കോപ്പീറൈറ്റ് അറിയിപ്പ്

CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മൃച്ഛകടികം - ആമുഖം


ഭാരതത്തിൽ അഭിനയകലയെ കുറിച്ച് ആദ്യസൂചന തരുന്ന ഗ്രന്ഥം പതഞ്ജലിയുടെ അഷ്ടദ്ധ്യായി മഹാഭാഷ്യമാണ് (കൃസ്തുവിനു മുൻപ് 500). അഞ്ചാം വേദമായ നാട്യശാസ്ത്രം എഴുതപ്പെടുമ്പോഴേയ്ക്കും ഭാരതത്തിൽ അങ്ങോളമിങ്ങോളം അഭിനയകലയും അതിന്റെ ആസ്വാദനവും  പുഷ്കിലമായിരുന്നു.


ഇന്ദ്രനും മറ്റ് ദേവതകളും ബ്രഹ്മാവിനെ ചെന്ന് കണ്ടു എന്നും ബ്രഹ്മാവിനോട് ജ്ഞാനം, ശൂദ്രനടക്കം എല്ലാ തരം ജനങ്ങൾക്കും എത്തുവാൻ പാകത്തിൽ ഒരു ഉപാധി ഉണ്ടാക്കി തരണം എന്നും അഭ്യർത്ഥിച്ചു. ശൂദ്രനു വേദം പഠിക്കാൻ പാടില്ലായിരുന്നു എന്ന് ഓർക്കുക. ബ്രഹ്മാവ്, ഋഗ്വേദത്തിൽ നിന്നും സംഭാഷണവും, സാമവേദത്തിൽ നിന്നും സംഗീതവും അനുകരണവിദ്യ യജുർവേദത്തിൽ നിന്നും വികാരങ്ങൾ അഥർവ്വവേദത്തിൽ നിന്നും എടുത്ത് അഞ്ചാം വേദമായ നാട്യകല ഉണ്ടാക്കി എന്നാണ് ഭരതമുനി പറയുന്നത്.
സംസ്കൃത നാടകങ്ങളിൽ സംഗീതവും സംഭാഷണവും മുദ്രകളും അനുകരണവിദ്യയും രസാഭിനയവും എല്ലാമുണ്ട്. മാനസികാവസ്ഥകളെ പ്രതിനിധീകരിക്കുന്ന അഭിനയസങ്കേതമാണ് സംസ്കൃതനാടകങ്ങളിൽ അധികവും. സ്ഥലസമയങ്ങൾ ഒരു പരിമിതിയല്ല. ചില സംഭവങ്ങൾ നടക്കുന്നത് സ്വർഗ്ഗത്തിലെങ്കിൽ മറ്റ് ചിലത് ഭൂമിയിലോ പാതാളത്തിലോ ആയിരിക്കും. സ്ഥലവും സമയവും മാറ്റാൻ ഒരു തിരശ്ശീലയ്ക്ക് കഴിയും.
സംസ്കൃതനാടകങ്ങൾ മിക്കതും അഭിനയിച്ചിരുന്നത് അറിവുള്ള സഹൃദയത്വമുള്ള പ്രേക്ഷകർക്ക് മുന്നില്ലായിരുന്നു. മിക്കതും ശുഭപര്യവസായിയായ നാടകങ്ങൾ ആണ്. ധീരോദാത്തൻ, വീരൻ എന്നീ ഗുണങ്ങൾ ഉള്ളതായിരിക്കും നായകൻ. മിക്കനാടകങ്ങളും സദാചാരം, മറ്റ് വേദകാര്യങ്ങൾ, സമൂഹത്തിൽ അന്ന് മാനിച്ചിരുന്ന കാര്യങ്ങൾ എന്നിവ പ്രചരിപ്പിക്കാനും ഉതകുന്ന തരത്തിൽ ഉള്ളവയുമാണ്. ഭാസനാടകങ്ങൾ ആണ് ഇന്ന് ലഭ്യമായതിൽ വെച്ച് ഏറ്റവും പഴക്കമേറിയ നാടകസാഹിത്യങ്ങൾ. ഭാസനാടകങ്ങൾ കേരളത്തിൽ ആയിരത്തിലധികം കൊല്ലങ്ങളായി കൂടിയാട്ടം എന്ന കലാരൂപത്തിലൂടെ നമുക്ക് ലഭ്യമാണ്.

സംസ്കൃതകാവ്യങ്ങൾ സാമാന്യമായി രണ്ടാക്കി തിരിക്കാം. 1) കാണുവാനുള്ളതും (ദൃശ്യം) 2) കേൾക്കുവാനുള്ളതും (ശ്രവ്യം). ദൃശ്യകാവ്യങ്ങൾ അഭിനയിക്കാനുള്ളതാണ്. അതിനു അരങ്ങും നടന്മാരും എല്ലാം ആവശ്യമാണ്. ഈ ദൃശ്യകാവ്യങ്ങളെ തന്നെ രൂപകങ്ങൾ എന്നും ഉപരൂപകങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. അതിൽ തന്നെ രൂപകങ്ങളെ പത്തായി തിരിച്ചിരിക്കുന്നു.

  1. നാടകം, 2) പ്രകരണം 3) ഭാണം 4) വ്യയോഗം 5) സമവാകരം 6) ഡിമം 7) ഈഹാമൃഗം 8) അങ്കം 9) വീഥി 10) പ്രഹസനം
(ഇവ മുകളിൽ എഴുതിയിരിക്കുന്നത് ശരിയായ സീക്വൻസിൽ അല്ല)

ഉപരൂപകങ്ങൾ പതിനഞ്ചായി തിരിച്ചിരിക്കുനു. കുറച്ച് വ്യത്യാസങ്ങൾ ഒഴിച്ചാൽ ഏകദേശം എല്ലാം ഒരുപോലെ തന്നെ. പൊതുവെ നമുക്ക് നാടകം എന്ന് തന്നെ വിളിക്കാം.

ഇതിൽ പ്രസിദ്ധമായ പ്രകരണങ്ങൾ:
  1. അവിമാരകം 2) മൃച്ഛകടികം 3) മാലതീമാധവം 4) മല്ലികാമാരുതം
എന്നിവയാണ്.

പ്രകരണം എന്നതിൽ കഥാതന്തു പുരാണങ്ങളിൽ നിന്നും അല്ലാതെ,  രചയിതാവിന്റെ സ്വന്തം ഭാവനയോ നാട്ടിൽ നടപ്പുള്ള കഥകളോ സംഭവങ്ങളോ (ലൗകീകം) ആയിരിക്കും. നാടകങ്ങളിലാകട്ടെ പുരാണപ്രസിദ്ധകഥകളായിരിക്കും കഥാതന്തു ആയിരിക്കുക. എന്നിരുന്നാലും നാടകത്തിലും പ്രകരണത്തിലുമൊക്കെ കഥാപാത്രസ്വഭാവങ്ങൾ ഏകദേശം ഒരുപോലെ തന്നെ ആണ്. നായകൻ സൽസ്വഭാവിയും ധീരപ്രശാന്തനുമായിരിക്കണം എന്ന് തുടങ്ങി പറയുന്ന കഥാപാത്രസ്വഭാവനിയമങ്ങൾ മൃച്ഛകടികം എന്ന പ്രകരണത്തിനും സ്വീകാര്യമാണ്.

ലഭ്യമായ പ്രകരണങ്ങളിൽ എന്തുകൊണ്ടും പ്രധാന്യമേറിയതാണ് ശൂദ്രകന്റെ മൃച്ഛകടികം. മൃച്ഛകടികം, മൺവണ്ടി എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് ഇത് കോഴിക്കോട് സർവ്വകലാശാലയിലെ എം. എ സംസ്കൃതം വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. 1926-ല്‍ എ ആര്‍ രാജരാജവര്‍മയും 1932-ല്‍ വരവൂര്‍ ശാമൂമേനോനും 1978-ല്‍ മേക്കാട്ട്‌ കേശവ പട്ടേരിയും ഈ നാടകം പരിഭാഷപ്പെടുത്തി. (http://idaneram.blogspot.com/2013/09/blog-post_4796.html) എങ്കിലും ഇന്നു ലഭ്യമായ ഏക പരിഭാഷ മേക്കാട്ട്‌ കേശവ പട്ടേരിയുടേതാണ്‌ എന്ന് തോന്നുന്നു. കേശവൻ പട്ടേരിയുടേതല്ലാത്ത പരിഭാഷകളുടെ ഒരു കോപ്പി പോലും എനിക്ക് തൃശൂർ സാഹിത്യ അക്കാദമി ലൈബ്രറിയിൽ കിട്ടിയില്ല. കൂടാതെ ഒരു കഥാസാരം മാത്രമടങ്ങിയ കുഞ്ഞുപുസ്തകവും ഞാൻ തൃശൂർ സാഹിത്യ അക്കാദമി ലൈബ്രറിയിൽ കാണുകയുണ്ടായി. അതിനാൽ തന്നെ എന്റെ ഈ പരിഭാഷ ഉദ്യമത്തിനു സാധൂകരണം ഉണ്ട് എന്ന് വിശ്വസിക്കുന്നു.

മൃച്ഛകടികം കെ.പി.എ.സി നാടകമാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു. ഗിരിഷ് കർണ്ണാടിന്റെ “ഉത്സവ്” എന്ന ഹിന്ദി സിനിമ ഇതിനെ അടിസ്ഥാനമാക്കിയതാണ്. വേറേയുമുണ്ട് സിനിമകളും നാടകങ്ങളും. കൂടുതൽ എനിക്ക് അറിയില്ല.

മൃച്ഛകടികത്തിന്റെ രചയിതാവിനെ സംബന്ധിച്ച് അനവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. അതിനുപ്രധാനകാരണം ശൂദ്രകൻ എന്ന ആളെഴുതിയ മറ്റ് രചനകൾ ഇതുവരെ കണ്ടെടുത്തിട്ടില്ല എന്നത് തന്നെ ആണ്. കൂടാതെ മൃച്ഛകടികത്തിൽ രചയിതാവിനെ പറ്റി പറയുന്ന ഭാഗങ്ങൾ വിദ്വാന്മാർക്ക് സംശയാസ്പദമായും നിലകൊള്ളുന്നു. എന്നിരുന്നാലും ചിലത് സൂചിപ്പിക്കട്ടെ

കാളിദാസന്റേം ഭവഭൂതിയുടേയും മുന്നേയും ഭാസനുശേഷമോ സമകാലിനനോ ആയി ജീവിച്ചിരുന്നിരുന്ന വ്യക്തി ആണ് ശൂദ്രകൻ എന്ന് പൊതുവെ സമ്മതിച്ച കാര്യമാണ്. എന്നാലും അഭിപ്രായഭേദങ്ങളുമുണ്ട്. ദണ്ഡിയുടെ ദശകുമാരചരിതത്തിലെ വർണ്ണനകളുമായി മൃച്ചകടികവർണ്ണനകൾ ഒത്ത് ചേരുന്നതിനാൽ ദണ്ഡിയാണ് കർത്താവ് എന്ന് വാദിക്കുന്നവരുമുണ്ട്.
ഭാസന്റെ ചാരുദത്തം (നാലദ്ധ്യായങ്ങളേ കണ്ട് കിട്ടിയിട്ടുള്ളൂ) ഇതേ കഥ പറയുന്നതിനാൽ ഭാസന്റെ രചനയായി കണക്കാക്കുന്നവരും ഉണ്ട്.

അജ്ഞാതനാമാവ് ആൺ എഴുതിയിരിക്കുന്നത് എന്നും ശൂദ്രകൻ എന്ന പേരിൽ ഒരാളില്ല എന്നും പറയുന്നു. കൃതിയ്ക്ക് പ്രചാരം കിട്ടാൻ വേണ്ടി കാളിദാസനും വളരെ മുന്നേ ഉള്ള ശൈലി സ്വീകരിച്ച് കാളിദാസനുശേഷമുള്ള ഒരാൾ എഴുതി പ്രസിദ്ധീകരിച്ചതാവാം എന്നും പറയുന്നു
ശൂദ്രരായവർ രാജാവിന്റെ വിശ്വസ്തസേവകന്മാരാകുന്നു. ബ്രാഹ്മണൻ വേശ്യയെ സ്നേഹിക്കുന്നു. ബ്രാഹ്മണൻ മോഷണം ചെയ്യുന്നു രാജാവിനെതിരെ ജനങ്ങൾവിപ്ലവം നടത്തി ഒരു ഇടയൻ രാജാവാകുന്നു എന്നിത്യാദി എഴുതിയതിനാൽ എഴുതിയ ആൾ രാജാവുമായതിനാൽ ശരിക്കുള്ള പേരുവെച്ചാൽ നാശമാകും ഫലം. മാത്രമല്ല കഥ ഭാസന്റെ ചാരുദത്തവുമായി യോജിക്കുന്നുമുണ്ട്. അപ്പോൾ കഥ മോഷ്ടിച്ചു എന്നും പേരുവരാം. അതിനാൽ യഥാർത്ഥപേർ മറച്ച് വെച്ച് ശൂദ്രകൻ എന്ന തൂലികാനാമം സ്വീകരിച്ചു എന്നും പറയപ്പെടുന്നു.

നാട്യശാസ്ത്ര/ദശരൂപക നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല ഈ പ്രകരണത്തിൽ. നാട്യശാസ്ത്രനിയമപ്രകാരം വധം അരങ്ങത്ത് വിലക്കിയിരിക്കുന്നു. എന്നാൽ ഇതിൽ നായകനെ തന്നെ വധിക്കാൻ തുടങ്ങുന്ന രംഗം കാണാം. കൃതിയുടെ പേർ നായകനേയോ നായികയേയോ സംബന്ധിച്ച് ആകണം എന്ന് ശാസ്ത്രം പറയുന്നു. എന്നാൽ ഈ കൃതിയുടെ പേർ അതിന്റെ കഥാതന്തുവിന്റെ പരിണാമത്തിലെ ഒരു പ്രധാനസംഭവവുമായി ബന്ധപ്പെടുത്തി ആണ്.  കുലസ്ത്രീയും വേശ്യയും ഒരുമിച്ച് അരങ്ങിൽ വരരുത്. എന്നാൽ ഈ പ്രകരണത്തിൽ അവർ ഒരുമിച്ച് വരുന്നുമുണ്ട് ആലിംഗനം ചെയ്യുന്നുമുണ്ട്. അതിനു കാരണം ഇത്തരം നിയമങ്ങൾ എല്ലാം മൃച്ഛകടികം എഴുതി കഴിഞ്ഞതിനു ശേഷം വന്നതോ അംഗീകരിക്കപ്പെട്ടതോ ആകാം അതുമല്ലെങ്കിൽ ഇത്തരം നിയമങ്ങൾ എഴുതിയവർ ഈ പ്രകരണത്തെ കാര്യമാക്കി എടുത്തുകാണില്ല എന്നും അനുമാനിക്കാം.

മൃച്ഛകടികത്തിന്റെ രചനാകാലം കൃസ്തുവിനു മുൻപ് 500 മുതൽ ശേഷം ഒന്നാം നൂറ്റാണ്ട് വരെ എന്ന് ഏകദേശം കണക്കാക്കുന്നു. കൃസ്തുവിനു മുൻപ് മൂന്നാം നൂറ്റണ്ടു മുതൽ കൃസ്തുവിനു ശേഷം അഞ്ചാം നൂറ്റാണ്ടുവരെ ഉള്ള ഏതെങ്കിലും ഒരു കാലത്ത് ആകാം ശൂദ്രകൻ ജീവിച്ചിരുന്നത് എന്ന് ഇംഗ്ലീഷ് വിക്കിപീഡിയ പറയുന്നു.  

ശൂദ്രകൻ ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ആളായാരിക്കണം എന്ന് മൃച്ഛകടികം പ്രകരണത്തിലെ “ഭഗവതി സഹ്യവാസിനി” തുടങ്ങിയ പ്രയോഗങ്ങളെക്കൊണ്ട് മനസ്സിലാക്കാം.

ഈ ജനുസ്സിൽ പെട്ടതിൽ കണ്ടെടുക്കപ്പെട്ട ഒരേ ഒരു കൃതിയാണ് മൃച്ഛകടികം. മൃച്ഛകടികം എന്നാൽ മണ്ണുകൊണ്ട് ഉണ്ടാക്കിയ വണ്ടി എന്ന് മലയാളത്തിൽ അർത്ഥം പറയാം.  എന്താണ് ഈ പ്രകരണത്തിനു പ്രത്യേകത എന്ന് എന്റെ തോന്നലുകൾ കൂടെ പങ്ക് വെയ്ക്കട്ടെ.:

ജാതിവ്യവസ്ഥ ഇല്ലാത്ത ഭാരതത്തെ പറ്റി നമുക്ക് കേട്ടറിവ് പോലും ഇല്ല. അത്ര പഴയതും രൂഢമൂലമായതുമായ ഒരു സംഗതി ആണ് ജാതിവ്യവസ്ഥ. നമ്മളറിയുന്ന ജാതിവ്യവസ്ഥയിൽ നിന്നും മൃച്ഛകടികത്തിൽ പ്രതിപാദിക്കുന്ന ജാതിവ്യവസ്ഥ മാറ്റമുണ്ടായിരിക്കാം. കാരണം ശൂദ്രനു അറിവ് നിഷിദ്ധമാണ്. എന്നാൽ മൃച്ഛകടികം രചയിതാവിന്റെ പേരുതന്നെ ശൂദ്രകൻ എന്നാണ്. മാത്രമല്ല അദ്ദേഹം രാജാവുമായിരുന്നു എന്ന് പ്രകരണത്തിന്റെ തുടക്കത്തിൽ പറയുന്നു. (ഈ ഭാഗങ്ങൾ ഞാൻ തർജ്ജുമ ചെയ്തിട്ടില്ല.) കൂടാതെ മോഷ്ടാവായ ബ്രാഹ്മണൻ,നായകൻ ആയി വേശ്യയെ പ്രേമിയ്ക്കുന്ന ബ്രാഹ്മണൻ, ബ്രാഹ്മണനെ ചീത്ത പറയുന്ന മറ്റ് ജാതിക്കാർ, ബ്രാഹ്മണർ തന്നെ പല തട്ടുകളിലുമായി ഉണ്ടായിരുന്നു എന്ന് തോന്നിക്കുന്ന വിധത്തിൽ വിദൂഷകബ്രാഹ്മണൻ എന്ന കഥാപാത്രം. തോൽപ്പണിക്കാർ, രാജാവിന്റെ വിശ്വസ്തസേവകർ ആയി കുലത്തൊഴിൽ വിട്ട് മറ്റ് പണികൾ ചെയ്യുന്നു. ഇതിലെ ചണ്ഡാലന്മാരുടെ സംഭാഷണം ശ്രദ്ധിച്ചാൽ അവർ വിദ്യഭ്യാസമുള്ളവർ ആണെന്ന് ഉറപ്പ് പറയാം. വൈദികധർമ്മം പ്രചാരത്തിൽ ഉണ്ടായിരുന്നു. ബുദ്ധധർമ്മവും പ്രചാരത്തിൽ ഉണ്ടെങ്കിലും പൊതുവെ ബുദ്ധഭിക്ഷുവിന്റെ ദർശനം അപശ്ശകുനമായി കണക്കാക്കുന്നതായി കൃതിയിൽ കാണുന്നു.

മൈത്രേയൻ (വിദൂഷകൻ) നികൃഷ്ട ബ്രാഹ്മണകുലത്തിൽ ജനിച്ചവൻ ആണ്. പാമ്പുകൾക്കിടയിൽ നീർക്കോലി പോലെ എന്ന് മൈത്രേയൻ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. അതായത് ബ്രാഹ്മണരിൽ തന്നെ ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നിരിക്കാം. ശർവിലാകൻ ബ്രാഹ്മണനെങ്കിലും മോഷ്ടാവ് ആണല്ലൊ. ശർവിലാകനു വേശ്യാസംസർഗ്ഗം ഉണ്ടായതുകൊണ്ടായിരിക്കാം വസന്തസേനയുടെ തോഴിയായ രദനികയും ആയി പ്രേമത്തിൽ ആയത്.

കൂടാതെ, ഭരിച്ചിരുന്ന രാജാവിനെ വധിച്ച് ഒരു ഇടയബാലൻ രാജാവാകുന്ന ജനങ്ങളുടെ അട്ടിമറിക്കഥ അല്ലെങ്കിൽ വിപ്ലവം കൂടെ ഉണ്ട് കഥാതന്തുവിന്റെ പശ്ചാത്തലത്തിൽ. ആ ഭരണമാറ്റം വളരെ പ്രധാനവുമാണ് ഈ പ്രകരണത്തിൽ.

ജാതിവ്യവസ്ഥ വേരുപിടിക്കുന്നതിനും മുൻപ് ഉള്ള കാലഘട്ടമായിരിക്കാം കൃതിയിലെ കാലഘട്ടം എന്നും അനുമാനിക്കാവുന്നതാണ്. ബുദ്ധഭിക്ഷുക്കൾ ജനസമ്മതരായിരുന്നു. ജനിച്ച ജാതിയിൽ നിന്നും വിഭിന്നമായ തൊഴിൽ സ്വീകരിച്ചിരുന്നു. (പാലക) രാജാവ് ക്ഷത്രിയനാണോ അല്ലയോ എന്ന് പറഞ്ഞിട്ടില്ല. ശൂദ്രനെങ്കിലും ഉയർന്നപദവി വഹിക്കാമായിരുന്നു. (ചന്ദനകനും വീരകനും തോൽപ്പണിക്കാരായിരുന്നു എന്ന് ഓർക്കുക). സതി അനുഷ്ഠിച്ചിരുന്നു. അടിമത്തവും ഉണ്ടായിരുന്നു.

അറിയപ്പെടുന്ന ദളിത് പക്ഷരചനകളിൽ ഏറ്റവും ആദ്യത്തേത് മൃച്ഛകടികം ആയിരിക്കാം എന്ന് ഉദ്ഘോഷിക്കുന്നവരുമുണ്ട്.  

വ്യത്യാസം കൃത്യമാണ്.. എല്ലാവരും പുരാണവും പുരാണകഥകളും പറയുമ്പൊൾ ഈ മൃച്ഛകടികമെഴുതിയ ശൂദ്രകൻ (പേരുതന്നെ ശ്രദ്ധിക്കുക) പുരാണത്തിന്റെയോ മറ്റ് വ്യവസ്ഥാപിതമായ ഒരു കഥയുടേയും പിന്നാലെ പോകാതെ അവനവന്റെ ഭാവന (അത് നമക്ക് കൃത്യമായി പറയാൻ ഇന്ന് പറ്റില്ല. കാരണം രേഖപ്പെടുത്തുന്നത് രാജാക്കന്മാരുടെ കാര്യം മാത്രമല്ലേ ഉള്ളൂ. ചെലപ്പോൾ അന്ന് നടന്നതുമാകാം.) ഉപയോഗിച്ച് വ്യവസ്ഥാപിതമാർഗ്ഗങ്ങൾക്ക് എതിരെ നടന്ന് രംഗാഭിനിയം നടത്തി വിജയിച്ചിട്ടുണ്ടാകാം. മൃച്ഛകടികത്തിൽ മറ്റ് കൃതികളിൽ കാണാത്തതരത്തിൽ പ്രാകൃതം ഉപയോഗിച്ചിട്ടുണ്ട് ശൂദ്രകൻ. പ്രാകൃതം തന്നെ ശൗരസേനി, അവന്തിജ, പ്രാച്യ. മാഗധി, ശകാരി തുടങ്ങിപലവിധമുണ്ട്. മിക്കതും ഇതിൽ പ്രയോഗിക്കപ്പെടുന്നുമുണ്ട്.  സംസ്കൃതം സാധാരണ പണ്ഡിതന്മാർക്ക് മാത്രമുള്ള ഭാഷയാണ്. പ്രാകൃതമാണ് നടപ്പ് സാധാരണ ഭാഷ. (സംസ്കൃതം പറയുന്ന സ്ത്രീ പാട്ട് പാടുന്ന പുരുഷൻ രണ്ടും സഹിക്കില്ല എന്ന് വിദൂഷകൻ ഒരിടത്ത് ഇതിൽ പറയുന്നുണ്ട്.) ഇത്രയും പ്രാകൃതം ഉപയോഗിക്കണമെങ്കിൽ ഇത് സാധാരണ ജനങ്ങൾ കണ്ട് ആസ്വദിച്ചിരുന്നതായി നമുക്ക് അനുമാനിക്കാം. അറിയപ്പെടുന്ന സംസ്കൃതനാടകങ്ങൾ തനതായ രീതിയിൽ ആസ്വദിക്കാൻ സംസ്കൃതം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഓർക്കുക.

എന്റേത് കൃത്യമായ പരിഭാഷ ആണെന്ന് ഞാൻ അവകാശപ്പെടില്ല എന്ന് മാത്രമല്ല, ഇത് മൂലകൃതിയിലേക്ക് ഒരു സൂചകം മാത്രമേ ആകുന്നുള്ളൂ എന്ന് പറയുകയും ചെയ്യുന്നു. മൂലകൃതിയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകൾ ഇന്റെർനെറ്റിൽ സൗജന്യമായി ലഭ്യമാണ്. എന്നാൽ അമ്മ മലയാളത്തിൽ ലഭ്യമല്ല. മലയാളത്തിൽ കഥ പറഞ്ഞുതന്ന് മൂലകൃതി വായിക്കാൻ പ്രേരിപ്പിക്കുമെങ്കിൽ അത്രയും നല്ലത് എന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ.

ഈ കൃതി കുറ്റവിമുക്തമാണെന്ന് പറയാൻ സാധിക്കില്ല. ആദ്യമാദ്യം മെല്ലെ മെല്ലെ നീങ്ങുന്ന കഥാ തന്തു പിന്നീട് ത്വരിതമായി അവസാനത്തെ ഒരു അദ്ധ്യായം സംഭവബഹുലമാക്കിയിട്ടുണ്ട്. ഇത് ഒരു കുറവല്ല എങ്കിലും വായിക്കുന്ന സമയത്ത് നമുക്ക് പല കുറവുകളും അനുഭവപ്പെടാം. എന്നിരുന്നാലും ഈ ജനുസ്സിൽ പെട്ട ഇത്രയും നല്ല മറ്റൊരു കൃതി ഇല്ല എന്ന് തന്നെ പറയാം.

ഞാൻ അവലംബിച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ:

  1. മൃച്ഛകടികം. ഭാവപ്രകാശിക സംസ്കൃത-ഹിന്ദി വ്യാഖ്യാനം. പ്രൊഫ:ജയശങ്കർലാൽ ത്രിപാഠി.
കൃഷ്ണദാസ് സംസ്കൃതി സീരീസ്, കൃഷ്ണദാസ് അക്കാദമി, വാരണാസി.

      2)  ദ ലിറ്റിൽ ക്ലേ കാർട്ട് - ഇംഗ്ലീഷ് പരിഭാഷകൻ: ആർതർ വില്യം റൈഡർ.
           ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരണം

      3)  ദ മൃച്ഛകടി ഓർ ദ ടോയ് കാർട്ട് - ഇംഗ്ലീഷ് പരിഭാഷകൻ: ഹോരസ് ഹൈമൻ വിൽസൻ
           വി ഹോൾക്രോഫ്റ്റ്, ഏഷ്യാറ്റിക് പ്രസ്സ്, കൽക്കട്ട

      4)  മൃച്ഛകടികം - മലയാളം പരിഭാഷകൻ - മേക്കാട്ട് കേശവ പട്ടേരി

ഇതിൽ ആദ്യമൂന്നെണ്ണം സൗജന്യമായി ഇന്റെർനെറ്റിൽ ലഭ്യമാണ്. 


പരിഭാഷയ്ക്ക് പരിമിതികൾ ഉണ്ടായിരിക്കാം. കുറവുകൾ ഇല്ലാത്തതെന്ന് അവകാശം ഉന്നയിയ്ക്കുന്നില്ല. മാത്രമല്ല സംസ്കൃതത്തിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തി എന്നും അവകാശപ്പെടുന്നില്ല.

ഭാസവിരചിതമായ ചാരുദത്തം ഇവിടെ ഉണ്ട്. തർജ്ജുമയ്ക്ക് ഞാൻ പുറപ്പെട്ടില്ല. കാരണം ഭാസനെ ഒന്നും കൈവെയ്ക്കാൻ ഞാൻ ആളല്ല. മാത്രമല്ല. വായിച്ചാൽ മനസ്സിലാവുകയും ചെയ്യും. ശൂദ്രകന്റെ മൃച്ഛകടികത്തിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ഇല്ല അതിൽ.

No comments:

Post a Comment