന്ന കുത്സിതകർമ്മം ലജ്ജയുണ്ടാക്കേണ്ടതാണ്. എന്നാൽ എന്നെ പോലെ ഉള്ള നെറികെട്ടവരെ രാജാവിനു എന്ത് ചെയ്യാൻ സാധിക്കും? (ഒന്നുംചെയ്യാൻ സാധിക്കില്ല എന്നർത്ഥത്തിൽ) പിന്നെ, തിരിച്ച് കൊടുക്കുക എന്നത് ചോരനീതിയ്ക്ക് എതിരാണ്. അതിനാൽ മറ്റൊരു ഉപായം നീ തന്നെ പറയണം.

മദനിക: എന്നാൽ മറ്റൊന്ന് ചെയ്യണം നീ

വസന്തസേന: ങ്ഹേ? അതെന്തായിരിക്കും മദനിക പറയുന്നത്?

മദനിക: താങ്കൾ ചാരുദത്തന്റെ ഭൃത്യനായി ചമഞ്ഞ് ഈ ആഭരണങ്ങൾ എന്റെ യജമാനത്തിയ്ക്ക് കൊടുക്കുക.

ശർവിലകൻ: അങ്ങിനെ ചെയ്താൽ?

മദനിക: അങ്ങനെ ചെയ്താൽ ചാരുദത്തനെ ഏൽപ്പിച്ച ഭാരം തീരും. എന്റെ യജമാനത്തിയ്ക്ക് അവരുടെ ആഭരണങ്ങൾ തിരിച്ചുകിട്ടും. മാത്രമല്ല നീ ഒരു മോഷ്ടാവുമല്ലാതെ ആകും.

ശർവിലകൻ: അത് കുറച്ച് കടന്ന കയ്യല്ലേ മദനികേ?

മദനിക: അല്ല. പോയി കൊടുക്കൂ. കൊടുക്കാതിരുന്നാലാണ് സാഹസമാവുക.

വസന്തസേന: നല്ലത് മദനികേ നല്ലത്. നീ ഒരു വിവാഹിതയായ സ്ത്രീയെ പോലെ സംസ്കാരമുള്ള ഉപദേശം നൽകുന്നു.

ശർവിലകൻ: രാത്രിയിൽ ചന്ദ്രനെ മേഘങ്ങൾ മറച്ചാൽ വഴികാട്ടിയെ കിട്ടാൻ ബുദ്ധിമുട്ടും. എന്നാൽ നിന്നെ ഞാൻ അനുസരിക്കുന്നതിൽ എനിക്ക് ബുദ്ധി തെളിഞ്ഞു.

മദനിക: എന്നാൽ അങ്ങ് ഈ കാമദേവക്ഷേത്രത്തിൽ അൽപ്പം കാത്ത് നിൽക്കുക. ഞാൻ യജമാനത്തിയോട് ചെന്ന് താങ്കൾ വന്ന കാര്യം ഉണർത്തിക്കട്ടെ.

ശർവിലകൻ: അങ്ങിനെ ആകട്ടെ.

No comments:

Post a Comment