കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Monday, February 8, 2016

മൂന്നാം അങ്കം - ഭാഗം 2


മൈത്രേയൻ (ഉറക്കപ്പിച്ച്): പ്രിയസ്നേഹിതാ, എന്തോ ദ്വാരം കാണുന്നുണ്ട്. കള്ളൻ കയറിയോ? ദാ ഈ ആഭരണപ്പെട്ടി താങ്കൾ തന്നെ സൂക്ഷിച്ചോളൂ.  

ശർവിലകൻ: ഇയാൾ ഞാൻ കക്കാൻ വന്നതറിഞ്ഞ് ഇയാളുടെ ദാരിദ്രം കാണിച്ച് എന്നെ കളിയാക്കുകയാണോ? ഇവനെ കൊന്നാലോ? അല്ല, ഇനി ഇവൻ ഉറക്കപ്പിച്ച് പറയുകയാണോ? ഒന്ന് നോക്കട്ടെ. (നോക്കുന്നു) ആഹാ.. ഈ ദീപനാളത്തിൽ തിളങ്ങുന്ന പഴന്തുണിയിൽ പൊതിഞ്ഞ ഇത് ശരിക്കും സ്വർണ്ണം തന്നെ! എന്നാൽ ഇതെടുക്കുക തന്നെ. അല്ല, വേണ്ട, തറവാടിയായ എന്നാൽ എന്നെ പോലെ തന്നെ ദരിദ്രനുമായ ഒരാളെ കവർച്ച ചെയ്യുന്നത് നല്ലതല്ല. പോവുക തന്നെ.

ഇത് വിചാരിച്ച് പോകാൻ തുടങ്ങുന്ന ശർവിലകൻ, പിന്നേയും മൈത്രേയൻ ഉറക്കപ്പിച്ച് പറയുന്നത് കേൾക്കുന്നു.

വിദൂഷകൻ: ഹേ സുഹൃത്തെ! ഗോക്കളൂടേയും ബ്രാഹ്മണരുടേയും ഇംഗിതത്തിൽ ആണയിട്ട് പറയുന്നു, ഈ ആഭരണപ്പെട്ടി കൊണ്ട് പോകൂ.

ശർവിലകൻ: ബ്രാഹ്മണരുടേയും പശുഭഗവതിയുടേയും അഭിലാഷങ്ങൾ നിരാകരിക്കരുത്. അതിനാൽ ഞാനിത് എടുക്കും. അല്ല, നോക്കൂ അവിടെ ഒരു വിളക്ക് എരിയുന്നു. ആ ദീപം കെടുത്താനുള്ള ആഗ്നേയകീടം എന്റെ കയ്യിലുണ്ട്. ഞാൻ ഈ കീടത്തിനെ പറപ്പിക്കുക തന്നെ.  (പ്രാണിയെ പറപ്പിക്കുന്നു) ആഹാ പ്രാണിയുടെ ചിറകടിയിൽ നിന്നുള്ള കാറ്റേറ്റ് വിളക്ക് കെട്ട് പോയി. ആകെ ഇരുട്ട് മയമായി. ഒ! ഞാനെന്റെ ബ്രാഹ്മണകുലത്തിനു മുകളിൽ ഇരുട്ട് പടർത്തിയില്ലെ? (ഉവ്വെന്നർത്ഥത്തിൽ) മഹാകഷ്ടം!  നാലുവേദങ്ങളും അറിയുന്നവനും പ്രതിഫലേച്ഛ ഇല്ലാത്തവനുമായ ഒരു ബ്രാഹ്മണന്റെ മകനായ ഈ ഞാൻ, ഈ ശർവിലകൻ, ഒരു വേശ്യയായ മദനികയ്ക്ക് വേണ്ടി ഇതാ ഒരു മഹാപരാധം ചെയ്യുന്നു! ഇപ്പോൾ എന്തായാലും ഈ ബ്രാഹ്മണന്റെ അഭ്യർത്ഥന മാനിക്കുക തന്നെ.
(ശർവിലകൻ ആഭരണപ്പെട്ടി കൈക്കലാക്കാൻ ശ്രമിക്കുന്നു)

വിദൂഷകൻ: അഹോ! താങ്കളുടെ കൈകൾ വല്ലാതെ തണുത്തിരിക്കുന്നല്ലൊ.

ശർവിലകൻ: ഒഹ്! അശ്രദ്ധ തന്നെ. വെള്ളം തൊട്ടതുകൊണ്ട് തണുത്തതാണ് എന്റെ വിരലുകൾ. കക്ഷത്തിൽ വെച്ച് ഒന്ന് ചൂടാക്കാം. (ഇടത് കൈ കക്ഷത്തിൽ വെയ്ക്കുന്നു. ആഭരണപ്പെട്ടി വാങ്ങുന്നു)

വിദൂഷകൻ: കിട്ടിയില്ലേ?

ശർവിലകൻ: എനിക്ക് ഒരു ബ്രാഹ്മണന്റെ ഇച്ഛയെ നിരാകരിച്ചുകൂടാ. അതിനാൽ ഞാൻ (ആഭരണപ്പെട്ടി) കയ്യിൽ എടുത്തു.

വിദൂഷകൻ: സമാധാനമായി. ചരക്ക് വിറ്റൊഴിഞ്ഞ കച്ചവടക്കാരനെ പോലെ സുഖമായി എനിയ്ക്ക്  ഇനി ഉറങ്ങാം.

ശർവിലകൻ: നൂറുവർഷം ഉറങ്ങിയാലും ബ്രാഹ്മണ. കഷ്ടം! ഞാൻ വേശ്യയായ മദനികയ്ക്ക് വേണ്ടി ബ്രാഹ്മണകുലത്തിനു തന്നെ മാനക്കേട് വരുത്തി. ബ്രാഹ്മണകുലജാതനായ ഞാൻ തന്നെ എന്റെ ആത്മാവിനെ ഇരുട്ടിൽ മുക്കി. എന്റെ പൗരുഷത്തെ നിന്ദിയ്ക്കുന്ന ദാരിദ്രം നിന്ദ്യം തന്നെ. ദുഷ്കർമ്മമാണ് ഞാൻ  ചെയ്യുന്നത് എന്നറിഞ്ഞിട്ടും ഞാനത് തന്നെ ചെയ്യുന്നു.

ആട്ടെ.. ഞാനിനി മദനികയുടെ സ്വാതന്ത്ര്യം വസന്തസേനയിൽ നിന്ന് വിലക്ക് വാങ്ങുവാനായി പോവുക തന്നെ.

(ചുറ്റിനടന്ന്, കണ്ടുകൊണ്ട്)

കാലടിശബ്ദം കേൾക്കുന്നുണ്ട്. കാവൽക്കാർ ഇതിലെ വരാതിരിക്കട്ടെ. എന്തായാലും നിശ്ചലമായി സ്തംഭം പോലെ നിൽക്കുകതന്നെ സ്വരക്ഷക്ക് നല്ലത്. അല്ലെങ്കിൽ ഈ ശർവിലകൻ എന്തിനു കാവൽക്കാരെ ഭയക്കണം? പൂച്ച പോലെ ചാടാനറിയുന്നവൻ, മാനിനെ പോലെ വേഗത്തിൽ ഓടാൻ കഴിവുള്ളവൻ, കഴുകനെ പോലെ റാഞ്ചാൻ കഴിയുന്നവൻ, ഉറങ്ങുന്നവരേയും ഉറക്കം നടിയ്ക്കുന്നവരേയും നായക്കളെ പോലെ മണത്ത് കണ്ട് പിടിയ്ക്കാൻ കഴിവുള്ളവൻ, ഇന്ദ്രജാലവിദ്യ അറിയുന്നവൻ, തക്കത്തിനനുസരിച്ച് സംസാരിയ്ക്കാൻ സരസ്വതിയുടെ അനുഗ്രഹം ഉള്ളവൻ, രാത്രിയിൽ വിളക്ക്, വെള്ളത്തിൽ തോണി, ഭൂമിയിൽ കുതിരയാണ് ഇങ്ങനെ എല്ലാം കഴിവുള്ള എനിക്ക് എന്തിനു കാവൽക്കാരെ ഭയക്കണം?
കൂടാതെ ഇതും കൂടെ,
ഞാൻ ഈ ശർവിലകൻ, സർപ്പത്തെ പോലെ ഇഴഞ്ഞ് നടക്കാൻ കഴിവുള്ളവൻ, പർവ്വതം പോലെ സ്ഥിരതയാർന്ന് നിൽക്കാൻ കഴിയുന്നവൻ, ഗരുഡനെ പോലെ വേഗത്തിൽ പറക്കാൻ കഴിവുള്ളവൻ, പരിസരം മുഴുവൻ ഒറ്റനോട്ടത്തിൽ മുയലിനെ പോലെ ഗ്രഹിക്കുന്നവൻ, ചെന്നായ്ക്കളെ പോലെ കടിച്ച് കീറുന്നവൻ, കൂടാതെ എനിക്ക് സിംഹത്തിന്റെ ശക്തിയും ഉണ്ട്.

(ആ സമയം, രദനിക പ്രവേശിക്കുന്നു.)

രദനിക: കഷ്ടേ കഷ്ടം.. വർദ്ധമാനകൻ പുറത്തളത്തിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നല്ലൊ. ഇപ്പോ അവിടെ കാണുന്നുമില്ല. ങ്ഹാ.. എന്തായാലും മൈത്രേയനെ വിളിക്കാം.

ശർവിലകൻ: (“കൊല്ലുക തന്നെ ഇവളെ..“ എന്നുറച്ച് പുറപ്പെട്ടു എങ്കിലും ഒന്നാലോചിച്ച്) ഒ! ഒരു സ്ത്രീ ആണ്. എന്നാൽ പോകുക തന്നെ. (എന്ന് പറഞ്ഞ് പോകുന്നു)

രദനിക: അയ്യോ അയ്യോ നമ്മടെ വീട്ടിലെ ദ്വാരമുണ്ടാക്കി കള്ളൻ രക്ഷപ്പെടുന്നു. മൈത്രേയനെ വിളിക്കട്ടെ ഞാൻ. (മൈത്രേയനെ വിളിച്ച് ഉണർത്തുന്നു) ആര്യ മൈത്രേയാ, എഴുന്നേൽക്കൂ എഴുന്നേൽക്കൂ വേഗം,  കണ്ടോ, ചുമരിൽ ദ്വാരമുണ്ടാക്കി കള്ളൻ വീട്ടിൽ കടന്നു. മാത്രമല്ല രക്ഷപ്പെടുകയും ചെയ്തു.

വിദൂഷകൻ: (ഉണർന്നെഴുന്നേറ്റ്) എന്താടീ നീ പുലമ്പുന്നത്? കള്ളനുണ്ടാക്കി ദ്വാരം രക്ഷപ്പെട്ടെന്നോ?

രദനിക: എടാ മൂർഖാ, തമാശയ്ക്ക് ഉള്ള സമയമല്ല, എഴുന്നേറ്റ് ഇത് നോക്കൂ. കണ്ടോ ഇത്?

വിദൂഷകൻ: എടീ ദാസീപുത്രീ, എന്താ നീ പറഞ്ഞത്? രണ്ടാമതെ വാതിൽ കൂടെ തുറന്നെന്നോ? സുഹൃത്തെ ചാരുദത്താ, വേഗം എഴുന്നേൽക്ക്. ഒരുകള്ളൻ നമ്മടെ വീട് തുരന്ന് രക്ഷപ്പെട്ടിരിക്കുന്നു. എഴുന്നേൽക്കൂ വേഗം.

ചാരുദത്തൻ: മതി മതി ഹേ.. കളിയാക്കിയത്

വിദൂഷകൻ: കളിയാക്കിയതല്ല. ഇത് നോക്കൂ. കാണുന്നില്ലേ?

ചാരുദത്തൻ: എവിടെ?

വിദൂഷകൻ: ഇതാ ഇവിടെ തന്നെ.

ചാരുദത്തൻ: (കണ്ടിട്ട്) ആഹാ ഈ തുരങ്കം കാണാന്മാത്രം ഉണ്ടല്ലൊ. മുകളിലെ ഇഷ്ടിക ഇളക്കിയിരിക്കുന്നു. മുകളിൽ വിസ്താരം കുറവും മദ്ധ്യത്തിൽ വിസ്താരം കൂടുതലും. ഈ ദ്വാരം, കള്ളൻ കടന്ന വീടിന്റെ ഭയന്ന് ഉടഞ്ഞ ഹൃദയം എന്നപോലെ തോന്നുന്നു. എന്തായാലും ഇതുണ്ടാക്കിയവൻ കേമൻ തന്നെ.

വിദൂഷകൻ: സുഹൃത്തേ. ചോരശാസ്ത്രത്തിൽ പ്രാവീണ്യം നേടാനായി പരിശീലിക്കുന്ന വല്ലവനോ അതുമല്ലെങ്കിൽ ഉജ്ജയിനിയിൽ അപരിചിതനോ നിർമ്മിച്ചതായിരിക്കാം ഈ ദ്വാരം. ഉജ്ജയിനിയിലെ എല്ലാവർക്കുമറിയാമല്ലൊ നമ്മുടെ വീട്ടിലെ ദാരിദ്ര്യം.

ചാരുദത്തൻ: ശരിയായിരിക്കാം. അങ്ങനെ വല്ലവരുമായിരിക്കാം ദ്വാരമുണ്ടാക്കിയത്. ധനത്തെ പറ്റി യാതൊരു ചിന്തകളും ഇല്ലാതെ (ദാരിദ്ര്യത്താൽ) കിടുന്നുറങ്ങുന്ന നമ്മളെ പറ്റി അവനു ഒരു ധാരണയും ഉണ്ടായിരിക്കില്ല.   അവനെന്തായാലും വീടിന്റെ വിശാലത കണ്ട് കയറിയതായിരിക്കാം. കഷ്ടപ്പെട്ട് ദ്വാരമുണ്ടാക്കി ക്ഷീണിച്ച്, ഇവിടെ മുഴുവൻ തപ്പി നടന്ന് ഒന്നും കിട്ടാതെ നിരാശനായി പോയതാവാം. അവനെന്തായാലും അവന്റെ സുഹൃത്തുക്കളോട്, ആ കച്ചവടക്കാരന്റെ മകന്റെ വീട്ടിൽ പോയി ഒരു വസ്തും കിട്ടിയില്ല എന്ന് പറയുകയും ചെയ്യും. (നിരാശയാണ് ഇവിടെയും ചാരുദത്തന്റെ സ്വരം)

വിദൂഷകൻ: താങ്കൾ ആ മോഷ്ടാവിനോട് കൂടെ സഹതാപം പ്രകടിപ്പിക്കുന്നുവോ? വലിയ വീടാണ്. ഇവിടെ പണമോ ആഭരണങ്ങളടങ്ങിയ പെട്ടിയോ ഉണ്ടായിരിക്കാം എന്ന് അവൻ വിചാരിച്ച് കാണും. (ഓർമ്മിച്ച്, വിഷാദത്തോടെ ആത്മഗതം) ആ ആഭരണപ്പെട്ടി എവിടെ? (പിന്നേയും ഓർത്തുകൊണ്ട് ഉറക്കെ) അല്ല, പ്രിയസ്നേഹിതാ, താങ്കളെപ്പോഴും പറയാറുള്ളതല്ലെ, മൈത്രേയൻ ഒരു വിഡ്ഢിയാണ്. മൈത്രേയനു പഠിപ്പില്ല എന്നൊക്കെ? കണ്ടോ, ആഭരണപ്പെട്ടി ഞാൻ താങ്കളുടെ കയ്യിൽ തന്നത് ബുദ്ധിപൂർവ്വമല്ലേ? അത് തന്നില്ലായിരുന്നുവെങ്കിൽ ആ കള്ളത്തിരുമാലി അതും കൊണ്ട് പോവുമായിരുന്നു.

ചാരുദത്തൻ: മതിയെടോ കളിയാക്കിയത്.

വിദൂഷകൻ: ഞാൻ വിഡ്ഢിയാണെന്ന് വെച്ച്, തമാശിക്കാനുള്ള സമയവും സന്ദർഭവും എനിയ്ക്ക് അറിയില്ലാ എന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?

ചാരുദത്തൻ: പക്ഷെ അത് എപ്പോളാണ് എനിക്ക് തന്നത്?

വിദൂഷകൻ: താങ്കളുടെ വിരലുകൾ തണുത്തിരിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ലെ? അപ്പോൾ തന്നെ.

ചാരുദത്തൻ: എങ്കിൽ അങ്ങിനെ സംഭവിച്ചിരിക്കാം. (എന്ന് പറഞ്ഞുകൊണ്ട് ആഭരണപ്പെട്ടി തിരയുന്നു. കണ്ടെത്താനായില്ല. എന്നാലും സന്തോഷത്തോടെ) മൈത്രേയാ ഭാഗ്യവശാൽ എനിക്ക് താങ്കളോട് ഒരു സന്തോഷകാര്യം പറയുവാനുണ്ട്.

വിദൂഷകൻ: എന്ത്? എന്ത്? അതുകള്ളൻ കൊണ്ടുപോയില്ല എന്നല്ലേ?

ചാരുദത്തൻ: അല്ല കട്ടു എന്ന്.

വിദൂഷകൻ: അതിലെന്താ സന്തോഷിക്കാൻ?

ചാരുദത്തൻ: കള്ളനു നിരാശപ്പെടേണ്ടി വന്നില്ലല്ലൊ.

വിദൂഷകൻ: പക്ഷെ അത് നമ്മളെ സൂക്ഷിക്കാൻ ഏൽപ്പിച്ചതല്ലേ?

ചാരുദത്തൻ: ഒഹ്! സൂക്ഷിക്കാൻ ഏൽപ്പിച്ചത് ആയിരുന്നല്ലേ. (എന്ന് കേട്ടപ്പോൾ ആണ് അതിന്റെ സത്യാവസ്ഥ ഓർത്തത്. മോഹാലസ്യപ്പെട്ട് വീഴുന്നു)  

വിദൂഷകൻ: സൂക്ഷിക്കാനേൽപ്പിച്ച മുതൽ കള്ളൻ കട്ട് കൊണ്ട് പോയതിനു താങ്കൾ എന്തിനു മോഹാലസ്യപ്പെടണം?

ചാരുദത്തൻ: (ധൈര്യം സംഭരിച്ച്) സ്നേഹിതാ, ആരു വിശ്വസിക്കും അത്? മറിച്ച് ദരിദ്രനെ സംശയിക്കുകയേ ഉള്ളൂ. കഷ്ടം തന്നെ. എന്റെ സമ്പത്ത് മുഴുവൻ നിർഭാഗ്യവശാൽ ഇല്ലാതായി. അതിൽ എനിക്ക് സങ്കടമില്ല പക്ഷെ ഇപ്പോൾ ഇത് എന്റെ സദ്‌സ്വഭാവഗുണശീലത്തെ കളങ്കപ്പെടുത്തും. (വസന്തസേനയുടെ ആഭരണപ്പെട്ടി സൂത്രത്തിൽ കൈക്കലാക്കനായിക്കൊണ്ട് കള്ളൻ വീട്ടിൽ കയറയിതായി ദരിദ്രചാരുദത്തൻ പറയും എന്ന് നാട്ടുകാർ ആക്ഷേപിക്കും എന്നാണ് ചാരുദത്തന്റെ ഭയം)

വിദൂഷകൻ: ഹാ. അതിനിപ്പോ ഇവിടെ ആർക്ക് ആര് എന്ത് തന്നൂ എന്നാ? ആരു വാങ്ങിയെന്നാ? ആരാ അതിനു സാക്ഷി? ഞാനെല്ലാം നിഷേധിക്കും തീർച്ച. ഞാൻ നുണ പറയും.

ചാരുദത്തൻ: പക്ഷെ ഞാൻ കള്ളം പറയണമെന്നോ? പറ്റില്ല. ഭിക്ഷചോദിച്ച് നടന്ന് എങ്കിലും ഞാൻ വസന്തസേനയ്ക്ക് ആഭരണങ്ങൾ തിരിച്ച് കൊടുക്കും. എന്നാലും ഞാൻ സൽപ്പേർ നിലനിർത്താനായി അസത്യം പറയില്ല.

രദനിക ഇതെല്ലാം കേട്ട് നിൽക്കുന്നുണ്ട്. സംഗതി വശക്കേടാവുന്നു എന്ന് മനസ്സിലാക്കിയ രദനിക നടന്ന സംഭവങ്ങൾ എല്ലാം ചാരുദത്തന്റെ ധർമ്മപത്നി രോഹസേനന്റെ മാതാവുമായ ധൂതയെ വിവരം അറിയിക്കാനായി തീരുമാനിച്ച് പോകുന്നു.

(രദനികയും ധൂതയും പ്രവേശിക്കുന്നു.)

ധൂത: (പരിഭ്രമിച്ച്) സത്യമല്ലേ? എന്റെ ആര്യപുത്രനു പരിക്കുകൾ ഒന്നും ഇല്ലല്ലോ? അത് പോലെ ആര്യമൈത്രേയനും പരിക്കേറ്റില്ലല്ലൊ?

രദനിക: അതേ സ്വാമിനീ (യജമാനത്തി എന്നർത്ഥത്തിൽ). അവർക്ക് പരിക്കുകൾ ഒന്നും പറ്റിയില്ല പക്ഷെ ആ വേശ്യ ഏൽപ്പിച്ച ആഭരണങ്ങൾ മോഷണം പോയി.

(ഇത് കേട്ടപാടെ ധൂത മോഹാലസ്യപ്പെട്ട് വീഴുന്നു.)

രദനിക: ആര്യ ധൂതാ, ഭവതി ധൈര്യം അവലംബിച്ചാലും.

ധൂത: (ധൈര്യം സംഭരിച്ച്) ഓ! എന്റെ പെണ്ണേ, നിനക്ക് എങ്ങനെ പറയാൻ പറ്റും എന്റെ ആര്യപുത്രനു പരിക്കേറ്റില്ല എന്ന്? ആ സദ്സ്വഭാവശീലത്തിനു പരിക്കേൽക്കുന്നതിനേക്കാൾ നല്ലത്  ശരീരത്തിൽ പരിക്കേൽക്കുകയായിരുന്നു. ഇനി ഇപ്പോൾ ഉജ്ജയിനിയിലുള്ളവർ പറഞ്ഞ് നടക്കും, എന്റെ ആര്യപുത്രൻ ദാരിദ്ര്യത്താൽ ഈ കുറ്റകൃത്യം ചെയ്തു എന്ന്. (നെടുവീർപ്പോടെ മുകളിലേക്ക് നോക്കി, ഭഗവാനോടെന്ന പോലെ) ഓഹ്! ഭഗവാൻ! ദരിദ്രരുടെ,  താമരയിലയിലെ വെള്ളം പോലെ ഇളകുന്ന ഭാഗ്യനിർഭാഗ്യങ്ങൾ കൊണ്ട് കളിയ്ക്കകയാണോ?
അമ്മയുടെ വീട്ടിൽ നിന്നുലഭിച്ച ഒരു രത്നമാല എന്റെ കയ്യിലുണ്ട്. പക്ഷെ ഇത് പോലും ആര്യപുത്രൻ തന്റെ അത്യൗദാര്യം കൊണ്ട് വാങ്ങില്ല. തോഴീ. മൈത്രേയനെ ഇങ്ങോട്ട് വിളിക്കൂ.

രദനിക: ആജ്ഞ പോലെ. (മൈത്രേയന്റെ സമീപം ചെന്ന്) ആര്യ ധൂത താങ്കളെ വിളിക്കുന്നു.

വിദൂഷകൻ: അവരെവിടെ ആണ്?

രദനിക: അവരിവിടെ ഉണ്ട്, ഇതുവഴി വന്നാലും.

വിദൂഷകൻ:(ധൂതയുടെ സമീപം ചെന്ന്) താങ്കൾക്ക് മംഗളം ഭവിയ്ക്കട്ടെ.

ധൂത: ആര്യ നമസ്കാരം. താങ്കൾ കിഴക്ക് തിരിഞ്ഞ് നിൽക്കൂ.

വിദൂഷകൻ: ബഹുമാനിക്കപ്പെടുന്നവളേ, ഇതാ ഞാൻ ഭവതിയുടെ മുന്നിൽ കിഴക്ക് തിരിഞ്ഞ് നിൽക്കുന്നു.

ധൂത: ഇത് സ്വീകരിച്ചാലും

വിദൂഷകൻ: എന്തിന്? എന്താണിത്?

ധൂത: ഞാൻ ‘രത്നഷഷ്ഠി‘ എന്ന ഉപവാസം ചെയ്യുകയാണ്. (രത്നഷഷ്ഠി=രത്നം ദാനമായി നൽകേണ്ട ഷഷ്ഠി ഉപവാസം) അപ്പോൾ അവനവന്റെ കഴിവനുസരിച്ച് ബ്രാഹ്മണനു ദാനം ചെയ്യണം. അത് ചെയ്തിട്ടില്ല. ഇപ്പോൾ ഈ രത്നമാല ദാനമായി താങ്കൾ അദ്ദേഹത്തിനു (ചാരുദത്തനു) വേണ്ടി സ്വീകരിച്ചാലും.

വിദൂഷകൻ: (സ്വീകരിച്ച്) സ്വസ്തി! ഞാൻ പോകട്ടെ. പ്രിയസ്നേഹിതനെ അറിയിക്കാം.

ധൂത: ആര്യ മൈത്രേയ, എനിക്ക് നാണക്കേട് ഉണ്ടാക്കരുത്. (എന്ന് പറഞ്ഞ് നിഷ്ക്രമിയ്ക്കുന്നു=പോകുന്നു)

(വെറുതെ ധൂത രത്നമാല കൊടുത്തയച്ചാൽ അഭിമാനിയായ ചാരുദത്തൻ സ്വീകരിക്കില്ല. എന്നാൽ ദാനമായി കിട്ടുന്നത് സ്വന്തമായതിനാൽ സ്വീകരിച്ചേക്കാം എന്ന് ധരിച്ച് ധൂത ചെയ്യുന്നതാണിത്. രത്നഷഷ്ഠി എന്ന ഉപവാസത്തെ പറ്റി കൂടുതൽ അറിയില്ല. ധൂത കൊടുത്തയച്ച രത്നമാല ചാരുദത്തൻ സ്വീകരിക്കാതിരുന്നാൽ ധൂതയ്ക്ക് അത് നാണക്കേടാവും. അതാണ് മൈത്രേയനോട് പറയുന്നത്. )

വിദൂഷകൻ: അഹോ! എന്തൊരു മഹാനുഭാവത! വിസ്മയം തന്നെ.

ചാരുദത്തൻ: മൈത്രേയനെന്താ താമസിക്കുന്നത്? ഇനി അവൻ വൈക്ലബ്യം കൊണ്ട്് ചെയ്യാൻ പാടില്ലാത്തത് വല്ലതും (ആത്മഹത്യ)  ചെയ്തുകളയുമൊ? മൈത്രേയാ. മൈത്രേയാ. (എന്ന് ഉറക്കെ വിളിക്കുന്നു.)

വിദൂഷകൻ: ഞാനിതാ എത്തി. (അടുത്ത് ചെന്ന് രത്നമാല കൊടുത്ത്) ഇതെടുത്തോളൂ.

ചാരുദത്തൻ: ഇതെന്താണ്?

വിദൂഷകൻ: അനുയോജ്യയായ ഭാര്യയെ വിവാഹം കഴിച്ചാലുള്ള ഗുണമാണിത്.

ചാരുദത്തൻ: ഒ! എന്റെ ഭാര്യയും എന്നോട് അനുകമ്പ കാണിക്കുന്നുവോ? അപ്പോൾ ഞാൻ ശരിക്കും ദരിദ്രൻ തന്നെ. അവനവന്റെ ഭാഗ്യദോഷം കൊണ്ട് ധനം നഷ്ടപ്പെട്ടവനും സ്ത്രീയുടെ ധനം കൊണ്ട് അനുഗ്രഹീതനാവുകയും ചെയ്ത പുരുഷൻ, ധനം ഇല്ലായ്മ കൊണ്ട് സ്ത്രീകളെ പോലെ ആയിത്തീരുന്നു. സ്ത്രീയാകട്ടെ ധനം ഉള്ളതുകൊണ്ട് പുരുഷതുല്യനും ആയി തീരുന്നു.   
അല്ല ഞാൻ ദരിദ്രനല്ല. കാരണം എന്റെ ഭാര്യ കഴിവിനനുസരിച്ച് ജീവിക്കുന്നവൾ ആണ്. സുഖദുഃഖങ്ങളിൽ എന്നോടൊപ്പം സന്തതസഹചാരിയാണ്. സത്യനിഷ്ഠ ഉള്ളവളുമാണ്. ഇത് മൂന്നും ദരിദ്രജനങ്ങളിൽ ദുർലഭമായി കാണുന്നതാണ്.

അതിനാൽ ഹേ മൈത്രേയ, താങ്കൾ വസന്തസേനയുടെ അടുത്ത് പോയി ഈ രത്നമാല അവൾക്ക് കൊടുക്കൂ. എന്നിട്ടവളോട് ഞാൻ പറഞ്ഞതായി പറയൂ: “ഞാൻ,(ചാരുദത്തൻ) വസന്തസേന സൂക്ഷിക്കാനേൽപ്പിച്ച ധനമെല്ലാം സ്വന്തമെന്ന് കരുതി എടുത്ത് ചൂതുകളിച്ച് എല്ലാം നശിപ്പിച്ചു. ഒന്നും ഓർക്കാതെ ചെയ്തതാണ്. ഈ രത്നമാല അതിനു പകരമായി കൈക്കൊണ്ടാലും“ എന്ന്.

വിദൂഷകൻ: അരുത് സുഹൃത്തേ അരുത്. നമ്മൾ ഉപയോഗിക്കാത്ത, നമ്മൾ അനുഭവിക്കാത്ത,  മോഷ്ടാവിനാൽ മോഷ്ടിക്കപ്പെട്ട ആ തുച്ഛമൂല്യമായ ആഭരണങ്ങൾക്ക് പകരം; സുഹൃത്തേ, നാലുസമുദ്രങ്ങളുടേയും സാരഭൂതമായ ഈ രത്നമാല കൊടുക്കരുത്.

ചാരുദത്തൻ: അങ്ങനെ അല്ല തോഴരേ. അവൾ (വസന്തസേന) തന്റെ ആഭരണങ്ങൾ ഇവിടെ വെച്ച് പോയത് അവൾക്ക് നമ്മളിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. ആ വിശ്വാസത്തെ ധനം കൊണ്ട് അളക്കരുത്.
അതിനാൽ സുഹൃത്തേ, എന്നെ തൊട്ട് സത്യം ചെയ്യൂ, വസന്തസേനയെക്കൊണ്ട് ഈ രത്നമാല സ്വീകരിപ്പിക്കാതെ തിരികെ വരില്ല എന്ന്.

ഹേ, വർദ്ധമാനക, ഇഷ്ടികകളെക്കൊണ്ട് ഈ ദ്വാരം ഒക്കെ വേഗം അടയ്ക്കൂ. അല്ലെങ്കിൽ അപമാനവും പേരുദോഷവും മാറില്ല.

മൈത്രേയാ സുഹൃത്തേ, താങ്കൾ അവളോട് (വസന്തസേനയോട്) ഉദാരതയോടെ വിനീതമായി വേണം സംസാരിക്കുവാൻ.

വിദൂഷകൻ: ദരിദ്രനെങ്കിലും ഒരാൾക്ക് ഉദാരതയോടെ അല്ലാതെ സംസാരിക്കാൻ പറ്റുമൊ?

ചാരുദത്തൻ: സുഹൃത്തേ, ഞാൻ ദരിദ്രനല്ല. കാരണം എന്റെ ഭാര്യ കഴിവിനനുസരിച്ച് ജീവിക്കുന്നവൾ ആണ്. സുഖദുഃഖങ്ങളിൽ എന്നോടൊപ്പം സന്തതസഹചാരിയാണ്. സത്യനിഷ്ഠ ഉള്ളവളുമാണ്. ഇത് മൂന്നും ദരിദ്രജനങ്ങളിൽ ദുർലഭമായി കാണുന്നതാണ്.
അതുകൊണ്ട് താങ്കൾ പോയി വരൂ. ഞാനും കുളിച്ച് പ്രഭാതകർമ്മങ്ങൾ കഴിക്കട്ടെ.

(ഇപ്രകാരം എല്ലാവരും പോകുന്നു)

ഇങ്ങനെ മൃച്ഛകടികത്തിലെ “സന്ധിച്ഛേദം“ എന്ന മൂന്നാം അങ്കം സമാപിയ്ക്കുന്നു

No comments:

Post a Comment