കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Wednesday, February 17, 2016

ആറാം അങ്കം - ഭാഗം 2


(തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും ശബ്ദം കേൾക്കുന്നു.)
ഹേ കാവൽക്കാരേ ദ്വാരപാലകന്മാരെ നിങ്ങൾ അവരവരുടെ സ്ഥാനത്ത് കാവൽമാടങ്ങളിൽ നിലയുറപ്പിക്കുക. ഇപ്പോൾ ആ ആട്ടിടയച്ചെക്കൻ പാറാവുകാരനെ കൊന്ന്, ചങ്ങലയും അറുത്ത്,  തടവറ ചാടിയിരിക്കുന്നു. അവനെ പിടിയ്ക്കൂ അവനെ ബന്ധനസ്ഥനാക്കൂ.

(മുഖം മറച്ചുകൊണ്ട് കാലിൽ ഒരു ചങ്ങലയുമായി ആകെ പേടിച്ചും പരിഭ്രമിച്ചും ആര്യകൻ പ്രവേശിച്ച് ചുറ്റി നടക്കുന്നു.)

സ്ഥാവരകൻ: (ആത്മഗതം) നഗരമാകെ പരിഭ്രാന്തിയിൽ ആയിരിക്കുന്നു. അതിനാൽ പെട്ടെന്ന് തന്നെ പോകാം.

(പോകുന്നു)

ആര്യകൻ: രാജാവിന്റെ തടവറ എന്ന വലിയ ആപത്തിൽ നിന്നും ചാടി രക്ഷപ്പെട്ട ഞാൻ, കെട്ടപൊട്ടിച്ച ആനയെ പോലെ ഒറ്റക്കാലിൽ ചങ്ങലയുമായി നടക്കുന്നു.

ഏതൊ ഒരു സിദ്ധന്റെ പ്രവചനം കേട്ട് ഇടയന്മാരുടെ ചേരിയിൽ നിന്നും എന്നെ പാലകരാജാവ്  പിടിച്ചുകൊണ്ട് വന്ന് ഗൂഢമായ തടവറയിൽ കയ്യും കാലും ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു. (കണ്ണീരോടെ) ആ തടവറയിൽ നിന്നും പ്രിയസുഹൃത്ത് ശർവ്വിലകൻ എന്നെ രക്ഷിച്ചു.

രാജാവാകൻ എനിക്ക് യോഗമുണ്ട് എങ്കിൽ അതിൽ, പാലകരാജാവിനു എന്നെ ഒരു കാട്ടാനയെപ്പോലെ ബന്ധനസ്ഥനാക്കുവാൻ പാകത്തിനു എന്റെ തെറ്റ് എന്താണ്? ഭാഗ്യം വരുന്ന വഴി തടയാൻ ആർക്കും പറ്റില്ല എന്നത് സത്യമെങ്കിലും രാജാവ് പ്രജാസേവതൽപ്പരൻ ആയിരിക്കണം. ബലവാന്മാരോട് വിരോധം വെയ്ക്കുന്നതെന്തിന്? (പാലകരാജാവിനോട് എനിക്ക് വിരോധമില്ല എന്നർത്ഥം)

അതിനാൽ അല്പഭാഗ്യനായ ഞാൻ എവിടെ പോകും? (നോക്കിയിട്ട്) ഏതൊ സജ്ജനപുരുഷന്റെ എന്ന് തോന്നിപ്പിയ്ക്കുന്ന ഈ ഗൃഹത്തിന്റെ വശത്തെ വാതിൽ തുറന്ന് ഇരിക്കുന്നു. ജീർണോന്മുഖമായ ഈ ഗൃഹം കണ്ടിട്ട് എനിയ്ക്ക് തുല്യം ഭാഗ്യമുള്ളവന്റെ(=നിർഭാഗ്യമാണല്ലൊ ആര്യകിനിപ്പോൾ) വീടുതന്നെ എന്ന് തോന്നുന്നു.

(അകത്ത് കയറി ഒളിക്കുന്നു)

നട കാളേ നട നട കാളേ..


ആര്യകൻ:(കേട്ടിട്ട്) ഈ വണ്ടി ഇവിടേയ്ക്ക് തന്നെ വരുന്ന പോലെ തോന്നുന്നു. ആഘോഷങ്ങൾക്ക് പോകുന്ന സാമൂഹ്യദ്രോഹികൾ കയറിയ പൊതുവണ്ടിയായിരിക്കുമോ? അതല്ലഎങ്കിൽ, ഈ ഗൃഹത്തിൽ നിന്നും ഗൃഹനാഥയെ കൊണ്ടുപോകാനുള്ള വണ്ടിയോ? അതുമല്ലെങ്കിൽ ശ്രേഷ്ഠജനങ്ങൾക്ക് സഞ്ചരിക്കാനുള്ള വണ്ടിയാകുമോ? അഥവ ഭാഗ്യവശാൽ മറ്റാരുമില്ലാതെ എനിക്ക് പോകാനായി വരുന്നതായിരിക്കുമോ?

വർദ്ധമാനകൻ: ഞാനിതാ വണ്ടിയുടെ വിതാനവുമായി തിരിച്ചെത്തിയിരിക്കുന്നു. രദനികേ, പുഷ്പകരണ്ഡക ഉദ്യാനത്തിലേക്ക് പോകാനായി അലംകൃതമായ വണ്ടി തയ്യാറായിരിക്കുന്നു എന്ന് ആര്യ വസന്തസേനയെ അറിയിക്കൂ.

ആര്യകൻ: (കേട്ടിട്ട്) ഇതൊരു ഗണികയുടെ വണ്ടി ആണ്. മാത്രമല്ല പുറത്ത് പോകുന്നതും. അതിനാൽ കയറുക തന്നെ.
(എന്ന് പറഞ്ഞ് മെല്ലെ മെല്ലെ കാളവണ്ടിയുടെ സമീപം ചെല്ലുന്നു)

വർദ്ധമാനകൻ:(ചങ്ങലകിലുക്കം കേട്ടുകൊണ്ട്) പാദസരങ്ങളുടെ ശബ്ദം കേൾക്കുന്നു. അതിനാൽ വസന്തസേന എത്തി എന്ന് തീരുമാനിക്കാം. ആര്യ വസന്തസേനേ, മൂക്കുകയറിട്ട ഈ കാളകൾ വളരെ വേഗത്തിൽ ഓടുന്നവയാണ്. അതിനാൽ ഭവതി പിന്നിലൂടെ വണ്ടിയിൽ കയറി ഇരുന്നാലും.

(ഇത് കേട്ട ആര്യകൻ വണ്ടിയുടെ പിന്നിലൂടെ കയറി ഇരിക്കുന്നു)

വർദ്ധമാനകൻ: വണ്ടിയിൽ കയറി കാലുകൾ മുകളിൽ വെച്ചതിനാൽ പാദസരങ്ങളുടെ ശബ്ദം ഇപ്പോൾ കേൾക്കുന്നില്ല. വണ്ടിയ്ക്കും ഭാരം കൂടിയതുകൊണ്ട് ആര്യ വസന്തസേന വണ്ടിയിൽ കയറിയതായി തീരുമാനിക്കാം. അതിനാൽ നടകാളെ.. നട നട..കാളേ

(വണ്ടികാളകളെ തെളിച്ചുകൊണ്ട് പോകുന്നതായി അഭിനയിക്കുന്നു.)

(പ്രവേശിച്ചുകൊണ്ട്)
വീരകൻ: ഹേ ഹേ.. എടോ പൂയ്.. ജയൻ, ജയമാനൻ, ചന്ദനകൻ, മംഗലൻ പുഷ്പഭദ്രൻ തുടങ്ങിയ പ്രധാനികളെ, ശ്രദ്ധിക്കൂ… നിങ്ങൾ എന്താണ് നിശ്ചേതനന്മാരായി ഇരിക്കുന്നത്? തുറങ്കിലടച്ചിരുന്ന ആ ഇടയച്ചെക്കൻ ആര്യകൻ, പാലകരാജാവിന്റേ ഹൃദയത്തേയും തുറങ്കിനെയും ഒരുപോലെ ഭേദിച്ചുകൊണ്ട് ഓടിപ്പോയിരിക്കുന്നു.

എടാ നീ കിഴക്കേ വാതിൽക്കൽ നിൽക്ക്. നീ പടിഞ്ഞാറും. ഇവൻ തെക്കുഭാഗത്തും ദേ ഇയാൾ വടക്കുഭാഗത്തും കാവൽ നിൽക്കട്ടെ. ഞാനും ചന്ദനകനും കൂടെ ഈ കോട്ടമതിലിനുമുകളിൽ നിന്നും നിരീക്ഷിക്കാം.വരൂ ചന്ദനകാ, വരൂ, ഇവിടെ വരൂ.

(പരിഭ്രാന്തിയോടെ പ്രവേശിച്ച്)

ചന്ദനകൻ:(പരിഭ്രാന്തിയോടെ) അരേ.. വീരക, വിശാല്യ, ഭീമ, അംഗദ, ദണ്ഡകാല, ദണ്ഡശൂരൻ മുതലായ പ്രധാനികളെ,
വിശ്വസ്തരേ വരൂ, വേഗം വരൂ. പെട്ടെന്ന് തന്നെ വരൂ പാലകരാജാവിന്റെ രാജ്യലക്ഷ്മി മറ്റൊരാളുടെ പക്കലെത്തപ്പെടരുത്. (ആര്യകൻ രാജാവാകരുത് എന്നർത്ഥം)

മാത്രമല്ല,
ഉദ്യാനങ്ങളിൽ, സദസ്സിൽ, വഴിയിൽ, നഗരങ്ങളിൽ, അങ്ങാടികളിൽ കൂടാതെ തെരുവകളിലും എന്ന് വേണ്ട സംശയം ഉള്ള എവിടെ ആയാലും അവിടമൊക്കെ അന്വേഷിക്കൂ.

എടാ. വീരക, എന്തൊക്കെ നിരീക്ഷിക്കാനുണ്ട്? പറയൂ ആരാണ് ആ ഇടയചെക്കൻ ആര്യകനെ ബന്ധനവിമുക്തനാക്കി കൊണ്ടുപോകുന്നത്?

ആർക്കാ എട്ടിൽ സൂര്യനും നാലിൽ ചന്ദ്രനും ആറിൽ ശുക്രനും അഞ്ചിൽ ചൊവ്വയും ഉള്ളത്? (ഇത്രയും നല്ല ജാതകം ആർക്കാണ് ഉള്ളത് എന്ന് അർത്ഥം) പറയൂ ആർക്കാണ് ബൃഹസ്പതി ജന്മരാശിയായി ആറിലും ശനി ഒമ്പതിലും നിൽക്കുന്നത്? ആരാണവൻ? ഈ ചന്ദനകൻ ജീവിച്ചിരിക്കുമ്പോൾ ഇടയച്ചെക്കൻ ആര്യകനെ കൊണ്ട് പോകുന്നവൻ ആരാണ്?

വീരകൻ: ചന്ദനകാ, ഞാൻ നിന്നോടാണയിട്ട് പറയുന്നു ആരോ പെട്ടെന്ന് ആര്യകനെ മോചിപ്പിച്ചുകൊണ്ട് പോകുന്നുണ്ട്. സൂര്യൻ പകുതി ഉദിച്ച് ഉയർന്നപ്പോൾ ആര്യകൻ ബന്ധനവിമുക്തനായി ഓടിപ്പോയി.

വർദ്ധമാനകൻ: നടകാളെ നട നട...

ചന്ദനകൻ:  ഇത് നോക്കൂ നോക്കൂ. എല്ലാം മറച്ച് ഒരു കാളവണ്ടി രാജവീഥിയിലൂടെ പോകുന്നു. അത് ആരുടെ ആണ് എങ്ങോട്ടാണ് പോകുന്നത് എന്നന്വേഷിക്കൂ.

വീരകൻ: (നോക്കിക്കണ്ട്): ഹേ വണ്ടിക്കാരാ. നിർത്ത് നിർത്ത്. ഇതാരുടെ വണ്ടി? ഇതിൽ ആരാണ് ഉള്ളത്? എവിടേയ്ക്കാണ് പോകുന്നത്?

വർദ്ധമാനകൻ: ഇത് ആര്യചാരുദത്തന്റെ വണ്ടി ആണ്. കാമക്രീഡക്കായി ഒരുങ്ങിക്കൊണ്ട് വസന്തസേന ഈ വണ്ടിയിൽ ഇരിക്കുന്നുണ്ട്. അതിനായി പുഷ്പകരണ്ഡകോദ്യാനത്തിൽ ആര്യചാരുദത്തന്റെ സമീപത്തേയ്ക്ക് പോവുകയാണ്.

വീരകൻ:(ചന്ദനകന്റെ അടുത്ത് ചെന്ന്) ഈ വണ്ടിക്കാരൻ പറയുന്നു ചാരുദത്തന്റെ വണ്ടിയാണെന്നും വസന്തസേന വണ്ടിയിലുണ്ട്, അവളെ പുഷ്പകരണ്ഡകോദ്യാനത്തിലേക്ക് കൊണ്ട് പോവുകയാണ് എന്നും.

ചന്ദനകൻ: എന്നാൽ അവർ പൊയ്ക്കോട്ടെ

വീരകൻ: പരിശോധിക്കാതേയോ?

ചന്ദനകൻ: അതെന്തിനാ?

വീരകൻ:ആരെ വിശ്വസിച്ചാ?

ചന്ദനകൻ: ആര്യ ചാരുദത്തനെ വിശ്വസിക്കാം

വീരകൻ: ആരാ ഈ ചാരുദത്തൻ? ആരാ വസന്തസേന? പരിശോധിക്കാതെ വിടാൻ ഇവരൊക്കെ ആരാ?

ചന്ദനകൻ: നീ ആര്യ ചാരുദത്തനെ അറിയില്ലേ? വസന്തസേനയെ അറിയില്ലേ? ഇവരെ അറിയാത്തവൻ ആകാശത്തിലെ ചന്ദ്രനെയോ നിലാവിനേയോ കൂടെ അറിയില്ല.

കളങ്കമില്ലാത്തവൻ, ചന്ദ്രതുല്യൻ, ആശ്രിതവൽസലൻ, നാലുസമുദ്രങ്ങളുടേയും സാരഭൂതനുമായ ആര്യ ചാരുദത്തനെ ആർക്കാണറിഞ്ഞുകൂടാത്തത്?

ഈ ഉജ്ജയനിനഗരത്തിൽ, ഒന്ന് വസന്തസേന മറ്റേത് ധർമ്മാത്മാവായ ആര്യ ചാരുദത്തൻ എന്നിങ്ങനെ രണ്ടേ രണ്ടുപേർ മാത്രമേ പൂജനീയരായുള്ളൂ. അവരാകട്ടെ ഉജ്ജയിനിയുടെ തിലകതുല്യരായി എല്ലാവർക്കും ഉപരി പരിലസിക്കുന്നു.

വീരകൻ: എടാ ചന്ദനകാ, എനിക്ക് ചാരുദത്തനേയും അറിയാം വസന്തസേനയേയും അറിയാം. എന്നാൽ രാജകാര്യങ്ങൾ വരുമ്പോൾ ഞാൻ എന്റെ അച്ഛനെ കൂടെ അറിയില്ല.(രാജകര്യങ്ങൾ എല്ലാറ്റിലും പ്രാധാന്യമുള്ളതാണ് എന്നർത്ഥം)

ആര്യകൻ: (ആത്മഗതം) ഈ വീരകൻ എന്റെ പഴയ ശത്രു, ചന്ദനകനാകട്ടെ എന്റെ പഴയസുഹൃത്തും. ഓടിപ്പോകുന്ന അപരാധിയെ പിടിക്കുക എന്ന ഏകകാര്യത്തിൽ നിയോഗിതരാണെങ്കിൽ കൂടെ ഇവർ രണ്ട് പേരുടേയും സ്വഭാവം ഒരുപോലെ അല്ല. വിവാഹച്ചടങ്ങിലെ അഗ്നിയേയും മരിച്ചാൽ ദഹിപ്പിക്കാനൻ ഉപയോഗിക്കുന്ന അഗ്നിയേയും ഒരുപോലെ അല്ലല്ലൊ കണക്കാക്കുന്നത്.

ചന്ദനകൻ: നീ പ്രധാനസേനാപതിയും രാജാവിന്റെ വിശ്വസ്തനും ആണല്ലൊ. ഞാൻ കാളകളെ പിടിയ്ക്കാം നീ പരിശോധിച്ചോളൂ.

വീരകൻ:നീയും രാജാവിന്റെ വിശ്വസ്തസേനാപതിയാണല്ലൊ. നീ തന്നെ പരിശോധിച്ചാൽ മതി

ചന്ദനകൻ:ഞാൻ പരിശോധിച്ചാൽ നീ പരിശോധിക്കുന്ന പോലെ ആകുമോ?

വീരകൻ:നീ പരിശോധിച്ചാൽ അത് പാലകരാജാവ് പരിശോധിച്ചത് പോലെ ആകും

ചന്ദനകൻ:എടാ വണ്ടിയുടെ വണ്ടിക്കൈ പൊക്ക്.

(വർദ്ധമാനകൻ വണ്ടിക്കൈ പൊക്കുന്നു.)

ആര്യകൻ:(ആതമഗതം) ഭടൻ ഇനി എന്നെ കാണ്ടുപിടിയ്ക്കും. നിർഭാഗ്യവശാൽ എന്റെ കയ്യിൽ ആയുധമില്ല. അഥവാ,
ഞാൻ ഭീമസേനനെ അനുകരിക്കും. കൈകൾ അമ്പാക്കും. ബന്ധനത്തിൽ ഇരുന്ന് മരിക്കുന്നതിനേക്കാൾ ഉത്തമം പോരാട്ടത്തിൽ മരിയ്ക്കുന്നതാണ്. ഇത് സാഹസപ്രവർത്തികൾക്കുള്ള സമയം അല്ല.

ചന്ദനകൻ: (വണ്ടിയുടെ ഉള്ളിൽ കയറി പരിശോധിക്കുന്നു.)

ആര്യകൻ: ഞാൻ ശരണാഗതനാണ്.

ചന്ദനകൻ: ശരണാഗതനു അഭയം തന്നിരിയ്ക്കുന്നു.

ആര്യകൻ: ശരണാഗതരെ കൈവെടിയുന്നവനെ വിജയലക്ഷ്മി കൈവെടിയും. മാത്രമല്ല സുഹൃത്തുക്കളും ബന്ധുജനങ്ങളും കൈവിടും അതുവഴി സകലരുടെയും പരിഹാസപാത്രമാകും.

ചന്ദനകൻ:എന്ത്? ഇടയച്ചെക്കൻ ആര്യകൻ വേട്ടക്കാരന്റെ കയ്യിൽ പക്ഷിയെ പോലെ എന്റെ മുന്നിൽ വന്ന് പെട്ടിരിക്കുന്നുവോ? (ആലോചിച്ച്) ഒന്നാലോചിച്ചാൽ ഇദ്ദേഹം നിരപരാധിയാണ്. എന്റെ അടുത്ത് ശരണമർത്ഥിച്ച് വന്നിരിക്കുന്നു. ആര്യ ചാരുദത്തന്റെ വണ്ടിയിൽ ആണ്. എനിക്ക് ജീവൻ തന്ന ആര്യ ശാർവിലകന്റെ മിത്രമാണ്. രാജാവാകാൻ വിധിക്കപ്പെട്ടവനുമാണ്. അതിനാൽ ഈ വിഷയത്തിൽ എന്തായിരിക്കും ഉചിതം? വന്നത് വരട്ടെ. അല്ലെങ്കിലും അഭയം തന്നു എന്ന് ഞാൻ പറഞ്ഞതാണല്ലൊ.

ഭയന്നോടിയവനു അഭയം നൽകി പരോപകാരരം ചെയ്യുന്നവർക്ക് നാശമെങ്കിൽ നാശം സംഭവിച്ചോട്ടെ. എന്നാലും അവന്റെ ചെയ്തി (പരോപകാരം) സമൂഹത്തിൽ ഒരു ഗുണമായി പരിഗണിക്കുന്നു.
(പെട്ടെന്ന് പരിഭ്രമിച്ച് ഇറങ്ങിക്കൊണ്ട്) ഞാൻ ആര്യനെ കണ്ടു. അല്ല ആര്യ വസന്തസേനയെ കണ്ടു. “ഇത് ഉചിതമല്ല, യോഗ്യമല്ല. കാരണം, ആര്യ ചാരുദത്തന്റെ സമീപം പോകുന്ന എന്നെ വഴിയിൽ അപമാനിക്കുകയാണ്” എന്ന് അവർ പറയുന്നു.

വീരകൻ:ചന്ദനക, എനിക്ക് ഇപ്പോൾ സംശയം തോന്നുന്നു.

ചന്ദനകൻ: നിനക്ക് സംശയമോ? എന്തിന്?

വീരകൻ:പരിഭ്രമിച്ച് നീ നിന്റെ തൊണ്ട ഇടറുന്നു. നീ കൃത്യമായി പറയുന്നില്ല. ആദ്യം നീ ആര്യനെ (ചാരുദത്തനെ ഉദ്ദേശിച്ച്) എന്ന് പറഞ്ഞു, പിന്നീട് നീ അത് മാറ്റി ആര്യ വസന്തസേന എന്നാക്കി. ഇങ്ങനെ മാറ്റി പറഞ്ഞതിനാൽ എനിക്ക് സംശയം ഉണ്ട്.

ചന്ദനകൻ: നിനക്കെങ്ങനെ എന്നെ അവിശ്വസിക്കാൻ പറ്റി? നമ്മൾ തെക്കൻ ദേശക്കാർ അസ്പഷ്ടമായി പറയുന്നവർ ആണോ? ഖട, കർണട, കർണ,പ്രാവരണ,ദ്രാവിഡ, ചോള, ചീന, ബർബ്ബര,മുഖ മധുഘാത എന്നിത്യാദി മ്ലേച്ഛന്മാരുടെ പ്രാദേശികഭാഷ അറിയാവുന്ന നമ്മൾ ഇഷ്ടം പോലെ ദൃഷ്ടോ, ദൃഷ്ടാ അല്ലെങ്കിൽ ആര്യ ആര്യൻ എന്നൊക്കെ ഉച്ചരിക്കുന്നവർ അല്ലെ?

വീരകൻ: എടാ, ഞാൻ കൂടെ പരിശോധക്കട്ടെ. ഇത് രാജാവിന്റെ ആജ്ഞ ആണ്. ഞാൻ രാജാവിന്റെ വിശ്വസ്തനും ആണ്.

ചന്ദനകൻ: എന്താ ഞാൻ അവിശ്വസ്തനായോ?

വീരകൻ: ഇല്ലെന്നാലും ഇത് രാജാവിന്റെ കാര്യമാണല്ലൊ

ചന്ദനകൻ: (ആത്മഗതം) ആര്യകൻ ആര്യ ചാരുദത്തന്റെ വണ്ടിയിൽ കയറി രക്ഷപ്പെടുകയാണ്. അതറിഞ്ഞാൽ ആര്യ ചാരുദത്തനും ശിക്ഷ ലഭിക്കും. അതിനാലിപ്പോൾ എന്താണ് ഒരു പോംവഴി? (ആലോചിച്ച്) ഇപ്പോൾ കർണ്ണാടകലഹ രീതി (കർണ്ണാടത്തിലെ കലഹരീതി എന്നാവാം ഉദ്ദേശിച്ചിരിക്കുക, അടിസ്ഥാനപരമായി വഴക്കുണ്ടാക്കി കാര്യം നേടാനുള്ള ഒരു രീതി എന്ന് വിശ്വസിക്കാം) തന്നെ പ്രയോഗിക്കാം. (ഉറക്കെ) അരീ വീരകാ, ഞാൻ ചന്ദനകൻ പരിശോധിച്ചത് പുനഃപ്പരിശോധിക്കാൻ നീയാരാണ്?

വീരകൻ: നീ ആരാ?

ചന്ദനകൻ: പൂജനീയനും സർവ്വസമ്മതനുമായ നീ നിന്റെ ജാതി മറന്നുവോ?

വീരകൻ: (ദേഷ്യത്തോടേ) എടാ എന്റെ ജാതി പറയുന്നോ?

ചന്ദനകൻ: ഞാനെവിടെ പറഞ്ഞു?

വീരകൻ: നീ പറ

ചന്ദനകൻ: ഇല്ല. ഞാൻ പറയില്ല. നിന്റെ ജാതി എനിയ്ക്ക് നല്ലപോലെ അറിയാം. പക്ഷെ നല്ല സ്വഭാവം കാരണം ഞാൻ പറയുന്നില്ല. നിന്റെ ജാതി എനിക്ക് മാത്രം അറിഞ്ഞാൽ മതി. അത് പറഞ്ഞ് എന്ത് കാര്യം? കപിത്ഥക്കായ ഉടച്ചാലെന്ത് ലാഭം? (കപിത്ഥം=ഒരു തരം മരമാണ്, കായ വളാരെ കയ്പ്പുള്ളതും ആണ്. വിളാർമരം എന്ന് വിക്കി നിഘണ്ടു) (നിന്റെ ജാതി പറയാൻ തക്കവണ്ണം ഞാൻ അധമനല്ല എന്നോ പറയാൻ തന്നെ യോഗ്യമല്ല എന്നോ ധരിയ്ക്കാം)

വീരകൻ: പറയെടാ പറയ്

(ചന്ദനകൻ ആംഗ്യം കാണിയ്ക്കുന്നു)

വീരകൻ: എന്താടാ ഇത്?

ചന്ദനകൻ: കത്തിയും കല്ലുമായി നടന്ന് പുരുഷന്മാരുടെ താടി വൃത്തിയാക്കുന്ന നീ എങ്ങനേയോ ഇപ്പോൾ സേനാപതി ആയിത്തീർന്നിരിയ്ക്കുന്നു.

വീരകൻ: എടാ, ചന്ദനകാ, മാനനീനയനായ നീയും നിന്റെ ജാതി ഓർക്കുന്നില്ലേ?

ചന്ദനകൻ: ചന്ദനം പോലെ പവിത്രമായ എന്റെ ജാതി എന്താ?

വീരകൻ: ആരാ പറയുക?

ചന്ദനകൻ: പറ പറ..

(വീരകൻ ആംഗ്യം കാണിക്കുന്നു)

ചന്ദനകൻ: എന്താണെടാ അത്?

വീരകൻ: കേൾക്കെടാ കേൾക്ക്. നിന്റെ ജാതി വലിയ ശുദ്ധമാണ്. ദുന്ദുഭി (പറപോലെ ഒരു തുകൽവാദ്യം) നിന്റെ അമ്മയാണ്. നിന്റെ അച്ഛൻ ചെണ്ടയാണ്. എടാ കരിമോന്തേ, കരടകന്റെ (മറ്റൊരു തുകൽവാദ്യം) സഹോദരനായ നീ സേനാപതി ആയോ?  (തോൽപ്പണിക്കാരൻ എന്നർത്ഥം)

ചന്ദനകൻ: (ക്രോധത്തോടെ) ഞാൻ ചന്ദനകൻ തോൽപ്പണിക്കാരനാണെങ്കിൽ നീ വണ്ടി പരിശോധിച്ചോ. (ധൈര്യമുണ്ടെങ്കിൽ പരിശോധിയ്ക്ക് എന്ന് വെല്ലുവിളി പോലെ)

വീരകൻ: വണ്ടിക്കാരാ.. വണ്ടി തിരിക്ക് ഞാനൊന്ന് നല്ലപോലെ പരിശോധിക്കട്ടെ.

(വർദ്ധമാനകൻ ആജ്ഞ അനുസരിച്ച് വണ്ടി തിരിക്കുന്നു)

(വീരകൻ വണ്ടി പരിശോധിക്കാൻ വണ്ടിയിൽ കയറാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് ചന്ദനകൻ വീരകന്റെ തലമുടി പിടിച്ച് വലിച്ച് താഴെ വീഴ്ത്തി ചവിട്ടുന്നു.)

വീരകൻ: (ക്രോധത്തോടെ എഴുന്നേറ്റ്) എടാ, രാജാവിന്റെ വിശ്വസ്തനും രാജാവിന്റെ ആജ്ഞ പാലിക്കുന്നവനുമായ എന്നെ നീ മുടിയിൽ പിടിച്ച് ചവിട്ടുന്നോ? എന്നാൽ കേട്ടോ, കോടതിയിൽ വെച്ച് നിന്റെ കൈകാലുകൾ വെട്ടിയില്ല എങ്കിൽ എന്റെ പേർ വീരകൻ എന്നല്ല.

ചന്ദനകൻ: നീ രാജകൊട്ടാരത്തിലേക്കോ കോടതിയിലേക്കോ എവിടേയ്ക്കാണെങ്കിലും പോടാ പട്ടീ. എനിക്ക് പേടി ഇല്ല.

വീരകൻ: നല്ലകാര്യം നിന്നെ കണ്ടോളാം.

(എന്നും പറഞ്ഞ് പോകുന്നു)

ചന്ദനകൻ:(നാലുചുറ്റും നോക്കിയിട്ട്) വണ്ടിക്കാരാ പോ വേഗം പോകൂ. വഴിയിൽ വല്ലവരും നിർത്തി ചോദിച്ചാൽ, ചന്ദനകനും വീരകനും വണ്ടി പരിശോധിച്ചെന്ന് പറഞ്ഞോ. ആര്യ വസന്തസേനേ ഈ വാൾ മുദ്രയായി കയ്യിലിരുന്നോട്ടെ.  (എന്ന് പറഞ്ഞുകൊണ്ട് വാൾ കൊടുക്കുന്നു)

ആര്യകൻ: (വാൾ കയ്യിൽ വാങ്ങി സന്തോഷത്തോടെ) ആഹാ, എന്റെ കയ്യിൽ ആയുധം കിട്ടി. എന്റെ വലത്തെ കൈ തുടിയ്ക്കുന്നു. എല്ലാം അനുകൂലമാകും. ഞാൻ രക്ഷപ്പെട്ടു.

ചന്ദനകൻ: ആര്യേ വസന്തസേനേ, ഈ ആപത്ത് സമയത്ത് നിന്നെ ഞാൻ അറിഞ്ഞ് സഹായിച്ചു. ഈ ചന്ദനകനെ എപ്പോഴും ഓർമ്മിക്കണേ. ഇത് ഞാൻ സ്വാർത്ഥത കൊണ്ട് പറയുകയല്ല. മറിച്ച് നിന്നോടുള്ള സ്നേഹത്താൽ പറയുകയാണ്.

ആര്യകൻ: ചന്ദ്രശോഭയ്ക്ക് തുല്യമായ സ്വഭാവത്തോടുകൂടിയ ചന്ദനക നീ ഇന്ന് ഭാഗ്യവശാൽ എന്റെ മിത്രമായിത്തീർന്നിരിക്കുന്നു. സുഹൃത്തേ ചന്ദനകാ, ആ സിദ്ധന്റെ ഭാവിപ്രവചനം സത്യമായാൽ ചന്ദനകനെ ഞാൻ ഓർമ്മിക്കും തീർച്ച.

ചന്ദനകൻ: ശിവനും വിഷ്ണുവും സൂര്യനും ചന്ദ്രനും നിന്നെ കാക്കുമാറാകട്ടെ. ശുംഭനിശുംഭന്മാരെ വധിച്ച് ദേവി എങ്ങനെ വിജയം വരിച്ചുവോ അപ്രകാരം ശത്രുപക്ഷത്തെ ജയിച്ച് നീയും വിജയി ആയിത്തീരട്ടെ.

(വർദ്ധമാനകൻ വണ്ടി തെളിച്ച് പോകുന്നു)

(അണിയറയിലേക്ക് നോക്കിയിട്ട്) ഹാവൂ.. ആര്യകൻ പോയിക്കഴിഞ്ഞു. പിന്നാലെ എന്റെ സുഹൃത്ത് ശർവിലകനും പോയി. മാത്രമല്ല, രാജാവിന്റെ വിശ്വസ്തനായ വീരകനോട് ഞാൻ ശത്രുതയിലും ആയി. ഇനി ഞാനും പുത്രകളത്രാദികളോടുകൂടി (പുത്രനും ഭാര്യയോടും മറ്റ് ബന്ധുജനങ്ങളോടുംകൂടെ) ശർവിലകന്റേയും ആര്യകന്റേയും പിന്നാലെ പോവുകതന്നെ ഉചിതം.

(എന്ന് പറഞ്ഞ് നിഷ്ക്രമിയ്ക്കുന്നു)

ഇപ്രകാരം മൃച്ഛകടികത്തിലെ പ്രവഹണവിപര്യയം(=വണ്ടിമാറ്റം എന്ന ആറാമദ്ധ്യായം സമാപിച്ചു.

No comments:

Post a Comment